വിമര്‍ശനമാകാം, പക്ഷേ, ഭാഷ ചെകുത്താനാകരുത്‌

Jess Varkey Thuruthel

വിമര്‍ശനം, അഭിപ്രായ പ്രകടനം ഇതിനു രണ്ടിനുമുള്ള സ്വാതന്ത്ര്യത്തിന് ഇതുവരെയും യാതൊരു കോട്ടവും സംഭവിക്കാത്തൊരു നാടു തന്നെയാണ് ഇന്നും കേരളം. പക്ഷേ, വിമര്‍ശനമെന്ന പേരില്‍ നടക്കുന്ന അസഭ്യവര്‍ഷവും തരംതാണ ഭാഷയും താറടിച്ചു കാണിക്കലും വ്യക്തിഹത്യയും എങ്ങനെയാണ് വിമര്‍ശനത്തിന്റെയും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരുന്നത്?

യൂ ട്യൂബ് ചാനല്‍ നടത്തുന്ന സൂരജ് പാലാക്കാരന്‍ മറ്റൊരു ചെകുത്താനാണ് (Chekuthan). വിമര്‍ശനത്തിന്റെ പേരില്‍ അയാള്‍ പ്രയോഗിക്കുന്ന ഭാഷ പബ്ലിക് ടോയ്‌ലറ്റിനെക്കാള്‍ മോശം. അയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നാണ്. പക്ഷേ അന്തസുള്ള മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ പോലും ഇത്തരം മോശം ഭാഷ ഉപയോഗിക്കില്ല, അതിനവര്‍ക്കു കഴിയുകയുമില്ല. ഇത്തരത്തില്‍, ടോയ്‌ലറ്റ് ടാങ്കില്‍ വളരുന്ന കൃമികള്‍ക്കു മാത്രമേ ഇത്തരം അധിക്ഷേപങ്ങളും വ്യക്തിഹത്യകളും നടത്താന്‍ സാധിക്കുകയുള്ളു.

അജു അലക്‌സ്, സൂരജ് പാലക്കാരന്‍, അഖില്‍ മാരാര്‍, തുടങ്ങി സ്വയം എന്തൊക്കെയോ ആണെന്നു കരുതുന്ന കുറച്ചു മനുഷ്യര്‍. സോഷ്യല്‍ മീഡിയയില്‍ കുറച്ചു വീഡിയോകള്‍ ചെയ്ത് നാലു പുത്തന്‍ കൈയില്‍ വരുമ്പോള്‍ തങ്ങളെന്തോ മുന്തിയ ഇനമാണെന്നു സ്വയം കരുതുന്നവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വന്‍ പ്രചാരണം അഴിച്ചു വിട്ട അഖില്‍ മാരാര്‍ ഈ സമൂഹത്തോടു ചെയ്ത ദ്രോഹം സമാനതകളില്ലാത്തതാണ്. അയാളുടെ വാക്കുകേട്ട് ഒരു വ്യക്തിയെങ്കിലും സര്‍ക്കാര്‍ ദുരിതാശ്വാസത്തിലേക്കു പണം നല്‍കുന്ന തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് ഈ കേരളം മാപ്പു നല്‍കില്ല.

ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തെയപ്പാടെ അപമാനിച്ചു കൊണ്ട് സൂരജ് പാലാക്കാരന്‍ ചെയ്ത ചില വീഡിയോകളുണ്ട്. കൊല്ലത്തെ ഒലീവിയ ഡിസൈന്‍സിനെ വിമര്‍ശിച്ചു കൊണ്ട് സൂരജ് ചെയ്ത വീഡിയോയിലാണ് ഇത്തരത്തില്‍ വളരെ മോശം പരാമര്‍ശമുള്ളത്. ഒലീവിയ ഡിസൈന്‍സിനെ അയാള്‍ക്കെന്നല്ല, ആര്‍ക്കും വിമര്‍ശിക്കാം. പക്ഷേ, പ്രയോഗിക്കുന്ന ഭാഷ സഭ്യമായിരിക്കണം. മറ്റൊരാളെ വിമര്‍ശിക്കാന്‍ മ്ലേച്ഛമായ രീതിയില്‍ സംസാരിക്കുന്നത് എന്തിന്?

ഇത്തരം വിമര്‍ശനങ്ങളെ കണ്ടില്ലെന്നു നടിച്ചാല്‍പ്പോരെ എന്നു പലരും അഭിപ്രായപ്പെടുന്നുണ്ട്. അവരവരെ പറയുമ്പോള്‍ മാത്രമേ അത് എത്രത്തോളം വേദനാജനകമാണെന്നു മനസിലാകുകയുള്ളു. വീഡിയോകളിലൂടെയാണ് അജുവും സൂരജുമെല്ലാം അഖിലുമെല്ലാം വിമര്‍ശിക്കുന്നത്. പക്ഷേ സോഷ്യല്‍ മീഡിയ വഴി അപമാനിക്കപ്പെടുന്നവര്‍ എത്രയോ അധികമാണ്. ഈ അധിക്ഷേപങ്ങള്‍ക്കൊന്നും ഒരു പോലീസും കേസെടുക്കില്ല. അങ്ങനെ കേസെടുക്കാന്‍ അവര്‍ക്ക് അധികാരവുമില്ല. അതിനാല്‍, സോഷ്യല്‍ മീഡിയ വഴി സ്വന്തം വായിലൂടെ തന്റെ ടോയ്‌ലറ്റ് മാലിന്യമപ്പാടെ ഒഴുക്കിവിടുകയാണ് ഇത്തരം നീച ജന്മങ്ങള്‍.

അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം അപരന്റെ മൂക്കിന്‍ തുമ്പുവരെ മാത്രമാണെന്നിരിക്കെ അതിനുമപ്പുറം കടന്ന് വീട്ടകങ്ങളിലേക്കും വ്യക്തി ജീവിതത്തിലേക്കും കടന്നാക്രമണം നടത്തുകയാണിവര്‍. സ്വന്തം ചാനല്‍ തുടങ്ങിയ നാള്‍ മുതലിന്നോളം ഇവര്‍ ചെയ്യുന്നതും ഇത്തരം അധിക്ഷേപങ്ങളാണ്. ഇങ്ങനെ വ്യക്തിഹത്യ നടത്തി കിട്ടുന്ന പണത്തില്‍ ഒരു പങ്ക് ചാരിറ്റിക്കായി ഉപയോഗിക്കുന്നു. അതോടെ ചെയ്ത പാപവും ദ്രോഹവും തീര്‍ന്നു പൊയ്‌ക്കൊള്ളുമെന്ന് ഇവര്‍ കരുതുന്നു. നാണംകെട്ടും പണം നേടിയാല്‍ മതി, ആ നാണക്കേട് പണം തീര്‍ത്തുകൊള്ളുമെന്ന നെറികെട്ട നിലപാട്.

അഖില്‍ മാരാര്‍, സൂരജ് പാലാക്കാരന്‍, അജു അലക്‌സ് എന്ന ചെകുത്താന്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തതിനെതിരെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നു എന്ന പേരിലാണ് വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത്. ഇവര്‍ നടത്തുന്നത് അഭിപ്രായങ്ങളോ വിമര്‍ശനങ്ങളോ അല്ല, മറിച്ച് ഈ നാടിനു തന്നെ ദ്രോഹം ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങളാണ്. അതിനിവര്‍ ഉപയോഗിക്കുന്ന ഭാഷ തന്നെയാണ് പ്രശ്‌നവും. മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാമെന്നിരിക്കെ എന്തിനിവര്‍ ഇത്തരത്തില്‍ അധമഭാഷാ പ്രയോഗങ്ങള്‍ നടത്തുന്നു?

അഖില്‍ മാരാര്‍ എന്ന വ്യക്തിയെ മനുഷ്യനായിപ്പോലും പരിഗണിക്കാന്‍ സാധിക്കുകയില്ല. ബിഗ് ബോസ് വിന്നറായി എന്ന ഒറ്റക്കാരണത്താല്‍ താന്‍ ചെയ്യുന്നതെല്ലാം ശരി എന്നാണ് അയാള്‍ കരുതുന്നത്. താന്‍ ബിഗ് ബോസില്‍ വന്നത് കഴിവുണ്ടായിട്ടും മറ്റുള്ളവര്‍ വന്നത് തുണിയുരിഞ്ഞിട്ടുമെന്നാണ് അഖില്‍ മുന്‍പ് പറഞ്ഞിട്ടുള്ളത്. ലുലു മാളില്‍ തുണിയുരിഞ്ഞ പരിചയം പണ്ടേയുള്ളതിനാലാവാം ഇത്ര കൃത്യമായി പറയാന്‍ അഖിലിനു സാധിക്കുന്നത്.

ഇവരൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് എന്ന പേര്‍ സ്വയം ഏറ്റെടുത്തിരിക്കുന്നത്? മര്യാദയ്ക്കു നടക്കുന്ന ചിലരുടെ മനസിലേക്കെങ്കിലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ പാകുന്നതിന്‌റെ പേരിലോ? ചിലരുടെ ജീവിതമെങ്കിലും തുലച്ചു കളയാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങളുടെ പേരിലോ? മറ്റുള്ളവരുടെ അന്തസും അഭിമാനവും തെരുവില്‍ വലിച്ചു കീറുന്നതിന്റെ പേരിലോ? എന്തുപറഞ്ഞാലും റാന്‍ മൂളാന്‍ കുറച്ചു ഫാന്‍സ് കൂടെയുണ്ട് എന്നത് വായില്‍ വരുന്ന അസഭ്യവര്‍ഷം പൊതുസമൂഹത്തില്‍ നടത്തരുത്. ഇത്രത്തില്‍ തെറിയഭിഷേകം നടത്താന്‍ അതു കേള്‍ക്കുന്നവര്‍ ഇവരുടെ വീട്ടിലുള്ളവരല്ല. ഇവരുടെ ചെലവില്‍ ജീവിക്കുന്നവരുമല്ല. വിമര്‍ശനമാകാം, അത് വസ്തുതകളുടെ അടിസ്ഥാനത്തില്‍ സഭ്യമായ ഭാഷയില്‍ ആയിരിക്കണം. അല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിട്ടേ തീരൂ.
…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

2 thoughts on “വിമര്‍ശനമാകാം, പക്ഷേ, ഭാഷ ചെകുത്താനാകരുത്‌

  1. ലോകം കൈവെള്ളയിൽ ഉതകുന്ന കാലത്തു ഓരോ മനുഷ്യരും ഓരോരോ മീഡിയ ആകുന്നതിന്റെ പ്രതീകമാണിത് …അടച്ചിട്ടിരിക്കുന്ന ഒരു മുറിയിലിരുന്ന് ആർക്കും എന്തും പറയാം എന്ന അവസ്ഥ ജനാധിപത്യത്തിനോ അതിനപ്പുറമുള്ള വ്യവ്യക്തി സ്വാതന്ത്ര്യത്തിനോ ഭൂഷണമല്ല ..കാമ്പുള്ള വിമര്ശനമാകാം ..അതിനപ്പുറമുള്ള വ്യക്തിപരമായ പരാമർശങ്ങൾ മാധ്യമ വ്യക്തി-സ്വാതന്ത്ര്യത്തിനു ഉതകുന്നതല്ല ..

    1. അതേ, സഭ്യമായ ഭാഷയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ എന്തിന് വ്യക്തിഹത്യകള്‍…

Leave a Reply

Your email address will not be published. Required fields are marked *