ഇതൊരു തുടക്കമാകട്ടെ, താരസംഘടന ശുദ്ധീകരിക്കപ്പെടട്ടെ

Jess Varkey Thuruthel

അഭിനയ മോഹവുമായി സിനിമയിലേക്ക് എത്തുന്നവരെ ചൂഷണം ചെയ്തും ഇന്‍ഡസ്ട്രിയില്‍ ഉള്ളവരുടെ അവസരങ്ങള്‍ ഇല്ലാതാക്കിയും അനാവശ്യമായി വിലക്കിയും അരങ്ങു വാണിരുന്ന താരസംഘടനയ്ക്ക് തിരിച്ചടി. അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (AMMA) സംഘടന പിരിച്ചു വിട്ടിരിക്കുന്നു (Disperse of AMMA). പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാവരും സംഘടനയില്‍ നിന്നും രാജി വച്ചു. ഒന്നിനു പിറകെ ഒന്നായി നടന്മാര്‍ക്കെതിരെ ലൈംഗിക ആരോപണ പരാതികള്‍ വന്നിട്ടും സംഘടന മൗനം പാലിക്കുകയായിരുന്നു. ആ മൗനം തുടരുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇപ്പോള്‍ നിലവിലുള്ള ഭരണ സമിതി പിരിച്ചു വിട്ടിരിക്കുന്നത്. താല്‍ക്കാലിക ഭരണ സമിതിക്ക് ആരോടും ഉത്തരം പറയേണ്ട ബാധ്യതയില്ല. രാജി വച്ച അംഗങ്ങള്‍ക്കും തങ്ങളുടെ മൗനം തുടരാന്‍ കഴിയും.

താരസംഘടനയിലെ അംഗത്വം ലഭിക്കാന്‍ പോലും ശരീരം കാഴ്ചവച്ചാലേ നടക്കൂ എന്ന നിലയിലേക്ക് സിനിമാ രംഗം ചീഞ്ഞളിഞ്ഞു പോയിരുന്നു. കഴിവിന്റെ അടിസ്ഥാനത്തിലല്ല, കിടന്നു കൊടുക്കാനുള്ള സന്നദ്ധതയുടെ അടിസ്ഥാനത്തിലാണ് സിനിമയിലേക്ക് പ്രവേശനം ലഭിച്ചിരുന്നത് എന്ന വെളിപ്പെടുത്തലുകളും വന്നുകഴിഞ്ഞു. അതിനു മനസില്ലാത്ത നിരവധി പേര്‍ സിനിമ ഉപേക്ഷിച്ചു പോയി. ചിലരാകട്ടെ, ശരീരം നല്‍കിയും അവിടെ പിടിച്ചു നിന്നു.

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത, അവിടെ പിടിപാടില്ലാത്ത ആര്‍ക്കെങ്കിലും ആ രംഗത്തേക്കു കടന്നു വരാന്‍ സാധിക്കുമോ? അതത്ര എളുപ്പമല്ല എന്നു തന്നെ വേണം കരുതാന്‍. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം സിനിമയെ അടക്കി ഭരിക്കുന്നത് 15 പ്രബലര്‍ അടങ്ങിയ ഒരു കോക്കസാണ്. അവര്‍ തീരുമാനങ്ങളെടുക്കുന്നു, നടപ്പാക്കുന്നു. നിര്‍മ്മാതാക്കള്‍ മുതല്‍ താഴെയുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വരെയുള്ളവര്‍ക്ക് ശരീരം നല്‍കിയാല്‍ സിനിമയില്‍ തുടരാം. അഡ്ജസ്റ്റ്‌മെന്റിനു തയ്യാറല്ലാത്തവര്‍ക്കു പോകാം എന്ന നിലപാട്. ഈ മേഖലയിലേക്കു കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കാത്ത അവസ്ഥ. അതേസമയം സൂപ്പര്‍ താരങ്ങളുടെയും അത്ര സൂപ്പറല്ലാത്ത താരങ്ങളുടേയും മക്കള്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല. അവര്‍ക്ക് കൈ നിറയെ അവസരങ്ങളുണ്ട്. സിനിമയില്‍ എത്രത്തോളം ഉയരാമോ അത്രത്തോളം ഉയരാനുള്ള സാഹചര്യങ്ങളുമുണ്ട്. പക്ഷേ, അദമ്യമായി ആഗ്രഹിച്ച് ആ ഫീല്‍ഡിലേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുന്നില്‍ വന്‍മതില്‍ കെട്ടിയിരിക്കുന്നു. ഞങ്ങളും ഞങ്ങളുടെ മക്കളുമിവിടെ നിലനിന്നാല്‍ മതി, ബാക്കിയാരും ഇവിടേക്കു വരേണ്ടതില്ല എന്ന പോലെ.

സിനിമാ രംഗം ശുദ്ധീകരിക്കപ്പെടണം. 1994 ല്‍ താരസംഘടന രൂപീകരിക്കപ്പെട്ടിട്ട് ഇക്കാലമത്രയും ആ സംഘടനയുടെ ഭരണ സമിതിയില്‍ വന്നിട്ടുള്ളത് മൂന്നോ നാലോ സ്ത്രീകള്‍ മാത്രമാണ്. അതും അധികാരമേതുമില്ലാത്ത പോസ്റ്റുകളില്‍. സിനിമാതാരങ്ങള്‍ നടന്മാര്‍ മാത്രമല്ല, നടിമാരുമുണ്ട്. എന്തേ അവര്‍ക്ക് അര്‍ഹമായ സ്ഥാനം സംഘടന നല്‍കിയില്ല? ശരീരം കാഴ്ചവച്ചാലേ അവസരങ്ങളുള്ളു എന്നു നിലപാടെടുക്കുന്നവരുടെ ഇംഗിതങ്ങള്‍ നടക്കാതെ പോകും എന്നതിനാല്‍ ആണത്.

അമ്മ സംഘടന പിരിച്ചു വിട്ടതും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പൊട്ടിത്തെറിയുമെല്ലാം വ്യക്തമാക്കുന്നത് ഒരേയൊരു കാര്യമാണ്. സംഘടനയ്ക്കും സിനിമാ ലോകത്തിനും മറച്ചു പിടിക്കാന്‍ ഒരുപാടുണ്ട്. പുറത്തറിഞ്ഞാല്‍ തകര്‍ന്നടിയുന്ന വിഗ്രഹങ്ങള്‍ നിരവധിയുണ്ട്. ആ ചോദ്യങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ചോദ്യം ചോദിക്കുന്നവരെ കടന്നാക്രമിക്കുക എന്നതോ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുക എന്നതോ ആണ്.

സിനിമയിലേക്കു വരുന്ന നടികള്‍ക്കു മാത്രമല്ല, സംവിധായകര്‍ക്കുമെല്ലാം ഇതുപോലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തല്‍. എന്തുകൊണ്ട് സ്ത്രീകള്‍ സിനിമ സംവിധാനം ചെയ്യുന്നില്ല എന്ന ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ മറുപടിയാണിത്. ഒരു സിനിമയും ഒരാള്‍ക്കും ഒറ്റയ്ക്കു ചെയ്യാന്‍ സാധിക്കില്ല. ഭൂരിഭാഗം ജോലികളും ഒറ്റയ്ക്കു ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിനു പോലും പല കാര്യങ്ങളിലും പലരുടേയും സഹായം ആവശ്യമാണ്. അതിനാല്‍ ഇതൊരു കൂട്ടുത്തരവാദിത്തമാണ് എന്നര്‍ത്ഥം. അപ്പോള്‍, ആരെയെങ്കിലും ഒതുക്കാനോ പുറത്താക്കാനോ ഒരു സംഘം തീരുമാനിച്ചാല്‍ നിസ്സാരമായി സാധിക്കാവുന്ന ഒരു മേഖലയാണ് സിനിമ എന്നര്‍ത്ഥം.

ഇത് സിനിമ മേഖലയുടെ തകര്‍ച്ചയാണെന്നും ഇതെല്ലാം വന്‍ ആസൂത്രണത്തിന്റെ ഭാഗമാണെന്നും പല കോണില്‍ നിന്നും ആരോപണമുണ്ടാകുന്നുണ്ട്. സമൂഹത്തിലെ ഏതെങ്കിലും പ്രബലര്‍ക്കെതിരെ ആരോപണമുണ്ടാകുന്ന അവസരത്തിലെല്ലാം ഉയര്‍ന്നു കേള്‍ക്കുന്ന ഒരു വാദമാണിത്. സിനിമാ മേഖലയില്‍ നിരവധി പേര്‍ ജോലി ചെയ്യുന്നുണ്ട്. വിവാദങ്ങള്‍ ഇല്ലാതെയാക്കുന്നത് അവരുടെ തൊഴിലവസരങ്ങളുമാണ്. പക്ഷേ കൈയ്യൂക്കിന്റെയും കാശിന്റെയും അധികാരത്തിന്റെയും ബലത്തില്‍ ഒരാളുടെ ആത്മാഭിമാനം ചവിട്ടിയരയ്ക്കപ്പെടുമ്പോള്‍ അതിനെതിരെ പോരാടുക തന്നെ വേണം. തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നു എന്നുള്ള മുറവിളികള്‍ക്കു പ്രസക്തിയില്ല. ഈ ജീവനക്കാരുടെ കൂടി അന്തസിനും മെച്ചപ്പെട്ട തൊഴിലിടത്തിനും വേണ്ടിയാണീ പോരാട്ടം. മലയാള സിനിമാ രംഗം തകരുകയല്ല ശുദ്ധീകരിക്കപ്പെടുകയാണ് ചെയ്യുക. കഴിവുള്ളവര്‍ ഈ മേഖലയിലേക്കു കടന്നു വരട്ടെ. താരപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും മാത്രം അവകാശപ്പെട്ടതല്ല മലയാള സിനിമ. കഴിവും ആഗ്രഹവുമുള്ള എല്ലാവരും ഈ മേഖലയിലേക്കു കടന്നു വരണം. അതിന് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഒരു തുടക്കമാകട്ടെ.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *