വിദേശത്ത് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്; താജൂദീനെതിരെ പരാതി

Thamasoma News Desk

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരുടെ പണവും പാസ്‌പോര്‍ട്ടുമായി മുങ്ങിയ കാസര്‍കോഡ് ബോവിക്കാനം സ്വദേശി താജദ്ദീനെ തേടി മട്ടാഞ്ചേരി പോലീസ് (Gulf Job). മെയ് 29 ന് ജോലിക്കായി പോകാന്‍ തയ്യാറാകണമെന്നും മെയ് 26 ന് കൊച്ചിയില്‍ എത്തണമെന്നും പറഞ്ഞാണ് 5 ചെറുപ്പക്കാരില്‍ നിന്നും പാസ്‌പോര്‍ട്ടുകളും 40,000 രൂപ വീതവും വാങ്ങിയത്. എന്നാല്‍, പറഞ്ഞ ദിവസം മട്ടാഞ്ചേരിയില്‍ താജുദ്ദീന്റെ റൂമിലെത്തിയ യുവാക്കള്‍ കണ്ടത് റൂം പൂട്ടിക്കിടക്കുന്നതാണ്. ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. എറണാകുളം മുഴുവന്‍ ഇയാളെ തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. ഗള്‍ഫിലേക്കു പോകണമെന്ന് താജുദീന്‍ പറഞ്ഞ തീയതിയുടെ തലേന്നു പോലും ഇയാളെ കിട്ടാതെ വന്നതോടെ മട്ടാഞ്ചേരി പോലീസില്‍ പരാതി നല്‍കി.

ആളുകളെ മനസിലാക്കാന്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും യു ട്യൂബറുമായ അന്‍സാരി സൂരിക്കു പറ്റിയ ഒരു പിഴവാണ് സ്വന്തം അളിയന്‍ (സഹോദരീ ഭര്‍ത്താവ്) ഉള്‍പ്പടെ അഞ്ചുപേര്‍ തട്ടിപ്പിന് ഇരയാകാന്‍ കാരണം. സോഷ്യല്‍ മീഡിയയിലൂടെ പ്രസിദ്ധനായ അന്‍സാരിയെ തട്ടിപ്പു വീരന്‍ താജുദ്ദീന്‍ വലയിലാക്കുന്നത് കൊച്ചി മറൈന്‍ ഡ്രൈവില്‍ വച്ചാണ്. വീഡിയോയിലൂടെ കണ്ട പരിചയം വച്ച് അടുത്തുകൂടി, സംസാരിച്ച്, പരിചയപ്പെടുകയായിരുന്നു. താജുദ്ദീന്റെ ഭക്തിയും ദൈവവിശ്വാസവും കണ്ടപ്പോള്‍, നല്ല വ്യക്തിയാണെന്നു വിശ്വസിച്ചു പോയതായി അന്‍സാരി പറയുന്നു. ആരെയും വീഴ്ത്താനുള്ള വാക്ചാതുരിയും താജുദ്ദീന് ഉള്ളതായി അന്‍സാരി പറഞ്ഞു.

പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ തനിക്ക് വളരെ ആഗ്രഹമുണ്ടെന്നും ഗള്‍ഫിലെ ഒരു കമ്പനിയിലേക്ക് 6 പേരെ ആവശ്യമുണ്ടെന്നും ആ ജോലി കഷ്ടപ്പെടുന്ന ചെറുപ്പക്കാര്‍ക്കായി നല്‍കാമെന്നും താജുദ്ദീന്‍ പറഞ്ഞപ്പോള്‍ അന്‍സാരിക്ക് പെട്ടെന്ന് ഓര്‍മ്മ വന്നത് തന്റെ സഹോദരീ ഭര്‍ത്താവിനെയായിരുന്നു. ജീവിക്കാന്‍ പാടുപെടുന്ന ആ കുടുംബത്തെ രക്ഷപ്പെടുത്താന്‍ കിട്ടിയ വഴിയാണിതെന്ന് അന്‍സാരി കരുതി. താജുദ്ദീന്റെ നമ്പര്‍ സഹോദരീ ഭര്‍ത്താവിനു നല്‍കുകയും ചെയ്തു. കൂടെയുള്ള നാലുപേരെക്കൂടി കൂടെ കൂട്ടാനുള്ള തീരുമാനം സഹോദരീ ഭര്‍ത്താവിന്റെതായിരുന്നു. ഒരുമിച്ച് ഒരു കമ്പനിയില്‍ ജോലി ചെയ്യാമെന്ന് അവര്‍ കരുതി.

താജുദ്ദീന്റെ നിര്‍ദ്ദേശമനുസരിച്ച് പാസ്‌പോര്‍ട്ടും 40,000 രൂപയും ഓരോരുത്തരും കൈമാറി. മെയ് 26 ന് മട്ടാഞ്ചേരിയില്‍ പേപ്പറുകള്‍ കൈപ്പറ്റാന്‍ എത്തണമെന്നു പറഞ്ഞതിനെത്തുടര്‍ന്നാണ് ഇവര്‍ എത്തിയത്. എന്നാല്‍, ഇയാളുടെ മുറി പൂട്ടിക്കിടക്കുകയായിരുന്നു. ഫോണില്‍ കിട്ടാതായതോടെ താജുദ്ദീനെക്കുറിച്ച് ഇവര്‍ കൂടുതല്‍ അന്വേഷണം നടത്തി. അതോടെയാണ് താജുദ്ദീന്‍ ഒരു തട്ടിപ്പു വീരനാണെന്ന് ഇവര്‍ക്കു ബോധ്യപ്പെട്ടത്.

സ്വന്തം പിതാവിനെ പറ്റിച്ചാണ് തട്ടിപ്പിലേക്ക് ഇയാള്‍ ചുവടു വച്ചതെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ അന്‍സാരിക്കും മറ്റും ബോധ്യപ്പെട്ടു. ഇയാളുടെ തട്ടിപ്പിന് ഇരയായ ഒരാള്‍ പോലും മൂന്‍പ് പരാതി നല്‍കാന്‍ തയ്യാറാകാത്തതാണ് ഇത്രയേറെപ്പേര്‍ പറ്റിക്കപ്പെടാന്‍ കാരണമെന്ന് അന്‍സാരി പറയുന്നു. തട്ടിപ്പിന് ഇരയാകുന്നവരുടെ ബുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്ന രീതിയില്‍ സമൂഹത്തില്‍ നിന്നുള്ള ചോദ്യം ചെയ്യലുകള്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള നാണംകെടുത്തലുകള്‍ ഭയന്ന് പലരും പരാതി പറയാന്‍ മടിക്കുകയാണ്. ഈ മടിയും നാണക്കേടും തന്നെയാണ് തട്ടിപ്പുകാര്‍ക്ക് വളമാകുന്നതും. ബുദ്ധിയോ കഴിവോ ഇല്ലാഞ്ഞിട്ടല്ല, മറിച്ച് മറ്റൊരാളുടെ വിശ്വാസത്തെയാണ് ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നത്. വിശ്വസിപ്പിക്കാന്‍ തക്ക എല്ലാ കാര്യങ്ങളും തട്ടിപ്പുകാര്‍ നല്‍കുകയും ചെയ്യും.

താജുദ്ദീനെതിരെ പോലീസില്‍ പരാതി നല്‍കിയതോടെ തട്ടിപ്പിനിരയായ നിരവധി പേര്‍ ഇക്കാര്യം തുറന്നു പറയാന്‍ തയ്യാറായിട്ടുണ്ട്.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *