പന്തീരാങ്കാവ് സ്ത്രീ പീഡനം: എല്ലാറ്റിനും കാരണം ആ ഫോണ്‍വിളികളെന്ന് യുവതി

Thamasoma News Desk

രാഹുലുമായുള്ള വിവാഹത്തിനു ശേഷവും മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടവരുമായി ബന്ധം പുലര്‍ത്തിയതിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ അടിച്ചതെന്നും മാതാപിതാക്കളുടെ ഭീഷണിയെത്തുടര്‍ന്നാണ് അത് സ്ത്രീധനത്തിന്റെ പേരിലാണെന്നു കള്ളം പറഞ്ഞതെന്നും പന്തീരാങ്കാവ് സ്ത്രീ പീഡനക്കേസിലെ യുവതി (Pantheerankavu dowry case). യു ട്യൂബില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയാണ് യുവതി ഇക്കാര്യം അറിയിച്ചത്. 18.29 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഭര്‍ത്താവ് രാഹുലിനെതിരെ താന്‍ നടത്തിയതെല്ലാം കള്ള ആരോപണങ്ങളായിരുന്നുവെന്നും മാതാപിതാക്കളും വക്കീലും പറഞ്ഞത് താന്‍ മനസില്ലാ മനസോടെ സമ്മതിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

വീഡിയോയില്‍ യുവതി പറയുന്നത് ഇങ്ങനെയാണ്.

‘ആ സമയത്ത് ആരുടേയും സപ്പോര്‍ട്ട് ഉണ്ടായിരുന്നില്ല, എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പേരന്റ്‌സിന്റെ കൂടെ നില്‍ക്കാനാണ് അന്നു തോന്നിയത്. കൂടെ നിന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ഒരുപാടു പേടിച്ചു പോയി. ആ സമയത്ത് അവരുടെ കൂടെ നില്‍ക്കണമെന്നാണ് എനിക്കു തോന്നിയത്. അതിനാല്‍, മനസില്ലാ മനസോടെ മീഡിയാസിന്റെ മുന്നില്‍ വന്നിട്ട് രാഹുലേട്ടനെക്കുറിച്ച് കുറെ നുണകള്‍ പറയേണ്ടി വന്നു. അതിലിപ്പോള്‍ എനിക്കു നല്ല കുറ്റബോധമുണ്ട്. രാഹുലേട്ടനെ ഞാന്‍ ഒരുപാടു മിസ് ചെയ്യുന്നുണ്ട്. മുന്‍പൊരു വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്യം രാഹുലേട്ടന്‍ എന്നോടു വിവാഹത്തിനു മുന്‍പു തന്നെ പറഞ്ഞിരുന്നു. ചെറിയൊരു ഫോട്ടോഗ്രാഫിയുടെ പേരിലാണ് ആ ബന്ധം മുടങ്ങിയത്. ഞാനുമായുള്ള വിവാഹത്തിനു മുന്‍പു തന്നെ ഡിവോഴ്‌സ് കിട്ടുമെന്ന് എന്നോടു പറഞ്ഞിരുന്നു. ആ വിശ്വാസത്തിലാണ് മുന്നോട്ടു പോയത്. കിട്ടില്ലെന്നറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്നും പിന്മാറാമെന്ന് രാഹുലേട്ടന്‍ പറഞ്ഞിരുന്നു. പക്ഷേ ഞാനാണ് നിര്‍ബന്ധിച്ചത്, അഞ്ചാം തീയതി തന്നെ വിവാഹം കഴിക്കാമെന്ന്. ഇക്കാര്യം വീട്ടില്‍ അച്ഛനോടും അമ്മയോടും പറയണമെന്നും രാഹുലേട്ടന്‍ പറഞ്ഞിരുന്നു. ഇതറിഞ്ഞാല്‍ ഈ കല്യാണത്തിനു വീട്ടില്‍ സമ്മതിക്കില്ലെന്നു കരുതി ഈ കാര്യം വീട്ടില്‍ പറയാതെ ഞാന്‍ രഹസ്യമാക്കി വച്ചു. രാഹുലേട്ടനുമായുള്ള വിവാഹം മുടങ്ങിയാലോ എന്നു കരുതിയാണ് അക്കാര്യം ഞാന്‍ വീട്ടില്‍ പറയാതിരുന്നത്.

പഴയ വിവാഹത്തിലെ ഓര്‍മ്മകള്‍ മനസിനെ വേദനിപ്പിക്കുന്നതിനാല്‍ ഇതിപ്പോള്‍ മുന്നോട്ടു കൊണ്ടുപോകേണ്ട എന്നും എന്നോടു പറഞ്ഞിരുന്നു. പക്ഷേ, ഞാനാണ് നിര്‍ബന്ധിച്ചത്. കല്യാണത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും എന്നോടു സ്ത്രീധനം ചോദിച്ചിട്ടില്ല. വക്കീലു പറഞ്ഞിട്ടാണ് 150 പവന്‍ ചോദിച്ചുവെന്നും കാറു ചോദിച്ചുവെന്നും പറഞ്ഞത്. കേസിനു ബലം കിട്ടാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. കല്യാണത്തിന്റെ ഏതാണ്ടെല്ലാ ചെലവുകളും രാഹുലേട്ടനാണ് ചെയ്തത്. എന്തിന് റിംഗും, എന്റെ ഡ്രസുമെല്ലാം വാങ്ങിത്തന്നത് രാഹുലേട്ടനാണ്. ആ രാഹുലേട്ടനെക്കുറിച്ച് ഞാനിങ്ങനെയെല്ലാം പറഞ്ഞത്. ചെറിയൊരു തെറ്റിദ്ധാരണയുടെ പേരില്‍ എന്നെ തല്ലി എന്നത് ശരിയാണ്. രണ്ടുപ്രാവശ്യം എന്നെ തല്ലി. അപ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ടു ബാത്‌റൂമില്‍ പോയി. പക്ഷേ, ബാത്‌റൂമില്‍ വീണു, അങ്ങനെയാണ് നെറ്റിയില്‍ മുഴ വരുന്നത്. പിന്നെ എന്നെ ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി. ആശുപത്രിയില്‍ രാഹുലേട്ടന്‍ സത്യം പറഞ്ഞിരുന്നു. തല്ലിയെന്നും പിന്നീടു ബാത്ത്‌റൂമില്‍ പോയപ്പോള്‍ വീണു എന്നും പറഞ്ഞിരുന്നു. എല്ലാട്രീറ്റ്‌മെന്റും കഴിഞ്ഞിട്ടാണ് വീട്ടിലേക്കു കൊണ്ടുപോകുന്നത്.

