Jess Varkey Thuruthel
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നു. കേസില്‍ 8-ാം പ്രതിയായ ദിലീപിനു (Dileep) വേണ്ടി സിനിമാ താരങ്ങളായ ഇടവേള ബാബു, സിദ്ധിഖ്, ബിന്ദു പണിക്കര്‍, ഭാമ തുടങ്ങിയവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകയെ ഒറ്റുകൊടുത്തു എന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടി വി പുറത്തു വിട്ടിരിക്കുന്നു. ഇവര്‍ പോലീസില്‍ പറഞ്ഞ മൊഴിയല്ല കോടതിയില്‍ പറഞ്ഞിട്ടുള്ളത്. വിചാരണയുടെ ഏതു ഘട്ടത്തിലും മൊഴിമാറ്റാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. എന്നാല്‍, നടിയെ ആക്രമിക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമാക്കുന്ന മൊഴികള്‍ നല്‍കിയ ഈ നടീനടന്മാര്‍ കോടതിയില്‍ മൊഴി മാറ്റുകയായിരുന്നു (Quotation rape case).
തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ, 2017 ഫെബ്രുവരി 17 നാണ് മലയാളത്തിലെ ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. അതുവരെയും കേട്ടുകേള്‍വിയില്ലാത്ത ബലാത്സംഗക്വൊട്ടേഷന്‍. സംഭവ ശേഷം നടന്‍ ദിലീപ് ആദ്യം മുതല്‍ തന്നെ സംശയ നിഴലിലായിരുന്നു. പിന്നീട്, ഈ കേസില്‍ 21 പേര്‍ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപ് അറസ്റ്റു ചെയ്യപ്പെടുകയും 85 ദിവസം റിമാന്റില്‍ കഴിയുകയും ചെയ്തു. പിന്നീട് സോപാധിക ജാമ്യത്തില്‍ പുറത്തിറങ്ങി.
ആക്രമിക്കപ്പെട്ട നാള്‍ മുതല്‍ ഇന്നേവരെ നടി നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമാണ്. ഇരയോടൊപ്പമെന്നു പറയുകയും വേട്ടക്കാര്‍ക്കു വേണ്ടി പണിയെടുക്കുകയും ചെയ്യുന്ന നിരവധി ആളുകള്‍ ചുറ്റുമുണ്ടായിരുന്നു. അവളെ അധിക്ഷേപിക്കാനും കേസില്‍ നിന്നും പിന്തിരിപ്പിക്കാനും പലരും ശ്രമിച്ചു. യാതൊരു ഭീഷണികള്‍ക്കും അധിക്ഷേപങ്ങള്‍ക്കും വഴങ്ങാതെ, ചെവികൊടുക്കാതെ അവള്‍ സധൈര്യം മുന്നോട്ടു പോയി.
മറ്റൊരു നടിയുമായുള്ള തന്റെ വഴിവിട്ട ബന്ധം ഭാര്യയെ അറിയിച്ചു എന്നതായിരുന്നു നടിയെ ആക്രമിക്കാനുള്ള കാരണമായി പറഞ്ഞിട്ടുള്ളത്. സിനിമാ ലോകത്ത് ഒരു അവിഹിത ബന്ധവും ഏറെക്കാലം രഹസ്യമായി കൊണ്ടുനടക്കാന്‍ സാധിക്കില്ല. അതു പുറത്താകും. സിനിമയ്ക്കകത്തും നടീനടന്മാരുടെ ജീവിതത്തിലും എന്തു നടക്കുന്നു എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അതിനാല്‍ത്തന്നെ, താരപ്രഭയില്‍ ജീവിക്കുന്നവരെ ചുറ്റിപ്പറ്റി പാപ്പരാസികള്‍ ഉള്‍പ്പടെയുള്ള നിരവധി പേരുടെ നിരീക്ഷണങ്ങളുമുണ്ട്. അതിനാല്‍തന്നെ, സിനിമാ ലോകത്തുള്ളവരുടെ വഴിവിട്ട ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കാന്‍ നിരവധി പേരുണ്ടാവുകയും ചെയ്യും. എന്നിട്ടും അതിക്രൂരമായ രീതിയില്‍ ആക്രമിക്കപ്പെട്ടത് ഒരാള്‍ മാത്രമാണ്.
ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യരുമായി ആക്രമണത്തിന് ഇരയായ നടിക്ക് നല്ല അടുപ്പമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ നടി പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യവും മഞ്ജുവിന് ഇല്ല. ആക്രമിക്കപ്പെട്ട നടിക്ക് സിനിമയില്‍ നിരവധി അവസരങ്ങള്‍ നല്‍കിയ ആളാണ് താനെന്ന് ദിലീപ് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. അവിഹിത ബന്ധം വീട്ടില്‍ പറഞ്ഞ കാരണത്താല്‍ സിനിമയില്‍ നിന്നും നടിയെ എല്ലാ വിധത്തിലും തുരത്താനാണ് ദിലീപ് ശ്രമിച്ചതെന്നും നടി പല സമയത്തും വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരെ അനീതി ചെയ്തവര്‍ക്കെതിരെ പൊരുതാന്‍ ഇത്രത്തോളം ഉള്‍ക്കരുത്ത് ഉള്ളതു തന്നെയാവണം അവരെ ഇത്തരത്തില്‍ ആക്രമിക്കാന്‍ എതിരാളികളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
സോഷ്യല്‍ മീഡിയയില്‍ സദാസമയവും ദിലീപ് നിരപരാധിയാണെന്നുള്ള രീതിയിലുള്ള പോസ്റ്റുകള്‍ ഒഴുകി നടക്കുകയാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടിമാര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ മുതല്‍ അതിനു ശക്തികൂടി. ദിലീപ് ശക്തനായി തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരെല്ലാമെന്ന രീതിയില്‍ പല സര്‍വ്വേകളും നടക്കുന്നുണ്ട്. ഈ അടുത്ത കാലത്തായി ദിലീപിന്റെ സിനിമകള്‍ എല്ലാം തന്നെ ബോക്‌സോഫീസില്‍ പരാജയപ്പെടുകയായിരുന്നു. എന്നുമാത്രമല്ല, ഒടിടി പ്ലാറ്റ്‌ഫോമില്‍ പോലും ദിലീപിന്റെ സിനിമകളെടുക്കാന്‍ ആളുണ്ടായിട്ടില്ല. ഇത്തരത്തില്‍ ഒരു നീചകൃത്യം ചെയ്തു എന്നാരോപിക്കപ്പെടുന്നവനെ സമൂഹം ഏതു വിധമാണ് അകറ്റി നിറുത്തുന്നത് എന്നതിന്റെ തെളിവാണിത്.
കുറ്റം ചെയ്തവര്‍ക്കൊപ്പം നിന്നാല്‍ പണവും സ്ഥാനമാനങ്ങളും അധികാരവും ലഭിക്കുമെന്ന പ്രലോഭനത്തില്‍ വീണതാകാം. എന്തായാലും ഹേമ കമ്മറ്റി വെളിപ്പെടുത്തലോടു കൂടി ദിലീപിനെതിരെയുള്ള കുരുക്കുകള്‍ കൂടുതല്‍ മുറുകകയാണ്. സിനിമാ രംഗം ക്രിമിനലുകളുടെ താവളമാക്കിയവര്‍ പേടിച്ചു തുടങ്ങി. സധൈര്യം ഒരു പെണ്ണ് വഴിമുടക്കി നിന്നാല്‍ ക്രിമിനല്‍ക്കൂട്ടങ്ങള്‍ക്കു മുട്ടിടിക്കുമെന്ന് തെളിയുകയാണ്.
ഇത്തരത്തില്‍ ധൈര്യശാലികളായ പെണ്ണുങ്ങളുള്ള നാട്ടിലാണ് ബലാത്സംഗത്തിന് ഇരയായ പെണ്ണുങ്ങളെ ബലാത്സംഗികള്‍ക്കു തന്നെ വിവാഹം കഴിപ്പിച്ചയക്കുന്നത്. സമൂഹത്തിന്റെ ചോദ്യശരങ്ങളില്‍ നിന്നും രക്ഷപ്പെടാനായി സ്വയം തീര്‍ത്ത തടവറയില്‍ ഒതുങ്ങിക്കഴിയുന്നത്. ജീവിതം നശിച്ചുവെന്ന ചിന്തയില്‍ ആത്മഹത്യ ചെയ്യുന്നത്. താന്‍ ആക്രമിക്കപ്പെടാന്‍ കാരണം താനല്ലെന്ന ഉറച്ച നിലപാടും ക്രിമിനല്‍ തന്റെ ജീവിതത്തില്‍ ഇനി വേണ്ടെന്നു തീരുമാനിക്കാനുള്ള ചങ്കൂറ്റവും ഓരോ പെണ്ണും ആര്‍ജ്ജിച്ചേ തീരൂ.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975