സ്വന്തം കഴിവു കേടിന് വോട്ടിംഗ് മെഷീനെ പഴിക്കുന്നതെന്തിന്?

Written by: Zachariah Jess 

2024 ല്‍ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ സ്ഥാനം എവിടെ? എന്തു പ്രവര്‍ത്തന മികവാണ് പാര്‍ട്ടി ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്? വരാനിരിക്കുന്ന പരാജയത്തിന്റെ വലിപ്പം കണ്ടു ഭയന്നിട്ടാവണം, കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ വോട്ടിംഗ് യന്ത്രത്തിനെതിരെ പ്രതികരിച്ചുകൊണ്ടു രംഗത്തു വന്നിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് കൃത്യതയില്ലെന്നും ഇവ ശരിയാക്കിയില്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പില്‍ ബി ജെ പി 400 സീറ്റുകള്‍ നേടുമെന്നുമാണ് സാം പിട്രോഡ അഭിപ്രായപ്പെട്ടത്.

ഇന്ത്യയില്‍ ടെലികോം വിപ്ലവം കൊണ്ടുവന്ന ടെക്നോക്രാറ്റാണ് പിട്രോഡ. വിവിപാറ്റ് സംവിധാനത്തിന്റെ നിലവിലെ രൂപകല്‍പ്പന മാറ്റണമെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി മദന്‍ ലോകൂര്‍ അധ്യക്ഷനായ ഒരു എന്‍ജിഒ ശുപാര്‍ശ ചെയ്തതായും പിട്രോഡ പറഞ്ഞു. ‘ഇക്കാര്യത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണത്തിനാണ് ഞാന്‍ കാത്തിരുന്നത്. പക്ഷേ, അത് ഇതുവരെ ഉണ്ടായിട്ടില്ല. അതിനാലാണ് പ്രതികരിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചതും 2024 ല്‍ പൊതുതിരഞ്ഞെടുപ്പ് വരുന്നതുമായി ഇതിന് ഒരു ബന്ധവുമില്ല. വോട്ടിംഗ് യന്ത്രത്തില്‍ വിശ്വാസക്കുറവ് ഉണ്ട്,’ സാം പിട്രോഡ പറഞ്ഞു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 350 ല്‍ അധികം സീറ്റുകള്‍ നേടിയിരുന്നു. 2024ല്‍ 400 കടക്കാനാണ് സഖ്യം ലക്ഷ്യമിടുന്നത്. അടുത്തിടെ മൂന്ന് ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി വിജയിച്ചിരുന്നു. ഇത്തവണ ബിജെപിക്ക് 400 കടക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, ഇവിഎമ്മുകള്‍ ശരിയാക്കിയില്ലെങ്കില്‍ അത് സാധ്യമാകുമെന്നായിരുന്നു പിട്രോഡയുടെ മറുപടി.

‘എന്തും ചെയ്യാന്‍ കഴിയുന്ന പാര്‍ട്ടിയാണ് ബി ജെ പി. 400 കടക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താതെ ഇതു സാധ്യമല്ല. അതിനാലാണ് അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ഇവിഎം ശരിയാക്കണമെന്ന് ആവശ്യപ്പെട്ടത്,’പിടിഐയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറികള്‍ നടത്തുന്നതു കൊണ്ടാണ് ബി ജെ പി സഖ്യം തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു മുന്നേറുന്നതെന്ന് വര്‍ഷങ്ങളായി കോണ്‍ഗ്രസ് ആരോപിക്കുന്നു. 2014 മുതല്‍ ഈ ആരോപണം അവര്‍ ശക്തമായി ഉന്നയിക്കുന്നുമുണ്ട്. എന്നാല്‍, പ്രതിപക്ഷത്തിന്റെ ആശങ്ക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോണ്‍ഗ്രസ് ഒരു പ്രതിപക്ഷപാര്‍ട്ടി പോലുമല്ലാത്ത രീതിയില്‍ തകര്‍ന്നടിഞ്ഞു. പൊതുതെരഞ്ഞെടുപ്പിനെ നേരിടാനായി തട്ടിക്കൂട്ടിയ പ്രതിപക്ഷ ഐക്യത്തിനും കാര്യമായ മുന്നേറ്റങ്ങളുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നരേന്ദ്രമോഡിയെ എതിരിടാന്‍ തക്ക ശക്തനായ ഒരു നേതാവും കോണ്‍ഗ്രസിനോ ഇതര പാര്‍ട്ടികള്‍ക്കോ ഇല്ല. പ്രാദേശികമായി ഉയര്‍ന്നുവന്ന ശക്തരായ യുവനേതാക്കളെ ചവിട്ടിത്താഴ്ത്തിയതിനാല്‍ ആ വിധത്തിലും പ്രതീക്ഷയ്ക്കു വകയില്ല. പാര്‍ട്ടിയിലൂടെ എന്തു നേടാനാവും എന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന നേതാക്കളും അണികളുമാണ് പാര്‍ട്ടിക്കുള്ളത്. എ കെ ആന്റണിയെപ്പോലുള്ള നിര്‍ഗ്ഗുണ നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കി തല്‍സ്ഥാനത്ത് കഴിവുറ്റ നേതാക്കളെ കൊണ്ടുവരാന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നും എല്ലാം നേടിയ ശേഷം ഇനിയൊന്നും നേടാന്‍ ബാക്കിയില്ലെന്ന് ഉറപ്പായിരിക്കെ മകനെ ബി ജെ പിയിലേക്കു പോകാന്‍ മൗനാനുവാദം നല്‍കിയ, പാര്‍ട്ടിക്കു വേണ്ടി യാതൊന്നും ചെയ്യാത്തൊരു നേതാവാണ് എ കെ ആന്റണി. ഇദ്ദേഹത്തെപ്പോലുള്ള പാഴ്മരങ്ങളുടെ വിളനിലമാണ് കോണ്‍ഗ്രസ്.

അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തും മൂലം കോണ്‍ഗ്രസിന്റെ മേലുള്ള വിശ്വാസം ജനങ്ങള്‍ക്കു നഷ്ടപ്പെട്ടു. ആ വിശ്വാസം വീണ്ടെടുക്കാന്‍ അതിശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്‌ക്കേണ്ടതുണ്ട്. പക്ഷേ, പാര്‍ട്ടി അതിനു ശ്രമിച്ചിട്ടില്ല. ജനങ്ങളുടെ മനസില്‍ വര്‍ഗ്ഗീയ വിഷം കുത്തിവച്ച് അവരെ തമ്മില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് വോട്ടു നേടുന്ന ബി ജെ പിയുടെ തീവ്രമത പ്രചാരണത്തിന്റെ ബി ടീമാകാന്‍ മാത്രമേ കോണ്‍ഗ്രിസന് ഇന്നു കഴിയുന്നുള്ളു. രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തില്‍പ്പോലും ശക്തമായൊരു നിലപാടു സ്വീകരിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല. അതിനാല്‍, വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ മൂലമല്ല, സ്വന്തം പ്രവര്‍ത്തനങ്ങളുടെ പോരായ്മ മൂലമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുക.

ഇലക്ടോണിക് വോട്ടിംഗ് മെഷീനില്‍ തകരാര്‍ നടത്തിയാണ് ബി ജെ പി വിജയിക്കുന്നതെങ്കില്‍, അവര്‍ ആ തന്ത്രം പയറ്റേണ്ടിയിരുന്നത് കേരളത്തിലാണ്. കുറഞ്ഞ പക്ഷം തമിഴ്‌നാട്ടിലെങ്കിലും അവരതു പയറ്റിയേനെ. പക്ഷേ, ഇന്നേവരെ ബി ജെ പിയ്ക്ക് കേരളത്തില്‍ ഒരു സീറ്റില്‍പ്പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. മെട്രോമാന്‍ ശ്രീധരനെപ്പോലും കേരള ജനത തള്ളിക്കളഞ്ഞു.

വോട്ടിംഗ് യന്ത്രത്തിലെ തിരിമറികളെപ്പറ്റി ആദ്യമായി സംശയമുന്നയിച്ചത് ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാള്‍ ആയിരുന്നു. തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുമ്പോള്‍ മാത്രമേ ഈ യന്ത്രത്തില്‍ കൃത്രിമം എന്ന നിലവിളി ഉയരുന്നുള്ളു. അതിനാല്‍, പരാജയകാരണങ്ങള്‍ യന്ത്രത്തിനു മേല്‍ ചാരാതെ സ്വന്തം പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നേറിയാല്‍ കോണ്‍ഗ്രസിന് രക്ഷപ്പെടാം. അതിന് ആദ്യം വേണ്ടത് പടുമരങ്ങളെയും നേതൃഗുണമില്ലാത്തവരെയും പാര്‍ട്ടിയില്‍ നിന്നും എന്നെന്നേക്കുമായി പുറത്താക്കുക എന്നതാണ്. ഒപ്പം ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ശേഷിയുമുണ്ടാവണം. കോണ്‍ഗ്രസിന്റെ വിജയം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ആ പാര്‍ട്ടിക്ക് എന്നു വളരാനാവും? ഇന്നും കോണ്‍ഗ്രസ് പഴിചാരുന്നത് തങ്ങളുടെ പാര്‍ട്ടിയുടെ ജീര്‍ണ്ണാവസ്ഥയിലേക്കല്ല എന്നത് തിരിച്ചുവരാനുള്ള സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നു.


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47



Also took inputs from: Hindustan Times

Leave a Reply

Your email address will not be published. Required fields are marked *