ഒരു വര്‍ഷമായി മാട്രിമോണിയല്‍ സൈറ്റില്‍ എനിക്ക് അക്കൗണ്ട് ഉണ്ടായിരുന്നു. അങ്ങനെ പരിചയപ്പെട്ടതാണ് രാഹുലേട്ടനേയും വേറെ കുറച്ചു പേരെയും. ഈ വിവാഹത്തിനു മുന്‍പ് എനിക്കു വേറൊരു കല്യാണം ഉറപ്പിച്ചിരുന്നു. അതു മുടങ്ങിപ്പോയി. അതിനു ശേഷം സന്ദീപ് എന്നയാളെ പരിചയപ്പെട്ടിരുന്നു. അങ്ങനെ കുറച്ചു പേരെ മാട്രിമോണിയലിലൂടെ പരിചയപ്പെട്ടിരുന്നു. പല കാര്യങ്ങള്‍ കൊണ്ട് അതൊന്നും പ്രൊസീഡ് ചെയ്യാന്‍ പറ്റിയില്ല. എന്നാല്‍ അവരുമായുള്ള കോണ്‍ടാക്‌സ് ഉണ്ടായിരുന്നു. ആ പരിചയത്തിലുള്ള ഒരാളായിരുന്നു സന്ദീപ്. അയാളോട് രണ്ടുമാസത്തില്‍ കൂടുതല്‍ സംസാരിച്ചിട്ടുണ്ട്. രാഹുലേട്ടന്‍ രണ്ടാമത് എന്റെ ജീവിതത്തിലേക്കു തിരിച്ചു വരുന്നതിനു മുമ്പാണ് സന്ദീപുമായി സംസാരിച്ചിട്ടുള്ളത്. കല്യാണം പ്രൊസീഡ് ചെയ്യാന്‍ താല്‍പര്യമില്ല എന്നു സന്ദീപിനോടു ഞാന്‍ പറഞ്ഞിരുന്നു. അയാള്‍ക്ക് ചെറിയൊരു ഇഷ്ടം എന്നോട് ഉണ്ടായിരുന്നു. പക്ഷേ, എനിക്കു താല്‍പര്യമില്ല എന്നു ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് സംസാരം അവസാനിപ്പിച്ചത്. സന്ദീപിനെ കല്യാണം വിളിക്കണമെന്നു തോന്നി. പക്ഷേ വിളിച്ചില്ല. പിന്നീടാണ് രാഹുലേട്ടന്‍ എന്റെ ജീവിതത്തിലേക്കു കടന്നു വന്നത്. വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടാണ് കല്യാണം ഉറപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഞാനും രാഹുലേട്ടനുമുള്ള കല്യാണത്തന്റെ ഫോട്ടോ ഞാന്‍ ഷെയര്‍ ചെയ്തിരുന്നു. അതു കണ്ടിട്ടാണ് സന്ദീപ് മെസേജ് അയക്കുന്നത്. ‘ഓ തന്റെ കല്യാണം കഴിഞ്ഞല്ലേ. സഹിക്കാനാവുന്നില്ല’ എന്നു മെസേജ് അയച്ചു, തുടരെത്തുടരെ എന്നെ വിളിച്ചു. എന്റെ ഫോണിലുള്ള ആ മെസേജുകളും കാള്‍ ഹിസ്റ്ററിയുമെല്ലാം കണ്ടപ്പോള്‍ രാഹുലേട്ടനു സഹിച്ചില്ല. ഞാന്‍ രാഹുലേട്ടനെ ചീറ്റ് ചെയ്യുകയാണോ എന്നെല്ലാം സംശയിച്ചു. ആരെയും ചീറ്റ് ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. കാരണം അത്രയും ആത്മാര്‍ത്ഥമായിട്ടാണ് രാഹുലേട്ടനെ ഞാന്‍ ഇഷ്ടപ്പെട്ടത്. മനപ്പൂര്‍വ്വം രാഹുലേട്ടനെ ചീറ്റ് ചെയ്യണമെന്ന് ഞാന്‍ കരുതിയിട്ടുമില്ല. മാട്രിമോണിയല്‍ വഴി പരിചയപ്പെട്ട എല്ലാവരെയും ബ്ലോക്ക് ചെയ്യണമെന്നും അവരുമായി സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും എന്നോടു പറഞ്ഞിരുന്നു. പക്ഷേ, ഞാനതു ചെയ്തില്ല. അന്നു രാത്രി നിരന്തരം സന്ദീപിന്റെ ഫോണ്‍ വന്നു. അതെല്ലാം രാഹുലേട്ടന് ബുദ്ധിമുട്ടുണ്ടാക്കി.

മെസേജും കാള്‍ ഹിസ്റ്ററിയും കണ്ടപ്പോഴാണ് ദേഷ്യം വന്ന് എന്നെ അടിക്കുന്നത്. ഇതാണ് എന്നെ അടിക്കാനുള്ള കാരണം. അല്ലാതെ സ്ത്രീധനമോ കാറോ ഒന്നുമല്ല. രാഹുലേട്ടനെതിരെ ഞാന്‍ പറഞ്ഞതെല്ലാം തെറ്റായ ആരോപണങ്ങളായിരുന്നു. കേസിനു കുറച്ചു ബലം കിട്ടിക്കോട്ടെ എന്നു കരുതിയാണ് അന്ന് അതെല്ലാം ചെയ്തത്. അതില്‍ ഞാന്‍ ഒരുപാട് റിഗ്രറ്റ് ചെയ്യുന്നുണ്ട്. എന്റെ ഹസ്ബന്റിനെക്കുറിച്ച് അങ്ങനെയെല്ലാം ഞാന്‍ പറഞ്ഞതില്‍ ഒരുപാടു വേദനിക്കുന്നുണ്ട്. ഞാനതു ചെയ്യാന്‍ പാടില്ലായിരുന്നു.

അടിച്ചതിന്റെ പിറ്റേന്ന് അടുക്കളകാണല്‍ ചടങ്ങുമായി ബന്ധപ്പെട്ട് എന്റെ വീട്ടില്‍ നിന്നും 26 പേരാണ് വന്നത്. അപ്പോഴേക്കും ഞാനും രാഹുലേട്ടനും തമ്മില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. കഴിഞ്ഞതെല്ലാം പോയ്‌ക്കോട്ടെ, ഇനി ഒരു പുതിയ ജീവിതം ആരംഭിക്കണം എന്നു പറഞ്ഞിരുന്നു. എന്നെ കണ്ടപ്പോള്‍ എന്റെ ബന്ധുക്കള്‍ക്ക് സംശയം തോന്നി. ബാത്‌റൂമില്‍ വീണതാണെന്നായിരുന്നു ഞാന്‍ അവരോടു പറഞ്ഞിരുന്നത്, അടിച്ച കാര്യം പറഞ്ഞില്ലായിരുന്നു. അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ അടിച്ച കാര്യം ഞാന്‍ പറഞ്ഞു. അന്നുതന്നെ അവരെന്നെ കൂട്ടിക്കൊണ്ടുപോയി. മാതാപിതാക്കളോടൊപ്പം പോകാന്‍ എനിക്കൊട്ടും താല്‍പര്യമുണ്ടായിരുന്നില്ല. രാഹുലേട്ടനൊപ്പം നില്‍ക്കാനായിരുന്നു താല്‍പര്യം. പക്ഷേ, അവരെന്നെ നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോകുകയാണ് ചെയ്തത്. അങ്ങനെ പോലീസ് സ്‌റ്റേഷനില്‍ ചെന്നു. പോലീസില്‍ എന്റെ പേരന്റ്‌സ് ഒരു പരാതി കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എന്നെയും രാഹുലേട്ടനെയും വിളിച്ചു. രാഹുലേട്ടന്റെ കൂടെ തിരിച്ചു പോകണമെന്നു തന്നെയാണ് അന്നു ഞാന്‍ ആ പോലീസുകാരനോടു പറഞ്ഞത്. പക്ഷേ, വീട്ടുകാര്‍ സമ്മതിച്ചില്ല. രാഹുലേട്ടന്റെ കൂടെ പോയാല്‍ നിനക്കിനി അച്ഛനോ അമ്മയോ സഹോദരനോ ഉണ്ടാവില്ല എന്നു പറഞ്ഞു. ആ ഒരു സാഹചര്യത്തില്‍ എനിക്ക് മാതാപിതാക്കളോടൊപ്പം പോകേണ്ടി വന്നു. രാഹുലേട്ടനെ പിരിയേണ്ടി വരുമെന്നു ഞാന്‍ കരുതിയിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞിട്ട് തിരിച്ചു വരണം എന്നായിരുന്നു എന്റെ മനസില്‍. എന്റെ കുടുംബം ഒരു വക്കീലിനെ കണ്ടതൊന്നും ഞാന്‍ അറിഞ്ഞിട്ടു കൂടി ഉണ്ടായിരുന്നില്ല. കള്ളപ്പരാതി എഴുതിയ ഒരു പേപ്പര്‍ എന്റെ കൈയില്‍ തന്നിട്ടു പറഞ്ഞു ‘നീ ഇതുപോലെ പറയണം’ എന്ന്. ഞാനതെല്ലാം വായിച്ച് അതുപോലെ തന്നെ പറഞ്ഞു, എനിക്കറിയില്ലായിരുന്നു, മനസില്ലാമനസോടെയാണ് ഞാനതെല്ലാം പറഞ്ഞത്.

മീഡിയയുടെ മുന്നില്‍ ഞാന്‍ അഭിനയിക്കുകയായിരുന്നു. അത്രയും മോശമായിട്ടാണ് രാഹുലേട്ടനെക്കുറിച്ചു ഞാന്‍ മീഡിയയോടു പറഞ്ഞത്. അത്രയേറെ എന്നെ സ്‌നേഹിച്ച, എന്നെ നന്നായി ട്രീറ്റ് ചെയ്ത ഹസ്ബന്റിനെ മീഡിയയ്ക്കു മുന്നില്‍ ഇങ്ങനെ ചിത്രീകരിച്ചതില്‍ എനിക്കു നല്ല കുറ്റബോധമുണ്ട്. എനിക്കു തെറ്റുപറ്റിപ്പോയി. എനിക്കിതാരോടും തുറന്നു പറയാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഒരുപാടു counsiling-ല്‍ ഞാന്‍ പങ്കെടുത്തു. അവരോട് ആരോടെങ്കിലും പറയണമെന്ന് പലപ്പോഴും തോന്നിയിരുന്നു, പക്ഷേ, പറ്റിയില്ല. ഹോസ്പിറ്റലില്‍ ചെന്നപ്പോഴും അഭിനയിക്കുകയായിരുന്നു ഞാന്‍. അങ്ങനെയേ എനിക്കു ചെയ്യാന്‍ പറ്റിയുള്ളു. എന്റെ കഴുത്തിലെ മുറിവുകളൊക്കെ ഫോട്ടോയെടുത്തു, തെറ്റുപറ്റിപ്പോയി. രാഹുലേട്ടനോട് ഒരുപാടൊരുപാട് മാപ്പ്. അടിച്ച സമയത്തുണ്ടായ ബുദ്ധിമുട്ടും ഷോക്കിന്റെയും ദേഷ്യത്തിന്റെയും പുറത്താണ് ഇതെല്ലാം ഉണ്ടായത്. ഒരിക്കലും ഇങ്ങനെ ചെയ്യണമെന്നു കരുതിയിട്ടല്ല, എന്നെ നിര്‍ബന്ധിച്ചു പറയിപ്പിച്ചതാണ്. എനിക്കു മാപ്പു തരണമെന്നു മാത്രമേ ഈ അവസരത്തില്‍ പറയാനുള്ളു, രാഹുലേട്ടനോടും രാഹുലേട്ടന്റെ ഫ്രണ്ട്‌സിനോടും കുടുംബത്തോടും, രാഹുലേട്ടന്റെ അമ്മയോടും പെങ്ങളോടും. ഈ കേസില്‍ നിന്നും പിന്മാറിയേ പറ്റൂ. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞുകഴിയുമ്പോള്‍ എല്ലാവരും എങ്ങനെയാണ് എടുക്കുന്നതെന്ന് എനിക്കറിയില്ല. വളരെ മോശം അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. എന്റെ വീട്ടുകാര്‍ ഇതെങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. എല്ലാവരോടും ഞാന്‍ ഒരിക്കല്‍ക്കൂടി മാപ്പു പറയുകയാണ്.’

വിവാഹ ശേഷവും തുടര്‍ച്ചയായി സദാ ഫോണ്‍ വിളികളും ചാറ്റുമായിരുന്നു എന്ന് അന്ന രാഹുലിന്റെ അമ്മ ആരോപിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പീഢിപ്പിച്ചതും പോരാഞ്ഞ് അവിഹിതവും ആരോപിക്കുകയായിരുന്നു എന്നായിരുന്നു അന്ന് സംശയമുയര്‍ന്നിരുന്നത്.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *