ആ ഉപദേശം വേണ്ടെന്ന് സുപ്രീം കോടതി

Thamasoma News Desk

ഉത്തരവുകളും വിധികളും പുറപ്പെടുവിക്കുമ്പോള്‍ ജഡ്ജിമാര്‍ ആരെയും ഉപദേശിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ തങ്ങളുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കുകയും അന്തസും ആത്മമൂല്യവും കാത്തുസൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ച ഒക്ടോബര്‍ 18ലെ കൊല്‍ക്കത്ത ഹൈക്കോടതി വിധി ഭാഗികമായി സ്റ്റേ ചെയ്യവെയാണ് സുപ്രീം കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

‘രണ്ട് മിനിറ്റിന്റെ ലൈംഗിക സുഖം ആസ്വദിക്കാന്‍ വഴങ്ങിക്കൊടുക്കുമ്പോള്‍ സമൂഹത്തിന്റെ കണ്ണില്‍ അവള്‍ (കൗമാരക്കാരിയായ പെണ്ണ്) തോറ്റവളാണെന്ന്’ അന്ന് കോല്‍ക്കത്ത ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

കോല്‍ക്കത്ത ഹൈക്കോടതിയുടെ ഈ അഭിപ്രായത്തെ സുപ്രീം കോടതി നിരാകരിച്ചു. കൗമാരക്കാര്‍ക്കുള്ള മാതൃക പെരുമാറ്റചട്ടം നിര്‍ദ്ദേശിച്ച വിധിയിലെ ഭാഗം സ്റ്റേ ചെയ്യുകയും ചെയ്തു. ജസ്റ്റിസുമാരായ എഎസ് ഓക്ക, പങ്കജ് മിത്തല്‍ എന്നിവരുടെ ബെഞ്ച് ആണ് കൗമാരക്കാരായ പെണ്‍കുട്ടികളെ കുറ്റപ്പെടുത്തുന്ന കോടതി നിരീക്ഷണങ്ങളെ നിശിതമായി വിമാര്‍ശിച്ചത്. ഹൈക്കോടതിയുടെ ഈ നിരീക്ഷണം ‘വളരെ ആക്ഷേപകരവും തികച്ചും അനാവശ്യവും’ ആണെന്നാണ് സുപ്രീം കോടതി വിലയിരുത്തല്‍.

‘വിധിന്യായത്തിലൂടെ ജഡ്ജിമാര്‍ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്യേണ്ടതില്ല. കോടതിയുടെ ഇത്തരം നിരീക്ഷണങ്ങള്‍ ഭരണഘടന പ്രകാരമുള്ള ആര്‍ട്ടിക്കിള്‍ 21 (അന്തസ്സോടെ ജീവിക്കാനുള്ള അവകാശം) പ്രകാരമുള്ള കൗമാരക്കാരുടെ അവകാശത്തിന്റെ ലംഘനമാണ്,’ ബെഞ്ച് പറഞ്ഞു.

ഹൈക്കോടതിയുടെ ഈ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സംസ്ഥാനം അപ്പീല്‍ നല്‍കിയിട്ടില്ലെങ്കില്‍ അതു ചെയ്യണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അഭിഭാഷകനോട് ബെഞ്ച് നിര്‍ദ്ദേശിച്ചു.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്സോ) നിയമപ്രകാരമുള്ള ഒരു കേസ് തീര്‍പ്പാക്കിക്കൊണ്ട്, കല്‍ക്കട്ട ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്, ‘കൗമാരപ്രായത്തില്‍ എതിര്‍ലിംഗത്തിലുള്ളവരുമായി സൗഹൃദത്തിലാകുന്നതു സാധാരണമാണ്. പക്ഷേ, യാതൊരു പ്രതിബദ്ധതയും അര്‍പ്പണബോധവുമില്ലാതെ ലൈംഗികതയില്‍ ഏര്‍പ്പെടുന്നതു നല്ല പ്രവണതയല്ല. പെണ്‍കുട്ടികള്‍ തങ്ങളുടെ കടമയും അന്തസും നിലനിര്‍ത്തണം. താല്‍ക്കാലിക സുഖത്തിനു വേണ്ടി ലൈംഗികതയില്‍ ഏര്‍പ്പെടുകയല്ല വേണ്ടത്.’

മുന്‍കാലങ്ങളില്‍ സമാനമായ ഒരു സന്ദര്‍ഭത്തില്‍, 2021 മാര്‍ച്ചിലെ ഒരു വിധിയിലൂടെ സുപ്രീം കോടതി, ലൈംഗികാതിക്രമം ഉള്‍പ്പെടുന്ന കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

സ്ത്രീകളുടെ വസ്ത്രം, പെരുമാറ്റം, മുന്‍കാല പെരുമാറ്റം, ധാര്‍മ്മികത, പവിത്രത എന്നിവയെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ 2021 മാര്‍ച്ചിലെ ഒരു വിധിയിലൂടെ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ലൈംഗിക പീഡനത്തില്‍ അതിജീവിച്ചയാളെ നിസ്സാരമാക്കുന്ന ന്യായവാദത്തിന്റെയോ ഭാഷയുടെയോ ഉപയോഗം എല്ലാ സാഹചര്യങ്ങളിലും ഒഴിവാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ഊന്നിപ്പറഞ്ഞിരുന്നു.




Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47


#Supremecourt #controlsexualdesires #sex #Kolkattahighcourt 

Leave a Reply

Your email address will not be published. Required fields are marked *