Zachariah
ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും തിരിച്ചടി ഭയാനകമായിരിക്കും എന്ന മുന്നറിയിപ്പാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ തൊഴിലാളികള്‍ക്കും ജനങ്ങള്‍ നല്‍കുന്നത് (Election result 2024). 2024 ലെ തെരഞ്ഞെടുപ്പു ഫലങ്ങളിലൂടെ ജനങ്ങള്‍ തങ്ങളുടെ ഉറച്ച നിലപാട് പാര്‍ട്ടികളെയും നേതാക്കളെയും അറിയിക്കുകയാണ്. മതത്തിന്റെ നീരാളിക്കൈകളില്‍ നിന്നും അതിന്റെ ക്രൂരതകളില്‍ നിന്നും നവോത്ഥാന ചിന്തകളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും മോചനം നേടി വന്ന ജനതയെ വീണ്ടുമതേ ചെളിക്കുഴിയിലേക്ക് (ചാണകക്കുഴിയിലേക്ക്) അതിക്രൂരമായി തള്ളിയിടുന്ന കാഴ്ച കണ്ടു മടുത്ത ജനങ്ങളുടെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും മുമ്പെങ്ങുമില്ലാത്ത വിധം അപകടത്തിന്റെ വക്കിലെത്തി നിന്ന ഒരവസ്ഥയില്‍ നിന്നും ജനങ്ങള്‍ തങ്ങളുടെ രാജ്യത്തെ വീണ്ടെടുത്തിരിക്കുന്നു. പരമാധികാരം ജനങ്ങളില്‍ തന്നെയാണെന്ന് അവര്‍ വ്യക്തമായും ശക്തമായും ഓരോ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ഓര്‍മ്മിപ്പിക്കുന്നു.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വവും നാനാത്വത്തിലെ ഏകത്വവും എന്തിന്, ഇന്ത്യന്‍ ഭരണഘടനയെപ്പോലും തകര്‍ത്ത് ഹിന്ദുത്വ അജണ്ഡ നടപ്പാക്കാന്‍ അതിവേഗം മുന്നേറിക്കൊണ്ടിരുന്ന ബി ജെ പിയുടേയും സംഘപരിവാറിന്റെയും മുഖത്തേറ്റ കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. പരമാധികാരം ഏതു പാര്‍ട്ടിക്കു ലഭിച്ചാലും, അത് കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും, ജനാധിപത്യത്തെ തകര്‍ച്ചയിലേക്കു നയിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു.
ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബി ജെ പിയ്ക്കു നല്‍കിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പില്‍ എടുത്തു പറയേണ്ടത്. 2014 ലെ തെരഞ്ഞെടുപ്പില്‍ യു പിയിലെ ജനങ്ങള്‍ ബി ജെ പിയെ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍, അധികാരവും മതവിശ്വാസവും തലയ്ക്കു പിടിച്ച്, മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിച്ച് ചോരകുടിച്ചു ചീര്‍ത്ത പാര്‍ട്ടിയ്ക്ക് കനത്ത പ്രഹരം തന്നെ ഉത്തര്‍പ്രദേശില്‍ നിന്നും കിട്ടി. രാമന്റെ നാട്ടില്‍ ഹിന്ദുത്വത്തിനേറ്റ കനത്ത തിരിച്ചടി!
ഇന്ത്യന്‍ ജനാധിപത്യത്തിലെ അവിസ്മരണീയമായ ഒരു അധ്യായമായിരിക്കും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്. യു പിയെ ജനങ്ങള്‍ സംസാരിച്ചത് വ്യക്തവും ശക്തവുമായിട്ടായിരുന്നു. ബി ജെ പി പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെട്ടില്ല, എങ്കിലും യു പിയില്‍ നിന്നും കിട്ടിയ അടിയുടെ വേദന മായാതെ കിടക്കും. ‘ഞങ്ങള്‍ക്ക് 400 ഓ അതിലധികമോ സീറ്റുകള്‍ നല്‍കൂ. ഈ സംവിധാനത്തെ തന്നെ ഞങ്ങള്‍ പൊളിച്ചെഴുതാം’ എന്നായിരുന്നു ബി ജെ പിയുടെ പ്രഖ്യാപനം. ആ അഹങ്കാരത്തിന് ജനങ്ങള്‍ നല്‍കി മറുപടിയാണ് ഈ തെരഞ്ഞെടുപ്പു ഫലം.
യോഗി ആദിത്യനാഥിന്റെ ലഖ്‌നൗ 2014-ലും 2019-ലും ബിജെപിക്ക് വേണ്ടി അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ വര്‍ഗ്ഗീയത അതിന്റെ പാരമത്യത്തിലെത്തിയ 2024 ല്‍ ജനങ്ങള്‍ തിരിച്ചടിച്ചു. ഇന്നും ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഇന്ത്യയെ കാണുന്നത് ഒരു ദരിദ്ര രാഷ്ട്രമായിട്ടാണ്. ദരിദ്രരില്‍ ഏറ്റവും ദരിദ്രരായ ദലിതര്‍, ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള തങ്ങളുടെ ഏക ജീവനാഡിയായി ”സംവരണ” സമ്പ്രദായത്തെയാണ് ആശ്രയിക്കുന്നത്. ആ സംവരണത്തില്‍ തിരുത്തലുകള്‍ വരുത്തിയാല്‍ മോദിയുടെ ‘ഗ്യാരന്റി’ പോലും വിലപ്പോകില്ല.
ഇന്ത്യയിലെ സംവിധാനങ്ങളെ പൊളിച്ചെഴുതുമെന്ന ബി ജെ പി നേതാക്കളുടെ വീമ്പിളക്കല്‍ കേട്ടതേ സംവരണ സമ്പ്രദായത്തിന് ഭീഷണിയുണ്ടെന്ന് ദളിതര്‍ക്കു ബോധ്യമായി. ബിജെപിക്ക് കീഴില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്നും അവര്‍ മനസിലാക്കി. ആദ്യ രണ്ട് ഘട്ടങ്ങള്‍ക്ക് ശേഷം, ഈ ധാരണ തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് ശരിയായി മനസ്സിലാക്കിയ പ്രധാനമന്ത്രി മോദിയും അമിത് ഷായും റാലികളിലും അഭിമുഖങ്ങളിലും ബിജെപി എങ്ങനെ സംവരണത്തില്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും എന്ത് വിലകൊടുത്തും അത് സംരക്ഷിക്കുമെന്നും സംസാരിച്ചു തുടങ്ങി.
പക്ഷേ, അവരുടെ ‘ഗ്യാറന്റി’ ദലിതര്‍ അംഗീകരിച്ചില്ല എന്നത് ഇപ്പോള്‍ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ നിന്ന് വ്യക്തമാണ്. മറ്റേതു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വിശ്വസിച്ചാലും യുപി, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ അതിന് യാതൊരു വിലയും കല്‍പ്പിച്ചില്ല എന്ന് തെരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളുമുണ്ടായിട്ടും ഭീഷണികളും മറ്റുമുയര്‍ന്നിട്ടും ദലിതുകളും മുസ്ലീങ്ങളും പാവപ്പെട്ട ഒബിസിയും നിര്‍ഭയമായി വോട്ട് ചെയ്തു. യുപിയില്‍ മോദി സര്‍ക്കാരിനെതിരായ ജനങ്ങളുടെ ശബ്ദമാണ് ലക്ഷക്കണക്കിന് ബാലറ്റ് പെട്ടികളിലൂടെ ഉയര്‍ന്നത്.
യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ, പ്രത്യേകിച്ച് സമാജ്വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പ് ഗംഭീരമാണ്. ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അതിജീവനത്തിന്റെ പോരാട്ടത്തിലായിരുന്നു, അതിജീവിക്കുക മാത്രമല്ല, ദീര്‍ഘകാലമായി കോണ്‍ഗ്രസില്‍ അദ്ദേഹം പിടിമുറുക്കുകയും ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ച അദ്ദേഹത്തിന് ഇപ്പോള്‍ പാര്‍ട്ടിയില്‍ അഭൂതപൂര്‍വമായ ആധിപത്യം ഉണ്ടായിരിക്കുന്നു. പപ്പുമോനെന്നും കഴിവു കെട്ടവനെന്നും പരിഹസിച്ചിരുന്നവര്‍ക്ക് അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.
ജാതി അടിസ്ഥാനമാക്കി, പ്രാദേശിക പാര്‍ട്ടികളെ തകര്‍ക്കാനുള്ള ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള പോരാട്ടം പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. യുപിയില്‍ മുസ്ലിം വോട്ടര്‍മാര്‍ വന്‍ രാഷ്ട്രീയ മുന്നേറ്റമാണ് നടത്തിയത്.
മുസ്ലീങ്ങളും ദളിതരും കര്‍ഷകരും മോദി സര്‍ക്കാരിനെതിരെ കടുത്ത അമര്‍ഷം പ്രകടിപ്പിക്കുകയും അഗ്നിപഥ് പദ്ധതി പല സംസ്ഥാനങ്ങളിലും അതൃപ്തി സൃഷ്ടിക്കുകയും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പഴയതുപോലെ സജീവമാകാതിരിക്കുകയും ചെയ്തിട്ടും ബിജെപിക്ക് 243 സീറ്റുകള്‍ ലഭിക്കുന്നത് അത്ര നിസ്സാരകാര്യമല്ല.
2004ല്‍ കോണ്‍ഗ്രസിന് 145 സീറ്റും 2009ല്‍ 206 സീറ്റും നേടിയാണ് മന്‍മോഹന്‍ സിംഗ് രണ്ട് യുപിഎ സര്‍ക്കാരുകള്‍ ഭരിച്ചിരുന്നത്. അതുകൊണ്ട് തന്നെ 243 സീറ്റുകളുള്ള എന്‍ഡിഎ സര്‍ക്കാരിനെ നയിക്കുക എന്നത് ബിജെപിക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല. തീര്‍ച്ചയായും, അവരുടെ ഈഗോയ്ക്ക് നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും, ആവേശകരമായ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഇപ്പോഴും ഏറ്റവും വലിയ കക്ഷിയാണ്.
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47