Zachariah
ദേശീയ മാധ്യമങ്ങള്‍ പോലും മുട്ടിലിഴഞ്ഞ് മോദി സ്തുതി പാഠകരായി മാറിയപ്പോള്‍, ജനാധിപത്യത്തിന് ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ലെന്ന് കരുതിയവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും. പക്ഷേ, നിശ്ചയധാര്‍ഢ്യത്തോടെ, നിര്‍ഭയം പരിശ്രമിച്ചാല്‍ ഒരൊറ്റ വ്യക്തി മതി ഒരു രാജ്യത്തിന്റെ രക്ഷയ്‌ക്കെന്നു തെളിയിച്ച കരുത്തിന്റെ പ്രതീകമാണ് ധ്രുവ് റാത്തി (Dhruv Rathee). അതായത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാള്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രൂരമായ ആക്രമണങ്ങള്‍ നടത്തി, അവരെ നഗ്നരായി തെരുവില്‍ നടത്തിച്ച്, വരേണ്യവര്‍ഗ്ഗത്തിന്റെ വെറുപ്പിന്റെ അജണ്ട നടപ്പാക്കി ഇന്ത്യയില്‍ വര്‍ഗ്ഗീയ വിഷം നിറച്ചവര്‍ക്കെതിരെ ചെറുവിരല്‍ പോലുമനക്കാന്‍ സാധിക്കില്ലെന്നു കരുതിയിടത്തു നിന്നും ഒരു ചെറുപ്പക്കാരന്‍ ഇന്ത്യയുടെ ആത്മാഭിമാനവും അന്തസും മതേതരത്വവും കാത്തു പരിപാലിച്ചിരിക്കുന്നു!
ഇന്ത്യയുടെ മതേതരത്വം തകര്‍ത്ത്, ജനങ്ങളെ തമ്മിലടിപ്പിച്ച് ആ ചോരയ്ക്കു മുകളില്‍ രാമരാജ്യം പടുത്തുയര്‍ത്തി, മൂന്നാമതൊരു ചരിത്ര വിജയം കാത്തിരുന്നവര്‍ക്കുമേല്‍ ഇടിത്തീ വീണിരിക്കുന്നു! രാമനു ക്ഷേത്രം പണിത അയോധ്യയില്‍നിന്നുപോലും കിട്ടിയത് ചെകിടടച്ചുള്ള അടിയാണ്. ഇന്ത്യയിലെ കോടിക്കണക്കായ മതേതര ജനാധിപത്യ രാഷ്ട്രീയ ബോധമുള്ള മനുഷ്യരെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ച് എക്കാലവും വിജയം കൊയ്യാമെന്ന് കണക്കുകൂട്ടിയ ബി ജെ പി – സംഘപരിവാര്‍ ശക്തികള്‍ക്കു പിഴച്ചു. ഇന്ത്യന്‍ മഹാരാജ്യത്തിന്റെ എക്കാലത്തെയും വലിയ ഏകാധിപതിയാകാനുള്ള വര്‍ഗ്ഗീയതയുടെ നെറുകയില്‍ തന്നെ അടി വീണിരിക്കുന്നു. അതിനെല്ലാം പിന്നില്‍ നിന്ന ഏറ്റവും വലിയ ശക്തിയാകട്ടെ ധ്രുവ് റാത്തി എന്ന ചെറുപ്പക്കാരനും.
സാധാരണക്കാരന്റെ ശക്തിയെ നിസ്സാരമാക്കിക്കളഞ്ഞ ഏകാധിപതിക്ക് കിട്ടിയ ഏറ്റവും വലിയ എതിരാളിയായിരുന്നു ധ്രുവ്. രാഷ്ട്രീയത്തില്‍ ശക്തമായ ഒരു പ്രതിപക്ഷം പോലുമില്ലാതെ ജൈത്രയാത്ര നടത്തിയ നരേന്ദ്രമോദിയെ മുട്ടുകുത്തിക്കാന്‍ ധ്രുവിന് കഴിഞ്ഞു. മോദിയുടെ നയങ്ങളെയും ഇന്ത്യന്‍ ജനതയ്ക്കിടയില്‍ പടര്‍ത്തുന്ന വര്‍ഗ്ഗീയതയ്‌ക്കെതിരെയും നിശിതമായ വിമര്‍ശനങ്ങളാണ് ധ്രൂവ് ഉയര്‍ത്തിയത്. ഇന്ത്യയിലെ ഏറ്റവും ശക്തനായ ഒരു വ്യക്തിയുടെ ജനപ്രീതിയെയാണ് അദ്ദേഹം വെല്ലുവിളിച്ചത്. സാധാരണക്കാരന്റെ ശക്തിയെ വിലകുറച്ചു കണ്ട മോദിക്കും ഇതുപോലുള്ള രാഷ്ട്രീയക്കാര്‍ക്കുമുള്ള കടുത്ത മുന്നറിയിപ്പാണ് അദ്ദേഹം.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദമുള്ള ധ്രൂവ് ഇപ്പോള്‍ താമസിക്കുന്നത് ജര്‍മ്മനിയിലാണ്. ഇന്ത്യയിലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, അദ്ദേഹം അതിക്രൂരമായി വേട്ടയാടപ്പെടുമായിരുന്നു, ജയിലിലടയ്ക്കപ്പെടുമായിരുന്നു, നിരവധി കള്ളക്കേസുകള്‍ അദ്ദേഹത്തിന്റെ തലയില്‍ ചാര്‍ത്തപ്പെടുമായിരുന്നു.
