കളമശേരി സ്‌ഫോടനം: വ്യാജപ്രചാരകള്‍ കരുതിയിരിക്കുക, പോലീസ് പിന്നാലെയുണ്ട്

Thamasoma News Desk

കളമശേരി ബോംബുസ്‌ഫോടനത്തെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തതത് 54 കേസുകളാണെന്ന് കേരള പോലീസ്. മത സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് കേസ്.

ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ് – 26 എണ്ണം. എറണാകുളം സിറ്റിയില്‍ 10 ഉം എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളുമാണ് ഉള്ളത്. തൃശൂര്‍ സിറ്റിയിലും കോട്ടയത്തും രണ്ടുവീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറല്‍ ജില്ലകളില്‍ ഒന്നു വീതവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേരള പോലീസ്.

മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലും മറ്റും വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്ത നിരവധി വ്യാജ പ്രൊഫൈലുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അവര്‍ ഉപയോഗിച്ച ഐ.പി വിലാസം കണ്ടെത്തി നല്‍കാന്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനുമായി എല്ലാ ജില്ലകളിലെയും സൈബര്‍ സെല്‍ വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

കളമശ്ശേരി സ്‌ഫോടനത്തെത്തുടര്‍ന്ന് വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിക്കുകയും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും പ്രത്യേകനിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹികമാധ്യമങ്ങളിലെ സൈബര്‍ പട്രോളിങ്ങും മറ്റ് നിയമനടപടികളും തുടര്‍ന്നുവരികയാണ്, പോലീസ് പറയുന്നു.


#KalamasseryBombBlast #KeralaPolice #FakeNews #SocialMedia

Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *