Jess Varkey Thuruthel
2023 ഫെബ്രുവരി 28 ന് ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എസ് ഐ. കെ എസ് സതീശന്‍ ചില ‘സത്യങ്ങള്‍’ കേരളത്തിലെ ജനതയോടു പറഞ്ഞു. തൃശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി ലഹരി വില്‍പ്പനക്കാരിയാണെന്നും അവരെ കുടുക്കിയത് കൃത്യമായ നീരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്നായിരുന്നു അതില്‍ ആദ്യത്തേത്. ബ്യൂട്ടി പാര്‍ലറില്‍ വരുന്ന യുവതികള്‍ക്കു വില്‍ക്കാന്‍ വേണ്ടിയാണ് സ്റ്റാംപുകളെന്ന് എക്‌സൈസിനോട് ഷീല സമ്മതിച്ചുവത്രെ! ഷീലയുടെ പാര്‍ലറിലെത്തുന്ന ചിലര്‍ ഏറെ സമയം ഇവിടെ ചെലവഴിക്കുന്നു എന്നുള്ള എക്‌സൈസ് കണ്ടെത്തലായിരുന്നു അതില്‍ ഏറ്റവും മികച്ചത്! ബ്യൂട്ടി പാര്‍ലര്‍ എന്നാല്‍ എന്താണ് എന്നു പോലും അറിയാത്തവരാണ് എക്സൈസ് വകുപ്പില്‍ ഉള്ളത് എന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല.
വര്‍ഷങ്ങളുടെ എക്സ്പീരിയന്‍സ് ഉള്ള തനിക്ക് എല്‍ എസ് ഡി കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാമെന്നതായിരുന്നു സതീശന്‍ അന്നു പറഞ്ഞത്. കൂടുതല്‍ പരിശോധനയുടെ ആവശ്യമില്ലെന്നും ഇത് എല്‍ എസ് ഡി ആണെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ അറിയാമെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ സതീശന്‍ പറഞ്ഞിരുന്നു. ഇന്റര്‍നെറ്റ് കോളിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ രഹസ്യവിവരമാണെന്നും ഇത് സത്യമാണോ എന്നു നിരീക്ഷണം നടത്തി വ്യക്തമായ തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്നും സതീശന്‍ അന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പറയുന്നു, കോള്‍ ലഭിച്ച ഉടന്‍ പോയി അറസ്റ്റു ചെയ്യുകയായിരുന്നു എന്ന്!
കേസ് ഏതുമായിക്കൊള്ളട്ടെ, രഹസ്യവിവരം കൊടുക്കുന്നവരുടെ വിവരങ്ങള്‍ പരസ്യമാക്കാന്‍ പാടില്ല എന്നതാണ് ചട്ടം. പക്ഷേ, ലഭിച്ച വിവരം കൃത്യമായി പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ട്. NDPS ആക്ട് section 41, 42 പ്രകാരം രഹസ്യമായി അറിഞ്ഞ വിവരങ്ങള്‍ 72 മണിക്കൂറിനകം മേലധികാരിയെ അറിയിക്കണമെന്നും രഹസ്യ വിവരം കിട്ടിയതു മുതല്‍ ഓരോ ദിവസവും എടുത്ത നടപടികളുടെയും നടത്തിയ അന്വേഷണങ്ങളുടെയും വിശദവിവരങ്ങള്‍ ഒരു ഡയറിയില്‍ എഴുതി വെക്കണമെന്നും നിയമമുണ്ട്. ഷീലയെ ദിവസങ്ങളോളം നിരീക്ഷിച്ചു എന്നു പറയുന്ന എക്സൈസ് ഇന്‍സ്‌പെക്ടര്‍ സതീശന്റെ കൈവശം ഇത്തരത്തില്‍ ഒരു ഡയറി ഉള്ളതായി പറയുന്നില്ല.
