Jess Varkey Thuruthel & Zachariah
മൂന്നു ദിവസം പച്ചവെള്ളം പോലും കൊടുക്കാതെ, സമാനതകളില്ലാത്ത ക്രൂരതയ്ക്ക് സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥിയെ കുറച്ചു മനുഷ്യപ്പിശാചുക്കള്‍ വിധേയനാക്കുമ്പോള്‍ മറ്റു സംഘടനാ നേതാക്കള്‍ എന്തു ചെയ്യുകയായിരുന്നു? ആ കോളജില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും എസ് എഫ് ഐ പ്രവര്‍ത്തകരായിരുന്നോ? കെ എസ് യു, എ ബി വി പി എന്നീ സംഘടനകള്‍ കൂടാതെ നിരവധി ഈര്‍ക്കില്‍ സംഘനടകളും പ്രവര്‍ത്തകരുമുള്ള പൂക്കോട് വെറ്റിനറി കോളജില്‍ സിദ്ധാര്‍ത്ഥിനെ തല്ലിച്ചതച്ചു കെട്ടിത്തൂക്കി കൊല്ലും വരെ ഈ നേതാക്കള്‍ ഏതു പൊത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു? സിദ്ധാര്‍ത്ഥിന്റെ മരണശേഷം ഇവര്‍ കാടിളക്കി ഇറങ്ങി വന്നിരിക്കുന്നത് എവിടെ നിന്നാണ്? ഇടപെടേണ്ട നിര്‍ണ്ണായകമായ ആ മൂന്നു ദിവസങ്ങളില്‍ ഇവരുടെ അണ്ണാക്കിലെന്താ കൊഴുക്കട്ടയായിരുന്നോ? കൂട്ടത്തിലൊരുവനെ മൂന്നു ദിവസം തല്ലിച്ചതച്ചിട്ടും അതിനെതിരെ ചെറുവിരല്‍ പോലുമനക്കാത്തവര്‍ മരണ ശേഷം മരണ ശേഷം നടത്തുന്ന ഈ പൊറാട്ടു നാടകം ആര്‍ക്കു വേണ്ടിയാണെന്നും എന്തിനു വേണ്ടിയാണെന്നും നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും.
ഏതൊരു കുറ്റകൃത്യവും ചെയ്യുന്നവര്‍ മാത്രമല്ല, അതിനെതിരെ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ പരാതിപ്പെടാനോ കഴിയാത്തവര്‍ ആ കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്നവരാണവര്‍. അപ്പോള്‍, ആ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പങ്കാളികളാണ്. എന്നിട്ടും, ഇഞ്ചിഞ്ചായി സിദ്ധാര്‍ത്ഥനെ കൊന്നു കളഞ്ഞ മനുഷ്യപ്പിശാച്ചുക്കളെ എസ് എഫ് ഐ എന്ന ലേബലില്‍ മാത്രം എന്തിന് ഒതുക്കി നിറുത്തണം? ആ കുറ്റകൃത്യം കണ്ടു നിന്നവരും അതിനെക്കുറിച്ച് അറിയാവുന്നവരുമെല്ലാം എസ് എഫ് ഐ ക്കാരായിരുന്നോ? കണ്ണിന്‍ മുന്നില്‍ സഹപാഠി ക്രൂരമായ ആക്രമണത്തിന് ഇരയാകുമ്പോള്‍ നിസംഗരായി കണ്ടുനിന്നവര്‍ നിരപരാധികളാകുന്നതെങ്ങനെ? ഏതാനും നിമിഷങ്ങളോ മണിക്കൂറുകളോ മാത്രമായിരുന്നു സിദ്ധാര്‍ത്ഥ് ക്രൂരമര്‍ദ്ദനത്തിന് ഇരയായതെങ്കില്‍ അതിനു പോലും ന്യായീകരണങ്ങളുണ്ടായിരുന്നു. ഇതുപക്ഷേ, വെള്ളം പോലും കൊടുക്കാതെ പീഡിപ്പിച്ചത് മൂന്നുദിവസമാണ്. എന്നിട്ട് അതിനെതിരെ പ്രതികരിച്ചില്ല പോലും. എല്ലാം കണ്ടു നിന്നു അവര്‍. എന്നിട്ടിപ്പോള്‍ ശവംതീനികളുടെ ധാര്‍മ്മിക രോക്ഷം ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു!
ഈ ക്രൂരത കണ്ടുനിന്ന ഇവരെല്ലാം പഠിച്ചിട്ട് ഈ നാടിന് എന്തു ഗുണമാണുള്ളത്? നിസ്സഹായനായ ഒരു മനുഷ്യന്റെ നിലവിളി കേള്‍ക്കാത്ത ആ കെട്ടിടവും അതില്‍ ജോലി ചെയ്തവരും പഠിക്കുന്നവരുമായ ഒരാള്‍ക്കു പോലും പഠിക്കുവാനോ ജോലി ചെയ്യുവാനോ ഉള്ള അര്‍ഹതയില്ല. അവിടെ അത്രയും കുട്ടികളുണ്ടായിട്ടും ഒരാള്‍ക്കു പോലും അതിനെതിരെ പ്രതികരിക്കാന്‍ തോന്നാത്തതെന്ത്? നേരിട്ടു പ്രതികരിക്കാന്‍ പേടിയാണെങ്കില്‍, രഹസ്യമായിട്ടെങ്കിലും ഈ കടുത്ത നീതികേടിനെതിരെ പോരാടിക്കൂടായിരുന്നോ?
ആ ക്യാമ്പസില്‍ എസ് എഫ് ഐ എന്നൊരു കൂട്ടം മാത്രമല്ല, കെ എസ് യു, എ ബി വി പി എന്നീ സംഘടനകളും മറ്റു ചെറുസംഘടനകളും നേതാക്കളും പ്രവര്‍ത്തകരുമുണ്ടായിരുന്നു. അവരാരും ആ മൂന്നു ദിവസവും അതിനെക്കുറിച്ചു മിണ്ടിയില്ല. ഒരുത്തനെങ്കിലും സിദ്ധാര്‍ത്ഥിനെ കൊല്ലും മുമ്പേ വീട്ടിലെങ്കിലും വിവരമറിയിക്കാമായിരുന്നു. ഇവരുടെ രാഷ്ട്രീയ നേതാക്കളും ഈ വിഷയത്തില്‍ ഇടപെട്ടില്ല. സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നു കെട്ടിത്തൂക്കും വരെ എല്ലാവരും കാത്തിരുന്നു.
അവര്‍ ഇടപെടാത്തതിനും സിദ്ധാര്‍ത്ഥിനെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താത്തിനും ഒറ്റക്കാരണമേയുള്ളു. മരിച്ച സിദ്ധാര്‍ത്ഥനാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ട സിദ്ധാര്‍ത്ഥനെക്കാള്‍ വിലയുള്ളത്. എങ്കില്‍ മാത്രമേ സിദ്ധാര്‍ത്ഥന്റെ ശരീരത്തിലേറ്റ ഓരോ അടിയുടേയും മര്‍ദ്ധനത്തിന്റെയും പൈശാചികതയുടേയും പേരു പറഞ്ഞ് കേരളം കത്തിക്കാന്‍ തക്ക പ്രതിഷേധത്തിലേക്ക് ഈ പ്രശ്‌നത്തെ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളു. കെ എസ് യു, എ ബി വി പി സംഘടനകളും നേതാക്കളും പ്രവര്‍ത്തകരും മാത്രമല്ല, ആ കൃത്യം കണ്ടുനിന്ന, കേട്ടറിഞ്ഞ സകല വിദ്യാര്‍ത്ഥികളും ജീവനക്കാരും സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ നിന്നും ജീവന്‍ വെടിയുന്ന നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ ഈ മരണം തടയാന്‍ അവര്‍ക്കു സാധിക്കുമായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിദ്ധാര്‍ത്ഥന്റെ ജീവനറ്റ ശരീരത്തിന് പൊന്നും വിലയുണ്ടെന്ന് അറിയുന്ന നേതാക്കള്‍ തന്നെയാണവര്‍.
സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിക്കുന്നത് വിദ്യാര്‍ത്ഥിക്കൂട്ടങ്ങള്‍ക്കു നടുവില്‍ വച്ചാണ്. പക്ഷേ, ഈ കേസില്‍ ഒരു ദൃക്‌സാക്ഷി പോലുമുണ്ടാവില്ല. കരുതിക്കൂട്ടി, പ്ലാന്‍ ചെയ്ത് കൊന്നതാണ് സിദ്ധാര്‍ത്ഥിനെ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സിദ്ധാര്‍ത്ഥിനെതിരെ ഒരു പെണ്‍കുട്ടിയെക്കൊണ്ട് എസ് എഫ് ഐ നേതാക്കള്‍ പരാതി കൊടുപ്പിച്ചിട്ടുണ്ട്. സിദ്ധാര്‍ത്ഥിനെ കൊന്നുതള്ളിയവര്‍ക്കൊപ്പം തന്നെ ശിക്ഷ ഈ പെണ്‍കുട്ടിക്കും കൊടുത്തേ തീരൂ. കള്ളപ്പരാതി നല്‍കുന്നവര്‍ക്ക് നന്നായി അറിയാം, ഈ പരാതിയുടെ ഭവിഷ്യത്ത് എന്താണ് എന്ന്. അപ്പോള്‍, അവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുന്നവര്‍ക്കു തുല്യമാണ്.
കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മയക്കു മരുന്നിന്റെ പിടിയിലാണ്. പൂക്കോട് ക്യാമ്പസിലെ സ്ഥിതിയും വ്യത്യസ്ഥമല്ലായിരുന്നു. സിദ്ധാര്‍ത്ഥ് ഇക്കാര്യം മുന്‍പ് പിതാവിനെ അറിയിച്ചിരുന്നു. ഇത്തരത്തില്‍, മനസാക്ഷിയില്ലാതെ, അതിക്രൂരമായി കൊന്നുകളയാന്‍ മയക്കു മരുന്നുപയോഗം തന്നെയാവും കാരണം. മയക്കു മരുന്നു ലോബികള്‍ക്ക് ഇതിലുള്ള പങ്ക് എന്താണ് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
കലാലയത്തില്‍ വീഴുന്ന ആദ്യത്തെ രക്തമല്ല സിദ്ധാര്‍ത്ഥിന്റെത്. രാഷ്ട്രീയപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ ക്യാമ്പസില്‍ പിടിമുറുക്കിയ നാള്‍ മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ് ക്യാമ്പസില്‍ നിന്നുമുള്ള നിലവിളികള്‍. പാര്‍ട്ടിയുടേയോ കൊടിയുടെ നിറത്തിന്റെയോ വ്യത്യാസമില്ലാതെ ക്യാമ്പസുകളില്‍ എത്രയോ കൂട്ടക്കുരുതികള്‍ നടന്നിരിക്കുന്നു. എന്നിട്ടും എസ് എഫ് ഐ യെ മാത്രമെന്തേ പ്രതിക്കൂട്ടില്‍ നിറുത്തുന്നു? ഈ മനുഷ്യപ്പിശാച്ചുക്കളെ വിചാരണ ചെയ്യേണ്ടത് പാര്‍ട്ടിയുടേയോ കൊടിയുടെ നിറത്തിന്റെയോ അടിസ്ഥാനത്തിലല്ല. ഈ ഭൂമിക്കു മുകളില്‍ ജീവിച്ചിരിക്കുവാന്‍, ഒരു സൈ്വര്യജീവിതം നയിക്കുവാന്‍ ഈ പിശാച്ചുക്കള്‍ക്കോ ഇവരുടെ ക്രൂരത നിശബ്ദം കണ്ടുനിന്നവര്‍ക്കോ അവകാശമില്ല.
കേരളപ്പോലീസ് മികച്ചവര്‍ തന്നെയാണ്. പക്ഷേ, രാഷ്ട്രീയ സ്വാധീനത്തിന് വഴിപ്പെടാത്ത അന്വേഷണ ഏജന്‍സികള്‍ ഈ കേസ് ഏറ്റെടുത്തേ തീരൂ. ഇത്ര നികൃഷ്ടമായി കൊലപാതകം നടത്തിയവര്‍ മനുഷ്യകുലത്തിനു തന്നെ അപമാനമാണ്. ജീവനോടെയിരിക്കുവാനുള്ള യോഗ്യതകളെല്ലാം നഷ്ടപ്പെടുത്തിയവര്‍. കൊലയ്ക്കു പകരം കൊല പരിഹാരമല്ലായിരിക്കാം. പക്ഷേ, ഇവര്‍ ജീവിച്ചിരുന്നാല്‍ മറ്റു പലര്‍ക്കും ഇതുപോലെ സംഭവിക്കാം. അതിനാല്‍, ഇനിയൊരു സിദ്ധാര്‍ത്ഥ് ഉണ്ടാകാതിരിക്കാന്‍ ഈ ക്രൂരകൃത്യം ചെയ്തവര്‍ക്കെല്ലാം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം നല്‍കുന്ന ആ പരമാവധി ശിക്ഷ തന്നെ നല്‍കുകയാണ് വേണ്ടത്. ഇതുപോലുള്ള മനുഷ്യപ്പിശാച്ചുക്കള്‍ ഒരു കോളജില്‍ മാത്രമല്ല ഉള്ളത്. റാഗിംഗിന്റെ, സദാചാരത്തിന്റെയെല്ലാം പേരില്‍ അതിക്രൂരമര്‍ദ്ധനം അഴിച്ചുവിടാന്‍ കൈതരിക്കുന്ന സകലര്‍ക്കുമുള്ള ശിക്ഷയാവണം ഇത്.
………………………………………………………………………………..
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
…………………………………………………………………………………………….
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :