കേരളത്തിലായിരുന്നെങ്കില്‍ അര്‍ജ്ജുനെ എന്നേ രക്ഷപ്പെടുത്തിയേനേ

Arjun rescue operation

Thamasoma News Desk

ജൂലൈ 16 ന് രാവിലേ എട്ടരയോടെയാണ് കര്‍ണാടകയിലെ അങ്കോളയ്ക്കടുത്ത് ദേശീയ പാത 66 ലേയ്ക്ക് മണ്ണിടിച്ചിലുണ്ടാവുകയും റോഡിന്റെയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയും അതിലുണ്ടായിരുന്ന അര്‍ജ്ജുനും (Arjun) മറ്റനേകം വണ്ടിക്കാരും മണ്ണിലടിയിലാവുന്നത്. അധികം വൈകാതെ തന്നെ റോഡിന്റെ മറുഭാഗം വരെ വീണ മണ്ണിന്റെ മേല്‍ ഭാഗം നീക്കിയപ്പോഴും കൂടാതെ തൊട്ടടുത്തുള്ള നദിയില്‍ നിന്നും ഏഴ് പേരുടെ മൃത ശരീരങ്ങള്‍ കിട്ടിയിരുന്നു. അവിടേ നിന്ന് രക്ഷപ്പെട്ടവരാണ് ഇനിയും നിരവധി പേര് റോഡിന്റെ മറു വശത്ത് മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടാവാം എന്ന വിവരം പങ്ക് വെച്ചത്. അന്ന് വൈകീട്ട് തന്നെ ലോറി ഉടമയായ മനാഫ് ജിപിഎസ് സിഗ്‌നല്‍ പരിശോധിച്ചതില്‍ നിന്ന് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി സംഭവ സ്ഥലത്ത് തന്നെയുണ്ടെന്ന് കര്‍ണാടക അധികൃതര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് അര്‍ജുന്റെ സഹോദരങ്ങളും സുഹൃത്തുക്കളും ലോറി ഉടമയും കാസര്‍കോട് നിന്ന് 300 കിലോമീറ്ററോളം ദൂരെയുള്ള സംഭവ സ്ഥലത്തെത്തി കഴിഞ്ഞ 17 മുതല്‍ അവിടെ ക്യാമ്പ് ചെയ്ത് അധികൃതരോട് യാചിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്നിപ്പോള്‍ 20-ാം തീയതി ആയി. അര്‍ജുന്‍ കുടുങ്ങിയത് 16 ന് രാവിലേ. അതായത് അഞ്ചാം ദിവസം. അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയുടെ എഞ്ചിന്‍ ഓണ്‍ ആയിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആയതിന് ശേഷം ഇന്നലെ വൈകീട്ട് അത് വീണ്ടും പ്രവര്‍ത്തന സജ്ജമായിരുന്നു. അതിനിടയ്ക്ക് സെക്കന്റ്കള്‍ മാത്രം നീളമുള്ള ഒരു മിസ്സ്ഡ് കാളും ആ ഫോണില്‍ നിന്ന് വന്നിരുന്നു. അതായത് ആ മനുഷ്യന്‍ ഇപ്പോഴും ജീവന് വേണ്ടി ആ കാബിനില്‍ മല്ലിട്ട് കൊണ്ടിരിക്കുന്നു എന്ന അതീവ വേദനാജനകമായ സത്യം. 17 ന് തന്നെ വണ്ടി അവിടേ കിടപ്പുണ്ടെന്നും ജിപിഎസ് സിഗ്‌നല്‍ കാണിക്കുന്നുണ്ടെന്നും ഫോണ്‍ നമ്പര്‍ കൊടുത്ത് അതിന്റെ ലൊക്കേഷന്‍ കൂടി ഉറപ്പിച്ചു കൊണ്ട് എത്രയും വേഗം തിരച്ചില്‍ നടത്താനും ഇവര്‍ കരഞ്ഞു കൊണ്ട് പറയുന്നുണ്ട്. ആര് കേള്‍ക്കാന്‍, ആര് വരാന്‍.

അര്‍ജുന്‍ തൊട്ട് താഴെയുള്ള ഗംഗാവാലി നദിയില്‍ ഒഴുകി പോയിരിക്കാം എന്നാണ് കര്‍ണാടകയിലെ അധികൃതര്‍ പറയുന്നത്. ജിപിഎസും ഫോണ്‍ സിഗ്‌നലും ഒന്നും അവര്‍ക്ക് കാണുകയും വേണ്ട കേള്‍ക്കുകയും വേണ്ട. ഇന്നലെ രാവിലേയും കൂടി ആകെ ഒരൊറ്റ ജെസിബി, അഞ്ചോ ആറോ പോലീസ്, ഒരു ഫയര്‍ ഫോഴ്സ് തുടങ്ങിയവര്‍ മാത്രമാണ് അവിടെ എത്തിയത്.