അറസ്റ്റ് ചെയ്യപ്പെട്ട ദിവസം താനല്ല ഇതു ചെയ്തതെന്ന് ഷീല പറയുന്നുണ്ട്. ആരെയെങ്കിലും സംശയമുണ്ടോ എന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് തനിക്കു ശത്രുക്കളായി ആരുമില്ല എന്നായിരുന്നു. ഭാര്യയുടെ അനിയത്തിയുടെ ഭര്‍ത്താവിനെ സംശയമുണ്ടെന്ന് ഷീലയുടെ മകന്‍ പറഞ്ഞപ്പോള്‍ അവരെപ്പോലും സംശയ ദൃഷ്ടിയോടെ ഷീല കണ്ടതുമില്ല. അവരതു ചെയ്യില്ല എന്ന ഷീലയുടെ മറുപടിയില്‍, ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ മഹത്വമാണ് വ്യക്തമാക്കുന്നത്. എന്നിട്ടും പക്ഷേ, വര്‍ഷങ്ങളുടെ എക്സ്പീരിയന്‍സ് ഉണ്ടെന്ന് അവകാശപ്പെടുന്ന സതീശന് ഇതു മനസിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയി.
സംശയമുണ്ടെന്നു മകന്‍ പറഞ്ഞ വ്യക്തിയെ വിളിച്ചു വരുത്താനോ തനിക്ക് രഹസ്യവിവരം തന്ന വ്യക്തിയെക്കുറിച്ച് അന്വേഷണം നടത്താനോ അപ്പോഴും ഈ ഇന്‍സ്പെക്ടര്‍ തയ്യാറായില്ല.
വനിതാ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് ഷീലയെ കൊണ്ടുപോയത് സന്ധ്യ കഴിഞ്ഞാണ്. എക്സൈസുകാര്‍ ജനലില്‍ക്കൂടി കൊടുത്ത കടലാസുകള്‍ അകത്തു നിന്നും കൈപ്പറ്റിയ ശേഷം തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ റിമാന്റ് ഉത്തരവ് നല്‍കുകയായിരുന്നുവെന്ന് ഷീല പറയുന്നു. പത്രത്തിന്റെയോ പാലിന്റെയോ പൈസ കൊടുക്കുന്നത്ര ലാഘവത്തോടെ ഒരു റിമാന്‍ഡ് ഉത്തരവ് നല്‍കിയിരിക്കുന്നു ഒരു ജഡ്ജി! വീട്ടിലാണെങ്കിലും ജഡ്ജി ജഡ്ജി തന്നെ എന്ന സത്യം ഇവരെപ്പോലുള്ളവര്‍ മറക്കുന്നതെന്തേ?
ദുരിതങ്ങള്‍ സഹിച്ച് 72 ദിവസം ഷീല ജയിലില്‍ കഴിഞ്ഞു. ഒടുവില്‍ അവര്‍ പുറത്തു വന്നതിന്റെ രണ്ടാം ദിവസം കാക്കനാട് റീജിയണല്‍ ലാബിലെ അസിസ്റ്റന്റ് കെമിക്കല്‍ എക്സാമിനര്‍ ജ്യോതി പി മല്ല്യ സാക്ഷ്യപ്പെടുത്തുന്നു, ‘അതില്‍ ലഹരിയില്ല. വെറും കടലസാണ്’ ആണെന്ന്! എന്നിട്ടും ഷീലയെ വെറുതെ വിടാന്‍ എക്സൈസ് തയ്യാറാവുന്നില്ല! എന്തൊരു ശുഷ്‌കാന്തി
2022 സെപ്റ്റംബര്‍ 29ന് ഇടുക്കി ഉപ്പുതറയില്‍ സരുണ്‍ സജി എന്ന ആദിവാസി യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി യത് ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തി എന്ന ‘കുറ്റ’ത്തിനായിരുന്നു. സരുണ്‍ സജിയെ വനംവകുപ്പ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് പിന്നീടു തെളിഞ്ഞു. പക്ഷേ, ജയിലില്‍ ആ യുവാവിന് അനുഭവിക്കേണ്ടി വന്ന ദുരിതത്തിന് ആരു സമാധാനം പറയും? അതു ചെയ്തവര്‍ക്ക് തക്കതായ ശിക്ഷയില്ലാതെ പോകുന്നത് എന്തുകൊണ്ട്??
2018 ജൂണ്‍ 25 ന് കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ താജുദീന്‍ രണ്ടാഴ്ച്ചത്തെ അവധിക്ക് ഖത്തറില്‍ നിന്ന് നാട്ടിലെത്തിയത് മകളുടെ കല്യാണം നടത്താനായിരുന്നു. കല്യാണം കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം കുടുംബവുമൊത്തു കാറില്‍ പോകുമ്പോള്‍ മാലമോഷണക്കേസില്‍ പോലീസ് താജുദ്ദീനെ അറസ്റ്റു ചെയ്തു. പിന്നീട് റിമാന്റിലായ ഇദ്ദേഹം 54 ദിവസം കഴിഞ്ഞാണ് പുറത്തിറങ്ങുന്നത്. സ്വന്തം നിരപരാധിത്വം തെളിയിക്കാന്‍ ഇദ്ദേഹം തന്നെ തുനിഞ്ഞിറങ്ങിയതിന്റെ ഫലമായി കേസ് തെളിഞ്ഞു, യഥാര്‍ത്ഥ പ്രതിയെ പിടികൂടി. നഷ്ടപ്പെട്ട മാനവും അന്തസും ജീവിതവും ജീവിത മാര്‍ഗ്ഗവും ആരു തിരികെ കൊടുക്കും??
ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇതൊന്നും. ചിലതെല്ലാം കരുതിക്കൂട്ടി ചെയ്യുന്നവയാണ്, കുടുക്കണമെന്ന വ്യക്തമായ ലക്ഷ്യത്തോടു കൂടി. സാധാരണക്കാരായ, നിസ്സഹായരായ ഇത്തരം മനുഷ്യരെ പൗരന്മാരുടെ ഗണത്തില്‍പ്പോലും പെടുത്തിയിട്ടില്ല. ഏതു നിമിഷം വേണമെങ്കിലും ചതിക്കപ്പെടാം, കെണിയില്‍ അകപ്പെടുത്താം, ലോക്കപ്പിലിട്ടു കൊല്ലാക്കൊല ചെയ്യാം, ആര്‍ക്കു വേണമെങ്കിലും ചവിട്ടിത്തേക്കാം. ആരും ചോദിക്കാന്‍ വരില്ല. കാരണം ഇവിടെ നീതിയും നിയമവും പണമുള്ളവനും അധികാരമുള്ളവനും മാത്രം. അങ്ങനെയല്ല, എല്ലാവര്‍ക്കും തുല്യമാണ് എന്ന് എത്ര വാദിച്ചാലും പണമില്ലാത്തവനും നിറമില്ലാത്തവനും അധികാരമില്ലാത്തവനും തുല്യനീതിക്കും നിയമത്തിനും പുറത്താണെന്ന് ഇത്തരം സംഭവങ്ങള്‍ നമുക്കു കാണിച്ചു തരും.
നമ്മുടെ നാട്ടിലെ ഡെമോക്രസിയില്‍ ജനങ്ങള്‍ക്കു വിശ്വാസമില്ല, ബ്യൂറോക്രസിയിലും അങ്ങനെ തന്നെ. പച്ചയ്ക്കു കൊലവിളികള്‍ നടത്തുന്ന ജനപ്രതിനിധികളും മന്ത്രിമാരും അധികാരികളുമുള്ള നാടാണിത്. ഇവിടെ ജനങ്ങള്‍ കുറച്ചെങ്കിലും വിശ്വക്കുന്നത് ജുഡീഷ്യറിയിലാണ്. പക്ഷേ, ജുഡീഷ്യറിക്കു തെറ്റുപറ്റിയ നിരവധി സംഭവങ്ങളുണ്ട്.
കൈക്കൂലി മേടിക്കുന്നവരെയും ജോലിയില്‍ കൃത്യനിഷ്ഠ കാണിക്കാത്തവരെയും പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്നവരെയുമെല്ലാം ശിക്ഷിക്കാനും അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും ഇവിടെ നിയമമുണ്ട്. അത്തരത്തില്‍ നടപടികള്‍ എടുക്കാറുമുണ്ട്. പക്ഷേ, തെറ്റായ വിധി നടത്തുന്ന ജഡ്ജിമാര്‍ക്കെതിരെയോ? എത്രയോ ജഡ്ജിമാര്‍ തെറ്റായ വിധി പ്രഖ്യാപിക്കുന്നു! സങ്കുചിതമായ തങ്ങളുടെ ചിന്തകളുടെ അടിസ്ഥാനത്തില്‍ എത്രയോ പേരെ ശിക്ഷിക്കുന്നു. മേല്‍ക്കോടതിയില്‍ നിന്നും പല ശിക്ഷകള്‍ക്കും ഇളവുകളും ലഭിക്കുന്നുണ്ട്. പക്ഷേ, നിരപരാധിയായ ഒരു മനുഷ്യനെയാണ് ശിക്ഷിച്ചത് എന്നു തെളിഞ്ഞാലും ആ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ കേസെടുക്കാനോ ശിക്ഷിക്കാനോ നിയമമില്ല!
കൈക്കൂലി കേസില്‍ ഒത്തിരി ജഡ്ജിമാര്‍ പെട്ടിട്ടുണ്ട്. പക്ഷേ കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ഒരു ജഡ്ജിയും ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടില്ല. മറ്റ് ഏതൊരു വകുപ്പിലും കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കാമെങ്കില്‍ ജഡ്ജിമാരുടെ കാര്യത്തിലും അതുണ്ടാകണം. അല്ലെങ്കില്‍ ഇവിടെ നിരപരാധികള്‍ വീണ്ടും വീണ്ടും ക്രൂശിക്കപ്പെട്ടു കൊണ്ടിരിക്കും.
ഇപ്പോഴും എക്‌സൈസ് ഇന്‍സ്പെക്ടര്‍ സതീശന്‍ പറയുന്നത് അത് എല്‍ എസ് ഡി ആയിരുന്നുവെന്നാണ്. പരിശോധിക്കാന്‍ വൈകിയതു കൊണ്ട് എല്‍ എസ് ഡി ആവിയായി പോയത്രെ! ജയിലില്‍ കിടക്കാനുള്ള അടങ്ങാത്ത ആവേശം മൂലം പിടിച്ചെടുത്തത് ഷീല സണ്ണി മനപ്പൂര്‍വ്വം ലാബ് പരിശോധന വൈകിപ്പിച്ചതു പോലെ തോന്നും ഇദ്ദേഹത്തിന്റെ സംസാരം കേട്ടാല്‍. ഇത്തരം കേസുകളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ യാതൊന്നും പാലിക്കാതെ, നിരപരാധിയായ ഒരു മനുഷ്യനെ ജയിലില്‍ തള്ളിയ ശേഷം പറയുന്നു, താന്‍ പിടിച്ചത് എല്‍ എസ് ഡി തന്നെ ആയിരുന്നുവെന്ന്. അങ്ങനെയെങ്കില്‍, തന്നെ കുടുക്കാന്‍ വേണ്ടി വാഹനത്തിലും ബാഗിലും വച്ചത് യഥാര്‍ത്ഥ എല്‍ എസ് ഡി തന്നെ ആയിരുന്നുവെങ്കില്‍ ആജീവനാന്തം ഷീല സണ്ണി അകത്തു കിടക്കുമായിരുന്നു.
ബാംഗ്ലൂരില്‍ താമസമാക്കിയ ഒരാള്‍ക്ക് ഇത്തരത്തിലുള്ള മയക്കു മരുന്നുകള്‍ കിട്ടാന്‍ പ്രയാസമുണ്ടാകില്ല. ആര്‍ക്കും ആരെയും ചതിക്കാനും വഞ്ചിക്കാനും സാധിക്കും. ഇവിടെ യഥാര്‍ത്ഥ അന്വേഷണം പോലും നടക്കുകയില്ല. ഷീലയുടെ ബാങ്ക് അക്കൗണ്ടുകളോ ഇടപാടുകളോ ഇടപെടുന്ന ആളുകളെക്കുറിച്ചോ ഓരോ ദിവസവും എന്തു ചെയ്യുന്നു എന്ന നിരീക്ഷണങ്ങളോ ചതിക്കപ്പെട്ടതാണോ എന്ന തരത്തിലുള്ള അന്വേഷണങ്ങളോ യാതൊന്നും നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അവര്‍ ഉപയോഗിച്ച വാഹനത്തില്‍ നിന്നും ബാഗില്‍ നിന്നും മയക്കു മരുന്നു കണ്ടെടുത്തു, അതിനാല്‍ അവര്‍ കുറ്റക്കാരിയെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു! നമ്മുടെ നിയമ സംവിധാനം തകര്‍ന്നടിഞ്ഞു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണിത്. ഒരാള്‍ യഥാര്‍ത്ഥ പ്രതിയാണോ അല്ലയോ എന്നുപോലും കണ്ടെത്താന്‍ കഴിവില്ലാത്ത ഉദ്യോഗസ്ഥരും ഭരണ സംവിധാനവും നിലനില്‍ക്കുന്ന ഒരു നാട് നമ്പര്‍ 1 അല്ല, സാധാരണക്കാരായ ഗതികെട്ട കുറെ മനുഷ്യജന്മങ്ങളുടെ നാടു മാത്രം!!