Jess Varkey Thuruthel & Zachariah
നിസ്സഹായ, വൃദ്ധയായ ഒരമ്മയെ അതിക്രൂരമായി ആക്രമിക്കുന്ന മരുമകള്‍! അതു കണ്ടുനിന്ന്, ആ ദൃശ്യങ്ങള്‍ പകര്‍ത്തിയ മകന്‍ അതു കണ്ടുനില്‍ക്കാന്‍ വിധിക്കപ്പെട്ട രണ്ടു കുഞ്ഞുങ്ങള്‍! കണ്‍മുന്നില്‍ സ്വന്തം അമ്മ അതിക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അതു തടയാന്‍ കഴിയാത്ത ഒരാള്‍ മനുഷ്യനാണോ? ആരോഗ്യം നശിച്ച്, തിരിച്ചൊന്നു പ്രതികരിക്കാന്‍ പോലും ശേഷിയില്ലാത്ത ഒരാളെ ഇത്തരത്തില്‍ ആക്രമിക്കുന്നത് കൊടും കുറ്റകൃത്യമാണ്. കൊല്ലം തേവലക്കരയില്‍, 80 വയസുള്ള ഏലിയാമ്മ വര്‍ഗീസിനാണ് മരുമകള്‍ മഞ്ചുമോള്‍ തോമസ് (37) അതിക്രൂരമായി ഉപദ്രവിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
വൃദ്ധയും മകനും പ്രതിയും മക്കളും താമസിച്ച് വരുന്ന തേവലക്കര വില്ലേജില്‍ നടുവിലക്കര മുറിയില്‍ കിഴക്കേ വീട്ടിലെ ഹാള്‍ മുറിയില്‍ വച്ച് ചീത്ത വിളിക്കുകയും അത് ചോദ്യം ചെയ്തപ്പോള്‍ അടിക്കുകയും തള്ളിതാഴെയിടുകയും, അടിവയറില്‍ ചവുട്ടുകയും ചെയ്യുകയായിരുന്നു മഞ്ചുമോള്‍. താഴെ വീണ ഏലിയാമ്മ എഴുന്നേറ്റപ്പോള്‍ ഇവരുടെ നേര്‍ക്ക് മഞ്ചു കതക് വലിച്ചടച്ചു. ഇതേത്തുടര്‍ന്ന് കാലിലെ തള്ളവിരലില്‍ പരിക്കുണ്ട്. കമ്പിവടി കൊണ്ട് തലയ്ക്കടിക്കാന്‍ മഞ്ചു ശ്രമിച്ചെങ്കിലും ഏലിയാമ്മ അതു തടഞ്ഞു, ഇതേത്തുടര്‍ന്ന് അവരുടെ കൈയ്ക്കും പരിക്കുണ്ട്. പിന്നീട് കഴുത്തിനു കുത്തിപ്പിടിച്ച് വീടിനു പുറത്താക്കി കതക് കുറ്റിയിടുകയായിരുന്നു മഞ്ചു. തലയ്ക്കു നേരെ വന്ന അടി തടഞ്ഞില്ലായിരുന്നുവെങ്കില്‍ തല പൊട്ടി മരണം വരെ സംഭവിക്കുമായിരുന്നുവെന്ന് പോലീസ് എഫ് ഐ ആറിലുണ്ട്.
ഈ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയാകേണ്ടി വന്നത് ഇവരുടെ കുഞ്ഞുങ്ങളാണ്. കണ്‍മുന്നില്‍ കാണുന്ന ഏതു നീതികേടിനെയും എതിര്‍ക്കണമെന്നും ചെറുത്തു തോല്‍പ്പിക്കണമെന്നും സംരക്ഷിക്കപ്പെടേണ്ടവരെ എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്നുമുള്ള പാഠങ്ങള്‍ പഠിച്ചു വളരേണ്ട കുഞ്ഞുങ്ങളാണവര്‍. പക്ഷേ ഇവര്‍ നിത്യവും കാണുന്ന കാഴ്ചയാകട്ടെ, നിസ്സഹായയായ തങ്ങളുടെ അമ്മച്ചിയെ തച്ചുകൊല്ലാന്‍ ശ്രമിക്കുന്ന സ്വന്തം അമ്മയെ! അതുകണ്ടിട്ടും തടയാത്ത പിതാവിനെയും!! ഈ മാതൃകയല്ല ഈ കുഞ്ഞുങ്ങള്‍ കണ്ടുവളരേണ്ടതും പഠിക്കേണ്ടതും. ഇത്തരത്തിലുള്ള മാതാവും പിതാവും കുഞ്ഞുങ്ങളുടെ ഭാവിക്കു ചെയ്യുന്നത് ഏറ്റവും വലിയ ദ്രോഹമാണ്. വൃദ്ധയായ ആ സ്ത്രീ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ മുഴുവനായി കാണാന്‍ പോലും പലര്‍ക്കും സാധിച്ചിട്ടില്ല. അപ്പോഴാണ് സ്വന്തം അമ്മയെ ഇത്തരത്തില്‍ ക്രൂരമായി ഉപദ്രവിച്ചിട്ടും മകന്‍ അതു ചിത്രീകരിക്കുന്നത്! മകനെന്നു വിളിക്കപ്പെടാന്‍ പോലും ഇയാള്‍ യോഗ്യനല്ല.
ഇവിടെ നിയമവാഴ്ച ഇല്ലെന്നു കരുതിയോ ഇവര്‍? അതോ എന്തു ക്രൂരത ചെയ്താലും ആരും ചോദിക്കില്ലെന്നോ? വൃദ്ധയോട് ഇത്തരത്തില്‍ ക്രൂരത ചെയ്ത മഞ്ചു ഒരു അധ്യാപികയാണ് എന്നത് ഈ കേസിന്റെ ഗൗരവം കൂട്ടുകയാണ്. സൈക്കോ ആയ ഈ സ്ത്രീ പഠിപ്പിക്കുന്ന കുട്ടികളില്‍ ആരോടെങ്കിലും ഇവര്‍ ക്രൂരമായി പെരുമാറിയിട്ടുണ്ടോ എന്നത് അന്വേഷിക്കപ്പെടുക തന്നെ വേണം. വിദ്യാര്‍ത്ഥികള്‍ക്കു നല്ലതു പറഞ്ഞു കൊടുക്കേണ്ടവരാണ് അധ്യാപകര്‍. അവരെ നേര്‍വഴിയിലേക്കു നയിക്കേണ്ടവര്‍ക്ക് വഴിതെറ്റിയാല്‍ കൊടുക്കേണ്ടത് അതികഠിനമായ ശിക്ഷയാണ്.
അധ്യാപകരെന്നാല്‍, വിദ്യാര്‍ത്ഥികളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാകണം, അവര്‍ക്കു മാതാവും പിതാവുമാവണം. അവരെ നേര്‍വഴി നടത്തുന്നവരാകണം. പുസ്തകത്തിലുള്ളതു പഠിപ്പിക്കുന്നതു മാത്രമല്ല അധ്യാപനം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതൊരു സേവനമാണ്. ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന അതിമഹത്തായ ജോലിയുടെ ഭാഗമാണവര്‍. അവര്‍ക്കു വഴി പിഴച്ചാല്‍, ഒരു തലമുറ തന്നെയാണ് നശിച്ചു പോകുന്നത്. അനീതിക്കും അക്രമത്തിനുമെതിരെ പോരാടാന്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കേണ്ടവരാണവര്‍. മാതാപിതാക്കളെ ബഹുമാനിക്കണമെന്നും പ്രായമായവരെ സംരക്ഷിക്കണമെന്നും പറഞ്ഞു പഠിപ്പിക്കേണ്ട ഒരധ്യാപിക സ്വന്തം അമ്മായിഅമ്മയെ അതിക്രൂരമായി മര്‍ദ്ധിക്കുന്ന കാഴ്ച എത്രയോ വേദനാജനകമാണ്! കാരുണ്യവും സ്‌നേഹവും തൊട്ടുതീണ്ടിയിട്ടില്ലാത്ത മനുഷ്യനായി പരിഗണിക്കാന്‍ പോലും യോഗ്യയല്ല.
എന്തായാലും ഇത്രയും വലിയ അനീതിയും അതിക്രമവും ഒരു വീട്ടില്‍ നടന്നിട്ടും അയല്‍പക്കത്താരും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. ഇനി ഈ സ്ത്രീയെ തെളിവെടുപ്പിനായി കൊണ്ടുവരുമ്പോള്‍ ക്യാമറയ്ക്കു മുന്നില്‍ നിന്നുള്ള നാട്ടുകാരുടെ നാടകം കൂടി കാണേണ്ടി വരും.
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47
#Kollam, #Teacherthrashedmotherinlaw #atrocityagainstelderly #womanthrashedbydaughter-in-law