പാഠപുസ്തകങ്ങള്‍ സ്ത്രീകളെ പിന്തള്ളുന്ന വിധം: PRD മുൻ അഡീ. ഡയറക്ടർ കെ. മനോജ് കുമാർ എഴുതുന്നു

”അമ്മ എനിക്കു കാച്ചിയ പാല്‍ തരും. അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും.” ഇങ്ങനെ ആണു പാഠം തുടങ്ങുന്നത്. ക്ലാസില്‍ ഇതിനോട് എങ്ങനെയാവും കുട്ടികള്‍ പ്രതികരിക്കുക? പാലു കുടിക്കാത്ത കുട്ടിയുണ്ടാവും. അമ്മയില്ലാത്ത കുട്ടിയുണ്ടാവും. അമ്മൂമ്മ നല്കുന്ന കുട്ടിയുണ്ടാകും. അഛന്‍ നല്കുന്ന കുട്ടിയുണ്ടാവും. ഈ ചോദ്യം ഈ പാഠം ഇല്ലാതെ ‘രാവിലെ എന്താണു കുടിക്കുന്നത്’ എന്നു ചോദിച്ചാല്‍ ഒരു ഉത്തരമായിരിക്കില്ല, നിരവധി ഉത്തരങ്ങളാവും ക്ലാസില്‍ ലഭിക്കുക. അങ്ങനെയുള്ള ചര്‍ച്ചയില്‍നിന്നാണ് 1995 ല്‍ പാഠ്യപദ്ധ്യതിപരിഷ്‌ക്കാരം നടക്കുന്നത്. ആ ചര്‍ച്ചയ്ക്കിടയില്‍ ഒരു ടീച്ചര്‍ പറഞ്ഞു, അതു മാത്രമല്ല, അമ്മയാണ് അടുക്കളയിലെ പണി ചെയ്യേണ്ടതും കുഞ്ഞുങ്ങളെ നോക്കി വളർത്തേണ്ടതും എന്ന  സന്ദേശവും ഈ പാഠം നല്‍കുന്നുണ്ട് എന്ന്.

ലിംഗസമത്വം  പാഠ്യപദ്ധതിച്ചട്ടക്കൂട്ടിൽ  ഇതിനകം  കൊണ്ടുവന്നിരുന്നു. ഒന്നാംക്ലാസു മുതൽ എട്ടാംക്ലാസുവരെ പാഠപുസ്തകപരിഷ്കരണം നടത്തിയപ്പോൾ ഇക്കാര്യം വളരെ നിർബന്ധമായി നിഷ്കർച്ചിരുന്നു. ‘പൂത്തിരി’, ‘മിന്നാമിന്നി’, ‘കുന്നിമണി’ എന്നീ പുസ്തകങ്ങൾ തയാറാക്കാനുള്ള വർക്ക്‌ഷോപ്പിൽ അതനു റോയ് തുടങ്ങിയ   ഇന്ത്യയിലെ പ്രമുഖരായ ചിത്രകാരരാണു പങ്കെടുത്തത്. പിന്നീട് 1998 വരെ നടന്ന പരിഷ്കാരങ്ങളിൽ അക്കാലത്തെ  പുതുതലമുറച്ചിത്രകാരർ പങ്കെടുത്തു. ഇവരെല്ലാംതന്നെ ആദ്യ ടെക്സ്റ്റ് ബുക്ക് വർക് ഷോപ്പുകളിൽ പങ്കെടുത്തവരാണ്.
ഇമേജുകൾ പല കാര്യങ്ങൾ മനസ്സിൽ ഉറപ്പിക്കും. അതിനാൽ ആൺ-പെൺ തുല്യത വരകളിലും ദൃശ്യങ്ങളിലും ഉണ്ടാവണം. രാകേഷ്, ശ്രീജിത്ത്, ഗിരീഷ്, ശ്രീവിദ്യ തുടങ്ങിയ ഒത്തിരി ചിത്രകലാവിദ്യാർത്ഥികൾക്കും ഇതൊരു പുതുപാഠം ആയിരുന്നു.   എഴുത്തിനെക്കാൾ പ്രാധാന്യം ചെറിയ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ചിത്രികരണത്തിനും ഡിസൈനിനും ഉണ്ടെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. എത്ര തിയറി അറിയാമെങ്കിലും ആ വിഷയം അനുഭവിക്കുന്ന ആൾക്കു  മാത്രമേ ഒറ്റ കാഴ്ച്ചയിൽ അല്ലെങ്കിൽ വായനയിൽ അതിലെ ശരിതെറ്റുകൾ  തിരിച്ചറിയാൻ കഴിയൂ. 1997 – 98  വർഷം  SCERT ക്കു  151  ടൈറ്റിലുകളാണു പുതുക്കേണ്ടിവന്നത്.  ഒരു വർഷം മുഴുവൻ നീണ്ടുനിന്ന യജ്ഞം.  എല്ലാക്കാര്യങ്ങളും പല തട്ടുകളിൽ ചർച്ചചെയ്തു ടെക്സ്റ്റും ചിത്രങ്ങളും പേജുകളും തയാറാക്കി വിദഗ്ദ്ധരുടെ കമ്മിറ്റിയും നല്ലതെന്ന് ഉറപ്പിച്ച പുസ്തകങ്ങൾ അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ലിഡാ ജേക്കബിനെ കാണിക്കുന്നു. ഒരു പുസ്തകത്തിന്റെ കവർ കണ്ട്, ഇതാരു വരച്ചു എന്നു ചോദിക്കുന്നു. ഗംഭീരവര. ഞാൻ പറഞ്ഞു, അതു രാകേഷാണു ചെയ്തത്.    ആ ആർട്ട് വർക്  അവർ  എന്റെ നേരെ മുന്നിലേക്കിട്ടു. നിങ്ങളൊക്കെ മെയിൽ ഷോവനിസ്റ്റുകളാണ്.  എത്ര നോക്കിയിട്ടും അതിലെ സ്ത്രീവിരുദ്ധത കാണാൻ കഴിഞ്ഞില്ല. സ്ലൈഡറിൽ ഒരു  ആൺകുട്ടി മുകളിൽ നിൽക്കുന്നു. സ്ലൈഡ് ചെയ്ത പെൺകുട്ടി താഴെ ഇരിക്കുന്നു. അവർ വിശദികരിച്ചു. ആൺ കുട്ടിയെ നിങ്ങൾ ഏറ്റവും മുകളിൽ പതിഷ്ഠിച്ചു. മുന്നു പെൺകുട്ടികളുടെ അച്ഛനായ രാകേഷ് പെട്ടെന്നു വിഷയം തിരിച്ചറിഞ്ഞു. ഊഞ്ഞാൽ ആടുന്ന മറ്റൊരു ചിത്രം തയാറാക്കി മുഖച്ചിത്രമാക്കി.

ശുചിത്വമിഷൻ തുടങ്ങിയപ്പോൾ ഒരു പരസ്യം ചെയ്തു. ബാബുരാജ് ആണു സംവിധായകൻ. ശരത്തും ബാബുവും ദളിത് – സ്ത്രി വിഷയങ്ങളിൽ നിരവധി ചിത്രങ്ങൾ തയാറാക്കിയ വ്യക്തികളാണ്. ഇത്തരം വിഷയങ്ങളിലെ രാഷ്ട്രീയം ആഴത്തിൽ പഠിച്ചവരും. പരസ്യം ഇങ്ങനെ ആണ്: ഓഫീസിലേക്കും സ്‌കൂളിലേക്കും പുറപ്പെടുന്ന അച്ഛനും മകളും. വണ്ടി സ്റ്റാർട്ടാക്കുമ്പോൾ ഭാര്യ, നില്ക്കു, ഒരു കാര്യം എന്നു പറഞ്ഞു വീട്ടിലേക്കു പോയി ഒരു വേസ്റ്റ് കവർ കൊണ്ടുവരുന്നു. പോകുംവഴി ഇതൊന്നു കളയാൻ എന്നു പറയുന്നു. ഉഗ്രൻ പ്രൊഡക്ഷൻ.  പ്രിവ്യു കഴിഞ്ഞ് ഉഷ ടൈറ്റസ് പറഞ്ഞു, ഇതു സ്ത്രീവിരുദ്ധമാണെന്ന്. അടുക്കള ആണു പെണ്ണിന്റെ ഇടം എന്ന് ഉറപ്പിക്കുകയാണു ചിത്രം. ബേട്ടി ബചാവോ എന്ന പരസ്യം കൃത്രിമത്വം ആയി നമുക്കു തോന്നാം. ചിലതൊക്കെ നേരെചൊവ്വേ പലതവണ ആവർത്തിക്കണം.

ഹരിതവിദ്യാലയം റിയാലിറ്റി ഷോ ചെയ്തപ്പോൾ പ്രൈമറി ക്‌ളാസുകളിലെ എല്ലാ സ്‌കൂളുകളുടെയും ആങ്കറിങ് നടത്തിയതു പെൺകുട്ടികളാണ്. ആൺകുട്ടികൾക്കു നാണം. എന്നാൽ മുതിർന്ന ക്ലാസുകളിൽ എത്തുമ്പോൾ  ആൺകുട്ടികൾ ആങ്കറിങ് ഏറ്റെടുക്കുന്നു.  ആ മിടുക്കിപ്പെൺകുട്ടികൾ എങ്ങനെ പുറകോട്ടു മാറ്റപ്പെട്ടു!

പാവാട മാറി യൂണിഫോം ചുരിദാർ ആയപ്പോൾ സ്വാതന്ത്ര്യം കിട്ടി എന്ന് ഒരു സ്പോർട്സ് താരം പറഞ്ഞപ്പോഴാണു നാം അതു തിരിച്ചറിഞ്ഞത്.  പറഞ്ഞുവന്നത്, പെണ്ണുങ്ങൾക്കു നാം കാണാത്ത നിരവധി വെല്ലുവിളികളുണ്ട്. ആ വെല്ലുവിളികളിൽ ചിലതൊക്കെ ഇപ്പോൾ വിളിച്ചു പറയുകയാണ്; ചർച്ച ചെയ്യുകയാണ്. ഈ പെൺമതിൽ ഇന്നു നടന്നാലും ഇല്ലെങ്കിലും ആ ആശയം അതിന്റെ ലക്ഷ്യം പൂർത്തീകരിച്ചു.  നമ്മുടെ വീട്ടിനുള്ളിലെ പെണ്ണുങ്ങളുമായി ഒപ്പത്തിനൊപ്പം നിന്നു പെരുമാറ്. എന്നിട്ട് അവർ ഉന്നയിക്കുന്ന അല്ലെങ്കിൽ പുറമെ പങ്കുവെക്കാത്ത കാര്യങ്ങൾ അടുത്തറിയുക.

ഇതേപോലെ ജനാധിപത്യപങ്കാളിത്തത്തിനായി ഒരു നൂറ്റാണ്ടു മുമ്പു ലണ്ടനിൽ മതിൽ കെട്ടി പ്രതിഷേധിച്ച പെണ്ണുങ്ങളുടെ ചരിത്രവും അറിയുക.

നാട്ടിലെ മുഴുവൻ എതിർപ്പുകളും വനിതാമതിലിനോടൊപ്പം നില്ക്കാൻ എന്നെ പ്രേരിപ്പിക്കുന്നു. അങ്ങനെ, ലക്ഷങ്ങൾക്കൊപ്പം എന്റെ പിന്തുണയും ഈ വനിതാ മതിലിന്.

https://m.facebook.com/story.php?story_fbid=10216019148170463&id=1201323832

Leave a Reply

Your email address will not be published. Required fields are marked *