Jess Varkey Thuruthel
നെറികേടിന്റെ അവസാനത്തെ വാക്കായി അര്‍ജുന്റെ കുടുംബം മാറിയിരിക്കുന്നു! മനുഷ്യത്വമുള്ളവരുടെ ചെകിട്ടത്തുകൂടിയാണ് ആ കുടുംബം ആഞ്ഞടിച്ചിരിക്കുന്നത്!! കാണാമറയത്തായിപ്പോയ ജീവനക്കാരനെ കണ്ടെത്തുന്നതിനായി സ്വന്തം കുടുംബത്തെ മറന്ന്, ബിസിനസ് മറന്ന്, മക്കളെ മറന്ന് ഗംഗാവലിപ്പുഴയിലും പരിസരങ്ങളിലുമായി ഭ്രാന്തമായ മനസോടെ അലഞ്ഞൊരു മനുഷ്യനു കിട്ടിയ പ്രതിഫലം! കൊള്ളാം, എല്ലാം വളരെ മനോഹരം!!
അര്‍ജുനെ ഗംഗാവലിപ്പുഴയുടെ ആഴങ്ങളില്‍ നിന്നും കണ്ടെടുക്കും വരെ അവര്‍ക്ക് മനാഫിനെയും (Manaf) ഈശ്വര്‍ മാല്‍പെയെയും (Eswar Malpe) ആവശ്യമുണ്ടായിരുന്നു. ഇവര്‍ യൂട്യൂബ് ചാനലുണ്ടാക്കിയതും അതിലൂടെ വീഡിയോ ഇട്ടതും അവര്‍ അറിഞ്ഞിരുന്നു. അര്‍ജുന് എന്തു സംഭവിച്ചു എന്നറിയാന്‍ ആളുകള്‍ അതില്‍ കയറുന്നതും അറിഞ്ഞുരുന്നു. എന്നിട്ടും അര്‍ജുനെ കണ്ടെത്തും വരെ അവര്‍ മിണ്ടാതിരുന്നു! അര്‍ജുനെ കണ്ടെത്തിയേ തീരൂ എന്ന ദൃഢനിശ്ചയത്തോടെ ആ മനുഷ്യന്‍ മുന്നില്‍ നിന്നില്ലായിരുന്നെങ്കില്‍ ഇന്നും അര്‍ജുന്‍ ഗംഗാവലി പുഴയില്‍ അന്തിയുറങ്ങിയേനെ. അര്‍ജുനൊപ്പം കാണാതായ കര്‍ണാടക സ്വദേശികളായ രണ്ടുപേരെ ഇതേവരെയും കണ്ടെത്തിയിട്ടില്ല എന്ന സത്യം ഇവര്‍ മറക്കരുത്.
ഗംഗാവലിപ്പുഴയുടെ അടിയില്‍ 15 അടിതാഴ്ചയില്‍ മണ്ണില്‍ പുതഞ്ഞുകിടന്ന ലോറി അവിടെ നിന്നും കരയ്‌ക്കെത്തിക്കാനും അര്‍ജുന്റെ ശരീരം വീണ്ടെടുക്കാനും തിരച്ചില്‍ അവസാനിപ്പിച്ച ഘട്ടത്തിലെല്ലാം വീണ്ടും വീണ്ടും തെരയാനും മനാഫ് എന്ന മനുഷ്യന്‍ മുന്നിലുണ്ടായിരുന്നു. അര്‍ജുന്റെ അളിയനും അപ്പോള്‍ കൂടെ ഉണ്ടായിരുന്നിരിക്കാം. എങ്കിലും മനാഫ് ചെയ്തത് മഹത്തായ മനുഷ്യത്വത്തിന്റെ മാതൃകയാണ്. തന്റെ ലോറി പോകുന്നെങ്കില്‍ പോയ്‌ക്കോട്ടെ, എങ്കിലും അര്‍ജുനെ കണ്ടെടുക്കണം എന്ന നിലപാടായിരുന്നു ആദ്യം മുതല്‍ തന്നെ മനാഫ് പുലര്‍ത്തിയിരുന്നത്. ലോറി പോയാല്‍ ഇന്‍ഷുറന്‍സ് കിട്ടും. പക്ഷേ, കാണാതായ മനുഷ്യന് എന്തെങ്കിലും ആനുകൂല്യം ലഭിക്കണമെങ്കില്‍ മരിച്ചു പോയി എന്ന സ്ഥിരീകരണം ലഭിക്കണം. അതു കിട്ടാത്തിടത്തോളം കാലം ആ മനുഷ്യന്‍ കാണാതായവരുടെ പട്ടികയില്‍ മാത്രമാണ് പെടുക. എപ്പോഴെങ്കിലും മടങ്ങിയെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കാമെന്നു മാത്രം. കാലക്രമേണ, ആ പുഴയില്‍ നിന്നും കടലിലെത്തി എന്നെന്നേക്കുമായി കാണാതാകാനും സാധ്യതയുള്ളിടത്തു നിന്നുമാണ് ആ മനുഷ്യന്‍ തന്റെ ജീവിതവും ജീവനോപാധിയുമെല്ലാം മറന്ന് മഴയും വെയിലും കൊണ്ട്, നേരാംവണ്ണം ഉറങ്ങാതെ വിശ്രമമില്ലാതെ അര്‍ജുനെ കണ്ടെത്താന്‍ മുന്നില്‍ നിന്നത്. ഒടുവില്‍ ആ ദേഹം കണ്ടെത്തിയതിനു ശേഷം ആ കുടുംബം മനാഫിനോടു കാണിച്ചത് നെറികേടിന്റെ പരകോടിയാണ്.
തന്റെ ലോറി പോയാല്‍ ഇന്‍ഷുറന്‍സ് കിട്ടിയാല്‍ മതിയെന്നു കരുതി അദ്ദേഹത്തിന് സ്വന്തം കുടുംബത്തോടൊപ്പം ബിസിനസും നോക്കി ജീവിക്കാമായിരുന്നു. കാണാതായ തന്റെ ജീവനക്കാരനെ കണ്ടെത്താന്‍ ഇത്രയേറെ സഹനങ്ങളിലൂടെ കടന്നു പോകേണ്ടിയുമിരുന്നില്ല. അല്‍പമൊന്നു കണ്ണടച്ചിരുന്നെങ്കില്‍ എന്നേ കര്‍ണാടക സര്‍ക്കാര്‍ തിരച്ചിലവസാനിപ്പിക്കുമായിരുന്നു? എന്നിട്ടും കണ്ടെത്തിയേ അടങ്ങൂ എന്ന വാശിയോടെ ആ മനുഷ്യന്‍ നിന്നു.
മനാഫിനും ഈശ്വര്‍ മാല്‍പെയ്ക്കും ലഭിച്ച ജനപിന്തുണയാണ് അര്‍ജുന്റെ കുടുംബത്തെ ഭ്രാന്തു പിടിപ്പിച്ചിരിക്കുന്നത് എന്ന കാര്യം സുവ്യക്തമാണ്. യു ട്യൂബ് ചാനലുണ്ടാക്കി കുടുംബത്തിന്റെ വൈകാരികത വിറ്റ് മനാഫ് പണമുണ്ടാക്കുന്നു എന്നാരോപിക്കുന്ന കുടുംബമെന്തേ അതേ നിലപാട് ഇവിടെയുള്ള മാധ്യമങ്ങളോടു കാണിക്കാതിരുന്നത്? ഇത്രയേറെ പിന്തുണയോടുകൂടി മാധ്യമങ്ങളും ഇവര്‍ക്കൊപ്പം നിന്നിരുന്നല്ലോ. ആ വൈകാരികതകൊണ്ട് മാധ്യമങ്ങളും റേറ്റിംഗ് കൂട്ടിയിരുന്നല്ലോ. എന്തേ മാധ്യമങ്ങളെ വിമര്‍ശിക്കേണ്ടേ ഇവര്‍ക്ക്?
കേരളത്തിലുടനീളമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇന്നും നിരവധിപേര്‍ മണ്ണിനടിയില്‍ കിടക്കുകയാണ്. അവരുടെ പേരുപോലും ആരാലും ഓര്‍മ്മിക്കപ്പെടുന്നില്ല. എന്തിന് വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിലും എല്ലാവരെയും കണ്ടെടുത്തിട്ടില്ല. അതിഭീകരമായ ഉരുള്‍പൊട്ടലാണ് വയനാട്ടിലുണ്ടായത്. അര്‍ജ്ജുനു കിട്ടിയതിന്റെ പകുതി ജനപിന്തുണ പോലും അവിടെ കാണാതായവര്‍ക്കു കിട്ടിയില്ല. അര്‍ജുന്‍ ഒരു വികാരമായി നിലനില്‍ക്കാനുള്ള കാരണങ്ങളില്‍ മുന്‍പന്തിയില്‍ മനാഫും ഈശ്വര്‍ മാല്‍പെയും ഉള്‍പ്പെടും. കേരളത്തിലെ മനുഷ്യര്‍ അര്‍ജുനെ നെഞ്ചോടു ചേര്‍ത്തതില്‍ മാനാഫിനും വലിയ പങ്കുണ്ട്. പക്ഷേ, ആ സഹായങ്ങളെ ഇങ്ങനെ വിലകുറച്ചു കാണിക്കേണ്ടിയിരുന്നില്ല.
തനിക്കു മൂന്നുമക്കളുണ്ടെങ്കിലും അര്‍ജുന്റെ കുഞ്ഞിനെ നാലാമത്തെ മകനായി വളര്‍ത്തുമെന്ന വാക്കിലും തെളിഞ്ഞു നില്‍ക്കുന്ന മനുഷ്യനെ കാണാന്‍ അര്‍ജുന്റെ വീട്ടുകാര്‍ക്ക് കണ്ണില്ലാതെ പോയി. അര്‍ജുന്‍ മരിച്ച വകയില്‍ വച്ചു നീട്ടുന്ന സഹായങ്ങള്‍ വേണ്ട ജീവിക്കാനെന്നാണ് അവര്‍ പത്രസമ്മേളനത്തിലൂടെ പറഞ്ഞത്. ഭാര്യയ്ക്കു കിട്ടിയ ആ ജോലി പോലും അത്തരത്തിലുള്ള സഹായമാണ്, മറക്കരുത്.
സഹായം കിട്ടേണ്ട അനേകം മനുഷ്യരുണ്ട്. പക്ഷേ, പലരും പലരെയും സഹായിക്കാന്‍ മടിക്കുന്നതിനു പിന്നില്‍ ഒരേയൊരു കാരണമേയുള്ളു. തിരിച്ചു കിട്ടുന്ന നന്ദികേടാണത്. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുകയായിരുന്നുവെങ്കില്‍ മനാഫിന്റെ സഹായം ഇനി തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് അര്‍ജുന്റെ വീട്ടുകാര്‍ നേരത്തെ തന്നെ പറയണമായിരുന്നു. എല്ലാം സ്വീകരിച്ച്, അര്‍ജുനെയും കണ്ടെത്തിയ ശേഷം നടത്തുന്ന ഈ പൊറാട്ടു നാടകം കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല.
അര്‍ജ്ജുനെ കാണാതായപ്പോള്‍ മുതല്‍ കേരളത്തിലെ സര്‍ക്കാരിനു നേരെ പോലും പഴി ചാരിയവരാണവര്‍. കാണാതായതിന്റെ യാതൊരു ദു:ഖവും മുഖത്തില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചവര്‍. അതുതന്നെയാണ് ആ കുടുംബത്തിനെ പൊതുജനം വിമര്‍ശിക്കാനുണ്ടായ കാരണവും. ആ വിമര്‍ശനങ്ങളെല്ലാം ശരിയായ ലക്ഷ്യത്തിലാണ് ചെന്നുകൊണ്ടതെന്ന് ആ കുടുംബത്തിന്റെ ഏറ്റവുമവസാനത്തെ പത്രസമ്മേളനത്തില്‍ നിന്നും വ്യക്തമായിരിക്കുന്നു. പുരാണങ്ങളും മതദൈവങ്ങളുമെല്ലാം കെട്ടുകഥകള്‍ മാത്രമായിരിക്കാം. എന്നാലും അതില്‍ പ്രതിബാധിക്കുന്നതും നന്ദികെട്ട മനുഷ്യരുടെ നെറികേടുകളെക്കുറിച്ചാണ്. അര്‍ജുന്റെ ഭാര്യയും സഹോദരിയും ഭര്‍ത്താവും മറ്റുകുടുംബാംഗങ്ങളും എത്രത്തോളം മെഴുകിയാലും മനാഫെന്ന മനുഷ്യത്വത്തിന്റെ ഗ്രാഫ് കേരളമനസുകളില്‍ ഉയര്‍ന്നുതന്നെ നില്‍ക്കും.
…………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975