Jess Varkey Thuruthel
അവനു പ്രായം 30 വയസ്. വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷേ, അവന് ഒരു കുടുംബ ജീവിതം സാധ്യമല്ല, കാരണം, ഒരു പെണ്ണിനാല്‍ ഭരിക്കപ്പെടണമെന്നും ജനനേന്ദ്രിയത്തിലും മറ്റും പെണ്ണിന്റെ അടി വാങ്ങണമെന്നും ആഗ്രഹിക്കുന്ന ഒരു പ്രത്യേക തരം ലൈംഗികതയാണ് അവനുള്ളത്. അത്തരം ചിന്താഗതിയുള്ള ഒരു പുരുഷന് ഒരു പെണ്ണിനെയും വിവാഹം കഴിക്കാന്‍ സാധിക്കില്ല. അഥവാ സാധിച്ചാലും ലൈംഗിക ബന്ധം സാധ്യമല്ല. കാരണം, അവനെ സംബന്ധിച്ചിടത്തോളം അവന്റെ ലിംഗം വെറുതെ തൂങ്ങിക്കിടക്കുന്നൊരു അവയവം മാത്രം! അല്ലെങ്കില്‍, മൂത്രമൊഴിക്കാന്‍ വേണ്ടി മാത്രമുള്ള ഒരുപകരണം!!
അവന്‍ സ്വന്തം ലൈംഗികത തിരിച്ചറിഞ്ഞത് കൗമാര കാലത്താണ്. അക്കാലം മുതല്‍, നീണ്ട വര്‍ഷങ്ങളുടെ അന്വേഷണത്തിനിടയില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് അവന് സ്വന്തം ആഗ്രഹം സാധിക്കാനായത്. സ്ത്രീകളെ ശല്യം ചെയ്താല്‍ വനിതാ പോലീസില്‍ നിന്നെങ്കിലും അടിവാങ്ങാമെന്ന് അവന്‍ മോഹിച്ചു. പക്ഷേ, അവനെ എടുത്തിട്ടടിച്ചതാകട്ടെ പുരുഷ പോലീസും! ആഗ്രഹം സാധിച്ചില്ലെന്നു മാത്രമല്ല, പെണ്ണുപിടിയനെന്ന പേരും കിട്ടി, മാനവും പോയി, പിന്നാലെ കേസും.
ജനനേന്ദ്രിയത്തിലും അടിവയറ്റിലും നെഞ്ചിലുമെല്ലാം സ്ത്രീകളുടെ ഇടിയും ചവിട്ടുമെല്ലാം കിട്ടണമെന്നും ആ വേദനയാണ് തങ്ങളുടെ സുഖമെന്നും കരുതുന്ന അനേകമനേകം പുരുഷന്മാരുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തില്‍. ഈ സമൂഹത്തിന്റെ പ്രതികരണങ്ങളെ ഭയന്ന്, സ്വന്തം ലൈംഗിക ചോദനകളെ മനസിലടക്കി ജീവിക്കുന്ന നിരവധി പേര്‍. ഒരുപക്ഷേ, ജീവിതത്തിലൊരിക്കല്‍പ്പോലും തങ്ങളുടെ ആഗ്രഹം സാധിക്കില്ലെന്ന് അവര്‍ക്കറിയാം.
ഓരോ മനുഷ്യന്റെയും ലൈംഗികത വ്യത്യസ്ഥമാണ്. ആണും പെണ്ണും തമ്മിലുള്ള ലൈംഗികതയാണ് കൂടുതല്‍ മനുഷ്യരിലും കാണാനുള്ളത്. അതിനാല്‍, അതുമാത്രമാണ് ശരിയായിട്ടുള്ളത് എന്ന് തീരുമാനിക്കുന്നതെങ്ങനെ? മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന ഒരുവനെയോ ഒരുവളെയോ വിവാഹം കഴിക്കുന്ന ആ പഴയ വിവാഹ രീതിയില്‍ നിന്നും കാലം മാറിയിട്ടുണ്ട്. പക്ഷേ, അപ്പോഴും സ്വന്തം ലൈംഗികത ഏതെന്നു തിരിച്ചറിഞ്ഞ്, അതിനുതകുന്ന ഇണയെ കണ്ടെത്തി അവര്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല.
ആണ്‍ശരീരത്തോടു കൂടി ജനിക്കേണ്ടി വന്ന പെണ്‍മനസുകളുണ്ട്. പെണ്‍ശരീരത്തില്‍ പെട്ടുപോയ ആണ്‍ മനസുകളും. സാമ്പത്തിക ചെലവുകളും സങ്കീര്‍ണ്ണതകളും നിരവധിയുണ്ടെങ്കിലും ആണിനു പെണ്ണാവാനും പെണ്ണിന് ആണാവാനും ഇവിടെ കഴിയും. അത്തരത്തില്‍ ലിംഗമാറ്റം നടത്തി സ്ത്രീയും പുരുഷനുമായ ശേഷം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുകയുമാവാം. പക്ഷേ, പെണ്‍ശരീരവുമായി ഇണചേരാന്‍ ആഗ്രഹിക്കുന്ന പെണ്ണും ആണ്‍ശരീരവുമായി ഇണ ചേരാന്‍ ആഗ്രഹിക്കുന്ന ആണും എന്തു ചെയ്യും? അവര്‍ക്ക് ഒന്നാവാന്‍, ഒരുമിച്ചു ജീവിക്കാന്‍, ഒരു കുടുംബമാവാന്‍, ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ഇവിടെ നിയമം അനുവദിക്കുന്നില്ല.
ലൈംഗികതയെക്കുറിച്ചു ചിന്തിക്കുന്നതു പോലും പാപമെന്നു കരുതുന്ന നാട്ടില്‍, സ്വന്തം ലൈംഗികതയെക്കുറിച്ച് തുറന്നു പറയാന്‍ ആരാണ് ധൈര്യപ്പെടുന്നത്? അങ്ങനെ ചെയ്തവരെയെല്ലാം കൊടുംകുറ്റവാളികളെപ്പോലെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും മാറ്റിനിറുത്തുകയും ചെയ്തവരുടെ നാടാണിത്.
വിവാഹമെന്നത് ഓരോ മനുഷ്യന്റെയും ജീവിതാവസാനം വരെ നീണ്ടു നില്‍ക്കുന്ന ഒരു കരാറാണ്. ആ തീരുമാനമെടുക്കേണ്ടത് ഒരുമിച്ചു ജീവിക്കുന്നവര്‍ തന്നെയാണ്. പക്ഷേ, വിവാഹം കഴിക്കാന്‍ പോകുന്ന ആളുമായി തങ്ങളുടെ ലൈംഗികത ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് യോജിച്ചു പോകാന്‍ കഴിയുമെങ്കില്‍ മാത്രം വിവാഹം കഴിക്കുന്ന എത്ര പേരുണ്ട്? പ്രണയമായാലും അറേഞ്ച്ഡ് മാര്യേജ് ആയാലും സൗന്ദര്യവും പണവും ജോലിയും തറവാട്ടു മഹിമയുമെല്ലാമാണ് ഇന്നും വിവാഹത്തിന്റെ ആധാര ശില. ജാതകം ചേരുമോ എന്ന അന്വേഷണത്തിനു പകരം പരസ്പര പൂരകങ്ങളാകുമോ എന്ന ചിന്തയോ ചര്‍ച്ചകളോ ഒരിടത്തുമില്ല.
പുറത്തു പറയാന്‍ കഴിയാത്ത ലൈംഗിക വ്യത്യസ്ഥത മൂലം ജീവിതം നരക തുല്യമാകുന്ന നിരവധി പേരുണ്ട്. പെണ്‍ശരീരത്തോടു ചേരാന്‍ ആഗ്രഹിക്കുന്ന പെണ്ണിനെ ആണ്‍ശരീരത്തോടു ചേര്‍ത്തു വച്ചിട്ടും ആണ്‍ശരീരത്തോടു ചേരാന്‍ ആഗ്രഹിക്കുന്നവരെ പെണ്‍ശരീരത്തോടു ചേര്‍ത്തു വച്ചിട്ടും ഇവിടെ എന്തു നേടാനാണ്? വിവാഹം കഴിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്വവര്‍ഗ്ഗാനുരാഗികളെ അതിനനുവദിച്ചാല്‍ ഇവിടെ ഒരാകാശവും ഇടിഞ്ഞു വീഴാന്‍ പോകുന്നില്ല.
ഏതു രീതിയിലുള്ളതുമായിക്കൊള്ളട്ടെ, ലൈംഗികതയില്‍ ഏര്‍പ്പെടുക എന്നത് ഓരോ ജീവവര്‍ഗ്ഗത്തിന്റെയും പ്രാഥമിക ആവശ്യമാണ്. അതിനു സാധിക്കാതെ വന്നാല്‍, അവര്‍ ചിലപ്പോള്‍ മറ്റേതെങ്കിലും വിധത്തില്‍ മനുഷ്യരെയോ മറ്റു ജീവികളെയോ ദ്രോഹിച്ചേക്കാം. മറ്റാര്‍ക്കും ദ്രോഹം ചെയ്യാത്തിടത്തോളം കാലം ഈ വിഭാഗത്തില്‍പെട്ടവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ അനുവദിക്കപ്പെടുക തന്നെ വേണം. അതിനു തടസം നില്‍ക്കുന്നത് മതമായാലും നിയമമായാലും പൊളിച്ചെഴുതുക തന്നെ വേണം.