എത്ര മനുഷ്യര്‍ ജീവനോടെയും അല്ലാതെയും ഇതിനുള്ളിലുണ്ടെന്ന് ഇനിയും അറിയില്ല. എന്നിട്ടാണീ അലംഭാവം. ഇന്നലെ ഉച്ച വരെ ചെയ്തത് ഈ അപകടം നടന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ ദൂരെയുള്ള പാതയിലെ മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കാനുള്ള പ്രവൃത്തിയാണ്.. ആ ഭാഗത്ത് കാര്യങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ അവിടേ ക്യാഷ്വലിറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.. ഗതാഗത തടസം മാത്രമേയുള്ളൂ.

പക്ഷേ ഇപ്പുറം ഒരു ഹിറ്റാച്ചിയും വെച്ച് ഈ പണിക്കിറങ്ങിയ ഇവര്‍ എത്ര ദിവസം കൊണ്ടാണ് ഈ മണ്ണ് മാറ്റാന്‍ വിചാരിച്ചിരിക്കുന്നത്? ജിപിഎസ് സിഗ്‌നല്‍ കാണിക്കുന്നുണ്ട്.. അവിടേ മണ്ണ് മാറ്റി നോക്കാന്‍ കരുണ കാണിക്കണം എന്ന് മൂന്ന് ദിവസമായി പറഞ്ഞിട്ടും സമ്മതിക്കാത്തവര്‍ ഇന്ത്യന്‍ നേവിയുടെ പ്രതിനിധികള്‍ വന്ന് പറഞ്ഞപ്പോഴാണ് പുഴയില്‍ പോയിട്ടില്ല എന്ന് സമ്മതിച്ചത്.

അര്‍ജുന്റെ സഹോദരനും ബന്ധുക്കളും സംഭവ സ്ഥലത്ത് നിന്ന് പറഞ്ഞ വാക്കുകള്‍ കൂടി കേള്‍ക്കുക.. കേരളത്തിലാണെങ്കില്‍ നാട്ടുകാരുടെയെങ്കിലും സഹായത്തോടെ ഞങ്ങളവനെ ഇതിനോടകം പുറത്തെടുത്തേനെ. ഇത് അധികൃരുമില്ല. നാട്ടുകാരുമില്ല എന്ന അവസ്ഥയാണ്. അവിടേ അര്‍ജുന്റെ ബന്ധുക്കളെ സംഭവ സ്ഥലത്ത് നിന്ന് പോലീസ് ഓടിച്ചു വിടുന്ന സ്ഥിതി വിശേഷങ്ങളുമുണ്ടായി. ഇതാണ് മനുഷ്യജീവന് കര്‍ണാടക കൊടുക്കുന്ന വില.

എന്തായാലും വിഷയം സര്‍ക്കാര്‍ തലത്തില്‍ ചൂട് പിടിച്ചതോടെ ഉച്ചയോടെ കാര്യങ്ങള്‍ ഊര്‍ജിതമായിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇന്ന് രാവിലേ പത്ത് മണിയോടെ ചീഫ് മിനിസ്റ്റര്‍ സിദ്ധരാമയ്യ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ 12 മണി വരെയും ആ പ്രദേശത്ത് തലപ്പത്ത് നിന്ന് ഒരു പൂച്ച കുഞ്ഞ് പോലും എത്തിയിട്ടില്ല. അതിന് ശേഷം ഒന്ന് ഉണര്‍ന്ന് വന്നിട്ടുണ്ട്.

ഈ അപകടം നടന്നത് കേരളത്തിലായിരുന്നുവെങ്കില്‍ എത്രയോ പണ്ടേ അര്‍ജ്ജുനെ പുറത്തെത്തിക്കുമായിരുന്നു. ഇതിനേക്കാള്‍ ചെറുതും വലുതുമായ എത്രയേറെ ദുരന്തങ്ങള്‍ കേരളത്തില്‍ സംഭവിച്ചിരിക്കുന്നു. സര്‍ക്കാരും സമൂഹവും സംവിധാനങ്ങളും കൂടി ചേര്‍ന്ന് വിജയകരമായി എത്രയോ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നു! ഭാര്യയും കുഞ്ഞും കുടുംബവും കേരളവും നിനക്ക് വേണ്ടി കാത്തിരിക്കുകയാണ്. നിന്റെ സഹോദരന്‍ പറഞ്ഞത് പോലെ ”നീ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതി ജീവിച്ചു വരുന്നവനാണ്’

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *