കാട്ടുമൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുന്നതിനു പിന്നില്‍ ഭരണകൂട അജണ്ട: വിനോദ് സികെ


Jess Varkey Thuruthel & Zachariah

‘കേരളത്തിലെ വനഭൂമി വിസ്തൃതമാക്കാനായി മനുഷ്യരെ കാട്ടുമൃഗ ആക്രമണത്തിന് എറിഞ്ഞുകൊടുക്കുകയാണ് ഭരണകൂടം. കാടിന്റെ ആവാസ വ്യവസ്ഥയ്ക്കുമപ്പുറം മൃഗങ്ങള്‍ പെറ്റുപെരുകി നാട്ടില്‍ അക്രമം അഴിച്ചു വിട്ടിട്ടും ഇതിനെതിരെ ഫലപ്രദമായ യാതൊരു നടപടിയും കൈക്കൊള്ളാത്തതിനു കാരണം രാഷ്ട്രീയ ഭേതമന്യേ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയ്ക്കുന്ന ഗ്രീന്‍ ഇന്ത്യ മിഷന്റെ (Green India Mission) ഭാഗമാണ്. കുടിയേറ്റ മേഖലയില്‍ നിന്നും മനുഷ്യരെ പലായനം ചെയ്യിച്ച് അവ വനഭൂമിയാക്കി മാറ്റാനുള്ള ഭരണാധികാരികളുടെ ഗൂഢ അജണ്ടയാണിവിടെ നടപ്പാകുന്നത്,’ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് വിനോദ് കെ ആര്‍ പറഞ്ഞു. കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ കോതമംഗലത്തു നടന്ന അവകാശ സംരക്ഷണ റാലിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ കേരളത്തിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടിയും കര്‍ഷകരുടെ കണ്ണീരൊപ്പുന്നതില്‍ അമ്പേ പരാജയപ്പെട്ടുവെന്നും ഇത് പുതിയൊരു സമര പ്രഖ്യാപനത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം ഡി എഫ് ഒ ഓഫീസിനു മുന്നില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

‘ഇന്നിവിടെ കോതമംഗലത്ത് നടത്തിയത് ഐതിഹാസിക സമരമാണ്. മലയോര മേഖലയിലേയും ഇതര പ്രദേശങ്ങളിലേയും മനുഷ്യരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണിന്ന്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിനെതിരെ ഭരണകൂടങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ ഇടപെടുന്നില്ല. കുടിയേറ്റക്കാരായ കര്‍ഷകരെ കടന്നു കയറ്റക്കാരെന്നു വിളിച്ച് ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ മലയോര മേഖലയിലേക്ക് കൃഷിക്കാരൊക്കെ കടന്നു വന്നത് വനഭൂമി കെയ്യേറിയല്ല, മറിച്ച് കുടിയേറിയാണ്.

1948 മുതലാണ് കേരളത്തില്‍ കുടിയേറ്റം ആരംഭിച്ചത്. ഈ സംസ്ഥാനത്തിന്റെ നിലനില്‍പ് സാധ്യമായത് കുടിയേറ്റത്തിലൂടെയാണ്. ഹൈറേഞ്ചിന്റെ മലമടക്കുകളിലേക്ക് ഭരണകൂടം മനുഷ്യരെ കുടിയിരുത്തിയത് രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന്, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍, മലയാളം സംസാരിക്കുന്നവര്‍ ചേര്‍ന്ന് കേരള സംസ്ഥാനം രൂപം കൊള്ളുമ്പോള്‍, അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴ് ജനത കൂടുതലായി വസിക്കുന്നതു കൊണ്ട് തന്ത്രപ്രധാനമായ, സംസ്ഥാനത്തിനു നിലനില്‍പ്പിന് ഏറ്റവും ആവശ്യമായ പ്രദേശങ്ങള്‍ ഇതര സംസ്ഥാനത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടാതിരിക്കാന്‍ നമ്മുടെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണം കൊണ്ടാണ് ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീമുകള്‍ ആരംഭിച്ചത്. അങ്ങനെ, സര്‍ക്കാരിന്റെ പ്രോത്സാഹനത്തോടെ ധാരാളം ധൈര്യശാലികളായ മനുഷ്യര്‍ ഈ മേഖലയിലേക്കു കുടിയേറി.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വന്ന വലിയ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി നമ്മുടെ നാട്ടിലെ ഭരണാധികാരികള്‍ ദീര്‍ഘവീക്ഷണത്തോടെ വിഭാവനം ചെയ്ത ഗ്രോ മോര്‍ ഫുഡ് പദ്ധതിയാണ് രണ്ടാമത്തെ കാരണം. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടിയാണ് കേരളത്തിലെ അധ്വാനശീലരും ധൈര്യശാലികളുമായ മുഴുവന്‍ മനുഷ്യരെയും ഭരണാധികാരികള്‍ പണവും പണി ആയുധങ്ങളും നല്‍കി കൃഷി ചെയ്യാന്‍ മലയോര മേഖലയിലേക്കു പറഞ്ഞയച്ചത്. ആദ്യകാലങ്ങളില്‍ കുടിയേറിയവര്‍ കൃഷി ചെയ്തത് ധാന്യ വിളകളായിരുന്നില്ല, മറിച്ച് ഭക്ഷ്യവിളകളായിരുന്നു. കരനെല്‍കൃഷി മുതല്‍ എല്ലാ തരത്തിലുമുള്ള നെല്ലും മറ്റു ധാന്യങ്ങളും അവര്‍ കൃഷി ചെയ്തു. അങ്ങനെ ഒരു നിലനില്‍പ്പായി മുന്നോട്ടു പോകാമെന്നായപ്പോഴാണ് കുരുമുളകിലേക്കും മറ്റു നാണ്യ വിളകളിലേക്കും കര്‍ഷര്‍ തിരിയുന്നത്.

കേരളത്തിലെ വന്യമൃഗശല്യം പെട്ടെന്നുണ്ടായ ഒരു പ്രതിഭാസമല്ല. വളരെ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നുമല്ല ഇത്. കേരള സംസ്ഥാനത്തിന്റെ കണക്കനുസരിച്ച് ആകെ ഭൂവിസ്തൃതിയില്‍ 30.5 ശതമാനം വനഭൂമിയാണ്. ഈ വനഭൂമിയില്‍ ജീവിക്കാന്‍ കഴിയുന്ന മൃഗങ്ങളുടെ എണ്ണത്തിന് സര്‍ക്കാരിന്റെ കൈയില്‍ തന്നെ കണക്കുണ്ട്. പക്ഷേ, ഈ വനഭൂമിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മൃഗങ്ങളുടെ എണ്ണത്തേക്കാള്‍ പതിന്മടങ്ങു മൃഗങ്ങളുണ്ട് ഇന്ന് കാട്ടില്‍. എന്നാല്‍, ഈ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ശാസ്ത്രീയമായ ഒരു സമീപനവും നടപ്പാക്കിയിട്ടില്ല. മുന്‍പ് ലോകം പ്രാധാന്യം നല്‍കിയിരുന്നത് മനുഷ്യനായിരുന്നു. എന്നാലിപ്പോള്‍, എല്ലാ ജീവജാലങ്ങളെയും കൊന്നൊടുക്കി വന്നിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും കുറച്ചു കൂടി സംസ്‌കരിക്കപ്പെട്ട മനുഷ്യന്‍ മറ്റു ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ സ്ഥാനമുണ്ട് എന്നു തിരിച്ചറിഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതു യാഥാര്‍ത്ഥ്യവുമാണ്. പക്ഷേ, ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും സസ്യലതാദികള്‍ക്കും ജീവിക്കാന്‍ അവകാശമുള്ള ഇടമെന്ന നിലയിലേക്കു വളരുമ്പോള്‍ ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങള്‍ ക്രൂശിക്കപ്പെടുന്നു. ലോകത്താകെ മൊത്തം കാര്‍ബണ്‍ എമിഷനും അതിന്റെ ഫലമായുള്ള ആഗോള താപനവുമെല്ലാം നമ്മുടെ കണ്ണിന്‍ മുന്നിലുണ്ട്. അതൊരു വലിയ പ്രശ്‌നമാണ്. ആ പ്രശ്‌നം പരിഹരിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.

ഇന്നിപ്പോള്‍ ഭരണകൂടങ്ങള്‍ ഏറ്റവുമധികം പണം വിനിയോഗിക്കുന്നത് വനവത്കരണ പദ്ധതികള്‍ക്കാണ്. ഇതൊരു വലിയ ഫണ്ടായി രൂപപ്പെട്ടിരിക്കുന്നു. ഈ ഫണ്ടില്‍ കണ്ണുനട്ടിരികര്കുകയാണ് അവികസിക രാജ്യങ്ങള്‍. ഗ്രീന്‍ ഇന്ത്യ മിഷന്‍ ഇന്ത്യയില്‍ നടപ്പാക്കുന്നത് 46,000 കോടി രൂപയുടെ പ്രോജക്ടാണ്. 15 ലക്ഷം ഏക്കര്‍ സ്ഥലം പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ പുതുതായി വനമായി മാറ്റിയെടുക്കണം. ഇതൊരു വമ്പന്‍ പദ്ധതിയാണ്. അതിനാല്‍ത്തന്നെ ഇതിന്റെ നടത്തിപ്പ് അത്ര ലളിതമല്ല എന്നു ഭരണാധികാരികള്‍ക്കറിയാം. വനത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറത്തേക്ക് വന്യമൃഗങ്ങളുടെ എണ്ണം പെരുകിയിട്ടും അതിനു തടയിടാന്‍ ഫലപ്രദമായ യാതൊരു മാര്‍ഗ്ഗവും കണ്ടെത്താതെ ഭരണകൂടം കൈയും കെട്ടിയിരിക്കുന്നത് ഇതുകൊണ്ടാണ്.

വന്യമൃഗശല്യം ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ല. ലോകത്തെമ്പാടും ഏതു ജീവി വര്‍ഗ്ഗത്തിനാണോ വംശനാശ ഭീ,ണിയുള്ളത്, അതിനെ സംരക്ഷിക്കാന്‍ സംവിധാനമുണ്ട്. കേരളത്തില്‍ അത്തരത്തില്‍ യാതൊരു പ്രശ്‌നവുമില്ല. അപ്പോള്‍, ആനയ്ക്കു കൂടുതല്‍ സംരക്ഷണം നല്‍കുന്നത് എന്തിന്? ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കനുസരിച്ച് ഏഷ്യന്‍ ആനകളുടെ ആകെ എണ്ണം 45000 ആണ്. അതില്‍ 30,000 ഏഷ്യന്‍ ആനകള്‍ ഉള്ളത് ഇന്ത്യയിലാണ്. ഇവയില്‍ 15,000 എണ്ണം സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. അതായത്, ആറായിരത്തിലേറെ ആനകള്‍ കേരളത്തിലുണ്ട്, അത്ര തന്നെ കര്‍ണാടകയിലും. ഏതാണ്ട് 3000 ത്തിലേറെ ആനകള്‍ തമിഴ്‌നാട്ടിലുമുണ്ട്.

വനവിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഈ മൂന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു താങ്ങാവുന്നതിലധികം ആനകള്‍ ഇവിടെയുണ്ട്. ആനകളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിച്ചിരിക്കുന്നു. പുലി, കടുവ, പന്നി, കുരങ്ങ് എന്നിവയാണ് മറ്റു പ്രശ്‌നക്കാര്‍. ഇവയുടെ എണ്ണത്തില്‍ വനം വകുപ്പ് നിരത്തുന്നത് കള്ളക്കണക്കാണ്. കടുവകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു എന്നാണ് വനം വകുപ്പ് പറയുന്നത്. 2008 ല്‍ അവര്‍ കണക്കു പ്രസിദ്ധീകരിക്കുമ്പോള്‍ 183 കടുവകളാണ് കേരളത്തിലുള്ളത്. ഇപ്പോള്‍ അവര്‍ പറയുന്നു, 78 എണ്ണമേ ഇപ്പോള്‍ ഉള്ളുവെന്ന്. എന്നാല്‍, 200 മുകളില്‍ കടുവകള്‍ വയനാട്ടില്‍ തന്നെയുണ്ട് എന്നതാണ് സത്യം. ഇതാണ് കടുവകള്‍ നടത്തുന്ന നരവേട്ടയ്ക്കു കാരണം.

വന്യമൃഗഗശല്യം ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ല. വികസിത രാജ്യങ്ങളില്‍ മൃഗങ്ങളുടെ എണ്ണം അനിയന്ത്രിതമായി കൂടുമ്പോള്‍, അവയുടെ വളര്‍ച്ച പരിമിതപ്പെടുത്താന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു. വന്ധ്യംകരണം മുതല്‍ കൂട്ടക്കൊല വരെ ഇക്കൂട്ടത്തില്‍ പെടുന്നു. ഓസ്‌ട്രേലിയയുടെ ദേശീയ മൃഗമാണ് കംഗാരു. എന്നാല്‍, ഓസ്‌ട്രേലിയന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പലയിടത്തും കംഗാരു ഇറച്ചി ലഭ്യമാണ്. ഏതെങ്കിലുമൊരു പ്രദേശത്ത് കംഗാരുവിന്റെ എണ്ണം ക്രമാധീതമായി കൂടിയാല്‍ സര്‍ക്കാര്‍ ഉത്തരവിട്ട് അവയെ വേട്ടയാടിപ്പിടിച്ച് അതിനെ മനുഷ്യനു ഭക്ഷിക്കാന്‍ കൊടുക്കും. ഈ നാട്ടില്‍ ഇതൊന്നും സംഭവിക്കുന്നില്ലെന്നു മാത്രമല്ല, കൊല്ലപ്പെടുന്ന മനുഷ്യരോട് ഒരു കരുണ പോലുമില്ല. ഭരണാധികാരികള്‍ ഒരു മര്യാദയെങ്കിലും കാണിക്കണ്ടേ? ഇതിനെക്കാള്‍ ലജ്ജാവഹമായി മറ്റെന്താണുള്ളത്??ഇന്ന് കേരള

ഇന്ന് കേരളത്തില്‍ ഹരിത എം എല്‍ എ മാരും ഹരിത ഗ്രൂപ്പുകളുമുണ്ട്. പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കര്‍ഷകരെക്കാള്‍ കൂടുതല്‍ പ്രകൃതിയെ സംരക്ഷിച്ചിട്ടുള്ളവര്‍ വേറെ ആരാണുള്ളത്? പ്രകൃതിയെ സംരക്ഷിക്കുന്ന, ഈ ഭൂമിയിലെ പച്ചപ്പു നിലനിര്‍ത്തുന്ന കര്‍ഷകരെ മറുസൈഡിലേക്കു മാറ്റുകയാണിപ്പോള്‍, പ്രകൃതിയെ നശിപ്പിക്കുന്നവരായി അവരെ മുദ്രകുത്തുന്നു. എന്നിട്ട് എസി റൂമില്‍ കാര്‍ബണ്‍ എമിഷനെക്കുറിച്ചു ചര്‍ച്ച ചെയ്ത് ഫണ്ടു കൈപ്പറ്റുന്നവര്‍ പ്രകൃതി സംരക്ഷകരുമാകുന്നു എന്നതാണ് ദുരന്തം.

കേരളത്തിലെ ഡി എഫ് ഒകള്‍ പിന്നാമ്പുറ കളികളിലൂടെ ഇത്തരം കോടിക്കണക്കിനു രൂപ ഓഡിറ്റില്ലാതെ കൈകാര്യം ചെയ്യുന്നു. അതിന്റെ ദൂഷ്യഫലങ്ങളാണ് ഇന്നീ ജനത അനുഭവിക്കുന്നത്. നമ്മുടെ രാജ്യമുണ്ടായപ്പോള്‍ ഇങ്ങനെയൊന്നും ആയിരുന്നില്ല. ഇതൊരു ക്ഷേമ രാഷ്ട്രമാണെന്നാണ് സങ്കല്‍പ്പം. സമരം ചെയ്തു നേടിയെടുത്ത സ്വാതന്ത്ര്യം ഇന്നു നമുക്ക് നഷ്ടപ്പെടുന്നു. സാധാരണക്കാരായ മനുഷ്യരുടെ കണ്ണീരൊപ്പുന്നതാവണം സ്വാതന്ത്ര്യം. അവസാനത്തെ മനുഷ്യനെയും കാണണം. ദരിദ്ര നാരായണനായ അവസാനത്തെ മനുഷ്യനെയും കാണണം. പക്ഷേ, മനുഷ്യരുടെ വിശപ്പകറ്റാന്‍ അഹോരാത്രം മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്‍ ഭരണാധികാരികളുടെ ശത്രുപക്ഷത്താണ്. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. ആ വലിയ ലക്ഷ്യത്തിനു വേണ്ടിയുള്ള കര്‍ഷക മുന്നേറ്റത്തിന്റെ തുടക്കമാണിത്.’

…………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

 

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

 

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

 

Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772

 

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

 

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

 

………………………………………………………………………………………….

 

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

 

Leave a Reply

Your email address will not be published. Required fields are marked *