Jess Varkey Thuruthel
സുരേഷ് ഗോപി എന്ന മനുഷ്യന്റെ രാഷ്ട്രീയവും മതവിശ്വാസവും എന്തുമായിക്കൊള്ളട്ടെ, അദ്ദേഹത്തിനുമേല്‍ ചാര്‍ത്തിക്കൊടുത്ത ആ ആക്ഷേപം കേരള ജനത അംഗീകരിക്കില്ല. കാരണം, രാഷ്ട്രീയത്തിനും മതവിശ്വാസത്തിനുമപ്പുറം അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയെ കണ്ടവരാണ് കേരളീയര്‍. ഇന്നിപ്പോള്‍, അഡ്വ കെ ആര്‍ ഹരി, തന്റെ ഫേയ്‌സ് ബുക്കില്‍ കുറിച്ചിട്ട വരികള്‍ നമ്മോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, അദ്ദേഹത്തെ ആഭാസനാക്കാനുള്ള ആ അജണ്ടയ്ക്കു പിന്നില്‍ ആര്?
അദ്ദേഹം രണ്ടു പ്രാവശ്യം ആ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ പിടിച്ചു, രണ്ടു തവണയും ആ കൈ അവര്‍ തട്ടിമാറ്റി. എത്ര ഉന്നതനായാലും ഞാനിത് ആഗ്രഹിക്കുന്നില്ല എന്ന ശക്തമായ നിലപാട്, അതിലവര്‍ അഭിനന്ദനം അര്‍ഹിക്കുക തന്നെ ചെയ്യുന്നുണ്ട്. പക്ഷേ, അതിനപ്പുറത്തേക്ക് അവര്‍ കാണിച്ചു കൂട്ടിയതത്രയും വെറും നാടകമായിരുന്നു എന്നു വേണം കരുതാന്‍. സുരേഷ് ഗോപി എന്ന മനുഷ്യനെ മനപ്പൂര്‍വ്വം നാണംകെടുത്താന്‍ വേണ്ടി ശക്തമായ തിരക്കഥയോടെ തയ്യാറാക്കിയ ഒരു നാടകം.
അഡ്വ കെ ആര്‍ ഹരി പറഞ്ഞതനുസരിച്ചാണെങ്കില്‍, അന്നവര്‍ സുരേഷ് ഗോപിയെ കണ്ടത് മാധ്യമപ്പടയുടെ മുന്നിലായിരുന്നില്ല, വലിയൊരു പുരുഷാരവും അവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. മറിച്ച്, അവരുടെ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖമായിരുന്നു അത്. ഒരാഭാസനായിരുന്നുവെങ്കില്‍, ഏറ്റവും അനുകൂലമായ ആ സാഹചര്യത്തില്‍, സുരേഷ് ഗോപി അതിനു മുതിരുമായിരുന്നു, പ്രതികരണ ശേഷിയുള്ള ആ മാധ്യമപ്രവര്‍ത്തക അന്നേ അതിനെതിരെ ശബ്ദിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിനെതിരെ പരാതി നല്‍കുമായിരുന്നു. സ്വാതന്ത്ര്യത്തോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സംസാരിച്ചപ്പോഴൊക്കെയും മാന്യമായി ഇടപെട്ട സുരേഷ് ഗോപി, വലിയൊരു പുരുഷാരത്തിനു നടുവില്‍, ചുറ്റും ക്യാമറക്കണ്ണുകള്‍ നോക്കി നില്‍ക്കെ, ലൈംഗിക ലക്ഷ്യത്തോടെ തന്നെ തൊടില്ലെന്നു മനസിലാക്കാനുള്ള വിവേകവും ബുദ്ധിയും ആ മാധ്യമപ്രവര്‍ത്തകയ്ക്ക് ഉണ്ട്.
അനുവാദമില്ലാതെ തന്റെ തോളില്‍ വച്ച ആ കൈ തട്ടിമാറ്റിയ മാധ്യമപ്രവര്‍ത്തകയ്ക്ക് പൊതുസമൂഹത്തില്‍ നിന്നും കിട്ടിയത് അതിഗംഭീരമായ അഭിനന്ദന പ്രവാഹം തന്നെയാണ്. അതവര്‍ അര്‍ഹിക്കുന്നുമുണ്ട്. പക്ഷേ, അതിനപ്പുറത്തേക്ക് അവര്‍ കളിച്ച ഓരോ കളിയും വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു എന്നുവേണം കരുതാന്‍. ഇതിനു മുന്‍പൊരിക്കലും സുരേഷ് ഗോപിയെ കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത ഒരു വ്യക്തിയായിരുന്നുവെങ്കില്‍, അവര്‍ പറയുന്നത് അംഗീകരിക്കാമായിരുന്നു. പക്ഷേ, അവര്‍ ഇതിനു മുന്‍പ് സുരേഷ് ഗോപിയെ കണ്ടിട്ടുണ്ട് എന്നും സംസാരിച്ചിട്ടുണ്ട് എന്നതിനും തെളിവാണ് ഈ വീഡിയോ.
തങ്ങളോടു സംസാരിക്കുന്ന ഓരോ വ്യക്തിയുടേയും മനസിനൊപ്പം സഞ്ചരിക്കാനാണ് ഓരോ മാധ്യമപ്രവര്‍ത്തകരും ശ്രമിക്കുന്നത്. മാനസികമായി അടുപ്പമുള്ളവരോടു മാത്രമേ ചില കാര്യങ്ങള്‍ തുറന്നു പറയുകയുള്ളു. അതിനാല്‍, അത്തരത്തില്‍ ബന്ധങ്ങളുണ്ടാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ എപ്പോഴും ശ്രമിക്കും. പല വാര്‍ത്തകളും മാധ്യമ പ്രവര്‍ത്തകരെ തേടി വരുന്നതും ഇത്തരത്തിലാണ്. മനുഷ്യരെ അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയല്ല സുരേഷ് ഗോപി. അദ്ദേഹമെപ്പോഴും അവരുടെ ഒപ്പമുണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതിനാല്‍ത്തന്നെ, അദ്ദേഹത്തെ ആഭാസനാക്കി നാണംകെടുത്തുക എന്നതു തന്നെയായിരുന്നു ഇത്രയും വലിയ കോലാഹലങ്ങള്‍ക്കു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഫേയ്‌സ് ബുക്കില്‍, അഡ്വ കെ ആര്‍ ഹരി കുറിച്ചിട്ട വരികള്‍ കൂടി ഇതിനോടൊപ്പം ചേര്‍ത്തു വയ്ക്കുന്നു.
ഏട്ടാ എന്നാണവര്‍ വിളിക്കാറ്
തിരിച്ച് ഒരനുജത്തിയോടുള്ള വാത്സല്യവും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലം
കോഴിക്കോടു നിന്നും മീഡിയാവണ്‍ ചാനലില്‍ ഇലക്ഷന്‍ റിപ്പോര്‍ട്ടിങ്ങിനായി ഒരു മാധ്യമപ്രവര്‍ത്തക എത്തി. ഒരു ദിവസം രാവിലെ അവര്‍ എന്നെ വിളിച്ചു സ്വയം പരിചയപ്പെടുത്തി.
സുരേഷേട്ടനെ കാണണം, ഒറ്റക്കൊരു ബൈറ്റ് എടുക്കണം എന്ന് ആവശ്യപ്പെട്ടു.
കാര്യം സുരേഷേട്ടനോട് പറഞ്ഞപ്പോള്‍ സമ്മതം പറഞ്ഞു.
ചേറൂരിലെ ഒരാശ്രമത്തില്‍ വന്ന് അവര്‍ ബൈറ്റ് എടുത്തു. പിന്നീടും അവര്‍ എന്നെ വിളിച്ചു.
സുരേഷേട്ടന്‍ താമസിക്കുന്ന വീട്ടിലേക്ക് വരണം എന്നു പറഞ്ഞു. സുരേഷേട്ടന്‍ സമ്മതിച്ചു. അവര്‍ നെട്ടിശ്ശേരിയിലെ വീട്ടിലെത്തി സുരേഷേട്ടനുമായി ദീര്‍ഘനേരം സംസാരിച്ചു. സെല്‍ഫിയെടുത്തു, ഒന്നിച്ച് കാപ്പികുടിച്ചു… സ്‌നേഹത്തോടെ യാത്രപറഞ്ഞിറങ്ങി…
മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് അവര്‍ ‘പരാതിക്കാരി’യാണ്. അതേ സുരേഷേട്ടന്‍ അതേ അവരുടെ തോളില്‍ കൈവെച്ചപ്പോള്‍ മാനഹാനി ഉണ്ടായി എന്ന പരാതിക്കാരി… വിചിത്രം തന്നെ !
ഇത് കാണുമ്പോള്‍ ചിന്തിച്ചു പോകുന്നു
അന്ന് നിങ്ങള്‍ ഏട്ടാ എന്ന് വിളിച്ചത് കാപട്യമായിരുന്നോ?
ഒന്ന് ഉറപ്പാണ്
തിരിച്ചുള്ളത് ഒരു അനുജത്തിയോടുള്ള വാത്സല്യമായിരുന്നു തീര്‍ച്ച
അന്നും ഇന്നും
–അഡ്വ കെ ആര്‍ ഹരി
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടയാള്‍ ആ മാധ്യമപ്രവര്‍ത്തക തന്നെയാണ്. ചെറിയൊരു പ്രശ്‌നത്തിന്റെ പേരില്‍ അഭിമാനം വ്രണപ്പെട്ടത് സുരേഷ് ഗോപിയുടെയാണ്. അനുവാദമില്ലാതെ മറ്റൊരാളുടെ ദേഹത്തു തൊടാന്‍ ആര്‍ക്കും അനുവാദമില്ല എന്ന വാദം നിലനില്‍ക്കെത്തന്നെ, ഈ മുന്‍പരിചയമാണ് അദ്ദേഹത്തെക്കൊണ്ടത് ചെയ്യിച്ചതെങ്കിലോ എന്ന മറുവാദവും ഇപ്പോള്‍ നമുക്കു മുന്നിലുണ്ട്. അതിനാല്‍, ഈ കോലാഹലങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാമായിരുന്നു എന്ന് കേരളത്തോടു പറയാനുള്ള ബാധ്യതയും അവര്‍ക്കുണ്ട്.
#SureshGopi #MediaOne #Shida
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47