കോതമംഗലത്തെയും പരിസരങ്ങളിലെയും സ്‌കൂള്‍ കിണറുകള്‍ മലിനമോ?

Thamasoma News Desk 

കോതമംഗലം പല്ലാരിമംഗലം സര്‍ക്കാര്‍ സ്‌കൂളില്‍, കിണറ്റില്‍ നിന്നും ഫില്‍റ്ററിലൂടെ എത്തിയ വെള്ളം കൂടിച്ച 20 കുട്ടികള്‍ ശര്‍ദ്ദിയും വയറിളക്കവുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതോടെ രക്ഷിതാക്കളുടെ മനസുകളില്‍ മറ്റൊരു സംശയം കൂടി ഉയരുകയാണ്. വെള്ളം സ്വാഭാവികമായി മലിനമായതോ അതോ ആരെങ്കിലും മലിനമാക്കിയതോ എന്ന സംശയം. കോതമംഗലത്തെ ഗ്രീന്‍ വാലി പബ്ലിക് സ്‌കൂളില്‍ ഓണക്കാലത്ത് 15 കുട്ടികള്‍ക്കാണ് സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. ഓണാഘോഷത്തോടനുബന്ധിച്ച് പായസം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത ചില കുട്ടികളാണ് കടുത്ത പനിയും, തലവേദനയും, തലക്കറക്കവും, ശര്‍ദ്ദിയും വയറിളക്കവുമായി ചികിത്സ തേടിയത്.

പല്ലാരിമംഗലം സ്‌കൂളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത് 20 കുട്ടികള്‍ക്കാണ്. രോഗം ബാധിച്ച മറ്റുകുട്ടികളെല്ലാം ആശുപത്രി വിട്ടുവെങ്കിലും ഒരാള്‍ ഇപ്പോഴും ചികിത്സയിലാണ്. കിണറിലെ വെള്ളം പരിശോധിക്കുന്നതിനായി ആരോഗ്യവകുപ്പില്‍ നിന്നും ഉദ്യോഗസ്ഥരെത്തി സാമ്പിളുകള്‍ ശേഖരിച്ചു. പരിശോധനാഫലം ഉടന്‍ അറിയാന്‍ കഴിയുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുനിത അറിയിച്ചു. ചില കുട്ടികള്‍ക്ക് പനിയും അനുഭവപ്പെട്ടിരുന്നു.

ഒന്നാം ക്ലാസ് മുതല്‍ വി എച്ച് എസ് സി വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. രോഗം ബാധിച്ച കുട്ടികളെല്ലാം മുതിര്‍ന്ന കുട്ടികളാണ്. ഇവര്‍ വീട്ടില്‍ നിന്നുമാണ് ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നത്. വീട്ടില്‍ നിന്നും കൊണ്ടുവന്ന വെള്ളം തീര്‍ന്നതിനാല്‍, സ്‌കൂളിലെ ഫില്‍റ്ററില്‍ നിന്നും വെള്ളം കുടിക്കുകയായിരുന്നു ഇവര്‍. ഗ്രീന്‍ വാലി പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ക്കും പല്ലാരിമംഗലം സ്‌കൂളിലെ കുട്ടികള്‍ക്കും സമാന രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടായത്.

നിരവധി ഷോപ്പുകളും ഭക്ഷണവിതരണ ശാലകളും അറവു ശാലകളും മാര്‍ക്കറ്റുകളും ഉള്‍പ്പെടുന്നതാണ് കോതമംഗലം. ഇവിടെ നിന്നുമുള്ള മാലിന്യങ്ങള്‍ ഏതെങ്കിലും വിധത്തില്‍ കുടിവെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടോ എന്നതും സംശയിക്കുന്നുണ്ട്. അറവുശാലയ്ക്കും മീന്‍ മാര്‍ക്കറ്റിലും മറ്റും വട്ടമിട്ടു പറക്കുന്ന കാക്കകളാണ് മാലിന്യങ്ങളുടെ പ്രധാന വിതരണക്കാര്‍. ഇത്തരത്തില്‍, മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടോ എന്നും സംശയിക്കുന്നു.

സ്‌കൂളില്‍ വച്ചുതന്നെ കുട്ടികള്‍ ഛര്‍ദ്ദിച്ചിരുന്നു. തൊട്ടടുത്ത് പല്ലാരിമംഗലം ആരോഗ്യകേന്ദ്രം ഉണ്ടായിട്ടും കുട്ടികളെ അവിടെ കാണിക്കാതെ രക്ഷിതാക്കളെ വിളിച്ചു വരുത്തിയതില്‍ പലരും നീരസം പ്രകടിപ്പിച്ചു.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

#Kothamangalam #SchoolsinKothamangalam #PallarimangalamHigherSecondarySchool #GreenvalleyPublicSchool

Leave a Reply

Your email address will not be published. Required fields are marked *