തിരുവല്ലയിലെ ഒരു കോളജില്‍ നിന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്നൊരു സംഘം കൂട്ടം കൂട്ടമായി ചിരികളികളും തമാശകളുമായി വീട്ടിലേക്കു മടങ്ങുന്നതു കണ്ടു നില്‍ക്കുകയായിരുന്നു. അതിനിടയിലാണതു സംഭവിച്ചത്. കൂട്ടത്തിലൊരാണ്‍കുട്ടി സഹപാഠിയുടെ നെഞ്ചില്‍ പിടിച്ചു. അവള്‍ക്കു നന്നേ വേദനിച്ചുവെന്ന് അവളുടെ മുഖഭാവം വ്യക്തമാക്കി. അവന്റെ കരണത്തൊന്നു പൊട്ടിക്കേണ്ട ചെറ്റത്തരം തന്നെയാണവന്‍ ചെയ്തത്. പക്ഷേ, അവളാ സംഭവത്തോടു പ്രതികരിച്ച രീതിയായിരുന്നു അതിഗംഭീരം…..
കൂട്ടത്തില്‍ നിന്നും അവനെ വിളിച്ചു മാറ്റി നിറുത്തി അവള്‍ സംസാരിച്ചു തുടങ്ങി.
‘നീയീ ചെയ്തത് എനിക്കോ നിനക്കോ സുഖം തരുന്ന ഒന്നല്ല. സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ചു ഞെരിക്കുമ്പോള്‍ ഞങ്ങളനുഭവിക്കുന്നത് അതിതീവ്രമായ വേദനയാണ്, അല്ലാതെ സുഖമല്ല. ഈ പൊതു നിരത്തില്‍ വച്ച് എന്റെ നെഞ്ചില്‍ കയറിപ്പിടിക്കുന്നത് നിനക്കും അത്ര സുഖകരമായ കാര്യമായി എനിക്കു തോന്നുന്നില്ല. നീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തക്ക മാനസികാവസ്ഥയിലുമല്ല ഞാനിപ്പോള്‍. ഏതെങ്കിലുമൊരു സാഹചര്യത്തില്‍ എനിക്കങ്ങനെ തോന്നിയാല്‍ നീയും അതാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു സ്ഥലം നമുക്കു തീരുമാനിക്കാം. അവിടെവച്ച് നിനക്കെന്റെ ശരീരഭാഗങ്ങളിലോ മുലയിലോ പിടിക്കാം. അതാവുമ്പോള്‍ നമുക്കു രണ്ടുപേര്‍ക്കും അത് ആസ്വാദ്യകരമാണ്.’
‘നിനക്ക് അമ്മയോ പെങ്ങളോ ഉണ്ടെങ്കില്‍, അവരും പല ആവശ്യങ്ങള്‍ക്കായി വീടിനു വെളിയില്‍ പോകും. നിന്നെപ്പോലുള്ള കാമഭ്രാന്തന്മാര്‍ നിറയെ ഉള്ള നാടാണിതെന്നു നിനക്കറിയാമല്ലോ. അവരിലാരെങ്കിലും നീയിപ്പോള്‍ ചെയ്തതു പോലെ നിന്റെ അമ്മയുടെയോ പെങ്ങളുടെയോ മുലയില്‍ പിടിച്ചാല്‍ നിനക്കു സുഖിക്കുമെങ്കില്‍, നിന്നെ അതൊരുതരത്തിലും ബാധിക്കില്ലെങ്കില്‍, ഇതാ എന്റെ മുലകള്‍, നിനക്കു പിടിക്കാം. അതല്ല, നിന്റെ അമ്മയെയും പെങ്ങളെയും കയറിപ്പിടിക്കുന്നതു സഹിക്കാന്‍ നിനക്കുകഴിയില്ലെങ്കില്‍, നീയും അതു ചെയ്യാന്‍ പാടില്ല.’
‘എടാ, ഏതെങ്കിലുമൊരു പെണ്ണിന്റെ ചന്തിയോ മുലയോ കാണുമ്പോള്‍ പൊങ്ങേണ്ടതല്ല നിന്റെ അവയവമെന്ന് നിന്നെപോലുള്ളവര്‍ ആദ്യം മനസിലാക്കണം. പെണ്ണെന്നു പറയുന്നത് നിനക്കു തോന്നുമ്പോഴെല്ലാം ഭോഗിക്കാനുള്ള വസ്തുവല്ലെന്നും നീ മനസിലാക്കണം. അതുകൂടി പഠിക്കാനും മനസിലാക്കാനും അതുപോലെ ജീവിക്കാനും വേണ്ടിയുള്ളതാണ് വിദ്യാഭ്യാസം.’
‘ഇതുകൂടി ഞാന്‍ നിന്നോടു പറയുന്നു. നീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നത് ഞാന്‍ ഇതുവരെയും ചിന്തിച്ചിട്ടുപോലുമില്ല. നിന്നെ ഞാന്‍ ആ തരത്തില്‍ കണ്ടിട്ടുപോലുമില്ല. എന്റെ അനുവാദം പോലും ചോദിക്കാതെ നീയെന്റെ നെഞ്ചില്‍ പിടിച്ച നിമിഷം ഒരു കാര്യം ഞാന്‍ തീരുമാനിച്ചു. ഇനി മേലില്‍ നീയുമായി ഒരു സൗഹൃദം പോലും എനിക്കു സാധ്യമല്ല. നീയിപ്പോള്‍ എന്നെന്നേക്കുമായി ഇല്ലാതാക്കിയത് ഭാവിയിലൊരുപക്ഷേ, എനിക്കു നിന്നോടു തോന്നിയേക്കാവുന്ന പ്രണയവും സ്നേഹവും കൂടിയാണ്. അതുകൊണ്ട് ഇനി മേലില്‍ നീയെന്റെ സുഹൃത്തല്ല, നമ്മള്‍ തമ്മില്‍ ഇനി യായൊരു ബന്ധവുമുണ്ടാകില്ല. എന്റെ അടുത്തു പോലും നീയിനി മേലില്‍ വരരുത്.’
ഇതെല്ലാം കേട്ടിട്ടും നിന്റെ തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെങ്കില്‍, ഇതാ എന്റെ മാറ്. ഈ ആളുകള്‍ക്കു നടുവില്‍ വച്ചു തന്നെ എന്റെ നെഞ്ചില്‍ പിടിക്കാനാണ് നിന്റെ തീരുമാനമെങ്കില്‍ അതിനു ഞാന്‍ തരുന്ന ശിക്ഷ എല്ലാവര്‍ക്കും മുന്നില്‍ വച്ചു തന്നെയാവും. അതു നേരിടാന്‍ നീ തയ്യാറാണെങ്കില്‍ നിനക്കെന്റെ മുലകളില്‍ പിടിക്കാം.
ആ പെണ്‍കുട്ടി പറഞ്ഞു നിറുത്തി. ശിരസു കുനിച്ചവന്‍ അവള്‍ക്കു മുന്നില്‍ നിന്നു.
മുന്‍പ് പല സമയങ്ങളിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകളില്‍ നിന്നുമുണ്ടാകുന്ന പ്രതികരണങ്ങള്‍ എന്റെ ഓര്‍മ്മയിലേക്കു വന്നു. നിനക്കൊക്കെ അമ്മയും പെങ്ങന്മാരുമില്ലേടാ എന്ന ചോദ്യവുമായി പൊതുജനമധ്യത്തില്‍ ആ ചെറുപ്പക്കാരനെ അപമാനിക്കാനും നാണംകെടുത്താനും ചെകിടടിച്ചു പൊട്ടിക്കാനും തക്ക ന്യായങ്ങളത്രയും ആ പെണ്‍കുട്ടിക്കുണ്ടായിരുന്നു. പക്ഷേ, അവള്‍ പ്രതികരിച്ച രീതിയായിരുന്നു മാതൃകാപരം. അതീവ മഹത്തരമെന്നു വേണമെങ്കിലതിനെ വിശേഷിപ്പിക്കാം.
ഒരുപക്ഷേ, അടിച്ചവന്റെ കരണം പുകച്ചിരുന്നെങ്കില്‍, ആളുകൂടി അവനെ ആക്രമിച്ചിരുന്നെങ്കില്‍, പെണ്‍വര്‍ഗ്ഗത്തോടു മുഴുവന്‍ അവജ്ഞയും ദേഷ്യവും വെറുപ്പുമായി അവന്‍ വളര്‍ന്നുവരുമായിരുന്നു. ഭാവിയിലവന്‍ ഈ സമൂഹത്തിനു തന്നെ ഭീഷണിയാകുമായിരുന്നു. സ്വന്തം ഭാവി തുലയ്ക്കുക മാത്രമല്ല, ഒരു ക്രിമിനലായിപ്പോലും അവന്‍ വളര്‍ന്നേക്കാമായിരുന്നു. പക്ഷേ, അവളവനെ നയിച്ചത് നേരിന്റെ വഴിയിലേക്കാണ്. നന്മയുടെ വഴിയിലേക്കാണ്.
പെണ്‍ശരീരം തെരുവില്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്നതു പല രീതിയിലാണ്. കണ്ണുകള്‍ കൊണ്ടു നഗ്‌നമാക്കുന്നതു മുതല്‍ അറപ്പുളവാക്കുന്ന ഭാഷയില്‍ സംസാരിക്കുന്നത് താരതമ്യേന സാന്ദ്രത കുറഞ്ഞ ആക്രമണങ്ങളാണ്. പൊതുവിടങ്ങളില്‍ പോലും നെഞ്ചിലേക്കും തുടയിടുക്കിലേക്കും നീളുന്ന കൈകളാണ് മറ്റൊന്ന്. തട്ടിക്കൊണ്ടുപോയും കൈകാലുകള്‍ ബന്ധിച്ചും ഭീഷണിപ്പെടുത്തിയും നടത്തുന്ന ബലാത്സംഗങ്ങളുണ്ട്. ആക്രമണങ്ങള്‍ ഏതു രീതിയിലാണോ നടത്തുന്നത് അവയെ ഫലപ്രദമായി നേരിട്ടേ തീരൂ. അതിക്രൂരമായി ഉപദ്രവിക്കുന്നവര്‍ക്കെതിരെ നിയമവഴികള്‍ സ്വീകരിക്കണം. അടികൊടുത്ത് അടക്കിനിറുത്തേണ്ടതിനെ ആ രീതിയിലും.
ലൈംഗികതയില്‍ യാതൊരു നിയന്ത്രണവും പാലിക്കാത്ത വിദേശ രാജ്യങ്ങളില്‍ ഭര്‍ത്താവു പോലും അനുവാദമില്ലാതെ സ്വന്തം ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാറില്ല. ഞാനുമായി സെക്‌സ് ചെയ്യാന്‍ നിനക്കിപ്പോള്‍ സമ്മതമാണോ എന്നു ചോദിച്ചനുവാദം വാങ്ങിയതിനു ശേഷം മാത്രമേ അവിടെ ഒരു പുരുഷനതിനു മുതിരാറുള്ളു. പക്ഷേ ഇവിടെ അങ്ങനെയല്ല. പെണ്ണെന്നത് തങ്ങള്‍ക്ക് തോന്നുമ്പോഴെല്ലാം കയറിപ്പിടിക്കാനും ഭോഗിക്കാനും ഉണ്ടാക്കപ്പെട്ടതാണ് എന്ന ചിന്താഗതിയാണിവിടെ. ഇനി അനുവാദം ചോദിച്ചാല്‍ അവനെ അതിനികൃഷ്ഠമായി അപമാനിക്കുന്ന നടപടികളാണ് സ്ത്രീകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഈ രണ്ടു പ്രവണതയും അവസാനിച്ചേ തീരൂ. സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിക്കുന്നതല്ല അപമാനമെന്നും അനുവാദമില്ലാതെ കയറിപ്പിടിക്കുന്നത് വലിയ ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്നും സ്ത്രീകളും പുരുഷന്മാരും ഒരുപോലെ മനസിലാക്കിയേ തീരൂ.
………………………………………………………………………….
ഡി പി സ്‌കറിയ