അവരുടേത് യഥാര്‍ത്ഥ പ്രണയമാണെങ്കില്‍, പിരിക്കാന്‍ കോടതിയും ആഗ്രഹിക്കുന്നില്ല…


Thamasoma News Desk

ഇത് ജഡ്ജിമാരുടെ ധര്‍മ്മ സങ്കടം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിളിച്ചിറക്കിക്കൊണ്ടുപോയി കുടുംബ ജീവിതം ആരംഭിച്ചാല്‍ പങ്കാളിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍ ബലാത്സംഗം എന്നീ വകുപ്പുകള്‍ മാത്രമല്ല, മറിച്ച് പോക്‌സോ കുറ്റം കൂടി ചുമത്തപ്പെടും. എന്നാല്‍, കൗമാരക്കാര്‍ക്കിടയിലുണ്ടായിരുന്നത് യഥാര്‍ത്ഥ പ്രണയമായിരുന്നെങ്കിലോ? അവരെ തമ്മില്‍ വേര്‍പിരിക്കുകയും പങ്കാളിയെ ജയിലിലടയ്ക്കുകയും ചെയ്യുന്നത് മഹാപാതകമാവില്ലേ?

മുതിര്‍ന്നവര്‍ക്ക് ഇന്നും പ്രണയത്തോടും പ്രണയിക്കുന്നവരോടും പകയും വെറുപ്പുമാണ്. ഒളിച്ചോടി മൂന്നാം വര്‍ഷം ഒരു വയസുള്ള കുഞ്ഞുമായി തിരിച്ചെത്തിയ ദമ്പതികളെയും കുഞ്ഞിനെയും തമിഴ്‌നാട്ടില്‍ വെട്ടിക്കൊന്നത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. പ്രണയിക്കുന്നവര്‍ക്കെതിരെ കേരളത്തിലും നടക്കുന്നത് അതിക്രൂരമായ ആക്രമണങ്ങള്‍ തന്നെ. നീനു കെവിന്‍ പ്രണയ ജോഡി ഇന്നും കേരളമനസാക്ഷിയുടെ നോവാണ്.

പ്രായപൂര്‍ത്തിയാകും മുമ്പേ ഒളിച്ചോടിയ പ്രണയിതാക്കളെ ഈയിടെ കോടതിക്കു മുമ്പാകെ ഹാജരാക്കി. ഒമ്പതു വര്‍ഷം മുമ്പായിരുന്നു അവര്‍ ഒളിച്ചോടിയത്. ഇന്നവര്‍ക്ക് രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ കൂടിയുണ്ട്. എന്നിട്ടും തീരുന്നില്ല മാതാപിതാക്കള്‍ക്ക് ഒളിച്ചോടിപ്പോയ മക്കളോടുള്ള പക. യുവാവിനെതിരെ അവര്‍ കേസുകൊടുത്തു. പോലീസ് സംവിധാനങ്ങളെല്ലാം ഉപയോഗിച്ചു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീവകുപ്പുകളും ചുമത്തി. കേസ് കോടതിയിലെത്തി.

കൗമാരക്കാരായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍, യഥാര്‍ത്ഥ പ്രണയത്തെ നിയമം മൂലമോ പോലീസ് സംവിധാനത്തിലൂടെയോ വേര്‍പെടുത്താനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയും. വിവാഹം കഴിച്ച് സമാധാനപരമായ ജീവിതം തുടരുകയും കുടുംബം പോറ്റുകയും രാജ്യത്തെ നിയമം അനുസരിക്കുകയും ചെയ്യുന്ന കൗമാരപ്രായക്കാരായ ദമ്പതികള്‍ക്കെതിരെ ഭരണകൂടമോ പോലീസോ ചെയ്യുന്ന നടപടികള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് കോടതികള്‍ അഭിമുഖീകരിക്കുന്ന ധര്‍മ്മസങ്കടമാണെന്ന് ഹൈക്കോടതി പറഞ്ഞു.

പ്രണയിക്കുമ്പോള്‍ ഒരുപക്ഷേ, ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടുണ്ടാവില്ല. ചിലപ്പോള്‍ രണ്ടുപേര്‍ക്കും. എന്നാല്‍, നിയമസംവിധാനങ്ങളുപയോഗിച്ച് അവരെ നിയന്ത്രിക്കാനാവില്ല. ഭരണഘടനയ്ക്കും നിയമസംവിധാനങ്ങള്‍ക്കും കോടതിക്കും കോടതികള്‍ക്കുമപ്പുറം സൂക്ഷ്മമായി വിശകലനം ചെയ്യേണ്ട വളരെ പ്രാധാന്യമേറിയ ഒരു കാര്യമാണിത്. ഒരു നിയമം സമൂഹത്തിലുള്ള മൊത്തം ആളുകളിലും ഒരുപോലെ പ്രയോഗിക്കുമ്പോള്‍ അതുകൊണ്ടുണ്ടാകുന്ന പ്രത്യാഘാതം കൂടി കണക്കിലെടുത്തേ മതിയാകൂ, കോടതി പറയുന്നു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇയാള്‍ക്കെതിരെ 2015ലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ വാദം കേട്ട ഹൈക്കോടതി ഈ എഫ്ഐആര്‍ റദ്ദാക്കി, സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്ന് പോലീസ് വാദിക്കുന്നതിനിടെ, തനിക്കു പ്രായപൂര്‍ത്തിയായി എന്ന് പെണ്‍കുട്ടി അവകാശപ്പെടുകയായിരുന്നു. എഫ്ഐആര്‍ റദ്ദാക്കിയില്ലെങ്കില്‍ അത് ദമ്പതികളുടെ രണ്ട് പെണ്‍മക്കളുടെയും ഭാവിയെ ബാധിക്കുമെന്നും ഇത് ഫലപ്രദവും യഥാര്‍ത്ഥവുമായ നീതിയുടെ പരാജയത്തിന് കാരണമാകുമെന്നും കോടതി വിലയിരുത്തി.

ഒളിച്ചോടിയ ശേഷം, ദമ്പതികള്‍ മുസ്ലീം ആചാര പ്രകാരവും പുരുഷന്റെ മാതാപിതാക്കളുടെ ആശീര്‍വാദത്തോടെയും വിവാഹിതരായി. പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു, പോലീസ് അവരെ പിടികൂടിയപ്പോള്‍ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. താന്‍ ആ മനുഷ്യനെ പ്രണയിച്ച് വിവാഹം കഴിച്ചുവെന്നും അയാളുമായി സ്വമേധയാ ഉഭയകക്ഷി ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും സംഭവസമയത്ത് തനിക്ക് 18 വയസ്സായിരുന്നുവെന്നും പെണ്‍കുട്ടി ഹൈക്കോടതിയില്‍ വാദിച്ചു.

നിയമം അനുവദിക്കാതിരുന്നിട്ടും ദമ്പതികള്‍ വിവാഹബന്ധത്തിലേര്‍പ്പെട്ടെന്നും പെണ്‍കുട്ടി എല്ലാ ഘട്ടങ്ങളിലും പുരുഷന്റെ വാദത്തെ പിന്തുണച്ചുവെന്നും സംസ്ഥാനത്തിന്റേതല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കക്ഷികള്‍ വിവാഹിതരായിട്ട് ഒമ്പത് വര്‍ഷമായി, അവര്‍ക്കു രണ്ടു മക്കളും ജനിച്ചു, അവര്‍ അവരുടെ കുട്ടികളെ സന്തോഷത്തോടെ വളര്‍ത്തുന്നു. ഈ കേസില്‍ യുവാവിനെ ശിക്ഷിച്ചാല്‍, രണ്ടു കുഞ്ഞുങ്ങളുടെയും ജോലിയില്ലാത്ത ഭാര്യയുടേയും ഭാവിയും കഴിഞ്ഞ ഒമ്പത് വര്‍ഷമായി അവര്‍ ഒരുമിച്ച് കെട്ടിപ്പടുത്ത അവരുടെ മനോഹരമായ യോജിപ്പുള്ള ജീവിതവും അപകടത്തിലാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.

‘നിയമത്തെ വ്യാഖ്യാനിക്കാനും ഉയര്‍ത്തിപ്പിടിക്കാനും മാത്രമല്ല, സമൂഹത്തിന്റെ ചലനാത്മകത മനസ്സിലാക്കാനും നീതിന്യായ വ്യവസ്ഥയ്ക്ക് ചുമതലയുണ്ടെന്ന് കോടതി പറഞ്ഞു. ചട്ടങ്ങളുടെ കേവലമായ പ്രയോഗത്തിനും വ്യാഖ്യാനത്തിനും അപ്പുറം നില്‍ക്കാന്‍ കോടതിക്ക് അവകാശമുണ്ട്. കോടതി തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ധാരണ ഇതില്‍ ഉള്‍പ്പെടുന്നു. കോടതി തീരുമാനങ്ങള്‍ വ്യക്തികള്‍ക്കും സമൂഹത്തിനു മൊത്തത്തിലും എങ്ങനെ ബാധിക്കുന്നു എന്നുകൂടി കണക്കിലെടുക്കേണ്ടതുണ്ട്,” ജസ്റ്റിസ് ശര്‍മ്മ പറഞ്ഞു.

നീതിയുടെ തുലാസുകള്‍ തൂക്കിനോക്കേണ്ടിവരുമ്പോള്‍, അവ എല്ലായ്‌പ്പോഴും ഗണിതശാസ്ത്രപരമായ കൃത്യതയുടെയോ ഗണിതശാസ്ത്ര സൂത്രവാക്യങ്ങളുടെയോ അടിസ്ഥാനത്തിലല്ല, ചില സമയങ്ങളില്‍, സ്‌കെയിലിന്റെ ഒരു വശം നിയമം വഹിക്കുമ്പോള്‍, മറുവശത്ത് മുഴുവന്‍ ജീവിതവും വഹിക്കാമെന്നും കോടതി പറഞ്ഞു. പിഞ്ചുകുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സന്തോഷവും ഭാവിയും കൂടി കോടതി പരിഗണിച്ചേ തീരൂ.

…………………………………………………………………………………………………….


തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–




തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *