താങ്കളുടെ മടിശീലയ്ക്കു കനമുണ്ട് കൂറിലോസ് തിരുമേനീ!

Zachariah & Jess Varkey

യാക്കോബായ സഭയുടെ മുന്‍ ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് (Metropolitan Dr Geevarghese Mar Coorilose) സൈബര്‍ തട്ടിപ്പുകാര്‍ക്ക് 15 ലക്ഷം രൂപ കൈമാറിയത്രെ! മിതവാദി, ലളിത ജീവിതം നയിക്കുന്ന വ്യക്തി, നിരണം ഭദ്രാസനാധിപന്‍ എന്ന സ്ഥാനം സ്വയം ത്യജിച്ച മഹത് വ്യക്തിത്വം, ഇങ്ങനെയെല്ലാമാണ് നാളിതുവരെ മാര്‍ കൂറിലോസിനെ വിശേഷിപ്പിച്ചിരുന്നത്. ഇത്രയും വലിയ സ്ഥാനത്തിരുന്ന ഒരു വ്യക്തിയെ പറ്റിക്കാന്‍ കഴിഞ്ഞ സൈബര്‍ തട്ടിപ്പുകാര്‍ ബുദ്ധി കൂടിയ ഇനമാണ് എന്നെല്ലാം പറഞ്ഞുവയ്ക്കുന്നുണ്ട് പലരും. കൂറിലോസും അതുതന്നെ പറയുന്നു, അവര്‍ പറയുന്നതു കേട്ടാല്‍ തട്ടിപ്പാണെന്നു തോന്നുകയേയില്ല എന്ന്! പക്ഷേ മാധ്യമങ്ങള്‍ക്കു മുന്നില്‍ മാര്‍ കൂറിലോസ് നടത്തിയ വിശദീകരണത്തിന്റെ ഓരോ വരിയിലും ഇതൊരു തട്ടിപ്പാണെന്ന് വ്യക്തമാകുന്നുണ്ട്. എന്നിട്ടും കൂറിലോസ് തിരുമേനിക്കതു മനസിലായില്ലത്രെ! അദ്ദേഹം പറ്റിക്കപ്പെട്ടതില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പക്ഷേ, താങ്കളുടെ മടിശീലയ്ക്കു കനമുണ്ടെന്നു പറയാതെ വയ്യല്ലോ തിരുമേനീ…

ഓഗസ്റ്റ് രണ്ടിനാണ് സംഭവങ്ങളുടെ തുടക്കമെന്ന് മാര്‍ കൂറിലോസ് പറയുന്നു. വീഡിയോ കോളിലൂടെ ഇദ്ദേഹത്തെ വിളിച്ചവര്‍ തങ്ങള്‍ സി ബി ഐയില്‍ നിന്നാണെന്നും സൈബര്‍ പോലീസില്‍ നിന്നാണെന്നും പറയുന്നു. മുംബൈയിലെ കാനറ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും അതുവഴി അനധികൃതമായി പണമിടപാടു നടക്കുന്നുണ്ടെന്നും അതിനെത്തുടര്‍ന്ന് മുംബൈയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് മുംബൈയില്‍ എത്തണമെന്നും ആവശ്യപ്പെടുന്നു. തനിക്ക് കേരളത്തിലല്ലാതെ വേറെ ഒരിടത്തും അക്കൗണ്ട് ഇല്ലെന്നും ഇത് കള്ളക്കേസാണെന്നും മാര്‍ കൂറിലോസ് വ്യക്തമാക്കുന്നു. പക്ഷേ കേസ് രജിസ്റ്റര്‍ ചെയ്ത സ്ഥിതിക്ക് അത് തീര്‍പ്പാക്കണമെന്നും താങ്കള്‍ കുറ്റക്കാരനല്ലെങ്കില്‍ വിര്‍ച്വല്‍ കോടതി വഴി കേസ് വാദിച്ച് കേസ് തീര്‍പ്പാക്കാമെന്നും അതിനായി പണം നല്‍കണമെന്നും ആവശ്യപ്പെടുന്നു. തട്ടിപ്പുകാര്‍ തന്നെ ഒരു കോടതി മുറി സെറ്റാക്കുന്നു, മാര്‍ കൂറിലോസിനെ വിചാരണ ചെയ്യുന്നു, കൂറിലോസ് തന്റെ എല്ലാ ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സും കൈമാറുന്നു, അക്കൗണ്ടിലുള്ള 13 ലക്ഷം നല്‍കാന്‍ ആവശ്യപ്പെടുന്നു. അതു നല്‍കുന്നു, പിന്നെയും പണം ചോദിച്ചു, മറ്റൊരു പുരോഹിതനില്‍ നിന്നും വാങ്ങി 1.70 ലക്ഷം കൂടി നല്‍കുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ തട്ടിപ്പു മനസിലാക്കി കേരളത്തില്‍ പോലീസില്‍ പരാതി നല്‍കുന്നു. ഇതാണ് മാര്‍ കൂറിലോസ് പറഞ്ഞതിന്റെ സാരാംശം.

തനിക്ക് മുംബൈയില്‍ ബാങ്ക് അക്കൗണ്ട് ഇല്ലെന്നും താന്‍ തെറ്റായി യാതൊന്നും ചെയ്തിട്ടില്ലെന്നും ഉത്തമ ബോധ്യമുള്ള മാര്‍ കൂറിലോസ് എന്തുകൊണ്ട് ഇവിടെയുള്ള പോലീസിനെയോ മറ്റ് അന്വേഷണ ഏജന്‍സികളെയോ ബന്ധപ്പെട്ടില്ല? ബാത്ത്‌റൂമില്‍ പോകുമ്പോള്‍ പോലും വീഡിയോ കോളിലായിരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു. ആ ഫോണിന്റെ കണ്‍ട്രോളും ഈ തട്ടിപ്പുകാരുടെ കൈയിലാണ് എന്നാണോ ഇദ്ദേഹം കരുതിയത്? ആ കോള്‍ കട്ട് ചെയ്ത്, ഫോണും സ്വിച്ച് ഓഫ് ചെയ്ത്് ഇവിടുള്ള അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെടാന്‍ അദ്ദേഹം തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്?

സഭയുടെ തലവനായിരുന്ന ഒരു വ്യക്തി എന്തിന് ഇങ്ങനെ പേടിക്കണം? അതും താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല എന്ന് ആണയിട്ടു പറയുന്ന, ലളിത ജീവിതം നയിക്കുന്ന മാര്‍ കൂറിലോസിനെപ്പോലുള്ള ഒരാള്‍? വിര്‍ച്വല്‍ അറസ്റ്റ് എന്നാല്‍ എന്താണ് എന്ന് നാളിതുവരെ ആരും കേട്ടിട്ടില്ല. ഫിസിക്കല്‍ അറസ്റ്റ് ആയിരുന്നു അതെങ്കില്‍, മാര്‍ കൂറിലോസിനെ ഒരു മുറിയിലിട്ടു പൂട്ടി, ഫോണും കൈയില്‍ നിന്നു വാങ്ങിയെടുത്ത് പണം ആവശ്യപ്പെട്ടു എന്നും അതു കൊടുത്തു എന്നും പറഞ്ഞാല്‍ മനസിലാക്കാവുന്ന കാര്യമേയുള്ളു. പക്ഷേ, വളരെ നിസ്സാരമായി ഫോണ്‍കോള്‍ കട്ടു ചെയ്താല്‍ തീരാവുന്ന ഒരു പ്രശ്‌നത്തിന് എന്തിന് ഈ മനുഷ്യന്‍ നിന്നു കൊടുത്തു? എന്താണ് ഇദ്ദേഹത്തിനു മറയ്ക്കാനുള്ളത്?

മാര്‍ കൂറിലോസിന്റെ അഭിമുഖത്തിനായി വിളിച്ചപ്പോള്‍ താന്‍ ഒരു മാധ്യമത്തിനും അഭിമുഖം നല്‍കുന്നില്ല എന്നു പറഞ്ഞ കൂറിലോസിനെ പിന്നീടു കണ്ടത് മനോരമയുടെ സ്‌പെഷ്യല്‍ അഭിമുഖത്തിലാണ്. ഏതു മാധ്യമത്തിന് അഭിമുഖം നല്‍കണം, ഏതിനു നല്‍കരുത് എന്നെല്ലാം കൃത്യമായി അറിയുന്ന മാര്‍ കൂറിലോസിന് ഈ ഫോണ്‍ കോള്‍ വിച്ഛേദിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ട്?

മാര്‍ കൂറിലോസിനു വ്യക്തമായിട്ടറിയാം, തട്ടിപ്പിന് ഇരയായി എന്ന പരാതി നല്‍കിയാല്‍ അക്കാര്യത്തില്‍ മാത്രമാണ് അന്വേഷണം നടത്തുക എന്ന്. അല്ലാതെ മെത്രാന്മാരും സഭാ തലവന്മാരുമെല്ലാം അടിച്ചുമാറ്റി് പൂഴ്ത്തിവച്ചിരിക്കുന്ന കോടികളുടെ കണക്കെടുക്കാന്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥരും മുതിരില്ല. ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഒരു സര്‍ക്കാരും തയ്യാറാവില്ല. കാരണം, തലയ്ക്കു വെളിവില്ലാത്ത, പറയുന്നതെന്തും അനുസരിക്കുന്ന വിശ്വാസികളെന്ന ഈയ്യാംപാറ്റകളാണ് മതസ്ഥാപനങ്ങളുടെ തുറുപ്പു ചീട്ട്. തങ്ങള്‍ക്കെതിരെ തീരുമാനമെടുത്ത പാര്‍ട്ടിക്കോ നേതാവിനോ ഇനി വോട്ടില്ല എന്നു പറഞ്ഞാല്‍ അവിടെ അവസാനിക്കും ഏതന്വേഷണവും. കാരണം അധികാരവും സ്ഥാനമാനങ്ങളും തന്നെയാണ് ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളുടെ ലക്ഷ്യം. സുഖവും പണവും സ്ഥാനമാനങ്ങളും കൈവിട്ടു കളയാന്‍ ആഗ്രഹിക്കാത്ത മതനേതാക്കള്‍ അവയ്ക്കു വേണ്ടി സര്‍ക്കാരുകളെ വിലയ്ക്കു വാങ്ങും, വരച്ച വരയില്‍ നിറുത്തുകയും ചെയ്യും.

മാര്‍ കൂറിലോസിനെ പേടിപ്പിക്കത്തക്കവിധത്തില്‍, ചോദിച്ച മാത്രയില്‍ 15 ലക്ഷം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കാന്‍ തക്ക വിധത്തില്‍ എന്തുകാര്യമായിരിക്കും തട്ടിപ്പുകാര്‍ കൂറിലോസിനോടു പറഞ്ഞിട്ടുണ്ടാവുക? തീര്‍ച്ചയായും അതു കൂറിലോസ് പറഞ്ഞതു പോലെ തന്റെ പേരുപയോഗിച്ച് മറ്റാരോ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നതാവില്ല അത്. കേസ് എങ്ങനെയും അവസാനിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ പണം കൈമാറിയത് എന്ന മാര്‍ കൂറിലോസിന്റെ മറുപടി അത്ര നിഷ്‌കളങ്കവുമല്ല. കൂറിലോസിനെ വിറപ്പിക്കുന്ന മറ്റെന്തോ കാരണം തന്നെയാണ് ആ പണം കൈമാറാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അത് അന്വേഷിച്ചു കണ്ടെത്താന്‍ ഏത് അന്വേഷണ ഉദ്യോഗസ്ഥരാണ് തയ്യാറാവുക??

പുരോഹിതന്മാര്‍ക്കിടയിലും ചില വിവരദോഷികളുണ്ടെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ കൂറിലോസിനെ വിശേഷിപ്പിച്ചത്. ഈ തട്ടിപ്പിന് ഇരയായതിലൂടെ ഇദ്ദേഹം വിവര ദോഷിയോ വിഢിയോ പുണ്യാളനോ ഒന്നുമല്ലെന്ന് അടിവരയിടുകയാണ്. മടിശീലയ്ക്കു കനമുള്ള, ഒളിപ്പിക്കാന്‍ വളരെയേറെയുള്ള പുരോഹിതന്‍ തന്നെയാണിദ്ദേഹം. അല്ലായിരുന്നെങ്കില്‍ അക്കൗണ്ടില്‍ കിടന്ന 15 ലക്ഷമെടുത്ത് കേസ് തീര്‍ക്കാന്‍ ഇദ്ദേഹം ശ്രമിക്കില്ലായിരുന്നു.

തട്ടിപ്പുകാരെ പിടികൂടണം, ഒപ്പം ഇദ്ദേഹത്തെയും ഇവരെപ്പോലുള്ള മതമേലധ്യക്ഷന്മാരുടെ പണമിടപാടുകളും അന്വേഷണ വിധേയമാക്കണം.
…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *