Thamasoma News Desk
ഭാര്യയും മകനും തന്നെ മര്‍ദ്ദിച്ചുവെന്നും ഭക്ഷണം പോലും നല്‍കുന്നില്ലെന്നും വീട്ടില്‍ നിന്നും തന്നെ ഇറക്കിവിടാന്‍ ശ്രമിക്കുന്നുവെന്നും മുന്‍ മന്ത്രി വിശ്വേന്ദ്ര സിംഗ് (Vishvendra Singh). കഴിഞ്ഞ അശോക് ഗെലോട്ട് സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം. ഭാര്യയും മകനും തനിക്ക് പ്രതിമാസം 5 ലക്ഷം രൂപ മെയിന്റനന്‍സ് തുക നല്‍കണമെന്നും തന്റെ സ്വത്തുക്കളുടെ അവകാശം തനിക്കു തിരിച്ചു നല്‍കണമെന്നുമാവശ്യപ്പെട്ട് വിശ്വേന്ദ്ര സിംഗ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
എന്നാല്‍, വിശ്വേന്ദ്ര സിംഗ് എല്ലാം വിറ്റുവെന്നും ഇനി മോത്തി മഹല്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും സിംഗിന്റെ ഭാര്യ ദിവ്യ സിംഗും മകന്‍ അനിരുദ്ധ് സിംഗും പറഞ്ഞു. വിശ്വേന്ദ്ര പറയുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഇവര്‍ വ്യക്തമാക്കി.
രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംരക്ഷിക്കുന്ന 2007 ലെ നിയമപ്രകാരം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് 62 കാരനായ വിശ്വേന്ദ്ര ഹര്‍ജി സമര്‍പ്പിച്ചത്. രണ്ട് സ്റ്റെന്റുകളുള്ള ഹൃദ്രോഗിയാണെന്നും ഒരു ടെന്‍ഷനും താങ്ങാനുള്ള കഴിവു തനിക്കില്ലെന്നും ഹര്‍ജിയില്‍ അദ്ദേഹം പറഞ്ഞു.
2021-ലും 2022-ലും രണ്ട് തവണ തനിക്ക് കോവിഡ് ബാധിച്ചെന്നും ദിവ്യയും അനിരുദ്ധും തന്നെ അവഗണിച്ചെന്നും ശാരീരികമായും മാനസികമായും സാമ്പത്തികമായും സഹായിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ പിതാവ് മഹാരാജ കേണല്‍ സവായ് ബ്രിജേന്ദ്ര സിംഗ് വില്‍പത്രം വഴി നല്‍കിയ നിരവധി സ്വത്തുക്കള്‍ തനിക്കുണ്ടെന്ന് സിംഗ് പറഞ്ഞു. 100 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന മോത്തി മഹല്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഭരത്പൂരിലെ കോത്തി ഇജ്ലാസ് ഖാസ് (87,145 ചതുരശ്ര അടി); ഭരത്പൂരിലെ സൂരജ് മഹല്‍, ഡല്‍ഹിയിലെ ഹൗസ് ഖാസ് എന്‍ക്ലേവിലെ ഒരു കോത്തി തുടങ്ങിയവയാണ് മറ്റു സ്വത്തുക്കള്‍.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാര്യയും മകനും തന്നോട് ശത്രുവിനോടെന്ന പോലെ പെരുമാറുന്നതായി സിംഗ് പറഞ്ഞു. താന്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ കീറി കിണറ്റിലിടുകയോ കത്തിക്കുകയോ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഉപയോഗപ്രദമായ നിരവധി പേപ്പറുകളും റെക്കോര്‍ഡുകളും ഫയലുകളുമെല്ലാം കിണറ്റിലെറിഞ്ഞു നശിപ്പിച്ചതായും ഇദ്ദേഹം പറയുന്നു. ഇതു കൂടാതെ തന്റെ മുറിയിലുള്ള ഉപയോഗപ്രദമായ എല്ലാ വസ്തുക്കളും ഇവര്‍ നശിപ്പിക്കുകയാണെന്നും സിംഗ് ആരോപിച്ചു. തന്റെ കണ്ണട ബലം പ്രയോഗിച്ച് ഊരിമാറ്റിയെന്നും, ഭക്ഷണം കൃത്യസമയത്ത് നല്‍കിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.
‘എന്നെ കാണാന്‍ സമീപത്തുള്ള ആളുകളെപ്പോലും അനുവദിക്കുന്നില്ല. അവരെ തടയാനായി ഗേറ്റില്‍ ഗാര്‍ഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാന ഗേറ്റ് പൂട്ടുകയും കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. അവരുടെ അനുവാദമില്ലാതെ പുറത്തിറങ്ങാനോ പ്രവേശിക്കാനോ അനുവദിക്കില്ല,’ അദ്ദേഹം ആരോപിച്ചു.
‘അവര്‍ എന്നെ മാനസീകമായും ശാരീരികമായും പീഢിപ്പിക്കുകയാണ്. എന്നെ ഈ ഒറ്റമുറിയില്‍ ഒതുക്കി, എന്റെ സ്വത്ത് മുഴുവന്‍ തട്ടിയെടുക്കാന്‍ വേണ്ടി എന്റെ ജീവിതം തകര്‍ക്കുകയാണ്. ഇപ്പോഴവര്‍ എന്നെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ നോക്കുന്നു, വഴിയില്‍ അലഞ്ഞുതിരിഞ്ഞു ജീവിക്കാനാണ് അവര്‍ എന്നോടു പറയുന്നത്,’ സിംഗ് ആരോപിച്ചു.
മകന്‍ അനിരുദ്ധിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദിവ്യ സിംഗ് പറഞ്ഞു, ”കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ ഈ കേസ് സുപ്രീം കോടതിയില്‍ എത്തിയേക്കാം. അമ്മയെ സംരക്ഷിക്കുന്ന മകനാണ് അനിരുദ്ധ്. ഭര്‍ത്താവ് എന്നോട് എല്ലാ വിധത്തിലും അനീതി കാണിക്കുന്നത് കണ്ടു നിന്ന മകനാണിത്. പൂര്‍വ്വികമായി ലഭിച്ച സ്വത്ത് എന്തു വില കൊടുത്തും സംരക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മോത്തി മഹല്‍ വില്‍ക്കാനുള്ള വിശ്വേന്ദ്ര സിംഗിന്റെ നടപടികളെ ഞങ്ങള്‍ എതിര്‍ത്തു. അതോടെ പ്രശ്‌നങ്ങളും ആരംഭിച്ചു. മറ്റെല്ലാം അദ്ദേഹം വിറ്റു തുലച്ചു. ഇപ്പോള്‍ അവശേഷിക്കുന്നത് മോത്തി മഹല്‍ മാത്രമാണ്. ഞാന്‍ മരിക്കുന്നതുവരെ മോത്തി മഹലും അതിന്റെ കോമ്പൗണ്ടും സംരക്ഷിക്കും.’
‘കോടതിയില്‍ നിന്നും ഞങ്ങള്‍ക്കു നീതി ലഭിക്കുമെന്നും സത്യസന്ധവും ന്യായവുമായ രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്യുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,’ അനിരുദ്ധ് പറഞ്ഞു.
ഭരത്പൂര്‍ രാജകുടുംബത്തിന്റെ വംശപരമ്പര പിന്തുടരുന്ന സിംഗ് കുടുംബത്തിലെ സംഘര്‍ഷം പുതിയതല്ല. 2021 മെയ് മാസത്തിലില്‍ അനിരുദ്ധ് എക്‌സില്‍ കുറിച്ചിട്ട വരികള്‍ ഇങ്ങനെയായിരുന്നു, ”ഞാന്‍ ഇപ്പോള്‍ ആറാഴ്ചയായി എന്റെ പിതാവുമായി ബന്ധപ്പെടുന്നില്ല. അച്ഛന്‍ അമ്മയെ ഉപദ്രവിച്ചു, കടം വാങ്ങി, മദ്യപാനത്തിലേക്ക് തിരിഞ്ഞു, എന്നെ പിന്തുണയ്ക്കുന്ന സുഹൃത്തുക്കളുടെ ബിസിനസ്സ് നശിപ്പിച്ചു. ഇത് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ മാത്രം വ്യത്യാസമല്ല.’
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47