എന്റെ മുഖത്തല്ല, നിങ്ങള്‍ ആസിഡ് ഒഴിച്ചത് എന്റെ സ്വപ്നങ്ങളിലായിരുന്നു….

നിങ്ങളുടെ ഹൃദയത്തില്‍ പ്രണയമായിരുന്നില്ല, ആസിഡായിരുന്നു……’


2014-ല്‍ അന്താരാഷ്ട്ര തലത്തില്‍ ധീരതയ്ക്ക് നല്‍കുന്ന ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് കറേജ് അവാര്‍ഡ് (International Woman of Courage Award) സ്വീകരിച്ച് സദസിനു മുന്നില്‍ ലക്ഷ്മി പറഞ്ഞ വാക്കുകളാണിത്.

തെക്കന്‍ ഡല്‍ഹിയിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു ലക്ഷ്മിയുടെ ജനനം. പിതാവ് ഒരു ധനികകുടുംബത്തിലെ പാചകക്കാരനായിരുന്നു. എങ്കിലും ഉള്ളതുകൊണ്ട് അവര്‍ സസന്തോഷം ജീവിച്ചു. അവള്‍ക്ക് അന്ന് പ്രായം 15. അയല്‍പക്കത്ത് അവള്‍ക്ക് നല്ല ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അവര്‍ ഒരുമിച്ച് പാട്ടുകള്‍ പാടി, നൃത്തംചെയ്തു, ചിത്രങ്ങള്‍ വരച്ചു. അപ്പോഴെല്ലാം അവളറിയാതെ മറ്റൊരാളുടെ കണ്ണുകള്‍ അവള്‍ക്കൊപ്പമുണ്ടായിരുന്നു. നഹീംഖാന്‍-ആ കൂട്ടുകാരിയുടെ 32-കാരനായിരുന്ന സഹോദരന്‍.

പലപ്പോഴും അയാള്‍ ലക്ഷ്മിയോട് പ്രണയാഭ്യര്‍ഥന നടത്തി. ഓരോ തവണയും അവള്‍ നിരസിച്ചു. കുടുംബങ്ങള്‍ക്കിടയിലെ സൗഹൃദം തകര്‍ക്കരുതെന്ന് അഭ്യര്‍ഥിച്ചു. ഒന്നും ചെവിക്കൊള്ളാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ഒരുദിവസം, ലക്ഷ്മിയുടെ ചിരികളിലേക്ക് അയാള്‍ അഗ്‌നി കോരിയൊഴിച്ചു. ഖാന്‍ മാര്‍ക്കറ്റില്‍ ഒരു പുസ്തകം വാങ്ങാന്‍ പോയപ്പോഴാണ് ഡല്‍ഹിയിലെ തിരക്കേറിയ ഒരു കവലയിലെ ബസ്സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ലക്ഷ്മിയുടെ മുഖലാവണ്യത്തെ ആ നരാധമന്‍ ആസിഡ് ഒഴിച്ച് വികൃതമാക്കിയത്.

ബസ്സ്റ്റോപ്പില്‍ കൂടി നിന്നവര്‍ നാലുപാടും ചിതറിയോടി. ആരും അവള്‍ക്കരികിലേക്ക് വരാനോ സഹായിക്കാനോ ധൈര്യപ്പെട്ടില്ല. അതിവേഗം വിനാശം വിതയ്ക്കുന്ന ആസിഡ് അവളുടെ മുഖം, ചെവി, കൈത്തണ്ടകള്‍ എന്നിവയെ കരിച്ചുകളഞ്ഞു….!

അതുവഴി കടന്നുവന്ന ഒരു രാഷ്ട്രീയനേതാവിന്റെ ഡ്രൈവറാണ് അവസാനം ലക്ഷ്മിയെ ആസ്പത്രിയില്‍ എത്തിച്ചത്. നീണ്ട പത്താഴ്ചകളുടെ ആശുപത്രിവാസം. ഏഴ് ശസ്ത്രക്രിയകള്‍. അതിനായി മുഖചര്‍മം… പൂര്‍ണമായും നീക്കം ചെയ്യേണ്ടിയിരുന്നു.

ആശുപത്രി വിട്ടപ്പോഴും നിലനിന്നിരുന്ന ശാരീരിക വേദനയോട് അപ്പോഴേക്കും അവള്‍ സമരസപ്പെട്ടുകഴിഞ്ഞിരുന്നു. പക്ഷേ, മനസ്സിന്റെ വേദന താങ്ങാനാവാത്തതായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും അവളുടെ വീട്ടിലേക്ക് വരാതായി. ഏറെനാള്‍ അവള്‍ അടച്ചിട്ട മുറിക്കുള്ളില്‍ ഇരുട്ടിന് കൂട്ടിരുന്നു. അവളുടെ ജീവിതത്തിന്റെ നിറംകെടുത്തിയ നഹീംഖാന്റെ തുടര്‍ജീവിതത്തിന്റെ ജാതകമാണ് അതിലേറെ വേദനിപ്പിച്ചത്. ഒരു മാസത്തിനുള്ളില്‍ ജാമ്യംനേടി പുറത്തിറങ്ങിയ അയാള്‍ വിവാഹം കഴിച്ചു.

ആ വാര്‍ത്ത ലക്ഷ്മിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. അവള്‍ ഇരുട്ടിനെ വകഞ്ഞുമാറ്റി വെളിച്ചത്തിലേക്ക് ഇറങ്ങിനടന്നു, മുഖം മറയ്ക്കാതെ. ആസിഡിനാല്‍ കരിനിഴല്‍വീണ ആ മുഖം തൂവാലയുടെ പോലും മറയില്ലാതെ സമൂഹത്തിലേക്ക് ഇറങ്ങിവന്നു. മുന്നോട്ടുള്ള ജീവിതത്തിന് ഒരു തൊഴില്‍ വേണം. അതിനായി പലയിടങ്ങളിലും കയറിയിറങ്ങി. ആസിഡിന് തൊടാന്‍ കഴിയാത്ത ആത്മധൈര്യമായിരുന്നു കൈമുതല്‍. ആസിഡിനാല്‍ മുഖം വികൃതമായവളെ പക്ഷേ ആര്‍ക്കും വേണ്ടായിരുന്നു.

ജീവിതത്തോട് തിരിച്ചു യുദ്ധം ചെയ്യാനായിരുന്നു അവളുടെ തീരുമാനം. സീനിയര്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും കംപ്യൂട്ടര്‍ കോഴ്സില്‍ പങ്കെടുക്കാനും വീട്ടുകാര്‍ സഹായിച്ചു. ജീവിതത്തിലുണ്ടായ എല്ലാ മാനസിക പീഡനങ്ങള്‍ക്കും അവളുടെ ശരീരത്തിനേറ്റ പൊള്ളലുകള്‍ക്കും അവളെ തളര്‍ത്താന്‍ കഴിയാതെ പോയത് അങ്ങനെയാണ്.



പിന്നീട് ലക്ഷ്മിയുടെ ജീവിതം പൊരുതാനുള്ളതായി. അവള്‍ വക്കീലിനെക്കണ്ട് സുപ്രീംകോടതിയില്‍ വീണ്ടും കേസ് നല്‍കി. പതുക്കെപ്പതുക്കെ രാജ്യത്തിന്റെ മറ്റിടങ്ങ ളിലുണ്ടായിരുന്ന ആസിഡ് ആക്രമണ ഇരകളുമായി ബന്ധം സ്ഥാപിച്ചെടുത്തു. ആക്രമണത്തില്‍ കാഴ്ചനഷ്ടപ്പെട്ടവര്‍, കേള്‍വിശക്തി നഷ്ടപ്പെട്ടവര്‍, ശസ്ത്രക്രിയയെക്കുറിച്ച് ചിന്തിക്കാന്‍പോലും സാമ്പത്തികശേഷി ഇല്ലാത്തവര്‍…

അവിടെനിന്നാണ് ‘സ്റ്റോപ്പ് ആസിഡ് അറ്റാക്‌സ്’ (Stop Acid Attacks-SAA)) എന്ന കാമ്പയിന്‍ ജന്മമെടുക്കുന്നത്. ലക്ഷ്മി ഒരു ഓണ്‍ലൈന്‍ പരാതി തയ്യാറാക്കി. 27,000 പേര്‍ അതില്‍ ഒപ്പുവെച്ചു. അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്ക് അത് സമര്‍പ്പിച്ചു. ആസിഡ് ആക്രമണങ്ങളില്‍പ്പെട്ട് നരകജീവിതം നയിക്കുന്നവരുടെ പരിമിതമായ ചില ആവശ്യങ്ങള്‍ അടങ്ങിയതായിരുന്നു ആ നിവേദനം.

ലക്ഷ്മിയുടെ നിയമപോരാട്ടങ്ങള്‍ പതുക്കെ ഫലം കണ്ടുതുടങ്ങി. നഹീംഖാന് കോടതി ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ചു. വര്‍ദ്ധിച്ചുവരുന്ന ആസിഡ് ആക്രമണങ്ങള്‍ക്ക് തടയിടാന്‍ പരിഹാരം കണ്ടെത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മി പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന്റെ ഫലമായി 2013 ജൂലൈ 18-ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നു-ആസിഡ് വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട്. പതിനെട്ട് വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ ആസിഡ് വില്‍ക്കാവൂ എന്നും, ആസിഡ് വാങ്ങുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ്് നിര്ബന്ധമാക്കണമെന്നും ഉത്തരവില്‍ പരമര്‍ശിച്ചിരുന്നു.

ആസിഡ് ആക്രമണം ജാമ്യം ലഭിക്കാത്ത കുറ്റമായി മാറി. ആക്രമണത്തിന്റെ തീവ്രതയനുസരിച്ച് ശിക്ഷ അഞ്ചുമുതല്‍ പത്തുവര്‍ഷം വരെയാകാമെന്ന് നിയമഭേദഗതിയുണ്ടായി. ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് മൂന്നുലക്ഷം രൂപവീതം നഷ്ടപരിഹാരം അതത് സംസ്ഥാനങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതിവിധി വന്നു.

ആ നിയമപോരാട്ടങ്ങളുടെ ചരിത്രവിജയങ്ങള്‍ ലക്ഷ്മിയെ 2014-ല്‍ വൈറ്റ്ഹൗസ് വരെ എത്തിച്ചു. മിഷേല്‍ ഒബാമയുടെ സാന്നിധ്യത്തില്‍ ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് കറേജ് അവാര്‍ഡ് ഏറ്റുവാങ്ങാനായിരുന്നു അത്. എന്‍.ഡി.ടി.വി.യുടെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും അതേ കാലയളവില്‍ത്തന്നെ ലക്ഷ്മി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ലക്ഷ്മി അഗര്‍വാളിനെ തേടിയെത്തി.

ആമിര്‍ഖാന്റെ പ്രശസ്തമായ ‘സത്യമേവ ജയതേ’ എന്ന ടെലിവിഷന്‍ പരിപാടിയില്‍ ലക്ഷ്മി പ്രത്യക്ഷപ്പെട്ടു. ആ പരിപാടിയുടെ പ്രക്ഷേപണം കഴിഞ്ഞ് ഏറെ വൈകാതെ നടന്‍ മമ്മൂട്ടി പാലക്കാട്ടുള്ള പതഞ്ജലി ആയുര്‍വേദ ചികിത്സാലയത്തില്‍ ലക്ഷ്മിക്കു വേണ്ട ചികിത്സ ഏര്‍പ്പാടാക്കി.

സ്റ്റോപ്പ് ആസിഡ് അറ്റാക്‌സ് കാമ്പയിന്റെ കനല്‍വഴികളില്‍വെച്ചാണ് ലക്ഷ്മി അലോക് ദീക്ഷിതിനെ കണ്ടുമുട്ടുന്നത്. വിമുക്തഭടനായ അലോക് അക്കാലത്ത് ഒരു ന്യൂസ്
ചാനലില്‍ ജേര്‍ണലിസ്റ്റും അറിയപ്പെടുന്ന ഒരു ആക്ടിവിസ്റ്റുമായി മാറിക്കഴിഞ്ഞിരുന്നു. ആ പരിചയവും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും പ്രണയത്തിലേക്ക് വളര്‍ന്നു. ഇന്നഅവര്‍ ഒരുമിച്ച് ജീവിക്കുന്നു..

പരസ്പരം സ്നേഹിക്കുന്ന രണ്ടു പേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഒരു വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ദീക്ഷിത് പറഞ്ഞു. കൂടാതെ വിവാഹമെന്ന സങ്കല്‍പ്പത്തില്‍ ഇരുവരും വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ലിവിംഗ് ടുഗദറാണ്. ഇങ്ങനെ തന്നെ തുടര്‍ന്നു കൊണ്ടു പോകാനാണ് തീരുമാനമെന്നും ദീക്ഷിത് കൂട്ടിച്ചേര്‍ത്തു. അവരുടെ സന്തോഷത്തിലേക്ക് മൂന്നാമതൊരാള്‍ വന്നിരിക്കുന്നു-മകള്‍ പിഹു. 2013-ല്‍ ലക്ഷ്മിയും അലോകും മറ്റ് സമാന മനസ്‌കരും ചേര്‍ന്ന് ഛാന്‍വ് ഫൗണ്ടേഷന് രൂപം നല്‍കി. ഇന്ന് ഈ സംഘടന ആസിഡ് ഇരകളുടെ മുന്നോട്ടുള്ള ജീവിതത്തിന് ആശ്രയവും അഭയവുമായി മാറിയിരിക്കുന്നു.

സാധാരണയായി ടെക്‌സ്റ്റൈല്‍ ഷോപ്പുകളുടെയും ജൂവലറികളുടെയും പരസ്യങ്ങള്‍ക്കു മോഡലാവുന്നതു ചലച്ചിത്ര താരങ്ങളും മോഡലുകളുമായ സുന്ദരിമാരാണെങ്കില്‍ ഗുജറാത്ത് ആസ്ഥാനമായുള്ള വിവ ആന്‍ഡ് ദിവ (Viva and Diva) എന്ന ഫാഷന്‍ ബോര്‍ഡിന്റെ സാരഥി മന്നാന്‍ ഷായുടെ നിശ്ചയദാര്‍ഢ്യം കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഞെട്ടി: അതിസുന്ദരിമാരുടെ കേളീരംഗമായ പരസ്യമേഖലയില്‍ ഷാ തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് മുതി രുകയായിരുന്നു. ഒരു നരാധമന്റെ ആസിഡ് ആക്രമണത്തില്‍ മുഖം തകര്‍ന്ന ലക്ഷ്മി എന്ന പെണ്‍കുട്ടി അങ്ങനെ ക്യാമറയ്ക്കുമുന്നില്‍ നിന്നു. ‘ഫെയ്സ് ഓഫ് കറേജ്’ (Face of courage) എന്ന് പേരിട്ട ആ കാമ്പയിന്‍ അങ്ങനെ ലക്ഷ്മിയുടെ ആത്മധൈര്യത്തിന്റെയും പരസ്യമേഖലയുടെ ഒരു പുതിയ ചുവടുവയ്പിന്റെയും വേദിയായി.

പരസ്യചിത്രത്തിന് മോഡലാകാനുള്ള ക്ഷണം കിട്ടിയപ്പോള്‍ ലക്ഷ്മിക്ക് ആദ്യം വിശ്വസിക്കാനായില്ല. ”സൗന്ദര്യം കേവലം ബാഹ്യമല്ല. മുഖമല്ല സൗന്ദര്യത്തിന് നിദാനം. അത് ഹൃദയത്തിന്റെ നന്മയാണ്. ഈ ഉദ്യമം വിജയിച്ചാല്‍ ഇന്ന് മുഖപടമണിഞ്ഞ് ഇരുട്ടില്‍ അഭയം പ്രാപിച്ചിരിക്കുന്ന ഒരുപാട് പെണ്‍കുട്ടികള്‍ അത് പൊളിച്ച് പുറത്തുവരും. അത് അവര്‍ക്ക് വരുമാനം നല്‍കും. നല്ല ജീവിതവും”, സുമനസ്സായ ഷാ, ലക്ഷ്മിയോട് പറഞ്ഞു. ആ പരസ്യചിത്രം ചുരുങ്ങിയ കാലയളവില്‍ത്തന്നെ വലിയ ചര്‍ച്ചയും വിജയവുമായി മാറിക്കഴിഞ്ഞിരിക്കുന്നു.

സൗന്ദര്യം നിറത്തിലോ സൗന്ദര്യത്തിലോ അല്ല മറിച്ച് മനസിലാണ് എന്ന മഹത്തായ സന്ദേശം കൂടിയാണ് കമ്പനി ഈ പരസ്യത്തിലൂടെ പുറം ലോകത്തിനു മുന്നില്‍ എത്തിച്ചത്. റിയല്‍ ബ്യൂട്ടി ലൈസ് ഇന്‍ ദി ഐസ് എന്ന ടാഗ് ലൈനിലാണ് പരസ്യം പുറത്തിറക്കിയിട്ടുള്ളത്. ആസിഡ് ആക്രമണം പോലുള്ള ജീവിതം തകര്‍ക്കുന്ന ദുരിതത്തെ അതിജീവിച്ചു ലോകത്തിനു മുന്നില്‍ മാതൃകയാവുകയാണ് തന്റെ ജീവിതത്തിലൂടെ ലക്ഷ്മി ചെയ്യുന്നത്.

ആസിഡ് ആക്രമണങ്ങള്‍ ചെറുക്കാന്‍ ആളുകള്‍ക്കു പുതിയ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുകയാണിപ്പോള്‍ ലക്ഷ്മി. ‘Spot of Shame'(നാണക്കേടിന്റെ കളങ്കം), ബ്ലാക്ക് റോസ് ക്യാമ്പെയ്ന്‍ തുടങ്ങിയവയാണ് ലക്ഷ്മി നടത്തുന്ന പ്രധാന പ്രചാരണ പരിപാടികള്‍. ഇതൊടൊപ്പം ഷീറോസ് ഹാംഗൗട്ട് എന്ന പേരില്‍ ഒരു കഫെയും നടത്തുന്നു. ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവും സാമൂഹിക പ്രവര്‍ത്തകനുമായ അലോക്, കാര്‍ട്ടൂണിസ്റ്റ് ഹാഷിം ത്രിവേദി എന്നിവരും ചാമ്പ് ഫൗണ്ടേഷന്‍ എന്ന എ്# ജി ഒയുമാണ് ഈ കഫെ സംരംഭത്തിന് പിന്നില്‍. 2014 ഡിസംബറില്‍ ആഗ്ര ആസ്ഥാനമായാണ് ഷിറോസ് ഹാങ്ങൌട്ട് പ്രവര്‍ത്തനമാരംഭിച്ചത്. ആഗ്രയില്‍ താജ് മഹലിന് അടുത്താണ് കഫെ സ്ഥിതി ചെയ്യുന്നത്. ആദ്യം കഫെ മാത്രമായാണ് ആരംഭിച്ചത് എങ്കിലും ഇപ്പോള്‍ വിശാലമായ ഒരു ലൈബ്രറിയും കൂടെ ഒരുക്കിയിട്ടുണ്ട്.

സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള ജേര്‍ണലുകളും പുസ്തകങ്ങളും തന്നെയാണ് ഈ വായനാമുറിയുടെ പ്രധാന ആകര്‍ഷണം. ഇന്ത്യയുടെ വ്യത്യസ്തങ്ങളായ രുചികള്‍ കോര്‍ത്തിണക്കിയുള്ള ഭക്ഷണമാണ് പ്രധാന പ്രത്യേകത മാത്രമല്ല, ഷിറോസ് ഹാങ്ങൌട്ടിനോട് അനുബന്ധമായി ബൂട്ടിക്ക്, കരകൗശലവസ്തുക്കളുടെ വില്‍പ്പന, പാര്‍ട്ടി സ്‌പേസ് , എന്നിവയും ഒരുക്കിയിരിക്കുന്നു. ഷിറോസ് ഹാങ്ങൌട്ട് ആരംഭിച്ചതോടെ മനക്കരുത്തും വര്‍ദ്ധിച്ചു. രൂപയും ഋതുവും ഫാഷന്‍ ഡിസൈനിംഗ് എന്ന തങ്ങളുടെ ആഗ്രഹം മുന്നോട്ടു കൊണ്ട് പോകാന്‍ തുടങ്ങി.

സ്വന്തമായി സ്റ്റിച്ചിങ്ങ് യൂണിറ്റ്, ബൂട്ടിക്ക് എന്നിവ ആരംഭിച്ചു. രൂപ തന്റെ ഡിസൈനര്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനവുമായി റാമ്പില്‍ എത്തി . തങ്ങളുടെ ധീരമായ കാല്‍വെപ്പുകള്‍ ഒരടികൂടി മുന്നോട്ട് വച്ച് അന്താരാഷ്ട്ര വസ്ത്രവ്യാപാരശൃംഖലയായ മാക്‌സ് സംഘടിപ്പിച്ച ഫാഷന്‍ഷോയിലും ഇവര്‍ ഈയിടെ പങ്കെടുത്ത് ചരിത്രം കുറിച്ചു.

ആഗ്രയില്‍ ആരംഭിച്ച ഷിറോസ് ഹാങ്ങൗട്ട് എന്ന ആദ്യ കഫെ വിജയിച്ചതോടെയാണ് ഇവരെ ലോകം അറിയാന്‍ തുടങ്ങിയത്. ഷിറോസ് ഹാങ്ങൗട്ട് ഹിറ്റായതോടെ ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നും ആസിഡ് ആക്രമണത്തിന് ഇരകളായ യുവതികള്‍ ഷിറോസ് ഹാങ്ങൗട്ടിന്റെ ഭാഗമാകാന്‍ എത്തി. അതോടെ ആഗ്രയില്‍ നിന്നും ഇന്‍ഡോര്‍ നഗരത്തിലേക്കും ഷിറോസ് ഹാങ്ങൗട്ട് പറന്നു. അവിടെയും വിജയം കണ്ടെത്താന്‍ ആയതോടെ ഉദയ്പൂര്‍ നഗരത്തിലേക്ക് ചേക്കേറുകയാണ് ആസിഡ് തകര്‍ക്കാത്ത ആത്മ വീര്യവുമായി ഈ പെണ്‍കിടാങ്ങള്‍.

‘സമൂഹമാണ് സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍ ഉടലെടുക്കാനും വളരാനും സാഹചര്യം ഒരുക്കുന്നത്. എല്ലാവരും അവര്‍ക്ക് എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രം ഇത്തരം അതിക്രമങ്ങളെ അപലപിക്കുന്നുള്ളു. മറ്റുള്ളവരുടെ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയാനേ ശ്രമിക്കുന്നില്ല. ഇത് വിചിത്രമാണ,്” ലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *