Jess Varkey Thuruthel & D P Skariah
യുകെയില്‍ നഴ്‌സായ, വൈക്കം സ്വദേശിയായ അഞ്ജു (40)വിനെയും, അവരുടെ ആറുവയസുകാരിയായ മകളെയും നാലുവയസുകാരനായ മകനെയും ഭര്‍ത്താവ് സാജു (52) കൊലപ്പെടുത്തിയ വാര്‍ത്തയില്‍ മലയാളികളെല്ലാം നടുക്കവും ദു:ഖവും രേഖപ്പെടുത്തിക്കഴിഞ്ഞു. ചെറിയ കാര്യങ്ങള്‍ക്കു പോലും സാജു അതികഠിനമായി ദേഷ്യപ്പെടുമായിരുന്നു എന്ന് അഞ്ജുവിന്റെ പിതാവ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭര്‍ത്താവല്ലേ, ദേഷ്യപ്പെടാന്‍ അവകാശമുണ്ടല്ലോ എന്ന നിലപാടായിരുന്നിരിക്കും ആ പിതാവിന് ഉണ്ടായിരുന്നത്.
മകളെ പഠിപ്പിച്ച് നഴ്‌സ് ആക്കി. എത്ര കഷ്ടപ്പെട്ടിട്ടാവും അവര്‍ യു കെയില്‍ ഒരു ജോലി നേടിയിട്ടുണ്ടാവുക. രണ്ടുമക്കള്‍ക്കും ജന്മം നല്‍കി. ആ ജോലിയും വരുമാനവും മതിയായിരുന്നു, ആ കുഞ്ഞുങ്ങളെ വളര്‍ത്താനും സ്വന്തമായി ജീവിക്കാനും. പറ്റാത്ത വിവാഹ ബന്ധമാണെന്നു തിരിച്ചറിഞ്ഞ നിമിഷം രക്ഷപ്പെടണമെന്ന് അവര്‍ ആഗ്രഹിച്ചിരിക്കാം. പക്ഷേ, ഈ സമൂഹത്തില്‍ നിന്നും ബന്ധുമിത്രാദികളില്‍ നിന്നും ഉണ്ടായേക്കാനിടയുള്ള ചോദ്യം ചെയ്യലുകളെ അവള്‍ ഭയന്നിരിക്കാം. ആ ചോദ്യങ്ങളെ നേരിടാനുള്ള ശേഷി അവള്‍ക്ക് ഉണ്ടായിരിക്കില്ല. അവളുടെ മാതാപിതാക്കള്‍ അത്തരമൊരു ആത്മധൈര്യം നേടിയെടുക്കാന്‍ മകളെ പ്രാപ്തയാക്കിയിട്ടും ഉണ്ടാവില്ല. ഒടുവില്‍, അവള്‍ക്ക് സ്വന്തം ജീവനും മക്കളുടെ ജീവനും നഷ്ടമായി.
ഈ വാര്‍ത്തയുടെ ഞെട്ടലും നടുക്കവും അവസാനിക്കും മുന്‍പേ അടുത്ത വാര്‍ത്ത വന്നിരിക്കും, ഞെട്ടാനും നടുങ്ങാനും മലയാളിയുടെ ജീവിതം ഇനിയും ധാരാളം ബാക്കിയാണല്ലോ.
കഷ്ടതകളും ദു:ഖങ്ങളും സഹനങ്ങളുമാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി എന്ന തെറ്റായ ധാരണ മനുഷ്യമനസുകളിലേക്കു കടത്തിവിട്ട് ഭൂമിയില്‍ നരകം തീര്‍ക്കുകയാണ് മതത്തില്‍ അധിഷ്ഠിതമായ സമൂഹം. അതിനാല്‍ത്തന്നെ, ജീവനു തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ പങ്കാളിയില്‍ നിന്നും ഉണ്ടായാല്‍പ്പോലും സമൂഹത്തിന്റെ ഈ ചിന്താഗതിയെ ചെറുത്തു തോല്‍പ്പിക്കാന്‍ ശേഷിയില്ലാതെ ജീവിതം നരകതുല്യം ജീവിച്ചു തീര്‍ക്കുകയാണിവിടെ. ഇത്തരം സാമൂഹിക അനീതികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണ്. പക്ഷേ, ചില പുരുഷന്മാരുടെ ജീവിതവും പരമദയനീയം തന്നെ.
ഏതെങ്കിലുമൊരു ബന്ധം വഷളായാല്‍, ഉപദേശകരുടെ വലിയൊരു പട തന്നെയെത്തും. ‘മക്കള്‍ക്ക് അച്ഛനും അമ്മയും വേണ്ടേ. വിവാഹമെന്നാല്‍ എല്ലാം സഹിക്കേണ്ടതല്ലേ. അങ്ങനെയല്ലേ ജീവിക്കേണ്ടത്. നിനക്കു മാത്രമേ ഈ കുരിശു ചുമക്കാനുള്ള ശേഷിയുള്ളു, അതാണ് ഈ വ്യക്തിയെ ദൈവം നിനക്കു തന്നെ തന്നത്’ എന്ന്…! സര്‍വ്വശക്തനെന്ന് അവകാശപ്പെടുന്ന ദൈവം കുരിശു ചുമക്കാനുള്ള മനുഷ്യരുടെ ശേഷിയെ പരീക്ഷിക്കാതെ, മര്യാദ ലവലേശമില്ലാത്ത ആ മനുഷ്യന്റെ സ്വഭാവം ശുദ്ധിയാക്കാന്‍ ശ്രമിക്കാത്തതെന്ത് എന്ന ചോദ്യമൊന്നും ചോദിച്ചു കൂടാ. ദൈവത്തെ പരീക്ഷിക്കാന്‍ നടക്കുന്നോ എന്നൊരു മറുചോദ്യമുയര്‍ന്നേക്കാം.
പണം കൊണ്ട് സന്തോഷം വാങ്ങാന്‍ കഴിയില്ല. സന്തോഷത്തോടെയും സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ആത്മാഭിമാനത്തോടെയും സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്.
സ്വന്തമായി ഒരു ജോലിയുണ്ടെങ്കില്‍, ഒറ്റയ്ക്കു ജീവിക്കാന്‍, അതിന്റെ സുഖമറിയാന്‍ തയ്യാറാവണം മനുഷ്യര്‍. വിവാഹം കഴിച്ചാലേ ജീവിതമുള്ളു, ജീവിക്കുന്നതില്‍ അര്‍ത്ഥമുള്ളു അല്ലാത്തവരൊന്നും ജീവിക്കുന്നില്ല എന്ന കാഴ്ചപ്പാടുകള്‍ക്കു മാറ്റമുണ്ടാവണം. വിവാഹിതരായവര്‍ തമ്മില്‍ ചേര്‍ച്ചയില്ലെങ്കില്‍, അഡ്ജസ്റ്റു ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോയി ജീവിതമെന്തിന് നരകമാക്കണം?
ഈ പ്രകൃതിയിലെ ഏറ്റവും മികച്ച ദമ്പതികളും മാതാപിതാക്കളും ആയ പക്ഷികളെ ആരും നിര്‍ബന്ധിച്ച് താലിയോ മോതിരമോ ഉപയോഗിച്ച് വിവാഹം കഴിപ്പിച്ചിട്ടല്ല അവര്‍ സ്നേഹത്തോടെ ഒരുമിച്ച് അടുത്ത പരമ്പരയെ നോക്കി വളര്‍ത്തുന്നത്. ഈ ലോകത്തില്‍ ഇന്ന് ജീവിക്കുന്ന ഒരു ജീവിയും വിവാഹം എന്ന ഉടമ്പടികൊണ്ടു മാത്രം വംശം നിലനിര്‍ത്തിയവര്‍ അല്ല. വംശനാശം വന്ന ജീവികളാകട്ടെ വിവാഹം ഇല്ലാത്തതുകൊണ്ടല്ല അങ്ങനെ നശിച്ചു പോയതും. വിവാഹം പ്രകൃതിയുടെ നിയമമല്ല, മറിച്ച് മനുഷ്യന്‍ ഉണ്ടാക്കിയതാണ്.
ഒറ്റയ്ക്ക് ജീവിക്കാന്‍ നമ്മളുടെ ഒക്കെ അച്ഛനമ്മമാരുടെ കാലത്ത് കഷ്ടമായിരുന്നു. ‘വിവാഹം കുട്ടികള്‍’ എന്നതില്‍ക്കവിഞ്ഞ ഒരു ലക്ഷ്യമോ വിനോദമോ അവര്‍ക്കില്ലായിരുന്നു. അതിനൊന്നും പോകാത്തവരെ മ്ലേച്ഛരായി മുദ്രകുത്തുന്ന സമൂഹം ഉണ്ടായിരുന്നു. അതെല്ലാം ഭൂതകാലമാണ്. ഇന്നങ്ങനെയല്ല. അവരവര്‍ക്ക് സുന്ദരമായി ഒറ്റയ്ക്ക് ജീവിക്കാം. സമൂഹത്തിന്റെ ചോദ്യം ചെയ്യലുകളെ സധൈര്യം നേരിടാനുള്ള ശേഷിയുണ്ടാവണമെന്നു മാത്രം.
വിവാഹമെന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം തളച്ചിടലാണ്. പുരുഷന് അത്രത്തോളം അസ്വാതന്ത്ര്യമില്ലെങ്കിലും അവിടെയുമുണ്ട് പ്രശ്‌നങ്ങള്‍. വിവാഹം കഴിയുന്ന നാള്‍ മുതല്‍ നമുക്കിഷ്ടമുള്ളത് ചെയ്യാന്‍ വേറൊരാളുടെ സമ്മതം വേണം, അവരുടെയും സമയം നോക്കണം, അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കണം, അവരുടെ ഇഷ്ടക്കാരെ പിണക്കാതെ നോക്കണം, അവര്‍ക്കിഷ്ടമുള്ള കാര്യങ്ങളില്‍ നമുക്കിഷ്ടമല്ലെങ്കിലും പങ്കാളിയാവണം, ധാരാളം പണം ചെലവാക്കേണ്ടി വരും ഇല്ലെങ്കില്‍ അടിയായി വഴക്കായി മര്‍ദ്ദനമായി, അതുമല്ലെങ്കില്‍ കൊലപാതകം, അല്ലെങ്കില്‍ ആത്മഹത്യ.
നമ്മളെ മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തിയാല്‍, സ്നേഹിക്കുന്ന ഒരാളെക്കിട്ടിയാല്‍, പങ്കാളിയാവാന്‍ അവര്‍ക്കും ഇഷ്ടമാണെങ്കില്‍, പിരിഞ്ഞിരിക്കാന്‍ കഴിയില്ലെങ്കില്‍ മാത്രമേ വിവാഹ ബന്ധത്തിലേക്കു കടക്കാന്‍ പാടുള്ളു. വിവാഹ ശേഷം ഒരുമിച്ചു പോകാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടാല്‍ ആ നിമിഷം അത് അവസാനിപ്പിക്കാനും കരുത്തുണ്ടാവണം. ജീവിതം ഒന്നേയുള്ളു, അത് മറ്റുള്ളവരുടെ പിടിവാശിക്കു മുന്നില്‍, ക്രിമിനല്‍ സ്വഭാവത്തിനു കീഴ്‌പ്പെട്ട് കത്തിച്ചാമ്പലാക്കാനുള്ളതല്ല എന്ന ബോധ്യം ഓരോ മനുഷ്യര്‍ക്കുമുണ്ടാവണം. ജനിച്ച കുഞ്ഞുങ്ങളെ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കാനുള്ള പ്രാപ്തിയും കഴിവുമുണ്ടാവണം. ഈ ജീവിതം അവരവരുടേത് മാത്രമായ സുഖസന്തോഷങ്ങള്‍ അനുഭവിച്ച് ചുറ്റുമുള്ള മറ്റു ജീവികളെ പറ്റുന്നതുപോലെ സഹായിച്ച് അവരെ ഹിംസിക്കാതെ സ്വതന്ത്രമായി ജീവിക്കാനുള്ളതാണ്. പ്രകൃതി അതിന് വിലക്ക് കല്‍പ്പിക്കുന്നില്ല!
ശരീരവലിപ്പം വച്ച ആണിനേയും പെണ്ണിനെയും കണ്ണുകള്‍ കൊണ്ടുഴിഞ്ഞുനോക്കി, വിവാഹ പ്രായം കണക്കാക്കി സൈ്വരം കെടുത്തുന്ന നിരവധി മനുഷ്യരുണ്ട്. പ്രായപൂര്‍ത്തി ആയിക്കഴിഞ്ഞാല്‍ വിവാഹം കഴിപ്പിക്കാനായി വീട്ടുകാരും ബന്ധുക്കളും നെട്ടോട്ടമോടുകയായി. എപ്പോള്‍ വിവാഹം കഴിക്കണമെന്നും ആരെ ജീവിതത്തിലേക്കു കൂട്ടണമെന്നും തീരുമാനിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ് പലപ്പോഴും. ചില പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വിവാഹം കഴിക്കാന്‍ പോലും താല്‍പര്യമുണ്ടാകില്ല. പക്ഷേ, കുറച്ചൊന്നു സ്വതന്ത്രരായി ജീവിക്കുന്നുവെന്നു കാണുന്ന നിമിഷം വിവാഹം കഴിപ്പിക്കും മുതിര്‍ന്നവര്‍. നിങ്ങളിപ്പോള്‍ അങ്ങനെ സ്വാതന്തര്യത്തോടെ സന്തോഷത്തോടെ സ്വന്തം ഇഷ്ടം പോലെ ജീവിച്ചങ്ങനെ സുഖിക്കണ്ട എന്ന ചിന്താഗതി.
