ലൈംഗികത മോശം വികാരമല്ല

Jess Varkey Thuruthel

‘സെക്സിന് വേണ്ടിയേ അല്ല, എന്റെ മക്കള്‍ക്ക് ഒരച്ഛന്‍ വേണം. എനിയ്‌ക്കൊരു കൂട്ട് വേണം.’ ദിവ്യ ശ്രീധറിന്റെ വാക്കുകളാണിത്. ക്രിസ് വേണുഗോപാല്‍ എന്ന വ്യക്തിയുമായുള്ള വിവാഹത്തിന്റെ പേരില്‍ ചില വികല വ്യക്തിത്വങ്ങളില്‍ നിന്നും നേരിടേണ്ടി വന്ന വിമര്‍ശനങ്ങളുടെ പേരിലായിരിക്കാം ഇവര്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത് (Kris Divya).

ഈ ഭൂമിയിലെ ഏറ്റവും മനോഹരമായൊരു വികാരമാണ് ലൈംഗികത. പ്രണയമുണ്ടായിരിക്കുക, സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കഴിയുക എന്നതാണ് ഈ ലോകത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യം. അത്തരം സ്‌നേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ അനുഭവവേദ്യമാകുന്ന ഒന്നാണ് ലൈംഗികത. അത് ആസ്വദിക്കാന്‍ കഴിയണമെങ്കില്‍ ആരോഗ്യമുള്ള മനസും ശരീരവും അത്യന്താപേക്ഷിതമാണ്. അല്ലാത്തതൊന്നും മനോഹരമായ ലൈംഗിക വികാരമല്ല.

ലൈംഗികതയെ എന്നെന്നും മോശമാക്കുന്നത് ഇവിടെയുള്ള സദാചാര മത ചിന്തകളാണ്. ഏറ്റവും മോശപ്പെട്ട വികാരമായി മാത്രമാണ് ഇത്തരക്കാര്‍ ലൈംഗികതയെ കാണുന്നത്. ലൈംഗികതയെ ഇത്തരക്കാര്‍ വിശേഷിപ്പിക്കുന്നതും അത്തരം മോശം വാക്കുകളിലൂടെ മാത്രമാണ്. ലൈംഗികാവയവങ്ങളെ തെറിവാക്കുകളായി ഉപയോഗിക്കുന്നവരുമുണ്ട്. അവരൊന്നും ശരിയായ ലൈംഗികത എന്താണ് എന്ന് അറിഞ്ഞവരല്ല. അതിനുള്ള മാനസിക, ശാരീരിക ആരോഗ്യമുള്ളവരുമല്ല.

ശരിയായ രീതിയില്‍ ലൈംഗികത ആസ്വദിക്കാത്ത, അതിനു മനസനുവദിക്കാത്ത, സദാചാര മതചിന്തകള്‍ തടസ്സപ്പെടുത്തുന്ന മനുഷ്യര്‍ ലൈംഗികതയ്‌ക്കെതിരെയും അത് ആസ്വദിക്കുന്നവര്‍ക്കെതിരെയും അശ്ലീല ഭാഷണം നടത്തിക്കൊണ്ടേയിരിക്കും. അവരുടെ വാക്കുകള്‍ കേട്ട് അതാണു ശരി എന്ന ചിന്തയില്‍ ലൈംഗികതയെ തള്ളിപ്പറയുന്നതും ലൈംഗികതയെ മോശമായി കാണുന്നവര്‍ തന്നെ. തന്റെ ലൈംഗിക ചിന്തകള്‍ തന്റെ മാനസിക ശാരീരിക ആരോഗ്യത്തിന്റെ ലക്ഷണമാണ് എന്ന് ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ടവരാണ് അതേക്കുറിച്ച് അസഭ്യഭാഷണം നടത്തുന്നവരും അതില്‍ നിന്നും അകന്നു നില്‍ക്കുന്നവരും.

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്നത് ഒരു പരസ്യവാചകമാണ്. അവരവരുടെ മാത്രം സന്തോഷം ആഗ്രഹിക്കുന്ന സ്വാര്‍ത്ഥരായ നിരവധി മനുഷ്യരുണ്ടിവിടെ. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ മനസിലെ വൈകൃതമത്രയും പുറത്തെടുക്കുന്നവര്‍. പ്രായമായാല്‍ നാമജപങ്ങളും പ്രാര്‍ത്ഥനയുമായി വീടിനുള്ളില്‍ ഒതുങ്ങിക്കഴിയണമെന്നു ശഠിക്കുന്ന മനുഷ്യര്‍. ഭൂമിയില്‍ തങ്ങളുടെ ജീവിതമവസാനിക്കുന്ന കാലം വരെയും നിയമം അനുവദിക്കുന്ന രീതിയില്‍ തങ്ങളുടെ ജീവിതം ആസ്വദിക്കാന്‍ ഓരോ മനുഷ്യര്‍ക്കും അവകാശമുണ്ട്. അതിനെതിരെ വരുന്ന ഇത്തരം മ്ലേച്ഛ ഭാഷണങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതില്ല. ഇത് തങ്ങളുടെ ജീവിതമാണ്, ഇത് ഏതുരീതിയില്‍ ജീവിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്ന ഉത്തരത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഭൂതക്കണ്ണാടി തിരിച്ചു വച്ചിരിക്കുന്നവരെ തൃപ്തിപ്പെടുത്താനിരുന്നാല്‍ നഷ്ടമാകുന്നത് സ്വന്തം ജീവിതവും സന്തോഷവുമാണ്.

സദാചാരം അടിച്ചേല്‍പ്പിക്കുന്ന നശിച്ച മതചിന്തകളാണ് തകര്‍ന്നടിയേണ്ടത്. അതിന് ഇത്തരക്കാരുടെ മ്ലേച്ഛതയ്ക്ക് വളംവച്ചു കൊടുക്കുകയല്ല, മറിച്ച് അതിനെ ശക്തിയുക്തം എതിര്‍ക്കുകയാണ് വേണ്ടത്. ലൈംഗികതയെ ശരിയായ രീതിയില്‍ കാണുകയും ആസ്വദിക്കുന്നവര്‍ക്കുമല്ല, മറിച്ച് ആ ജീവിതങ്ങളിലേക്ക് മാത്രം ദൃഷ്ടിയുറപ്പിച്ച് വിമര്‍ശനശരമുതിര്‍ക്കുന്നവര്‍ക്കാണ് ‘കഴപ്പ്’ എന്ന കാര്യം മനസിലാക്കിയാല്‍ ഇത്തരക്കാരുടെ വായടപ്പിക്കാനാകും. അല്ലാതെ, ഈ മ്ലേച്ഛമനുഷ്യരുടെ വാക്കും കേട്ട് സ്വന്തം ലൈംഗികതയെ തള്ളിപ്പറയുകയല്ല വേണ്ടത്.
…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *