ചരിത്രം വളച്ചൊടിക്കുന്ന വിസര്‍ജ്ജനങ്ങള്‍

Jess Varkey Thuruthel

രാജ്യം സ്വതന്ത്ര്യം നേടിയിട്ട് 78 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും തീവ്രമതചിന്തകരുടെ, രാജ്യത്തെ ഒറ്റിക്കൊടുത്ത പിമ്പുകളുടെ ചങ്ങലക്കുരുക്കിലേക്ക് എത്തിനില്‍ക്കുന്നു. അന്ന്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിയെടുക്കാന്‍ മുന്‍പന്തിയില്‍ നിന്ന, ആദരവോടെ, ബഹുമാനത്തോടെ ഇന്നും നമ്മള്‍ മഹാത്മാവെന്നു മാത്രം വിളിക്കുന്ന ഗാന്ധിജിയെ അപ്രസക്തമാക്കുന്ന ഒരു പോസ്റ്റ് ജനം ടിവി (Janam TV) യില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ചാനല്‍ എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ അത് അത്യുത്സാഹത്തോടെ തന്റെ സോഷ്യല്‍ മീഡിയ വഴി പ്രമോട്ടു ചെയ്യുന്നു. അന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ച, അതിനുവേണ്ടി അക്ഷീണം പ്രയത്‌നിച്ച പീഡനങ്ങള്‍ സഹിച്ചവരെയെല്ലാം തമനസ്‌കരിച്ചു. പകരം ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചവര്‍, രാജ്യത്തെ ഒറ്റുകൊടുത്തവരെല്ലാം മഹത്വവത്കരിക്കപ്പെടുന്നു.

സത്യത്തില്‍ ഇന്ത്യ എന്നെങ്കിലും സ്വാതന്ത്ര്യം അനുഭവിച്ചിട്ടുണ്ടോ? എന്നെങ്കിലും നമ്മുടെ ഈ പ്രിയ രാജ്യം സ്വാതന്ത്ര്യം നേടിയിട്ടുണ്ടോ? ബ്രിട്ടീഷുകാരെ തുരത്തി ഓടിച്ചപ്പോള്‍ ആ സ്ഥാനം വേറെ കുറേപ്പേര്‍ കൈയടക്കി. ഈ രാജ്യത്തെ ഒറ്റുകൊടുക്കാനും ജനങ്ങളെ നിത്യദുരിതത്തിലാക്കാനും അവരുടെമേല്‍ അധികാരം സ്ഥാപിക്കാനും പ്രാപ്തിയുള്ള മറ്റൊരു കൂട്ടര്‍. മതതീവ്രവാദികള്‍, രാഷ്ട്രീയത്തിലെ പിമ്പുകള്‍, അധികാരവും സമ്പത്തും മതവുമുപയോഗിച്ച് അടിമകളാക്കി വച്ചിരിക്കുന്നു കുറെ മനുഷ്യരെ. ഈ അടിമത്തത്തില്‍ നിന്നും ഇന്ത്യയ്ക്ക് എങ്ങനെ മോചനം ലഭിക്കും?

ഇന്ത്യ അന്ന് എന്തിനെയെല്ലാമായിരുന്നു നേരിട്ടത്. സൂര്യനസ്തമിക്കാത്ത അതിസമ്പന്നരായൊരു സാമ്രാജ്യത്തെ, അവരുടെ പണവും അധികാരവും കണ്ട് അവര്‍ക്കു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പോരാടിയ ഇന്ത്യക്കാരെ, ബ്രിട്ടീഷ് ഭരണാനുകൂലികളെ, തമ്മില്‍തല്ലുന്ന നാട്ടുരാജാക്കന്മാരെ, മതാന്ധതയെ, മതത്തിന്റെ പേരില്‍ മനുഷ്യരെ അടിമകളാക്കി വച്ചിരുന്നവരെ, അങ്ങനെയങ്ങനെ അസംഖ്യം പ്രതിബന്ധങ്ങളെ തരണംചെയ്താണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തത്. ശക്തികൊണ്ടോ ആയുധം കൊണ്ടോ എതിര്‍ത്തു തോല്‍പ്പിക്കാന്‍ സാധ്യമല്ലാത്തൊരു ശക്തിയെ സഹനം, നിസ്സഹകരണം തുടങ്ങിയ ശക്തമത്തായ ആയുധത്തിലൂടെ കീഴ്‌പ്പെടുത്തിയ മഹാത്മാവിനെ സ്വാതന്ത്ര്യം നേടി 78 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കടുകുമണിയോളം ചെറുതാക്കിയിരിക്കുന്നു!

ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, സരോജിനി നായിഡു തുടങ്ങി അനവധി നിരവധിയായ സ്വാതന്ത്ര്യസമര നായകരെ തമസ്‌കരിച്ചു കൊണ്ടു മാത്രമേ സംഘികള്‍ക്ക് സ്വന്തം ചുവട് ഇവിടെ ഉറപ്പിക്കാനാകുകയുളളുവെന്ന് അവര്‍ക്കു നന്നായി അറിയാം. ജനമനസുകളില്‍ ഇന്നും ആഴത്തില്‍ പതിഞ്ഞിരിക്കുന്ന ആ സമര നേതാക്കളെ അവിടെ നിന്നും പിഴുതു മാറ്റേണ്ടത് സംഘികളുടെ ഏറ്റവും വലിയ അജണ്ടയാണ്. എന്നിട്ടു വേണം അവര്‍ക്കവിടെ രാജ്യത്തെ ഒറ്റുകാരെ പ്രതിഷ്ഠിക്കാന്‍. സവര്‍ക്കറെയും ഗാന്ധി ഘാതകനായ ഗോഡ്‌സേയെയും വീരന്മാരാക്കണമെങ്കില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര നേതാക്കളുടെ പ്രയത്‌നങ്ങള്‍ ഈ മണ്ണില്‍ നിന്നും മായിച്ചു കളഞ്ഞേ തീരൂ. അതിനവര്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഈ നാടിപ്പോള്‍ മറ്റൊരു അടിമത്തത്തിലാണ്. മതതീവ്രവാദത്തിന്റെ അടിമത്തത്തില്‍. ജന്മം ചില മതത്തിലാണെന്ന കാരണത്താല്‍ മാത്രം ഈ രാജ്യത്തു നിന്നും ചിലരെ ഓടിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവര്‍. അതിനായി കാരണങ്ങളുണ്ടാക്കുന്നവര്‍. എല്ലാ മതത്തിലുമുണ്ട് തീവ്രചിന്തകളുള്ളവര്‍. അവര്‍ ഈ രാജ്യത്തിന്റെ അടിത്തറ പോലും മാന്തിയെറിയുകയാണ്. സാഹോദര്യത്തോടെ കഴിയുന്നവരെ ശത്രുക്കളാക്കി മാറ്റിയാല്‍ മാത്രമേ തങ്ങള്‍ക്ക് അധികാരം നിലനിര്‍ത്താനാവുകയുള്ളുവെന്ന് ഇവര്‍ക്കറിയാം. അതിനാല്‍, ചരിത്രം വളച്ചൊടിക്കപ്പെടുന്നു. ഈ അടിമത്തത്തിനു മുന്നില്‍ കാലിടറിയാല്‍ ഇന്ത്യയ്ക്ക് ഒരു തിരിച്ചു പോക്ക് അസാധ്യം. അതിനാല്‍, മതതീവ്രവാദത്തെ സര്‍വ്വ ശക്തിയുമെടുത്ത് തുരത്തിയേ തീരൂ. ഇന്ത്യ ഇത്തരം വിസര്‍ജ്ജനങ്ങളുടെ കാല്‍ക്കീഴില്‍ അമരാതിരിക്കണമെങ്കില്‍, സധൈര്യം പോരാടിയേ തീരൂ.

വര്‍ഗ്ഗീയത തുലയട്ടെ.
…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

2 thoughts on “ചരിത്രം വളച്ചൊടിക്കുന്ന വിസര്‍ജ്ജനങ്ങള്‍

  1. എന്ത് കൊണ്ട് ഗാന്ധിജിയെ ചെറുതാക്കി എന്ന ചോദ്യത്തിന് നമ്പ്യരുടെ മറുപടി വായിച്ചോ?

    1. ഇല്ലല്ലോ. ഈ മറുപടിയും ഞാന്‍ കണ്ടതേയില്ല… എന്തായിരുന്നു അത്. ലിങ്ക് ഇടാമോ

Leave a Reply

Your email address will not be published. Required fields are marked *