Jess Varkey Thuruthel
സിനിമാ നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, സിദ്ധിഖ്, തുടങ്ങി ഏഴു പേര്‍ക്കെതിരെ നല്‍കിയ ലൈംഗിക പീഢന പരാതി (Rape case) ആലുവ സ്വദേശിയായ നടി പിന്‍വലിച്ചിരിക്കുന്നു. ‘ഞാന്‍ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് മുന്നോട്ടു വന്നത്. ഇനിയൊരു പെണ്‍കുട്ടിക്കും ഇതുപോലുള്ള അവസ്ഥകള്‍ ഉണ്ടാകരുത് എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, ആരും എന്നെ പിന്തുണച്ചില്ല. ഒരു മീഡിയ പോലും എനിക്കൊപ്പം നിന്നില്ല. എനിക്കെതിരെ നല്‍കിയ പോക്‌സോ കേസ് കള്ളക്കേസാണ് എന്നറിഞ്ഞിട്ടു പോലും പോലീസ് അവര്‍ക്കെതിരെ നടപടിയെടുത്തില്ല. സര്‍ക്കാര്‍ എനിക്കു പിന്തുണ തന്നില്ല. സര്‍ക്കാരിനെ സഹായിക്കുകയാണ് ഞാന്‍ ചെയ്തത്. എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എനിക്കു പിന്തുണ കിട്ടിയില്ല,’ നടി പറയുന്നു.
മലയാള സിനിമാ മേഖലയിലെ ചീഞ്ഞളിഞ്ഞ മുഖം വെളിപ്പെടുത്തുന്നു എന്ന പ്രതീതി ജനിപ്പിച്ച് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം നടന്മാര്‍ക്കെതിരെ പരാതികളുടെ കുത്തൊഴുക്കാണ് ഉണ്ടായത്. അതില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ഉന്നയിച്ചത് ആലുവ സ്വദേശിയായ നടിയായിരുന്നു. എന്നാല്‍, ഈ നടി പരാതി ഉന്നയിച്ചതിനു ശേഷം ഇവര്‍ക്കെതിരെ ഇവരുടെ ബന്ധുകൂടിയായ ഒരു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയ ഈ കേസിന്റെ അന്വേഷണം ഇപ്പോള്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണ്.
സാധാരണ ഗതിയില്‍ ബലാത്സംഗ പരാതികളില്‍ ഏറ്റവും നിര്‍ണ്ണായകമാകുന്നത് കൃത്യം നടന്നതിനു ശേഷമുള്ള ശാരീരിക പരിശോധനയാണ്. എന്നാല്‍, ആലുവ സ്വദേശിയായ നടി തനിക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തെക്കുറിച്ചു പരാതി പറഞ്ഞിട്ടുള്ളത് സംഭവം നടന്ന് എട്ടു വര്‍ഷത്തിനു ശേഷമാണ്. എന്തിനാണ് ഈ പരാതി നല്‍കാന്‍ ഇത്രയും വൈകിയത് എന്ന് കോടതി ആവര്‍ത്തിച്ചു ചോദിച്ചിട്ടും ഇവര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. എന്നുമാത്രമല്ല, നടന്‍ മുകേഷ് പീഡിപ്പിച്ചതിനു ശേഷവും ഇവര്‍ വാട്‌സ്ആപ്പ് വഴി ഇദ്ദേഹത്തിന് സൗഹൃദ മെസേജുകള്‍ അയച്ചിരുന്നു, പണവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാന്‍ മുകേഷ് തയ്യാറായില്ലെന്ന് ഈ നടി തന്നെ മാധ്യമങ്ങള്‍ക്കു മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.
നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി ഉന്നയിച്ച നടിയുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. 2023 നവംബര്‍, ഡിസംബര്‍ കാലയളവിലായി രണ്ടു ഘട്ടങ്ങളിലായിട്ടാണ് താന്‍ പീഡനത്തിന് ഇരയായതെന്ന് ഈ യുവതി വെളിപ്പെടുത്തിയിരുന്നു. 2023 നവംബറില്‍, പ്രൊഡ്യൂസര്‍ എ കെ സുനിലിന്റെ ചതിയില്‍ പെട്ട് പലരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട ശേഷം ദുബായില്‍ നിന്നും കേരളത്തില്‍ മടങ്ങിയെത്തിയ യുവതി വീണ്ടും ദുബായിലേക്കു തിരിച്ചു പോയി ഇവരുടെ പിടിയില്‍ പെടുകയായിരുന്നുവത്രെ! ക്രിമിനല്‍ സംഘങ്ങളുടെ പിടിയില്‍ നിന്നും ഒരിക്കല്‍ രക്ഷപ്പെട്ടു നാട്ടില്‍ വന്ന ശേഷം വീണ്ടും അവര്‍ വിരിച്ച കെണിയില്‍ ചെന്നു ചാടിയത് എന്തിന് എന്ന ചോദ്യത്തിന് വെളിപ്പെടുത്താനാകാത്ത ചില കാരണങ്ങള്‍ മൂലമാണ് അതു സംഭവിച്ചത് എന്നായിരുന്നു മറുപടി.
പണത്തിനു വേണ്ടി, സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി, സമൂഹത്തില്‍ മാനംകെടുത്തുന്നതിനുവേണ്ടിയെല്ലാം നിരവധി പീഡനപരാതികള്‍ ഉന്നയിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ, പരാതിക്കാരുടെ വിശ്വാസ്യത ഇക്കാര്യത്തില്‍ പരമപ്രധാനമാണ്. വെറുതെ ആര്‍ക്കെതിരെയും പീഡന പരാതി നല്‍കാമെന്ന അവസ്ഥയ്ക്കും തടയിട്ടേ തീരൂ. അതിനാല്‍ത്തന്നെ ഓരോ പീഡന പരാതിയും പോലീസ് വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. പരാതി നല്‍കുന്നവരെ കൃത്യമായി ചോദ്യം ചെയ്ത് വസ്തുതകള്‍ മനസിലാക്കി പരാതിയില്‍ കഴമ്പുണ്ടോ എന്നു മനസിലാക്കുക എന്നതാണ് അതില്‍ പ്രധാനം.
സിനിമാ നടന്മാര്‍ക്കെതിരെ പരാതി നല്‍കിയ ആലുവ സ്വദേശിയായ നടിയുടേയും നേര്യമംഗലം സ്വദേശിയായ യുവതിയുടേയും പരാതിയില്‍ വ്യക്തമായ പൊരുത്തക്കേടുകളുണ്ട്. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മാത്രമല്ല, കോടതിക്കും ബോധ്യമായിട്ടുണ്ട്. പീഡനപരാതി നല്‍കാന്‍ എട്ടു വര്‍ഷം കാത്തിരുന്നത് എന്തിന് എന്ന കോടതിയുടെ ചോദ്യവും പ്രസക്തമാണ്.
പലരും പീഡനക്കേസുകളെ ഉപയോഗപ്പെടുത്തുകയാണ്. ചിലര്‍ക്കത് പണം സമ്പാദിക്കാനുള്ള എളുപ്പ വഴിയുമാണ്. ഇത്തരത്തില്‍, പരാതിക്കാര്‍ പണത്തിനും സ്വാധീനത്തിനും വഴങ്ങുമ്പോള്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുന്നു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം വന്നിട്ടുള്ള ഭൂരിഭാഗം പരാതികളും ഇത്തരത്തില്‍ വിശ്വാസ്യതയില്ലാത്ത പരാതിക്കാരാണ് ഉയര്‍ത്തിയിട്ടുള്ളത്. കള്ളപ്പരാതിക്കാരെ അണിനിരത്തി, പീഡന പരാതി നല്‍കുന്നവരെല്ലാം വ്യാജരാണ് എന്നൊരു ധ്വനി ഉണ്ടാക്കിയെടുക്കാനുള്ള മനപ്പൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണോ ഇതെന്നു കൂടി സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍, വിശ്വാസ്യതയില്ലാത്ത പരാതിക്കാര്‍ മൂലം രക്ഷപ്പെടുന്നത് യഥാര്‍ത്ഥ പീഡനകരാണ്. നീതി കിട്ടാതെ പോകുന്നത് യഥാര്‍ത്ഥ ഇരകള്‍ക്കും.
നല്‍കിയത് കള്ളപ്പരാതിയാണെങ്കില്‍, ഈ പരാതി ഉന്നയിച്ചവര്‍ക്ക് ശക്തമായ ശിക്ഷ കിട്ടിയേ മതിയാകൂ. തെളിവുകളെല്ലാം തനിക്ക് എതിരാകുമെന്നു കണ്ടപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും മാധ്യമങ്ങളെയും പഴിചാരി രക്ഷപ്പെടാനുള്ള തന്ത്രമാണ് പരാതിക്കാരിയിപ്പോള്‍ പയറ്റുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തനിക്കെതിരെ ഉന്നയിക്കപ്പെട്ട പോക്‌സോ കേസില്‍ കഴമ്പുണ്ടെന്നു പോലീസ് കണ്ടെത്തിയതായി ഇവര്‍ക്ക് വ്യക്തമായിട്ടറിയാം. ഇവര്‍ ഉന്നയിച്ച പീഡന പരാതിയില്‍ തെളിവു നല്‍കാന്‍ നടിക്കു സാധിച്ചിട്ടില്ല. അതു പോലീസ് കണ്ടെത്തുമെന്നാണ് പറഞ്ഞത്. എന്നാല്‍ നടിക്കെതിരെ പരാതി നല്‍കിയവര്‍ വ്യക്തമായ തെളിവുകള്‍ നല്‍കി എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
എന്തിനായിരുന്നു ഇങ്ങനെയൊരു ഹേമ കമ്മറ്റി റിപ്പോര്‍ട്ട്? സത്യം മറച്ചു വച്ചുകൊണ്ടുള്ള ആ റിപ്പോര്‍ട്ട് എന്തിനായിരുന്നു വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ നടുക്കം മാറും മുന്‍പേ പുറത്തു വിട്ടത്? ഈ വ്യാജ പരാതിക്കാര്‍ എന്തിനാണ് യാതൊരു തെളിവുമില്ലാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഈ പ്രഹസനങ്ങളെല്ലാം നടത്തിയത്? ആരെയെല്ലാം രക്ഷിക്കാനാണ് ഇവര്‍ ഇതെല്ലാം കാണിച്ചു കൂട്ടിയത്? ഈ കോലാഹലങ്ങള്‍ക്കിടയില്‍ മണ്ണിനടിയില്‍ പൂഴ്ത്തിയത് എന്തെല്ലാം സത്യങ്ങളാണ്? എത്ര പണമാണ് ഇതിനെല്ലാം വേണ്ടി ഒഴുക്കിയത്? പീഡകര്‍ക്ക് നിരവധിയായ അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് ഈ കള്ളപ്പരാതിക്കാര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗ പരാതി കൊടുത്താല്‍, ആ കേസ് തീരും വരെ അതില്‍ ഉറച്ചു നില്‍ക്കാനും അന്വേഷണവുമായി സഹകരിക്കാനും അവര്‍ ചോദിക്കുന്ന കാര്യങ്ങള്‍ വ്യക്തമായും ശക്തമായും പറയാനും സാധ്യമല്ലാത്ത ആരും പരാതി കൊടുക്കാതിരിക്കുക തന്നെയാണ് നല്ലത്. കേസ് അതിശക്തമായി മുന്നോട്ടു പോകുമ്പോള്‍ പരാതി പിന്‍വലിക്കുന്ന ഇത്തരം പരാതിക്കാരും ശിക്ഷിക്കപ്പെടുക തന്നെ വേണം.
…………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975