ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ
കേരളത്തിലെ ആളുകളുടെ സംസ്‌കാരം എന്തെന്നറിയണമെങ്കില്‍ റോഡിലേക്കൊന്നു കണ്ണോടിച്ചാല്‍ മതിയാകും. ലവലേശം പോലും പരസ്പരബഹുമാനമില്ലാത്ത, ക്ഷമയില്ലാത്ത, പൊതുബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറെ രാക്ഷസ മനുഷ്യരെ കാണാനാവും കേരളത്തിലെ എല്ലാ നിരത്തുകളിലും. വാഹനവുമായി റോഡിലേക്കിറങ്ങിയാല്‍ നിരത്ത് തങ്ങള്‍ക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തെന്ന പോലെയാണ് ഭൂരിഭാഗം മനുഷ്യരുടെയും പെരുമാറ്റം. ട്രാഫിക് സിഗ്നല്‍ മാറിയാലുടന്‍ മുന്നില്‍ കിടക്കുന്ന വാഹനങ്ങള്‍ പോകാനുള്ള സമയം പോലും നല്‍കാതെ പിന്നില്‍ നിന്നും ഹോണടിച്ച് അക്ഷമ കാണിക്കുന്നവര്‍.
കഴിയുന്നത്ര സ്പീഡില്‍ വാഹനമോടിക്കുക എന്നതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ കഴിവെന്നു സ്വയം കരുതി റോഡിലിറങ്ങുന്ന മനുഷ്യരാണ് കേരളത്തില്‍ ഏറെയും. നിരന്തരം ഹോണടിച്ചു പേടിപ്പെടുത്തി, ആധിപത്യം സ്ഥാപിക്കുന്നവര്‍, തെറ്റായ ദിശയിലൂടെയുള്ള മറികടക്കലുകള്‍, പോക്കറ്റ് റോഡിലേക്കു തിരിയേണ്ട വാഹനം മറ്റൊരു വാഹനത്തെ അനാവശ്യമായി മറികടന്നു വെട്ടിത്തിരിഞ്ഞ് പോകുന്ന അവസ്ഥ, അമിത സ്പീഡ്, മറ്റുള്ളവരെക്കുറിച്ച് തീരെയും കരുതലില്ലാത്ത സ്വഭാവം ഇവയെല്ലാമാണ് കേരളത്തില്‍ വാഹനവുമായി നിരത്തിലിറങ്ങുന്ന മനുഷ്യരുടെ സ്വഭാവ വൈകൃതങ്ങള്‍.
മിസോറാമില്‍, ആളുകള്‍ ട്രാഫിക് നിയമങ്ങള്‍ വെറുതെ വായിക്കുകയല്ല, മറിച്ച് അവരത് ഹൃദിസ്ഥമാക്കുകയാണ്. അതാണ് അവരുടെ സ്വഭാവ മഹിമയും. സ്വന്തം ജീവനും ജീവിതവും പോലെ തന്നെ അവര്‍ മറ്റുള്ളവരുടെ ജീവിതത്തെയും വിലമതിക്കുന്നു. റോഡ് നിയമങ്ങള്‍ അവര്‍ തെറ്റിക്കാറില്ല. അനാവശ്യമായി ആരെയും മറികടക്കാറുമില്ല. അതുകൊണ്ടു തന്നെ ആ മനുഷ്യരുടെ മഹത്തായ സംസ്‌കാരം അവരുടെ നിരത്തുകളിലും പ്രകടമാണ്.
അനാവശ്യമായി, നിരന്തരം ഹോണടിച്ചു ശല്യപ്പെടുത്തുന്നില്ല എന്നതാണ് മിസോറാം ജനതയുടെ പ്രത്യേകത. ഇനി പിന്നാലെ വരുന്ന ആരെങ്കിലും ഹോണടിച്ചാല്‍, മുന്നിലുള്ള വാഹനം പതിയെയാണു പോകുന്നതെങ്കില്‍, പിന്നാലെ വരുന്നയാള്‍ക്ക് പോകാന്‍ വഴിയൊരുക്കിക്കൊടുക്കുകയും ചെയ്യുമവര്‍.
മിസോറാമിലും മേഘാലയയിലും മന്ത്രിമാരായാലും റോഡില്‍ പ്രത്യേക പരിഗണന ആര്‍ക്കും നല്‍കാറില്ല. നിയമം നടപ്പാക്കുന്നതില്‍ അവിടുത്തെ പോലീസിന്റെ മുട്ടുവിറയ്ക്കാറുമില്ല. തങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന് മന്ത്രിമാരോ എം എല്‍ എ മാരോ ആവശ്യപ്പെടാറുമില്ല. പക്ഷേ, കേരളത്തിലെ നിരത്തിലെത്തുമ്പോള്‍ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരാണിവിടെ. കൂടുതല്‍ തിണ്ണമിടുക്കുള്ളവര്‍ റോഡുകള്‍ ഭരിക്കുന്നു. അതില്‍ കേരളീയര്‍ക്ക് യാതൊരു തരത്തിലുള്ള നാണക്കേടും തോന്നാറുമില്ല, മറിച്ച് തങ്ങളെന്തോ മുന്തിയ മനുഷ്യരാണെന്ന ചിന്ത അവരെ ഭരിക്കാറുമുണ്ട്.
കേരളത്തിലെ റോഡപകടങ്ങള്‍ കുറയ്ക്കുകയും മെച്ചപ്പെട്ടൊരു റോഡ് സംസ്‌കാരം വളര്‍ത്തിയെടുക്കുകയും ചെയ്യണമെങ്കില്‍ ഇവിടുത്തെ പോലീസ് ഹെല്‍മെറ്റിനും സീറ്റ് ബെല്‍റ്റിനുമപ്പുറം ചിന്തിച്ചേ മതിയാകൂ. വാഹനങ്ങളുടെ പരമാവധി വേഗം നിജപ്പെടുത്തണം. എന്തിനാണ് ഇരുചക്ര വാഹനങ്ങള്‍ മണിക്കൂറില്‍ 50 കിലോമീറ്ററിനുമപ്പുറം പായിച്ച് അവനവനും മറ്റുള്ളവനും അപകടമുണ്ടാക്കുന്നത്…?? മറ്റുവാഹനങ്ങളും തങ്ങളുടെ സ്പീഡ് 60-70 കിലോമീറ്ററായി നിജപ്പെടുത്തണം. അനാവശ്യ മറികടക്കലുകള്‍ കര്‍ശനമായി നിരോധിക്കണം. കേരളത്തിലെ റോഡിന്റെ അവസ്ഥ അറിഞ്ഞു വേണം വാഹനമോടിക്കാന്‍. സിഗ്നല്‍ തെറ്റിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ തന്നെ നല്‍കണം.
പഠിക്കണം നമ്മള്‍ മിസോറാമില്‍ നിന്നും
ഇന്ത്യയിലെ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ഒന്നായ മിസോറാം അറിയപ്പെടുന്നത് നിശബ്ദതയുടെ സിറ്റി എന്നാണ്. വാഹനമോടിക്കുന്നവരില്‍ ഒരാള്‍ പോലും അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ഹോണ്‍ മുഴക്കാറില്ല. അതുകൊണ്ടാണ് ഈ സിറ്റിയെ നിശബ്ദ സിറ്റി എന്നു വിളിക്കുന്നത്. ഇതുമാത്രമല്ല, ട്രാഫിക്കില്‍ അവര്‍ സ്വീകരിക്കുന്ന മര്യാദയുടേയും അച്ചടക്കത്തിന്റെയും പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. നിയമങ്ങളെ അവര്‍ അത്രയേറെ പാലിക്കുന്നു, മറ്റുള്ളവരെ സ്വയമെന്ന പോലെ കരുതുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ മാത്രമല്ല മിസോറാമിലെ ജനങ്ങള്‍ മുന്‍പന്തിയിലുള്ളത്. തെരഞ്ഞെടുപ്പിലും അവര്‍ കാണിക്കുന്നത് തികഞ്ഞ മര്യാദയാണ്. അത് പാര്‍ലമെന്റിലേക്കായാലും നിയമസഭയിലേക്കായാലും അങ്ങനെ തന്നെ. നിയമങ്ങള്‍ ലംഘിക്കപ്പെടാനുള്ളതാണ്, അതാണ് ഭരണഘടന തങ്ങള്‍ക്കു നല്‍കുന്ന സ്വാതന്ത്ര്യമെന്നു കൊട്ടിഘോഷിച്ചു പൊതുമുതല്‍ തകര്‍ത്തെറിഞ്ഞ് തെരുവില്‍ ആഭാസം കാണിക്കുന്ന അഭ്യസ്ത വിദ്യരായ, കുലീനരായ, അന്തസുറ്റ കേരളീയര്‍ കണ്ടുപഠിക്കേണ്ടതാണ്, ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതാണ് മിസോറാമിലെ ജനങ്ങളുടെ ഈ നന്മകള്‍.
പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കു കാണിക്കാനുള്ള വേദിയായി കേരളത്തിലെ റോഡുകള്‍ മാറുമ്പോള്‍ അപകടങ്ങള്‍ തുടര്‍ക്കഥകളാകുന്നു. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കിയെങ്കില്‍ മാത്രമേ നല്ലൊരു ട്രാഫിക് സംസ്‌കാരം കേരളത്തിലെ നിരത്തുകളില്‍ പ്രാവര്‍ത്തികമാകുകയുള്ളു. അതിന് നമ്മുടെ നിയമ സംവിധാനങ്ങള്‍ സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് നിയമ ലംഘനങ്ങള്‍ക്കുമപ്പുറം ചിന്തിച്ചേ മതിയാകൂ.
മദ്യമെന്നത് ശിക്ഷ കഠിനമാകാനുള്ള കാരണമാകണം
മദ്യപിച്ചു വാഹനമോടിച്ചാല്‍, അത്തരത്തില്‍ അപകടങ്ങള്‍ വരുത്തിവച്ചാല്‍, അതു മനപ്പൂര്‍വ്വമല്ലെന്ന നിലപാടാണ് കേരളത്തില്‍. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ എന്ന നിയമം തന്നെ എടുത്തു കളയണം. മദ്യപിച്ചാല്‍ വാഹനമോടിക്കാന്‍ പാടില്ലെന്ന് അറിയാത്ത കൊച്ചുകുട്ടികളൊന്നുമല്ല വാഹനമോടിക്കുന്നവര്‍. അത്തരത്തില്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ക്ക് ശിക്ഷ കടുപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ കുറയ്ക്കുകയല്ല. അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ നിയന്ത്രണം നഷ്ടപ്പെടുമെന്ന് അറിയില്ലെങ്കില്‍ അത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ തന്നെയാണ് നല്‍കേണ്ടത്. അതിനാല്‍ ഈ കുറ്റകൃത്യങ്ങളെല്ലാം മനപ്പൂര്‍വ്വമായ നരഹത്യയുടെ കീഴില്‍ കൊണ്ടുവന്നേ മതിയാകൂ.