Jess Varkey Thuruthel & D P Skariah
കറുപ്പിന്റെ അഴകുകളെക്കുറിച്ച് എത്രയേറെ വര്‍ണ്ണനകള്‍ നിരത്തിയാലും വെളുപ്പാണ് സൗന്ദര്യമെന്ന ചിന്ത മനുഷ്യമനസുകളിലേക്ക് ആഴത്തില്‍ വേരുറപ്പിപ്പിക്കുന്നവരാണ് വെളുപ്പിക്കല്‍ ക്രീമുകളുടെ പിന്നണിപ്രവര്‍ത്തകര്‍. ആ വിശ്വാസം സകല മനുഷ്യരിലുമുണ്ടാക്കിയെങ്കില്‍ മാത്രമേ, അവര്‍ക്കു കോടിക്കണക്കിനു വിറ്റുവരവ് ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു.
വെളുപ്പാണു സൗന്ദര്യമെന്നു വിശ്വസിക്കുന്ന മനുഷ്യര്‍ കറുത്ത മനുഷ്യരെ ശാരീരികമായും മാനസികമായും ദ്രോഹിക്കുന്നതില്‍ അത്യാനന്ദം കണ്ടെത്തുകയും ചെയ്യുന്നവരാണ്. വല്ലാതെ കറുത്തു പോയല്ലോ എന്ന വാക്കുകൊണ്ടു പോലും മറ്റുള്ളവരുടെ മനസിനെ ആഴത്തില്‍ മുറിപ്പെടുത്താന്‍ സാധിക്കും. കറുത്തു പോയതിന്റെ പേരില്‍ എത്രയോ വിവാഹങ്ങള്‍ മുടങ്ങുന്നു….. എത്രയോ ബന്ധങ്ങള്‍ തകരാറിലാകുന്നു…. മുറിവേറ്റ മനസുമായി എത്രയോ ആയിരങ്ങളിവിടെ ജീവിക്കുന്നു…… മനുഷ്യനിവിടെ ഉള്ളുനൊന്തു പിടഞ്ഞുവീഴുമ്പോള്‍ വിജയാഹ്ലാദം മുഴക്കുകയാണിവിടെ വെളുപ്പിക്കല്‍ ക്രീമുകളുടെ വില്‍പ്പനക്കാര്‍….. ഛത്തിസ്ഗഡില്‍ നിന്നുള്ള ഈ കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ വെളുപ്പിക്കല്‍ ക്രീമുകളാണ്……
ഛത്തിസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ സംഗീത സൊന്‍വാനി എന്ന 30 വയസുകാരി തന്റെ ഭര്‍ത്താവ് ആനന്ദ് സൊന്‍വാനി (40) യെ മഴുവിനു വെട്ടിക്കൊന്നു. എന്നുമാത്രമല്ല, അയാളുടെ ജനനേന്ദ്രിയം കൂടിയവര്‍ മുറിച്ചു മാറ്റി.
ആനന്ദിന്റെ രണ്ടാം ഭാര്യയായിരുന്നു സംഗീത. ആദ്യഭാര്യ മരിച്ചു പോയതിനെത്തുടര്‍ന്ന് രണ്ടാമതു വിവാഹം കഴിക്കുകയായിരുന്നു ഇയാള്‍. വിവാഹത്തിനു ശേഷം ഭാര്യയുടെ കറുത്ത ശരീരത്തെ കളിയാക്കുകയും അതിന്റെ പേരില്‍ അവരെ നിരന്തരം അപമാനിക്കുകയും വിരൂപയെന്നു വിളിക്കുകയും ചെയ്തിരുന്നതായും ഇതാണ് ആനന്ദിന്റെ കൊലപാതകത്തിനു പിന്നിലുള്ള കാരണമെന്നും പോലീസ് പറയുന്നു.
വെളുപ്പാണ് സൗന്ദര്യമെന്നു പറയുന്നവരോട് കറുപ്പാണ് ആരോഗ്യമെന്നു പറയാനുള്ളത്ര അറിവും ആര്‍ജ്ജവവും ഉള്ള മനുഷ്യരുടെ എണ്ണം തുലോം കുറവാണ്. വെയിലിനെയും മഴയെയും വകവയ്ക്കാതെ അധ്വാനിക്കുന്നവരുടെ ശരീരത്തിന്റെ നിറം കറുപ്പായിരിക്കും. അധ്വാനിക്കാതെ പണമുണ്ടാക്കുന്നതു ജീവിത ചര്യയായിട്ടുള്ള മനുഷ്യര്‍ക്ക് കഠിനാധ്വാനം ചെയ്യുന്ന മനുഷ്യരോടും വിരോധം തന്നെ. ആ വിരോധത്തില്‍ നിന്നുമാണ് സൂര്യപ്രകാശമേല്‍ക്കാതെ തങ്ങളുടെ ശരീരത്തെ സംരക്ഷിച്ചു നിറുത്തി വെളുപ്പും മിനുപ്പും നിലനിര്‍ത്തുക എന്നതാണ് സൗന്ദര്യമെന്ന നിലയിലേക്ക് ഇവരുടെ ചിന്തകള്‍ എത്തിപ്പെട്ടത്.
കറുത്ത തൊലിയുള്ള മനുഷ്യരുടെയും ആഗ്രഹം ഇതെല്ലാം തന്നെ. കഠിനാധ്വാനം കൂടെ, അല്ലലോ അലച്ചിലോ ഇല്ലാതെ ജീവിക്കാന്‍ കഴിയണം. അതിനാല്‍ അവരും തീരുമാനിക്കുന്നു, വെളുപ്പാണ് സൗന്ദര്യമെന്ന്.
എന്നാല്‍, മനുഷ്യരെ പിടികൂടുന്ന ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള നിരവധി രോഗങ്ങളില്‍ നിന്നുമുള്ള സംരക്ഷണമാണ് കറുത്ത തൊലി തങ്ങള്‍ക്കു നല്‍കുന്നതെന്ന സത്യം ഓര്‍മ്മിക്കാന്‍ പോലുമിവര്‍ തയ്യാറാകുന്നില്ല. ചിന്തിക്കാനും അന്വേഷിച്ചു കണ്ടെത്താനും തലച്ചോറും കഴിവുമുള്ളവരാണ് മനുഷ്യരെന്ന് അവര്‍ അഹങ്കരിക്കുന്നു. പക്ഷേ, അവര്‍ തന്നെ, ആരോഗ്യം തരുന്ന കറുപ്പിനെ വെറുത്ത് അനാരോഗ്യത്തിന്റെ ലക്ഷണമായ വെളുപ്പിനു പിന്നാലെ പോകുന്നു.
കറുത്തവരെന്ന കളിയാക്കലുകള്‍ക്ക് തലകുനിച്ച് പ്രോത്സാഹനം നല്‍കുന്നു. കറുപ്പെന്നാല്‍ അപമാനമായും പരിഹാസമായും കാണുന്നു….. അതിന്റെ പേരില്‍ സഹനങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍, ദുരിതപൂര്‍ണ്ണമായ ജീവിതവും…..
ഒപ്പം, സഹികെട്ട്, ഇതുപോലുള്ള കൊലപാതകങ്ങളും……
ബിസിനസുകാര്‍ കണ്ണുംനട്ടിരിക്കുന്നത് ചിന്താശേഷിയില്ലാത്ത ജനങ്ങളുടെ എണ്ണം പെരുകാനാണ്. സൗന്ദര്യവര്‍ദ്ധക നിര്‍മ്മാതാക്കളും സ്വര്‍ണ്ണക്കട മുതലാളിമാരുമെല്ലാമങ്ങനെ ശതകോടീശ്വരന്മാരാകും……
പിന്നില്‍ ഒന്നുമാത്രം, ചിന്താശേഷിയില്ലാത്ത ജനങ്ങള്‍……