നരേന്ദ്ര മോദി ആദ്യമായി അധികാരത്തിലേറുമ്പോള്‍, ധ്രുവ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എന്‍ജിനീയറിംഗില്‍ ബിരുദം നേടുന്നതിനായി ജര്‍മ്മനിയിലേക്കു പോയിരുന്നു. ഇന്ത്യയിലെ ലക്ഷക്കണക്കിനു ജനങ്ങളെപ്പോലെ ധ്രുവും ആദ്യകാലങ്ങളില്‍ മോദി ഭക്തനായിരുന്നു. മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളും അഴിമതി വിരുദ്ധ വാഗ്ദാനങ്ങളിലും ധ്രുവ് ആകര്‍ഷിക്കപ്പെട്ടിരുന്നു. പക്ഷേ, ക്രമേണ ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുന്ന തരത്തിലുള്ള മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ധ്രുവ് നിരാശനായി.
ഇന്ത്യയില്‍ നിന്നും അഴിമതി തുടച്ചു നീക്കാനായി അഴിമതി വിരുദ്ധ ഹെല്‍പ് ലൈന് ആം ആദ്മി പാര്‍ട്ടി ദേശീയ തലത്തില്‍ തുടക്കമിട്ടിരുന്നു. എന്നാല്‍ ഈ ഹെല്‍പ് ലൈന്റെ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് എ എ പിയുമായി പോരാടിയപ്പോള്‍ ധ്രുവ് അപകടം മണത്തു. ഇന്ത്യയില്‍ നിന്നും അഴിമതി തുടച്ചു നീക്കാന്‍ മോദി സര്‍ക്കാരിന് യാതൊരു ഉദ്യേശവുമില്ലെന്ന് ധ്രുവിനു ബോധ്യമായി. മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളുമെല്ലാം മോദിക്കും ബി ജെ പിയ്ക്കും അനുകൂലമായി നിലപാടെടുത്തതോടെ നിരാശ കൂടുതല്‍ വര്‍ദ്ധിച്ചു.
ഇനിയും മിണ്ടാതിരുന്നാല്‍ ഇന്ത്യയില്‍ ജനാധിപത്യം എന്നെന്നേക്കുമായി മരിച്ചു മണ്ണടിയുമെന്ന് അദ്ദേഹത്തിനു മനസിലായി. 2016 സെപ്റ്റംബര്‍ 16 നാണ് യു ട്യൂബില്‍ അദ്ദേഹം തന്റെ ആദ്യ രാഷ്ട്രീയ നിരീക്ഷണ വീഡിയോ പോസ്റ്റു ചെയ്തത്. അതിനു ശേഷം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ അദ്ദേഹം തന്റെ ചാനലില്‍ ഏകദേശം 650 വീഡിയോകള്‍ പ്രസിദ്ധീകരിച്ചു. അവയ്‌ക്കെല്ലാം ദശലക്ഷക്കണക്കിനു കാഴ്ചക്കാരുണ്ടായി.
ഒടുവില്‍, മോദി സാമ്രാജ്യത്തെ വിറകൊള്ളിക്കാന്‍ ഈ ചെറുപ്പക്കാരന്‍ നടത്തിയ പോരാട്ടങ്ങള്‍ക്കു കഴിഞ്ഞു. വിദ്യാഭ്യാസമില്ലെന്ന് കേരളീയര്‍ അധിക്ഷേപിച്ചിരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാധാരണ ജനത്തിന് ധ്രുവ് പറയുന്നതു മനസിലാക്കാന്‍ സാധിച്ചു. മോദിക്കെതിരായ വിഴിയെഴുത്ത് അവര്‍ നടത്തി. പക്ഷേ, വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന കേരളീയരാകട്ടെ, വര്‍ഗ്ഗീയതയെ സര്‍വ്വാംഗം പുണര്‍ന്നിരിക്കുന്നു. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം സംഘപരിവാറിന്റെ വര്‍ഗ്ഗീയ തലസ്ഥാനമായി മാറിയിരിക്കുന്നു. പതിവു പോലെ ഇവിടെയും മുട്ടിലിഴയുകയാണ് മാധ്യമങ്ങള്‍.
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47