Jess Varkey Thuruthel
കാത്തുകാത്തിരുന്ന്, ഒട്ടേറെ മുറവിളികള്‍ക്കു ശേഷം ഹേമ കമ്മറ്റി റിപ്പോര്‍ട്ട് (Hema Committee Report) പുറത്തു വന്നിരിക്കുന്നു. കമ്മീഷനില്‍ നിന്നും കമ്മറ്റി റിപ്പോര്‍ട്ടിലേക്കെത്തുമ്പോള്‍ പല്ലുകൊഴിഞ്ഞൊരു സിംഹമാണ് ഈ റിപ്പോര്‍ട്ട് എന്നത് പറയാതെ പറയുന്നൊരു സത്യം. ആ പല്ലുകൊഴിഞ്ഞ സിംഹവും പൂര്‍ണ്ണമായ രീതിയില്‍ പുറത്തു വരരുതെന്ന നിര്‍ബന്ധവുമായി തിരശീലയിലെ സത്യനീതികളുടെ പ്രവാചകര്‍ നിറഞ്ഞാടുകയാണ്. മാധ്യമങ്ങള്‍ പോലും ആ പേരുകള്‍ ഒന്നുച്ചരിക്കാന്‍ പോലും തയ്യാറാകുന്നില്ല.
പല പല സമ്മര്‍ദ്ദങ്ങള്‍ മൂലം കഴിഞ്ഞ നാലുവര്‍ഷക്കാലമായി വെളിച്ചം കാണിക്കാതിരുന്ന ഒരു റിപ്പോര്‍ട്ടാണത്. അതു പരസ്യപ്പെടുത്തിയില്ലെങ്കില്‍ വേണ്ട, ആ റിപ്പോര്‍ട്ട് പ്രകാരം നടപടികള്‍ വൈകിപ്പിച്ചത് എന്തിന്? ഇനിയും കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തത് എന്ത്?
നടിക്കു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്നാണ് ഒരുകൂട്ടം നടിമാര്‍ ചേര്‍ന്ന് WCC രൂപീകരിച്ചത്. അതിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവര്‍ ഒരു പരാതി നല്‍കി. സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളെയും വിവേചനങ്ങളെയും കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. ആ പരാതിയുടെ അടിസ്ഥാനത്തിലാണ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി റിട്ടേര്‍ഡ് ജസ്റ്റിസ് ജെ കെ ഹേമയുടെ നേത്യത്വത്തില്‍ ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത്. നടി ശാരദയും റിട്ടേര്‍ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വല്‍സല കുമാരി IAS അംഗങ്ങളായും കമ്മീഷന്‍ നിലവില്‍ വരുന്നു. ഇതിനിടയില്‍ കമ്മീഷന്‍ എന്നത് കമ്മറ്റിയാക്കി മാറ്റി.
ഹേമ കമ്മറ്റി അന്വേക്ഷണം ആരംഭിച്ചെങ്കിലും പരാതി നല്‍കിയ WCC അംഗങ്ങളില്‍ ചിലര്‍ തന്നെ കമ്മറ്റിയോട് സഹകരിക്കാന്‍ കൂട്ടാക്കിയില്ല. പക്ഷേ, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് കമ്മറ്റി തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. പലരും കൊടുത്ത മൊഴികളില്‍ അന്വേക്ഷണമോ, തെളിവുകളോ ഉണ്ടായിരുന്നില്ല. അവ വെറും മൊഴികള്‍ മാത്രമായതിനാല്‍ മൊഴികളില്‍ വ്യക്തി വൈരാഗ്യം ഉണ്ടാകാമെന്നും അത് സ്വകാര്യതയുടെ ലംഘനമാകുമോ എന്ന സംശയത്താലും റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമ വിദഗ്ദരുടെ അഭിപ്രായം ലഭിക്കുന്നത് വരെ പുറത്ത് വിടണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ഒടുവില്‍, ഒട്ടേറെ നിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോഴായിരുന്നു രഞ്ജിനി അടക്കം ചില നടിമാര്‍ റിപ്പോര്‍ട്ട് പുറത്തു വിടരുത് എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് വിവരാവകാശം വഴി ആവശ്യപ്പെട്ട ഏഴ് പേര്‍ക്ക് സര്‍ക്കാര്‍ ജ: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറി. ഇതാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുന്നത്. എന്നാല്‍ പുറത്തു വന്ന ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വെറും നനഞ്ഞ പടക്കമായിപ്പോയി എന്നു വേണം കരുതാന്‍. ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ യാതൊന്നുമില്ലാത്തൊരു റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത് എന്നു സാരം. പുറത്തു വന്ന വസ്തുതകളെക്കാളും നൂറിരട്ടിയാണ് സിനിമ മേഖലയില്‍ നടമാടുന്ന നെറികേട്.
സിനിമ മേഖലയിലേക്ക് പ്രവാസി പണത്തിന്റെ കുത്തൊഴുക്ക് ആരംഭിച്ച ശേഷമാണ് മാംസക്കച്ചവടം ഇത്ര തീവ്രമായത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായഭേതമന്യേ നടിമാരുടെ മാംസത്തിനായി അവര്‍ പണമിറക്കി. ആണധികാരം അടക്കി വാഴുന്ന സിനിമാ മേഖലയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ തുണിയഴിക്കാതെ മാര്‍ഗ്ഗമില്ലെന്ന അവസ്ഥയായി. സിനിമയില്‍ എങ്ങനെയും നിലനില്‍പ്പുണ്ടാകാനും പേരെടുക്കാനും വേണ്ടി ശരീരം പങ്കിട്ടവും ചതിയില്‍പ്പെട്ടു ശരീരം വില്‍ക്കേണ്ടി വന്നവരുമുണ്ട് ഇക്കൂട്ടത്തില്‍.
രതിക്കഥകള്‍ പച്ചയായി വിളമ്പിയിരുന്ന ധാരാളം പ്രസിദ്ധീകരണങ്ങള്‍ ചൂടപ്പം പോലെ ഇവിടെ വിറ്റുപോയിരുന്നു. പല പ്രമുഖ പത്രസ്ഥാപനങ്ങളും നിലനിന്നു പോന്നിരുന്നതു പോലും ഇത്തരം കൊച്ചു പുസ്തകങ്ങളുടെ വില്‍പ്പനയിലൂടെയായിരുന്നു. 1980-90 കളില്‍ ഇതായിരുന്നു അവസ്ഥ. പിന്നീട് ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവമായി. ലൈംഗികതയുടെ രീതി തന്നെ മാറിപ്പോയി. ലൈംഗിക ചൂണണങ്ങള്‍ക്കും പുതിയ മാനം കൈവന്നു. 1990 കളില്‍ നടന്നതിന്റെ ആയിരം ഇരട്ടി ലൈംഗിക പീഡനങ്ങള്‍ ഇവിടെ നടന്നു. പണ്ടത്തെ മുഖ്യന്‍ പറഞ്ഞതു പോലെ ചായ കുടിക്കുന്നൊരു പതിവു രീതിയായി അതു മാറി.
സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം ദൈവങ്ങളെപ്പോലെയാണ് പലര്‍ക്കും. അവരിലെ ക്രിമിനലുകളെ തിരിച്ചറിഞ്ഞാല്‍്‌പ്പോലും നാണംകെട്ട ന്യായവാദങ്ങളുമായി അവരെ സംരക്ഷിക്കാന്‍ ഒരുപട തന്നെയുണ്ടാവും ഇവിടെ. എന്തിന് സ്ത്രീകള്‍ ഇങ്ങനെ കഷ്ടപ്പെട്ട് ഈ മേഖലയില്‍ കടിച്ചു തൂങ്ങുന്നു എന്നെല്ലാമുള്ള ചോദ്യങ്ങളാണ് എല്ലാ കോണില്‍ നി്ന്നും. അവര്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന മേഖലയില്‍ നിന്നെല്ലാം അവരെ തുരത്തിപ്പായിക്കാനുള്ള തന്ത്രങ്ങളുമുണ്ട്.
ഈ ക്രിമിനലുകളെ ദൈവങ്ങളായി തോളില്‍ ചുമന്നു കൊണ്ടു നടക്കുന്നത് ഇവരുടെ ഫാനുകളായ ശിങ്കിടികള്‍ മാത്രമല്ല, മാധ്യമങ്ങളും പൊതുജനങ്ങളുമെല്ലാം ഉള്‍പ്പെടും. സ്ത്രീകളെ പൊതുനിരത്തില്‍ വലിച്ചു കീറിയാലും അതുചെയ്തവന്റെ ഭാഗം ന്യായീകരിക്കുന്ന നിരവധി പേരുണ്ട് ഇവിടെ. നാലുവര്‍ഷം മുമ്പാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്. അതിനു ശേഷം ഇന്നോളം ഈ ക്രിമിനലുകള്‍ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടികളാണ് സ്വീകരിച്ചത്? ഇവര്‍ക്കെതിരെ ഏതെങ്കിലും തരത്തില്‍ ഒരന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടോ? ലൈംഗിക ചൂഷണം തുടരട്ടെ എന്ന നിലപാട് ആരെ പേടിച്ചിട്ടാണ്? പ്രതികളായ ക്രിമിനലുകളുടെ സ്വകാര്യത സൂക്ഷിക്കുന്നത് എന്തിനു വേണ്ടി? അവരെക്കുറിച്ച് അന്വേഷണം നടത്തി പേരുകള്‍ വെളിപ്പെടുത്തുകയാണ് വേണ്ടത്. സിനിമാ മേഖലയിലേക്ക് പുരുഷന്മാര്‍ മാത്രം കടന്നു വന്നാല്‍പ്പോരാ സ്ത്രീകള്‍ക്കും വേണം അവിടെ അവരര്‍ഹിക്കുന്ന മാന്യമായൊരിടം. അതിനനുവദിക്കാത്തവരെ, മാഫിയ സംഘങ്ങളെ അടിച്ചൊതുക്കിയേ തീരൂ. സിനിമയിലെ സ്ത്രീ തൊഴിലാളികളോട് ഈ നെറികേടു കാണിച്ചവര്‍ക്കെതിരെ കമാന്നൊരക്ഷരം മിണ്ടാന്‍ തിരശീലയിലെ ആണഹങ്കാരങ്ങള്‍ക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നതു പോലെ, അമ്മയുടെ പേരു മാറ്റി മാമ എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975