മനുഷ്യന്‍ സൃഷ്ടിച്ച മതങ്ങളും മതദൈവങ്ങളും അവയില്‍ വിശ്വസിക്കുന്ന മനുഷ്യരും ഭൂമിയിലെ സന്തോഷങ്ങള്‍ക്കു തെല്ലും വില കല്‍പ്പിക്കുന്നില്ല. ഇവിടെ നരകിച്ചു ജീവിച്ചെങ്കില്‍ മാത്രമേ സ്വര്‍ഗ്ഗജീവിതം സാധ്യമാകുകയുള്ളു എന്നു വിശ്വസിക്കുന്ന പമ്പരവിഢികളാണ് വിശ്വാസികള്‍. പരസ്പരം വെറുത്തും വെട്ടിക്കൊന്നും മറ്റുള്ളവരുടെ ജീവിതത്തെ നരകതുല്യമാക്കുന്നു.
വിവാഹ ബന്ധം തകരാറിലായാല്‍, ആ വിവാഹത്തില്‍ നിന്നും ഇറങ്ങിപ്പോരുന്ന സ്ത്രീകളെ ഈ സമൂഹവും മതവിശ്വാസികളും വെറുതെ വിടില്ല. എങ്ങനെയും ബന്ധം വേര്‍പെടുത്താതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് അവര്‍ നോക്കുന്നത്. ജീവിതം മുഴുവന്‍ സഹിച്ചു ജീവിക്കാനാണ് മതങ്ങളും സമൂഹവും അവളോടു പറയുന്നത്. സഹിക്കവയ്യാതെ വിവാഹ മോചനം നേടിയവരെ സമൂഹം വെറുതെ വിടുകയുമില്ല. ഒന്നുകില്‍ നിര്‍ബന്ധിച്ച് വേറൊരു വിവാഹ ബന്ധത്തില്‍ കൊണ്ടുചെന്നു ചാടിക്കും. ഭര്‍ത്താവിനെ ഉപേക്ഷിച്ചത് പരപുരുഷ ബന്ധമുള്ളതുകൊണ്ടാണെന്നും അവള്‍ക്കു വ്യഭിചരിച്ചു നടക്കാനാണ് താല്‍പര്യമെന്നും പറഞ്ഞു പരത്തും. അവന്റെ ജീവിതം തുലച്ചു, അവള്‍ അഹങ്കാരിയാണ് എന്ന പഴിയും കേള്‍ക്കേണ്ടി വരും. ഇതെല്ലാം നേരിടാനുള്ള ശേഷിയില്ലാത്തവര്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യും, അല്ലെങ്കില്‍ എല്ലാം സഹിച്ചു ജീവിക്കും, ഇതുമല്ലെങ്കില്‍, ചിലപ്പോള്‍ ഭര്‍ത്താവിന്റെ ക്രൂരതകളില്‍ ജീവിതം തന്നെ നഷ്ടപ്പെട്ടെന്നു വരാം. എങ്കില്‍പ്പോലും ഈ സമൂഹം പെണ്ണിനെ വെറുതെ വിടില്ല.
ആര്‍ക്കോ എന്തിനോ വേണ്ടി സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കുകയാണ് ഓരോ സ്ത്രീയും. വിവാഹം കഴിയുന്നതു വരെ അവള്‍ വീട്ടുകാരുടെ അടിമ. വിവാഹ ശേഷം ഭര്‍ത്താവിന്റെ, ഭര്‍തൃവീട്ടുകാരുടെ അടിമ. അതു കഴിഞ്ഞാല്‍ മക്കളുടെ അടിമ. ഇതിനെല്ലാം ഒരു ഓമനപ്പേരുമുണ്ട്, സംരക്ഷം. സ്വന്തം ജീവിതത്തില്‍ ഒരു സ്ത്രീ സ്വന്തമായി തീരുമാനങ്ങളെടുത്ത് എന്നു ജീവിക്കാന്‍ ആരംഭിക്കുന്നോ അന്നേ ഈ നാടു നന്നാവുകയുള്ളു. അവളെ ഒരാളും കഷ്ടപ്പെട്ടു സംരക്ഷിക്കുകയോ രക്ഷിക്കുകയോ ചെയ്യേണ്ടതില്ല. സ്വതന്ത്രമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവരെ ഉപദ്രവിക്കാതിരുന്നാല്‍ മാത്രം മതിയാകും.