Written by: Jessy T V
വിസ്മയയുടെതായി പുറത്തിറങ്ങിയ ആ ശബ്ദരേഖ കേട്ടു നില്‍ക്കാന്‍ മനസാക്ഷിയുള്ള ഒരാള്‍ക്കും കഴിയില്ല. ഹൃദയത്തില്‍ മൂര്‍ച്ചയേറിയ കഠാര കുത്തിയിറക്കുന്നത്ര കഠിന വേദന. കരച്ചില്‍ വന്ന് വാക്കുകള്‍ കിട്ടാതെ വിതുമ്പുന്ന മകളോട് എത്ര ആത്മാര്‍ത്ഥതയില്ലാതെയാണ് ആ പിതാവ് പ്രതികരിച്ചത്…??
ഇവിടെ നിറുത്തിയാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന മകളുടെ വാക്കുകള്‍ കേട്ടിട്ടും ങേ… ങേ…ങേ എന്നതായിരുന്നു അയാളുടെ ആദ്യപ്രതികരണം. കേള്‍വി ശേഷിയില്ലാത്തവനെപ്പോലെ നി്ന്ന അയാളില്‍ നിന്നും ‘എന്നാല്‍ ഇങ്ങോട്ടുപോരേ…’ എന്ന ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത ക്ഷണവും.
ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം മകളുടെ കല്യാണം വലിയൊരു നഷ്ടക്കച്ചവടമായിരുന്നു. ലക്ഷങ്ങള്‍ പണമായും നൂറു പവന്‍ സ്വര്‍ണ്ണവും ഒന്നരയേക്കര്‍ ഭൂമിയും പത്തുലക്ഷത്തിന്റെ കാറും കൊടുത്തു നടത്തിയ കല്യാണം. അപ്പോള്‍ എല്ലാം സഹിച്ച് മകളവിടെ നില്‍ക്കേണ്ടതാണെന്ന കാഴ്ചപ്പാട്.
ഇത്രയും കഴിഞ്ഞിട്ടും മനസാക്ഷിയില്ലാത്ത ആ പിതാവ് ചാനല്‍ ചര്‍ച്ചകളില്‍ പറയുന്നു, കോവിഡ് കാലം കഴിഞ്ഞാലുടന്‍ ബാക്കി കൊടുക്കാനുള്ള 20 പവന്‍ കൂടി കൊടുക്കാമെന്നു പറഞ്ഞിരുന്നുവെന്ന്…..!
കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവന്‍ മാത്രമല്ല നിയമത്തിന്റെ മുന്നില്‍ കുറ്റക്കാര്‍. അതിനു പ്രേരണ നല്‍കുന്നവര്‍ കുറ്റക്കാരാണ്. ഏതെങ്കിലുമൊരു കുറ്റകൃത്യം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും തടയാതിരിക്കുന്നതും കുറ്റകൃത്യമാണ്.
ഇവിടെ, വിവാഹത്തിനു മുന്‍പുതന്നെ കിരണ്‍ മകളെ ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നുവെന്ന് അറിയാമായിരുന്നുവെന്ന് ചാനലിനു മുന്നില്‍ വിസ്മയയുടെ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഇയാള്‍ക്കു തന്നെ, അതും കോടികള്‍ സ്ത്രീധനമായി നല്‍കി, മകളെ വിവാഹം കഴിപ്പിച്ചയച്ചത് എന്തിനായിരുന്നു? ആര്‍ത്തിപിടിച്ച ഒരുവന്റെ കൈയില്‍ മകളുടെ ജീവിതം ഭദ്രമായിരിക്കുമെന്ന് ഇവര്‍ തീരുമാനിക്കാന്‍ കാരണമെന്ത്…??
മകള്‍ പലതവണ വിളിച്ചു പറഞ്ഞിട്ടും വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ തന്റെ ദയനീയ സ്ഥിതി അച്ഛനെയും സഹോദരനെയും അറിയിച്ചിട്ടും അവള്‍ ജീവിതമവസാനിപ്പിക്കുന്നതു വരെ ഇവര്‍ കാത്തിരുന്നത് എന്തിന്…?? സ്വന്തം മകളെ മരണത്തിനെറിഞ്ഞുകൊടുത്ത ഈ മാതാപിതാക്കളും സഹോദരനും വിസ്മയയുടെ മരണത്തിന്റെ ഉത്തരവാദികളാകാതെ പോകുന്നത് എങ്ങനെ…??
ആയുര്‍വ്വേദത്തില്‍ ബിരുദമെടുത്ത വിസ്മയ ഒരു ഡോക്ടറായി സ്വന്തം കാലില്‍ ഈ നാട്ടില്‍ ജീവിക്കുമായിരുന്നു. അവളെ തൂക്കിവിറ്റ് ഭാരമൊഴിവാക്കിയവര്‍ക്ക് ഈ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മാറിനില്‍ക്കാനാവില്ല.
മകളെ വിവാഹം കഴിപ്പിച്ചയച്ച ഏതൊരു മാതാപിതാക്കളും ഇതുതന്നെയേ ചെയ്യൂ എന്ന വാദഗതികള്‍ നിരത്തരുതിവിടെ. സ്വന്തം പെണ്‍മക്കളുടെ കഴിവില്‍ വിശ്വസിക്കാതെ കച്ചവടച്ചരക്കു പോലെ ക്രയവിക്രയം ചെയ്യുന്ന മാതാപിതാക്കള്‍ കൂടി ശിക്ഷിക്കപ്പെടണം.
മകളൊരാള്‍ മരിച്ചതിനു ശേഷമേ നീതിക്കു വേണ്ടി പൊരുതുകയുള്ളു എന്ന കാഴ്ചപ്പാട് എത്ര ഭീകരമാണ്…?? സഹിക്കാന്‍ കഴിയാതെ വിവാഹ ബന്ധമുപേക്ഷിച്ച് തിരികെയെത്തുന്ന സ്ത്രീകള്‍ക്ക് എന്തു പിന്തുണയാണ് സ്വന്തം വീട്ടില്‍ നിന്നും ഈ സമൂഹത്തില്‍ നിന്നും ലഭിക്കുന്നത്…?? ഒരുത്തന്റെ കൂടെ പൊറുത്തതല്ലേ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തു ജീവിക്ക് എന്ന ഉപദേശം ചുറ്റിലും നിന്നു കേള്‍ക്കേണ്ടി വരുന്നത് എത്രയോ കഠിനമാണ്. ഇനി ജീവിക്കേണ്ടത് നിങ്ങള്‍ക്കു വേണ്ടിയല്ല, മക്കള്‍ക്കു വേണ്ടിയാണെന്നും അതിനാല്‍ എല്ല്ം സഹിക്കണമെന്നും പറയുന്നവരോട് ധൈര്യത്തോടെ മറുപടി പറയാന്‍ കഴിയാത്തവര്‍ക്ക് ചുവടു പിഴയ്ക്കുക തന്നെ ചെയ്യും.
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലം നിലമേല്‍ വിസ്മയ ആത്മഹത്യ ചെയ്തത് 2021 ജൂണ്‍ 21 നായിരുന്നു. മര്‍ദ്ദനമേറ്റ പാടുകള്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ അമ്മയ്ക്കും സുഹൃത്തിനും അയച്ചു കൊടുത്തതും അച്ഛനോട് താനനുഭവിക്കുന്ന വേദനകള്‍ കരഞ്ഞു പറഞ്ഞതും സഹോദരന് ഇതിനെക്കുറിച്ചുള്ള വാട്‌സാപ്പ് സന്ദേശമയച്ചതും അവര്‍ തന്നെ രക്ഷപ്പെടുത്തുമെന്നുള്ള പ്രതീക്ഷയോടെയാവില്ലേ…?? ഇതെല്ലാമറിഞ്ഞിട്ടും ചെവികേള്‍ക്കാത്തവരെപ്പോലെ, കണ്ണുകാണാത്തവരെപ്പോലെ നിന്ന ഇവരെങ്ങനെയാണ് നിരപരാധികളാകുന്നത്….??