Thamasoma News Desk
പോക്‌സോ കേസില്‍ ഇരയായ 17 വയസുകാരി ശുചിമുറിയുടെ ജനാലയില്‍ തൂങ്ങി മരിച്ചു. കുട്ടമ്പുഴ വെള്ളാരംകുത്ത് പനച്ചിക്കല്‍ സ്വദേശിയായ പെണ്‍കുട്ടി കോതമംഗലം കവളങ്ങാടുള്ള ഒരു ബാലികാ സദനത്തിലായിരുന്നു കഴിഞ്ഞ രണ്ടുമാസമായി താമസിച്ചിരുന്നത്. പെണ്‍കുട്ടി ഉള്‍പ്പെട്ട പോക്‌സോ കേസിന്റെ വിചാരണ നടന്നുവരവെയാണ് ഈ മരണം. കേസില്‍ ഉള്‍പ്പെട്ട പ്രതിയോട് തനിക്ക് യാതൊരു തരത്തിലുമുള്ള വൈരാഗ്യവുമില്ലെന്ന കുറിപ്പെഴുതി വച്ച ശേഷമാണ് പെണ്‍കുട്ടി മരിച്ചത്. ഇന്നലെ രാത്രി (ഓഗസ്റ്റ് 19) ഒമ്പതരയോടെയായിരുന്നു സംഭവം. ശുചിമുറിയില്‍ പോയ പെണ്‍കുട്ടി ഏറെ നേരമായിട്ടും തിരികെ വരാത്തതിനാല്‍ സംശയം തോന്നിയ സദനം അന്തേവാസികള്‍ ശുചിമുറിയുടെ വാതില്‍ ബലം പ്രയോഗിച്ചു തുറന്നപ്പോള്‍ ജനാലക്കമ്പിയില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ താഴെയിറക്കി കോതമംഗലം ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പ്ലസ് വണ്ണിന് നേര്യമംഗലത്ത് പ്രവേശനം ലഭിച്ചിരുന്നെങ്കിലും സുരക്ഷാകാരണങ്ങളാല്‍ നെല്ലിമറ്റത്തെ ഒരു സ്‌കൂളില്‍ പ്രവേശനം നേടുകയായിരുന്നു. ജൂണ്‍ 28 നാണ് പെണ്‍കുട്ടി കവളങ്ങാടുള്ള ബാലിക സദനത്തില്‍ താമസത്തിനെത്തിയത്. പോലീസിന്റെ നേതൃത്വത്തില്‍ സി ഡബ്ലിയു സി പ്രവര്‍ത്തകരാണ് പെണ്‍കുട്ടിയെ ഇവിടെ താമസിപ്പിച്ചത്. വീട്ടിലായിരുന്ന സമയത്തും പെണ്‍കുട്ടി ആത്മഹത്യ പ്രവണത കാണിച്ചതായി ഇപ്പോള്‍ പലരും പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനും ആത്മഹത്യ ചെയ്യുകയായിരുന്നു. അമ്മ രോഗിയായതിനാല്‍ മകളെ സംരക്ഷിക്കാനുള്ള സാഹചര്യമല്ലായിരുന്നു.
പെണ്‍കുട്ടി സ്‌കൂളിലേക്കു പോകുമ്പോഴും വരുമ്പോഴും ഒരു സംഘം പിന്തുടര്‍ന്നതായും ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്. ഇതേക്കുറിച്ച് പോലീസില്‍ പരാതിപ്പെടാനിരിക്കേയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍ശരീരം പവിത്രമാണെന്നും വിവാഹം കഴിക്കുന്ന പുരുഷനു മാത്രമേ ആ ശരീരത്തില്‍ സ്പര്‍ശിക്കാനുള്ള അവകാശമുള്ളുവെന്നുമുള്ള വിശ്വാസം അടിച്ചേല്‍പ്പിച്ചു വളര്‍ത്തപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതിനാല്‍ തന്നെ കുടുംബത്തിന്റെ അഭിമാനവും അന്തസുമെല്ലാം പെണ്ണിന്റെ ഉടുവസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞുകെട്ടി നടക്കുന്നു നമ്മള്‍. ഈയൊരു കാഴ്ചപ്പാടിനെയാണ് ക്രിമിനല്‍സംഘം ചൂഷണം ചെയ്യുന്നത്. ഒളിച്ചും പതുങ്ങിയും ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തിയും ബലാത്സംഗത്തിലൂടെ കീഴ്‌പ്പെടുത്തിയും കൈവശപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പെണ്ണിന്റെ പിന്നീടുള്ള ജീവിതത്തെത്തന്നെ തകിടം മറിക്കുന്നു. ആ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും അവരെ ചൂഷണം ചെയ്യുന്നു. ചത്തൊഴിഞ്ഞുപോകാന്‍ അവരെ പ്രേരിപ്പിക്കുന്നു.
