വേണ്ടത് സഹതാപമല്ല, സാമ്പത്തിക പിന്തുണ

Thamasoma News Desk

‘സര്‍ക്കാര്‍ ഞങ്ങളെയോര്‍ത്തു സഹതപിക്കേണ്ടതില്ല. ജീവിക്കാന്‍ വേണ്ടത് പണമാണ്. സര്‍ക്കാര്‍ ഞങ്ങള്‍ക്കു നല്‍കേണ്ടതും സാമ്പത്തിക സഹായമാണ്. അല്ലാതെ സഹതാപമല്ല. വീട്ടുജോലി ചെയ്ത് എനിക്കു മാസം കിട്ടിയിരുന്നത് 7000 രൂപയാണ്. മാസം 12,000 രൂപയായിരുന്നു എന്റെ മകളുടെ ശമ്പളം. അവളാണിപ്പോള്‍ കുത്തേറ്റു വീണുകിടക്കുന്നത്. അവളെ നോക്കേണ്ടതുള്ളതുകൊണ്ട് എനിക്കു പണിക്കു പോകാന്‍ പറ്റുന്നില്ല. വീടിന്റെ വാടക കൊടുക്കാനാവുന്നില്ല. ഭക്ഷണത്തിനോ മരുന്നിനോ പണമില്ല. ഏത് ഉദ്യോഗസ്ഥനു വേണമെങ്കിലും ഞങ്ങലുടെ വീടു സന്ദര്‍ശിക്കാം. നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കുന്ന ചെറിയ സഹായം പോലും ഞങ്ങള്‍ക്ക് വളരെ വലുതായിരിക്കും,’ സര്‍ക്കാരിനോട് ആ അമ്മ കൈകൂപ്പി യാചിക്കുന്നു.

ദക്ഷിണ ഡല്‍ഹിയിലെ ലാഡോ സരായില്‍, ഒക്ടോബര്‍ 12 നാണ് ശകുന്തള മാലിക് എന്ന ആ അമ്മയുടെ മകളെ 27 കാരനായ യുവാവ് കുത്തിവീഴ്ത്തിയത്. ആ 23 വയസുകാരിയുടെ മുഖത്തു മാത്രമുണ്ടായിരുന്നത് 13 കുത്തുകളും വെട്ടുകളുമായിരുന്നു. സംഭവസ്ഥലത്തു നിന്നു തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു.

പ്രതിയായ ഗൗരവ് പാലു(27)മായി പ്രണയത്തിലായിരുന്നു യുവതി. എന്നാല്‍, യുവതി ജോലിക്കു പോകുന്നത് ഇയാള്‍ക്ക് ഇഷ്ടമായിരുന്നില്ല. ജോലിക്കു പോകരുതെന്നും വീട്ടില്‍ തന്നെയിരിക്കണമെന്നും ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ജോലി ഉപേക്ഷിക്കാന്‍ ഗൗരവ് പാല്‍ ആവശ്യപ്പെട്ടതോടെ, അയാളുമായുള്ള ബന്ധം ഉപേക്ഷിക്കാനായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം.

‘എന്റെ അമ്മയ്ക്ക് ഞാന്‍ മാത്രമേയുള്ളു. അമ്മയ്ക്ക് എപ്പോഴും സഹായമാകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. എന്റെ ജോലി അമ്മയ്ക്ക് വലിയ ആശ്വാസമായിരുന്നു. പട്ടിണിയില്ലാതെ ജീവിക്കാന്‍ ഞങ്ങള്‍ക്കു കഴിയുന്നുണ്ടായിരുന്നു. എന്നാല്‍, വിവാഹം കഴിച്ച് അവന്റെ വീട്ടില്‍ ഇരിക്കണമെന്നാണ് അവന്‍ എന്നോട് ആവശ്യപ്പെട്ടത്. അത് അംഗീകരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. ഈ സംഭവത്തിനു ശേഷവും പോലീസിന്റെ പിടിയിലായ ശേഷവും അവന്‍ പറയുന്നു, ജയിലില്‍ നിന്നും മടങ്ങിയെത്തിയാല്‍ അവന്‍ എന്നെ കൊല്ലുമെന്ന്,’ യുവതി പറഞ്ഞു.

‘സംഭവത്തിന്റെ തലേദിവസം രാവിലെ 8 മണിയോടെ ഇയാള്‍ എന്നെ വിളിച്ചിരുന്നു. ഓഫീസിലാണെന്നും ജോലിത്തിരക്കുണ്ടെന്നും ഞാന്‍ പറഞ്ഞു. പക്ഷേ, അയാള്‍ എന്നെ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. അവസാനം, ഞാന്‍ എന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. വൈകിട്ട് ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ എന്റെ ഫോണ്‍ ഓണാക്കി. അതോടെ, അവന്റെ കോളുകള്‍ വീണ്ടും വരാന്‍ തുടങ്ങി. അതോടെ, ഞാന്‍ അവന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തു.’

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് ഗൗരവ് പാല്‍. രണ്ടുവര്‍ഷം മുമ്പാണ് പെണ്‍കുട്ടി ഇയാളെ പരിചയപ്പെടുന്നതും സൗഹൃദത്തിലാവുന്നതും.

ഒക്ടോബര്‍ 12 വ്യാഴാഴ്ച രാവിലെ ഓഫീസിലേക്കു പോകാനായി യുവതി ലാഡോ സരായില്‍ എത്തി. യുവാവും അവിടെ എത്തിയിരുന്നു. ക്യാബില്‍ പോകാനായി കാര്‍ വിളിച്ചു, പെണ്‍കുട്ടി കാറിനുള്ളില്‍ കയറിയപ്പോള്‍ തന്നെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ വീണ്ടും ആവശ്യപ്പെട്ടു, പക്ഷേ, പെണ്‍കുട്ടി നിരസിച്ചു. ഇതോടെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ തുരുതുരാ കുത്തുകയായിരുന്നു.

കുത്തേറ്റ പെണ്‍കുട്ടി വേദന കൊണ്ട് പുളഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ കാര്‍ ഡ്രൈവര്‍ പകച്ചു പോയി. പെണ്‍കുട്ടിയെ തുരുതുരാ കുത്തിയ ശേഷം ഓടിപ്പോകാനൊരുങ്ങിയ പ്രതിയെ കാര്‍ ഡ്രൈവര്‍ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.

‘അന്ന് എനിക്ക് വല്ലാത്ത നിസ്സഹായത തോന്നി. ഞാന്‍ വേദന കൊണ്ട് പുളയുകയായിരുന്നു. ആ മനുഷ്യന്‍ എന്റെ കാലില്‍ കുത്തിയില്ലായിരുന്നെങ്കില്‍ ഞാന്‍ സ്വയം ആശുപത്രിയില്‍ പോകുമായിരുന്നു. ആളുകള്‍ അവനോട് സംസാരിക്കുന്ന തിരക്കിലായിരുന്നു, എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുപകരം എന്തിനാണ് എന്നെ കുത്തിയതെന്നാണ് ചുറ്റും കൂടിയ ആളുകള്‍ ചോദിച്ചു കൊണ്ടിരുന്നത്. പ്രതിയെ പിടികൂടിയ ക്യാബ് ഡ്രൈവറെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. പക്ഷേ, ഭയചകിതനായ ഡ്രൈവര്‍ സംഭവം കണ്ടു പകച്ചു പോയി. സഹായത്തിനായി ക്യാബിനുള്ളില്‍ ഞാന്‍ നിലവിളിച്ചു. പക്ഷേ അയാള്‍ ഒരു നിശബ്ദ കാഴ്ചക്കാരനായി മുഴുവന്‍ എപ്പിസോഡും കണ്ടുനിന്നു. അയാള്‍ ആ മനുഷ്യനെ അപ്പോള്‍ പിടികൂടിയിരുന്നെങ്കില്‍ എനിക്കിത്രയും കുത്തുകള്‍ ഏല്‍ക്കില്ലായിരുന്നു,’ യുവതി പറഞ്ഞു.

ഒടുവില്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും പെണ്‍കുട്ടിക്കു ധാരാളം രക്തം നഷ്ടപ്പെട്ടിരുന്നു. എന്നിരുന്നാലും, ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. മുട്ട, ജ്യൂസ്, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

‘ഞങ്ങളുടെ അവസ്ഥ ആരും മനസിലാക്കുന്നില്ല. എന്റെ മകള്‍ക്കു കിട്ടുന്ന ശമ്പളം ഉള്‍പ്പ്‌ടെ 19,000 രൂപ മാത്രമായിരുന്നു ഞങ്ങളുടെ വരുമാനം. അവള്‍ക്ക് ഓഫീസില്‍ പോകാന്‍ കഴിയുന്നില്ല, അവളെ പരിപാലിക്കേണ്ടതിനാല്‍ എനിക്കും. ഞങ്ങളെ ആരും മനസിലാക്കുന്നില്ല, ഞങ്ങള്‍ ഈ അവസ്ഥയെ അവള്‍ എങ്ങനെ അതിജീവിക്കും?’ ആ അമ്മ ചോദിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *