Thamasoma News Desk
നാടോടിയായ ഒരു തമിഴനായിരുന്നു അവളുടെ അച്ഛന്‍. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തി തടിമില്ലില്‍ വുഡ് കട്ടര്‍ ആയി ജോലി ചെയ്തിരുന്ന നാടോടി. ഒരു മില്ലില്‍ നിന്നും മറ്റൊരു മില്ലിലേക്ക്.. ആ പോകുന്ന പോക്കില്‍, ഓരോ ദേശത്തുമുള്ള, സ്ത്രീധനം കൊടുക്കാന്‍ ത്രാണിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും സംബന്ധം. അങ്ങനെയൊരു ബന്ധത്തിലുണ്ടായ മകളായിരുന്നു അവള്‍.
പോക്കറ്റ് നിറയെ പണം. കാല്‍ശരായി ഇട്ട സുമുഖനായ ചെറുപ്പക്കാരന്‍. കെട്ടിക്കാന്‍ പ്രായമായ നാലുപെണ്‍മക്കളുള്ള അവളുടെ അച്ഛച്ചനും അമ്മമ്മയ്ക്കും കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ചെറുക്കന് ഒറ്റ ദോഷമേയുള്ളു. കുറച്ചു കുടിക്കും. അതിപ്പോള്‍ വലിയ പ്രശ്‌നമാണോ. ആരാ കുടിക്കാത്തെ? നാലുപെണ്‍ക്കളില്‍ ഒന്നിനെ അവര്‍ അയാള്‍ക്കു നല്‍കി.
അയാള്‍ ചെറിയ മദ്യപാനിയായിരുന്നില്ല, മറിച്ച് മദ്യത്തില്‍ കുളിയായിരുന്നു. സമാധാനമില്ലാത്ത ജീവിതം. ആ ബന്ധത്തിലാണ് അവള്‍ പിറന്നത്. അഞ്ചുവയസുവരെ അവളെ നാട്ടുകാര്‍ വിളിച്ചിരുന്നത് കുടിയന്‍ കട്ടര്‍ ബാബുവിന്റെ മകളെന്നായിരുന്നു. അതിനു ശേഷം ചുള്ളിവീട്ടില്‍ ഇന്ദിരയുടെ മകളെന്നും. ഓര്‍മ്മ വച്ച കാലം മുതല്‍ അവളുടെ ഹൃദയത്തെ ഓരോരുത്തരായി കീറിമുറിക്കുന്നത് അവളറിഞ്ഞിരുന്നു. അതോര്‍ത്ത് അവള്‍ നിശബ്ദം കരഞ്ഞിരുന്നു…
പക്ഷേ, ഹൃദയം കീറിമുറിക്കുന്നവരുടെ കൂട്ടത്തില്‍ അമ്മയും കൂടി കൂടിയപ്പോള്‍ ആ കുഞ്ഞുഹൃദയം വല്ലാതെ വേദനിച്ചു. ‘എത്ര നന്നാക്കീട്ടെന്താ കാര്യം? കള്ളുകുടിയന്‍ കട്ടര്‍ ബാബുവിന്റെ വിത്തല്ലേ. നായ്ക്കാട്ടം കഴുകിയാല്‍ നന്നാവില്ലല്ലോ…’ കുടിയന്‍ ബാബുവിന്റെ മകളായി ജനിച്ചത് അവളുടെ കുറ്റമല്ല. അതിനുത്തരവാദി അവളുടെ അമ്മയും അമ്മയുടെ വേണ്ടപ്പെട്ടവരുമാണ്. എന്നിട്ടും പഴി മുഴുവന്‍ കേള്‍ക്കേണ്ടി വന്നത് അവളും. ഓരോ തവണ ഹൃദയം കീറിമുറിക്കപ്പെടുമ്പോഴും ആ മുറിവുകളൊക്കെ അവള്‍ സ്വയം മരുന്നുപുരട്ടി ഉണക്കിക്കൊണ്ടിരുന്നു.
അറപ്പായിരുന്നു അവള്‍ക്ക്. സ്വന്തം അച്ഛനോട്. ആരു ചോദിച്ചാലും അച്ഛന്റെ പേരവള്‍ പറഞ്ഞിരുന്നില്ല. താനൊരു വിലകുറഞ്ഞ വിത്താണ് എന്ന് അവളെ ചുറ്റുപാടുകള്‍ നിരന്തരം പഠിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ, ഇന്നിപ്പോള്‍, അവളാ അച്ഛന്റെ പേരു പറയും. കാരണം, അച്ഛനെ തെരഞ്ഞെടുത്തത് അവളല്ല എന്ന ബോധ്യം ഇന്നവള്‍ക്കുണ്ട്.
ഇന്ന് അവള്‍ക്കൊരു അച്ഛനുണ്ട്. തളിയിങ്ങല്‍ സുബ്രഹ്‌മണ്യന്‍ നായര്‍. ഏകമകളെ അവളുടെ 16-ാം വയസില്‍ നഷ്ടപ്പെട്ട ആ അച്ഛന് സിന്ധു സൂരജ് എന്ന ഈ പെണ്‍കൊടി മരുമകളല്ല. മറിച്ച് മകളാണ്. അച്ഛാ എന്നു വിളിച്ചിട്ടും കൊതിതീരാതെ അവള്‍ വിളിച്ചു കൊണ്ടേയിരിക്കുന്നു. മകളെ സ്‌നേഹിച്ചു കൊതി തീരാത്ത ആ അച്ഛനും അങ്ങനെ തന്നെ. തലവേദനിക്കുമ്പോള്‍ നെറ്റിയിലിത്തിരി മരുന്നായി, നീയുണ്ടില്ലേ, ഉറങ്ങിയില്ലേ, എഴുന്നേറ്റില്ലേ, കുളിച്ചില്ലേ, എന്നിങ്ങനെ നൂറായിരം സ്‌നേഹാന്വേഷണങ്ങളുമായി ഒരച്ഛന്‍.
അവളിപ്പോള്‍ അവളുടെ സ്വന്തം അച്ഛന്‍ എവിടെയെന്നു തിരക്കാറുണ്ട്. ചുറ്റും നടന്നു നീങ്ങുന്ന പുരുഷാരങ്ങള്‍ക്കിടയില്‍, തമിഴ്‌നാട്ടിലേക്കുള്ള യാത്രയില്‍, അരികിലൂടെ കടന്നു പോകുന്ന ഓരോ മനുഷ്യരിലും അവളുടെ ശരീരത്തിലൊഴുകുന്ന ചോരയുടെ ബാക്കിയെ തേടാറുണ്ട് അവള്‍….
അച്ഛന്റെ മണവും പ്രകൃതവും വന്യമായ നാടോടിത്തരവും അലസതയുമുളള മകളാണവള്‍… അതേ ആസക്തിയും അവധാനതയുമുണ്ട്.. അതിനാല്‍ത്തന്നെ അവളൊരു യുദ്ധത്തിലാണ്. അവനവനോടു തന്നെയുള്ള യുദ്ധത്തില്‍… സ്വന്തം ജീനിനപ്പുറമെത്താനുള്ള പരിശ്രമത്തില്‍. അവള്‍ തന്നെയാണ് പരീക്ഷണവസ്തു… പരീക്ഷണശാലയാകട്ടെ, അവളുടെ ജീവിതവും….
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47
#Woman #daughter-in-law #father-in-law