ലൈംഗികത എന്നത് പുരുഷനു മാത്രം അവകാശപ്പെട്ടതല്ല. സ്ത്രീ ശരീരത്തിലുമുള്ള വികാരമാണത്. പുരുഷ ലൈംഗികത ശ്രേഷ്ഠവും സ്ത്രീയുടേത് മ്ലേച്ഛവുമാകുന്നതെങ്ങനെ? പരസ്പര സമ്മതത്തോടെയാണ് ലൈംഗികതയില്‍ ഏര്‍പ്പെട്ടത് എങ്കില്‍പ്പോലും ആ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ക്കുറ്റമാണ് എന്നിരിക്കെ, ബലാത്സംഗത്തിലൂടെ കൈവശപ്പെടുത്തിയ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാല്‍ അതിനു മുന്നില്‍ ഭയക്കുന്നവരല്ല തങ്ങളെന്ന് ബോധ്യപ്പെടുത്താനുള്ള കരുത്തും തന്റേടവും ഇരകള്‍ക്കുണ്ടാവണം.
ഇണയെ വേദനിപ്പിച്ചും ചതിച്ചും വഞ്ചിച്ചും നേടുന്നതല്ല ലൈംഗികത. പരസ്പര ബഹുമാനത്തോടെയും ആഗ്രഹത്തോടെയും മാത്രം പൂര്‍ണ്ണതയിലെത്തേണ്ട ഒന്നാണത്. ശരീരത്തെയും മനസിനെയും വേദനിപ്പിച്ചും ഭീഷണിപ്പെടുത്തിയും ദ്രോഹിച്ചും ബലപ്രയോഗത്തിലൂടെയും നേടിയെടുത്ത ശേഷം പിന്നെയും ഭീഷണിയുമായി വരുന്നവനു മുന്നില്‍ നിര്‍ഭയത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ ഒരു പെണ്ണിനു സാധിക്കണം. തന്റെ ജീവിതത്തെ തകര്‍ത്തെറിഞ്ഞ ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന ദൃഢതീരുമാനം ഇരയാക്കപ്പെട്ട ഓരോ മനുഷ്യനും സ്വീകരിക്കണം. മരണസമാന സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നാലും ഒരു ബലാത്സംഗിയെപ്പോലും രക്ഷപ്പെടാന്‍ ഒരു ഇരയും അനുവദിക്കരുത്. തന്റെ ഭയത്തില്‍ നിന്നും നിസംഗതയില്‍ നിന്നും ആയിരം ബലാത്സംഗികള്‍ ജനിക്കുകയാണെന്ന സത്യം ഇരകള്‍ മറക്കാന്‍ പാടില്ല. തന്റെ ജീവനും ജീവിതത്തിനും പുല്ലു വിലപോലും നല്‍കാന്‍ തയ്യാറല്ലാത്ത നെറികെട്ട ക്രിമിനലുകള്‍ക്ക് ജീവിക്കാനവസരം നല്‍കി സ്വമേധയാ മരണം തെരഞ്ഞെടുക്കേണ്ടവരല്ല ബലാത്സംഗത്തിന് ഇരയായവര്‍. മറിച്ച്, അനുവാദമില്ലാതെ തന്റെ ദേഹത്തു കൈവച്ച ഓരോരുത്തനെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇരയ്ക്കു കഴിയണം. എങ്കില്‍ മാത്രമേ ബലാത്സംഗത്തിനു തടയിടാന്‍ നമുക്കു കഴിയുകയുളളു. ഓര്‍ക്കുക, മാനക്കേട് ഇരയ്ക്കല്ല, മറിച്ച് ബലാത്സംഗിക്കാണ്.