നീണ്ടപാറയിലെ അപകടവും മരണവും; ഒഴിവാക്കാമായിരുന്ന ദുരന്തം

ജെസ് വര്‍ക്കി തുരുത്തേല്‍

മകന്റെ കരാട്ടെ ക്ലാസും കഴിഞ്ഞ് ശനിയാഴ്ച വൈകിട്ട് വീട്ടിലേക്കു മടങ്ങിവരവേയായിരുന്നു കണ്‍മുന്നിലായി ആ ദുരന്തം. നീണ്ടപാറ-ചെമ്പന്‍കുഴി ഫോറസ്റ്റ് സ്‌റ്റേഷനു മൂക്കിനു താഴെയായി ഒരപകടം. റോഡരികിലെ വനത്തില്‍ നിന്ന ഒരു പനമരം ആന മറിച്ചിട്ടു (Wild Elephant). പനങ്കുട്ടി ഭാഗത്തു നിന്നും കോതമംഗലത്തേക്കു പോകുകയായിരുന്ന കോതമംഗലം എം എ കോളേജ് വിദ്യാര്‍ത്ഥികളായ സി വി ആന്‍ മേരിയുടേയും (21) അല്‍ത്താഫിന്റെയും (21) ദേഹത്താണ് അതു വീണത്. അപകടത്തില്‍ ആന്‍മരിയ മരിച്ചു. അല്‍ത്താഫ് ഗുരുതരാവസ്ഥയില്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളജില്‍ മൂന്നാം വര്‍ഷ ബി. ടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിനിയും പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയുമാണ് ആന്‍ മേരി. കോതമംഗലം അടിവാട് സ്വദേശിയും മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമാണ് അല്‍ത്താഫ്.

കാനനപാതയിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം റോഡില്‍ മാത്രമല്ല, റോഡിനിരുവശവും വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ച്, സാവധാനത്തിലാണ് വാഹനമോടിക്കുക. കാട്ടാനകളും കാട്ടുപന്നികളും യഥേഷ്ടം സഞ്ചരിക്കുന്ന വന പാതയില്‍ ഏതു നിമിഷവും ഒരു വന്യജീവി മുന്നിലെത്തിയേക്കാമെന്ന ചിന്ത മനസില്‍ എപ്പോഴുമുണ്ട്. അതിനാല്‍ സ്പീഡ് വളരെ കുറച്ച്, ഹോണടിക്കുന്നത് പരമാവധി ഒഴിവാക്കി, ബ്രൈറ്റ് ലൈറ്റ് ഉപയോഗിക്കാതെയാണ് വാഹനമോടിക്കുക. മക്കളെയും കൊണ്ടു യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ശനിയാഴ്ച വൈകിട്ടും ഇത്തരത്തില്‍ തന്നെയാണ് യാത്ര ചെയ്തത്. അതിനാല്‍, ആ പനമരത്തിന്റെ അടിയില്‍ ഞാനും മകനും കുടുങ്ങിയില്ല.

അല്‍ത്താഫിനെയും ആന്‍ മേരിയെയും ആന ഓടിച്ചതല്ല. ആന അവരെ ആക്രമിച്ചിട്ടില്ല, കൊലപ്പെടുത്തിയിട്ടുമില്ല. നേരിട്ടൊരാക്രമണവും ആന നടത്തിയിട്ടില്ല. വിശന്നപ്പോള്‍ തിന്നാനായി വനത്തില്‍ നിന്ന പനമരം മറിച്ചിട്ടു. അതു വീണത് റോഡിലേക്കാണ്. അതിനടില്‍പ്പെട്ടാണ് ആന്‍ മേരിക്കും അല്‍ത്താഫിനും അപടകമുണ്ടായതും പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായതും. പക്ഷേ, മാധ്യമങ്ങള്‍ പറയുന്നതു നോക്കുക! ആന പനമരം പിഴുതെടുത്ത് വലിച്ചെറിഞ്ഞുവത്രെ! ആന കൊന്നതാണത്രെ!! അതെങ്ങനെ ശരിയാകും?

നേര്യമംഗലം വില്ലാഞ്ചിറയില്‍, പെരുമഴയില്‍ ഭീമാകാരനായ ഒരാല്‍മരം കാറിനു മുകളിലേക്കു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. മരം മനപ്പൂര്‍വ്വം ചെയ്തതാണോ അത്? വേരുകള്‍ ശിഥിലമായപ്പോള്‍ നില്‍ക്കാന്‍ ശേഷിയില്ലാതെ മറിഞ്ഞു വീണു. ആ സമയത്ത് റോഡിലൂടെ പോയ വാഹനത്തിനു മുകളില്‍ പതിക്കുകയും അത്യാഹിതം സംഭവിക്കുകയും ചെയ്തു. ഉരുള്‍ പൊട്ടലുണ്ടാകുമ്പോഴും ഇതേ രീതിയില്‍ തന്നെ അപകടം സംഭവിക്കുന്നു. ഇവിടെയിപ്പോള്‍ പ്രതിസ്ഥാനത്ത് ഒരു ജീവിയാണ്. അതിനാല്‍ സ്വാഭാവികമായും അതു കൊലയാളിയായി മാറി.

ആന ഉള്‍പ്പടെയുള്ള നിരവധി കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വനമേഖലയിലെ റോഡിലുടനീളം ഇത്തരം മുന്നറിയിപ്പുകള്‍ കാണാവുന്നതാണ്. ‘ആനയുടെ വഴിത്താരിയാണ്, സ്പീഡ് 35 കിലോമീറ്റര്‍, സൂക്ഷിക്കുക’ എന്ന്. കാട്ടുമൃഗങ്ങള്‍ യഥേഷ്ടം സഞ്ചരിക്കുന്ന വനപാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ കര്‍ശനമായും പാലിച്ചിരിക്കേണ്ട ചില നിയമങ്ങളുണ്ട്. വാഹനം അമിത വേഗത്തില്‍ ഓടിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിയമം. അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ ഹോണടിക്കാന്‍ പാടുള്ളു എന്നതാണ് മറ്റൊന്ന്. കാനന പാതയിലൂടെ രാത്രി കാലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ബ്രൈറ്റ് ലൈറ്റ് ഉപയോഗിക്കുന്നത് കര്‍ശനമായും നിരോധിച്ചിട്ടുണ്ട്. ശക്തിയേറിയ ലൈറ്റുകള്‍ മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെയും കണ്ണുകളിലേക്ക് അടിച്ചു കയറുന്നു. അതിലൂടെ അവ അക്രമാസക്തരാവുകയും ചെയ്യും. ശാന്തരായി നില്‍ക്കുന്ന മൃഗങ്ങളെപ്പോലും പ്രകോപിപ്പിക്കാന്‍ മനുഷ്യരുടെ ഇത്തരം പ്രവൃത്തികള്‍ മാത്രം മതിയാകും.

ഈ അടുത്ത കാലത്തായ കണ്ടുവരുന്ന പ്രവണതയാണ് ബൈക്കുകളിലും മറ്റുവാഹനങ്ങളിലും ചീറിപ്പാഞ്ഞ് കാനന പാതയിലൂടെ പോകുന്ന മനുഷ്യര്‍. ജീവന്‍ വേണമെന്നുള്ളവര്‍ ഓടിമാറിക്കൊള്ളുക എന്ന രീതിയിലാണ് ഈ റോഡിലൂടെ വാഹനങ്ങള്‍ പാഞ്ഞുപോകുന്നത്. തോക്കില്‍ നിന്നും തൊടുത്തുവിട്ട വെടിയുണ്ടകള്‍ പോലെ പാഞ്ഞുപോകുകയാണ് ബൈക്കുകളും മറ്റു വാഹനങ്ങളും. ഇവ വരുന്നതു കണ്ട് മനുഷ്യര്‍ ഓടി മാറിയേക്കാം. പക്ഷേ, മൃഗങ്ങള്‍ക്കതു സാധിച്ചെന്നു വരില്ല. അവര്‍ നിന്നിടത്തു തന്നെ നിലയുറപ്പിക്കും. ചിലപ്പോള്‍ അക്രമാസക്തരാകുകയും ചെയ്യും.

സമയം സന്ധ്യയാകുന്നു. കോതമംഗലത്തേക്ക് എത്താന്‍ ഇനിയും മുപ്പതോളം കിലോമീറ്ററുകള്‍ സഞ്ചരിക്കണം. അതിനാല്‍ ആ ബൈക്ക് നല്ല സ്പീഡിലായിരുന്നു എന്നുവേണം മനസിലാക്കാന്‍. ഇത് ഉറപ്പിക്കണമെങ്കില്‍ ജീവനോടെ ശേഷിക്കുന്ന അല്‍ത്താഫിനോടു ചോദിക്കുകയോ ബൈക്ക് സൂക്ഷ്മമായി പരിശോധിക്കുകയോ വേണം. വനമേഖലയിലൂടെ വാഹനമോടിക്കുമ്പോള്‍ അനുവദനീയമായ സ്പീഡ് മണിക്കൂറില്‍ 35 കിലോമീറ്ററോ അതില്‍ താഴെയോ ആണ്. ഈ സ്പീഡിലായിരുന്നു ബൈക്ക് ഓടിച്ചിരുന്നതെങ്കില്‍, റോഡരികിലെ വനത്തില്‍ തങ്ങളെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന ആ ദുരന്തം അവരുടെ ശ്രദ്ധയില്‍ പെടുമായിരുന്നു. പനമരം തള്ളിയിടാന്‍ ആനകള്‍ ശ്രമിക്കുന്നതും കാണുവാന്‍ സാധിക്കുമായിരുന്നു. കൊടും വളവിലല്ല അപടകമുണ്ടായത്. വളവ് കഴിഞ്ഞ് നേരെ കിടക്കുന്ന റോഡിലാണ്. അതിനാല്‍ത്തന്നെ, രക്ഷപ്പെടാന്‍ കഴിയുന്നത്ര അകലത്തിലും ആനയെ കാണാവുന്ന വിധത്തിലുള്ള സ്ഥലത്താണ് അപകടം സംഭവിച്ചിട്ടുള്ളത്. തങ്ങളുടെ ഇടതുവശത്തായി നിലയുറപ്പിച്ച ആനയെ അവര്‍ക്കു കാണുവാനും അപകടത്തില്‍ നിന്നും രക്ഷപ്പെടുവാനും സാധിക്കുമായിരുന്നു. അതിനാല്‍ത്തന്നെ, വാഹനത്തിന്റെ വേഗതയെത്തന്നെയാണ് ഈ അപകടത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നത്.

കൊടും വളവുകളും കുത്തനെയുള്ള ഇറക്കങ്ങളും കാഴ്ചമറയ്ക്കുന്ന മരങ്ങളും വള്ളികളും മാത്രമല്ല അഗാധമായ കൊക്കകളും നിറഞ്ഞ വഴികളാണ് ഇടുക്കിയിലേത്. ഇടുക്കി ജില്ല പിന്നിട്ട് എറണാകുളം ജില്ലയിലേക്കു പ്രവേശിക്കുന്ന നീണ്ടപാറ-ചെമ്പന്‍കുഴി ഭാഗവും അപകട സാധ്യത കൂടുതലുള്ള സ്ഥലങ്ങളാണ്. കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള സംഘങ്ങള്‍ അമിത വേഗതയില്‍ പായുന്നത് ഇത്തരം അപകടം നിറഞ്ഞ വഴികളിലൂടെയാണ്. ആന ഉള്‍പ്പടെയുള്ള കാട്ടുമൃഗങ്ങളുടെ ശല്യവും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ വഴിയിലൂടെ സഞ്ചരിക്കുന്ന ഓരോ മനുഷ്യരും ഇതെല്ലാം മനസിലാക്കുകയും നിയമം പാലിക്കുകയും ചെയ്‌തേ മതിയാകൂ.

വഴിനീളെ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചതു കൊണ്ടു മാത്രം അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കില്ല. വനപാതയിലൂടെ യാത്ര ചെയ്യുന്നവര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് അധികാരികള്‍ ഉറപ്പു വരുത്തുകയും വേണം. വനമേഖലയില്‍ പലയിടങ്ങളിലായി വനപാലകരുടെയും പോലീസിന്റെയും പരിശോധനകള്‍ ഉണ്ടായിരിക്കണം. മദ്യവും മയക്കു മരുന്നും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുകയും കടത്തുകയും ചെയ്യുന്ന പാതയാണിത്. അതിനാല്‍ നിയമപാലകര്‍ സദാ ജാഗരൂഗരായി പ്രയത്‌നിച്ചേ തീരൂ.

കാട്ടുമൃഗങ്ങള്‍ മനുഷ്യര്‍ക്കും കൃഷിക്കും ഭീഷണിയായിട്ട് കാലമൊരുപാടായി. ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ യാതൊന്നും സ്വീകരിക്കാതെ മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ, നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയാണ് ഭരണകൂടം. കൃഷി തകര്‍ന്നടിഞ്ഞിരിക്കുന്നു. എല്ലാറ്റിനും പരിഹാരം വേണം. പക്ഷേ, എല്ലാകുറ്റങ്ങളും മൃഗങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. തങ്ങള്‍ക്കു ലഭിച്ച ബുദ്ധിയുടേയും വിവേചന ശേഷിയുടേയും അടിസ്ഥാനത്തില്‍ പെരുമാറാന്‍ മനുഷ്യര്‍ പഠിച്ചേ തീരൂ. നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെട്ടേ തീരൂ.

കാട്ടാനകള്‍ ഒറ്റയ്ക്കും കൂട്ടമായും കയറിയിറങ്ങുന്ന വനമേഖലയാണ് നീണ്ടപാറയും ചെമ്പന്‍കുഴിയും കാഞ്ഞിരവേലിയുമെല്ലാം. മൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷി ചെയ്യുവാന്‍ സാധിക്കാതെ പലരും ഈ നാടു വിട്ടുപോയി. കാട്ടാനകളുടെ ശല്യത്തിന് അറുതി വരുത്തുവാനുള്ള പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള പരിശ്രമഫലമായി പെരിയാറിന്റെ തീരത്തു കൂടി കരിമണല്‍ മുതല്‍ ചെമ്പന്‍കുഴി വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരം സോളാര്‍ ഫെന്‍സിംഗ് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരികയാണ്. അപ്പോഴും റോഡിനപ്പുറമുള്ള കാട്ടില്‍ നിന്നും ആനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിനു പരിഹാരമായിട്ടില്ല. ആ ഭാഗത്ത് എന്തു ചെയ്യുമെന്നതു സംബന്ധിച്ച് അധികാരികള്‍ക്കും ഉത്തരമില്ല.

കര്‍ഷകര്‍ക്കു പ്രഥമ പരിഗണന നല്‍കുകയും അവരുടെ വിഭവങ്ങളും ജീവനും അധ്വാനിക്കാനുള്ള മനസും സംരക്ഷിക്കുവാനും സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. പക്ഷേ, തികച്ചും നിരുത്തരവാദപമായിട്ടാണ് സര്‍ക്കാരും അധികാരികളും ഇത്തരം പ്രശനങ്ങളെ സമീപിക്കുന്നത്. കര്‍ഷകരാണ് ഒരു നാടിന്റെ നട്ടെല്ല്. അതു തകര്‍ന്നാല്‍ എഴുന്നേറ്റു നില്‍ക്കുവാന്‍ പോലും നാടിനു ശേഷിയുണ്ടാവില്ല. അതിനാല്‍ അവര്‍ പണിചെയ്തുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിച്ചേ തീരൂ. അതോടൊപ്പം ജീവനു മേലുള്ള ഇത്തരം ഭീഷണികള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാവുകയും വേണം.

വനമേഖലയിലൂടെ ഏതു വിധത്തിലാണ് യാത്ര ചെയ്യേണ്ടത് എന്നറിയാത്ത, നിയമം പാലിക്കാന്‍ തയ്യാറില്ലാത്തവര്‍ ഇവിടേക്കുള്ള യാത്രകള്‍ ഒഴിവാക്കിയേ തീരൂ. എത്ര ഉയര്‍ന്ന, മികച്ച വിദ്യാഭ്യാസം നേടി എന്നതാവരുത് ജീവിത വിജയത്തിന്റെ ആധാരം. നന്നായി പരിശ്രമിക്കുന്ന ഒരു വ്യക്തിക്ക് ഡോക്ടറോ എന്‍ജിനീയറോ ഐ എ എസ് ഉദ്യോഗസ്ഥരോ ആകാന്‍ എളുപ്പമാണ്. പക്ഷേ, നിയമം അനുസരിക്കുക എന്നതാവണം ഒരു വ്യക്തിയുടെ ജീവിത വിജയത്തിന്റെ ആധാരം. ആലപ്പുഴ കളര്‍കോടുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചതും ഇത്തരത്തില്‍ നിയമം പാലിക്കാത്തതു മൂലമാണ്. മഴയാണ്, ഇരുട്ടാണ്, റോഡിനു വഴുക്കലുണ്ട്, അമിത വേഗം പാടില്ല എന്ന ചിന്ത വാഹനമോടിച്ച വിദ്യാര്‍ത്ഥിക്കോ അതിലുണ്ടായിരുന്നവര്‍ക്കോ ഉണ്ടായില്ല. അതിന്റെ ഫലമാണ് റോഡില്‍ പൊലിഞ്ഞ ആ ജീവനുകള്‍.

ഒഴിവാക്കാമായിരുന്ന ദുരന്തങ്ങളാണ് ഇവയെല്ലാം. ഇതെല്ലാം വരുത്തി വച്ചത് അവരവര്‍ തന്നെയാണ്. അല്ലാതെ ഈ അപകടങ്ങള്‍ക്കു കാരണം ആനയാണ്, വാഹനം തന്നയാളാണ്, രാത്രി സമയത്ത് പുറത്തു പോകാന്‍ അനുവദിച്ച ഹോസ്റ്റല്‍ അധികാരികളാണ് എന്നെല്ലാം പറഞ്ഞതു കൊണ്ടായില്ല. തങ്ങളുടെയും മറ്റുള്ളവരുടേയും ജീവനുകള്‍ അപകടമേതുമില്ലാതെ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ എത്ര വലിയ ഡിഗ്രികള്‍ കരസ്ഥമാക്കി എന്നു പറഞ്ഞിട്ടും കാര്യമില്ല. നിയമം അനുസരിക്കുക, അതു നമ്മുടെ നല്ലതിനാണ്, അല്ലാതെ നമ്മളെ തകര്‍ക്കാനോ നശിപ്പിക്കാനോ ഉദ്ദേശിച്ചുള്ളവയല്ല.

…………………………………………………………………………

For advertising / news contact : 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *