Jess Varkey Thuruthel
‘രാവിലെയും ഉച്ചഭക്ഷണത്തിനു മുന്‍പും മാത്രമല്ല, ഓരോ പീരീഡ് കഴിയുമ്പോഴും ഇവിടെ പ്രാര്‍ത്ഥനയുണ്ട്. എന്നു മാത്രമല്ല, ഓരോ വിശേഷ ദിവസങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥനകളുമുണ്ട്. ഈ പ്രാര്‍ത്ഥനകളെല്ലാം നടത്തുന്നത് ഒന്നോ രണ്ടോ പീരീഡുകളിലെ പഠനം നിറുത്തി വച്ചിട്ടാണ്. മാതാവിന്റെ ജപമാലയ്ക്ക് ദീര്‍ഘമായ പ്രാര്‍ത്ഥനയാണ് ഇവിടെ നടത്താറ്. ഈ സമയങ്ങളിലെല്ലാം സ്‌കൂളില്‍ പഠിക്കുന്ന എല്ലാ കുട്ടികളും എഴുന്നേറ്റു നിന്ന് പ്രാര്‍ത്ഥനയില്‍ പങ്കു ചേരണം. അവര്‍ പറയുന്ന പ്രാര്‍ത്ഥനകള്‍ ഏറ്റു പറയുകയും വേണം. ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടോ എന്നറിയുവാന്‍ സിസ്‌റ്റേഴ്‌സ് വരാന്തയിലൂടെ നിരീക്ഷണം നടത്തും. പ്രാര്‍ത്ഥിക്കാത്തവരെ വഴക്കു പറയും. ക്രിസ്ത്യാനി കുട്ടികള്‍ മാത്രമല്ല, മുസ്ലീങ്ങളും ഹിന്ദുക്കളുമെല്ലാം ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്നാണ് ഇവിടുത്തെ നിയമം. പ്രാര്‍ത്ഥനയ്ക്കു ശേഷം നെറ്റിയില്‍ കുരിശു വരയ്ക്കുകയും വേണം. എന്നിട്ടാണ് ഉച്ച സമയത്ത്, വിശ്രമസമയത്ത് പ്രാര്‍ത്ഥിച്ചതിന് ഇവര്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കിയത്. ഞങ്ങളുടെ പഠിപ്പു മുടക്കി പ്രാര്‍ത്ഥന നടത്താന്‍ സ്‌കൂളിന് എന്താണവകാശം? ഈ പ്രാര്‍ത്ഥനകളില്‍ എല്ലാ കുട്ടികളെയും നിര്‍ബന്ധപൂര്‍വ്വം ഇവര്‍ പങ്കെടുപ്പിക്കുന്നതെന്തിന്? നാളിതു വരെയും ഞങ്ങള്‍ക്കിതില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നു. പക്ഷേ, ഇപ്പോള്‍ ഞങ്ങള്‍ക്കിതില്‍ എതിര്‍പ്പുണ്ട്. ആരോടാണ് ഞങ്ങള്‍ പരാതി പറയുക? പ്രാര്‍ത്ഥനയ്ക്കു വേണ്ടി ഞങ്ങളുടെ പഠനസമയമാണ് ഇവര്‍ ഉപയോഗിക്കുന്നത്. അനുസരിക്കാത്തവരെ ഇവര്‍ വഴക്കു പറയും. അതു പേടിച്ച് ആരും ഒന്നും പുറത്തു പറയില്ല,’ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ (St Joseph HSS Paingottoor) ചില കുട്ടികള്‍ തമസോമയോടു പറഞ്ഞതാണ് ഇക്കാര്യം.
ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന പേടിയില്‍ അവര്‍ ചുറ്റും നോക്കുന്നുണ്ടായിരുന്നു. സ്‌കൂളുകളിലെങ്ങും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പോകാനായി പ്രത്യേകം പ്രത്യേകം വഴികളുണ്ട്. വേഷത്തിലെ പ്രത്യേകത കൊണ്ട് മുസ്ലീം പെണ്‍കുട്ടികളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനും സാധിക്കും. അതിനാല്‍, പെണ്‍കുട്ടികളാണ് അവിടെ ഏറ്റവുമധികം അടിച്ചമര്‍ത്തലുകള്‍ നേരിടുന്നത്. മുസ്ലീം കുട്ടികളോടു കൂട്ടുകൂടരുതെന്നും അവര്‍ കൊണ്ടുവരുന്ന ആഹാരം കഴിക്കരുതെന്നും അതില്‍ കൂടോത്രവും ആഭിചാരക്രിയകളും ചെയ്തിട്ടുണ്ടെന്നും ക്രിസ്ത്യന്‍ കുട്ടികളെ പറഞ്ഞു പേടിപ്പിക്കുകയാണ് തിരുവസ്ത്രമിട്ട കന്യാസ്ത്രീകള്‍. മുസ്ലീം കുട്ടികളുമായി സംസാരിക്കുന്നതു കണ്ടാല്‍ തങ്ങളെ ഓഫീസ് റൂമില്‍ കൊണ്ടുപോയി മണിക്കൂറുകള്‍ ഉപദേശിക്കുമെന്നും ഈ കുട്ടികള്‍ പറയുന്നു. കുട്ടികള്‍ക്കു നല്ലതു പറഞ്ഞുകൊടുക്കേണ്ട, അവരെ ജാതിക്കും മതത്തിനും അധീതമായി സ്‌നേഹിച്ചും പരസ്പരം സഹകരിച്ചും ജീവിക്കണമെന്നു പഠിപ്പിക്കേണ്ട കലാശാലകളാണ് ഇവ്വിധം മതവിദ്വേഷം കുത്തിനിറയ്ക്കുന്നത്.
കോതമംഗലം രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലെയും വേദപാഠ ക്ലാസുകളില്‍ കുട്ടികള്‍ക്ക് കന്യാസ്ത്രീകള്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. സ്‌കൂളില്‍ ഇങ്ങനെ എന്തെങ്കിലും സംഭവമുണ്ടായാല്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഒപ്പം നില്‍ക്കണമത്രെ! സത്യത്തിന്റെയും നീതിയുടേയും പാതയിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്നു പഠിപ്പിക്കേണ്ട വിദ്യാലയങ്ങളാണ് ഇത്തരം നെറികേടുകള്‍ക്കു കൂട്ടുനില്‍ക്കാന്‍ കുട്ടികളോട് ആഹ്വാനം ചെയ്യുന്നത്. എത്രയേറെ മതവിദ്വേഷം കുത്തിനിറയ്ക്കാന്‍ ശ്രമിക്കുന്നുവോ, അതിനെതിരെ ജാതിമതഭേതമന്യേ കുട്ടികള്‍ ശക്തമായി പ്രതികരിക്കുകയാണ്.
ക്ലാസ് മുടക്കിയും പ്രാര്‍ത്ഥന നടത്താന്‍ സെന്റ് ജോസഫ് സ്‌കൂളില്‍ (St Joseph Higher secondary School Paingottoor) നടക്കുന്നത് പള്ളിയുടെ വേദപാഠക്ലാസല്ല. യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്റി എന്നീ വിഭാഗത്തിലായി അവര്‍ പഠിക്കേണ്ടത് കണക്കും സയന്‍സും സാമൂഹ്യപാഠവുമുള്‍പ്പടെ വിവിധ വിഷയങ്ങളാണ്. പള്ളിപ്പാട്ടുകളും പ്രാര്‍ത്ഥനകളും വേദപാഠങ്ങളും നടത്തി, എല്ലാ കുട്ടികളെയും അതില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കാന്‍ സെന്റ് ജോസഫ് സ്‌കൂള്‍ നടത്തുന്നത് പള്ളിയുടെ പണമുപയോഗിച്ചാണോ. സര്‍ക്കാരിന്റെ ശമ്പളം പറ്റി ജോലി ചെയ്യുന്ന കന്യാസ്ത്രീകളായ അധ്യാപകര്‍ക്ക് എങ്ങനെയാണ് കുട്ടികളുടെ പഠനം മുടക്കി പ്രാര്‍ത്ഥന നടത്താന്‍ കഴിയുന്നത്?
സ്‌കൂള്‍ പഠനകാലം സൗഹൃദങ്ങളുടെ പൂക്കാലം കൂടിയാണ്. എന്നാല്‍, തീവ്രചിന്താഗതിക്കാരായ ക്രിസ്ത്യാനികള്‍ കുട്ടികളുടെ ജീവിതം നരകമാക്കുകയാണിവിടെ. ഉച്ചഭക്ഷണ സമയത്ത്, സഹപാഠികള്‍ തങ്ങളുടെ ഭക്ഷണം പരസ്പരം പങ്കുവച്ചാണ് കഴിച്ചിരുന്നത്. എന്നാല്‍, ആ സൗഹാര്‍ദ്ദത്തില്‍ വിളറിപൂണ്ട കന്യാസ്ത്രീകള്‍ അതും മുടക്കിയിരിക്കുകയാണ്. ഭക്ഷണത്തില്‍ മുസ്ലീങ്ങള്‍ കൂടോത്രം ചെയ്തിട്ടുണ്ട് എന്നവര്‍ കുട്ടികളെ പറഞ്ഞു ഭയപ്പെടുത്തുന്നു. ആഹാരത്തില്‍പ്പോലും മതം കലര്‍ത്തുന്ന വികല മനസുള്ള അധ്യാപകര്‍!
ക്ലാസ്മുറിയില്‍, ക്രിസ്ത്യാനികളായ കൂട്ടുകാര്‍ തീര്‍ത്ത മനുഷ്യമതില്‍ക്കെട്ടില്‍, ഉച്ച വിശ്രമസമയത്ത് രണ്ടു മുസ്ലീം പെണ്‍കുട്ടികള്‍ നടത്തിയ പ്രാര്‍ത്ഥനയാണ് വലിയ വര്‍ഗ്ഗീയ കലാപത്തിലേക്കു നയിക്കത്തക്ക രീതിയില്‍ പൈങ്ങോട്ടൂരിലെ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ദീപ്തി വര്‍ഗ്ഗീസും മറ്റ് അധ്യാപകരായ സിസ്റ്റേഴ്‌സും സ്‌കൂള്‍ മാനേജ്‌മെന്റുമെല്ലാം ചേര്‍ന്ന് കള്ളത്തരത്തിലൂടെ മാറ്റിയെടുത്തത്.
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലും മുണ്ടക്കൈ, വെള്ളാര്‍മല എന്നീ പ്രദേശത്തുള്ളവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയ ഒരു കാര്യമുണ്ട്. അവരുടെ ജീവിതത്തെ വെള്ളാര്‍മല സ്‌കൂള്‍ ഏതു വിധമാണ് സ്വാധീനിച്ചിട്ടുള്ളത് എന്നാണത്. നാനാജാതി മതസ്ഥര്‍ താമസിക്കുന്ന ആ പ്രദേശം ഒത്തൊരുമയോടെ കഴിയാന്‍ കാരണം എല്ലാവരെയും ചേര്‍ത്തു പിടിക്കുന്ന അധ്യാപകരുടെ മികവു കൊണ്ടുകൂടിയാണെന്ന് അവരെല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു. ഇവിടെയിതാ ഒരു സ്‌കൂള്‍ മതത്തിന്റെ പേരില്‍ കുഞ്ഞുമനസുകള്‍ക്കിടയിലേക്ക് വിദ്വേഷം കടത്തി വിടുന്നു. കുട്ടികളുടെ മനസില്‍ ഇവര്‍ കുത്തിവച്ച് മതവിദ്വേഷം വളര്‍ന്നു വലുതാകും. അതുതന്നെയാണ് ഇവരുടെ ലക്ഷ്യവും.
അത്ഭുത രോഗശാന്തി എന്ന പേരില്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ വേണ്ടത്ര ഫലം കാണാഞ്ഞിട്ടോ, തിരുവോസ്തി ജീസസ് ക്രൈസ്റ്റിന്റെ മാംസമായി മാറുന്ന ദിവ്യാത്ഭുതം പോലുള്ള തന്ത്രങ്ങള്‍ വേണ്ടത്ര ഏശാഞ്ഞിട്ടോ ആകും ഇത്തരത്തില്‍ മതവിദ്വേഷമിളക്കി വിട്ട് കലാപത്തിന് തീവ്രചിന്താഗതിയുള്ള ക്രിസ്ത്യാനികള്‍ തിരികൊളുത്തുന്നത്. കാസ, കത്തോലിക്ക കോണ്‍ഗ്രസ് എന്നീ സംഘടനകളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സംഘികള്‍ക്കൊപ്പം ചേര്‍ന്ന് അതിനെക്കാള്‍ വലിയ മതവിദ്വേഷം ഉണ്ടാക്കിയെടുക്കുകയാണ് അവര്‍ ഇവിടെ.
മതം പഠിപ്പിക്കാനോ പ്രാര്‍ത്ഥിക്കാനോ അല്ല വിദ്യാലയങ്ങള്‍. പഠിക്കാനും അറിവു നേടാനുമുള്ള കലാശാലകളാണത്. സ്‌നേഹമതമാണ് അവിടെ രൂപപ്പെടുത്തേണ്ടത്. അതിനാല്‍ സ്‌കൂളുകളിലെ മതാധിഷ്ഠിത പ്രാര്‍ത്ഥനകള്‍ നിരോധിച്ചേ തീരൂ. സര്‍ക്കാര്‍ ശമ്പളം വാങ്ങി, സര്‍ക്കാര്‍ സഹായത്തോടെ മാത്രം പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളുകള്‍ക്ക് സ്വന്തം മതം വളര്‍ത്താന്‍ എന്താണ് അവകാശം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറച്ചൊരു തീരുമാനമെടുത്തേ തീരൂ. അല്ലെങ്കില്‍ ഇവര്‍ കൊളുത്തിവിടുന്ന വിദ്വേഷത്തിന്റെ ജ്വാലയില്‍ കേരളം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായി മാറാന്‍ അധികകാലം വേണ്ടിവരില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യവും ഇതുതന്നെയാണ്. അത് അനുവദിച്ചു കൂടാ.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975