ആധിപത്യം സ്ഥാപിക്കുന്ന വഴികള്‍

Jess Varkey Thuruthel 

ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെയുള്ള ആദ്യചോദ്യം കുട്ടി ആണോ പെണ്ണോ എന്നതാണ്. ആണ്‍കുട്ടിയാണെങ്കില്‍, ഒരു പ്രത്യേക സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു, നമ്മള്‍ മലയാളികള്‍. തിരിച്ചറിവാകുന്നതിനു മുന്‍പേ പോലും തങ്ങളോടു കാണിക്കുന്ന ഈ പ്രത്യേക വാത്സല്യവും സ്‌നേഹവും പരിഗണനയുമെല്ലാം മനസിലാകുന്നവരാണ് കുട്ടികള്‍. സ്ത്രീകളെ അപേക്ഷിച്ച് താന്‍ മൂല്യവത്തായ ഒരു വ്യക്തിയാണ് എന്ന് ഒരു ആണ്‍കുട്ടിക്കു തോന്നാല്‍ അവന്റെ ചുറ്റുപാടുകളും സാഹചര്യങ്ങളും ധാരാളം മതിയാകും

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഓരോ നിമിഷത്തലും വാക്കിലും പെരുമാറ്റത്തിലും പെണ്ണിനെക്കാള്‍ ഒരുപടി മുന്നിലാണ് താന്‍ എന്ന ചിന്ത അവനിലുണ്ടാകും. ഓരോ മനുഷ്യരുടേയും സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും കാഴ്ചപ്പാടുകളില്‍ നിന്നുമെല്ലാം ഇത്തരം ചിന്ത അവന്റെ തലച്ചോറിനുള്ളിലേക്ക് ഈ സമൂഹം അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കും. അവിടെ അവ ആഴത്തില്‍ വേരുറപ്പിക്കും.

അങ്ങനെ വളരുന്ന ഒരാണ്‍കുട്ടിക്കും ഒരിക്കലും സ്ത്രീയെ തനിക്കൊപ്പം തുല്യരായി കാണാനാവില്ല. തന്നെക്കാള്‍ ഒരുപടി താഴെയുള്ള ആളായി മാത്രമേ കാണാന്‍ കഴിയുകയുള്ളു.

ബുദ്ധിയിലും കഴിവിലും സാമര്‍ത്ഥ്യത്തിലും തുല്യരാണ് സ്ത്രീ പുരുഷന്മാര്‍. പക്ഷേ, തങ്ങളെ ആദരിച്ച് ഓച്ഛാനിച്ച് തങ്ങളുടെ ആജ്ഞകള്‍ അനുസരിച്ച് കൂടെ നില്‍ക്കുന്നവരാവണം പുരുഷന്മാര്‍ എന്നാണ് ചില ഫെമിനിസ്റ്റ് ചിന്താഗതി. അവളുടെ മുന്നില്‍ പുരുഷന്‍ താഴ്ന്നു നില്‍ക്കണമെന്നും അവളുടെ ആവശ്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നും ഇത്തരം ഫെമിനിസ്റ്റ് ചിന്തകര്‍ കരുതുന്നു.

പുരുഷാധിപത്യം എന്ന പ്രശ്‌നത്തിന്റെ പരിഹാരം സ്ത്രീ ആധിപത്യം എന്നല്ല. ഈ ചിന്ത സ്ത്രീയുടെ ആത്മാഭിമാനത്തെ ദോഷകരമായി ബാധിക്കുകയേയുള്ളു. പുരുഷനോടൊപ്പം നിലകൊണ്ട്, തമ്മില്‍ ഇടപെട്ട്, പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കേണ്ടവരാണ് ഓരോ സ്ത്രീയും പുരുഷനും. അവിടെയാണ് ഒരു സ്ത്രീയുടെ സ്വാതന്ത്ര്യവും ശക്തിയും അസ്ഥിത്വവും നിലകൊള്ളുന്നത്.

തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ത്രീയാണ് ബോസെങ്കില്‍, അവര്‍ പുരുഷന്മാരോടു മാത്രമല്ല, എല്ലാവരോടും വളരെ കടുപ്പിച്ച് ഇടപെടുന്നു. ഞാനൊരു സ്ത്രീയാണ്, നിങ്ങളുടെ വിളച്ചിലൊന്നും എന്റെയടുത്തു വേണ്ട എന്നൊരു ഭാവമാണവര്‍ക്ക്. പുരുഷന്മാരെ സ്ത്രീകള്‍ കമന്റടിച്ചാല്‍ ഇവിടൊരു ചുക്കും സംഭവിക്കില്ല. പക്ഷേ, തിരിച്ചാണെങ്കിലോ…?

22fk സിനിമയില്‍ ‘നൈസ് ആസ്…എന്നാ കു%@%’ എന്ന് പെണ്ണുങ്ങള്‍ പറയുന്നത് മോശമാണെന്ന് നടിമാരായ പാര്‍വതിയും റീമയും പറഞ്ഞില്ല. പക്ഷേ, കസബ സിനിമയില്‍ മമ്മൂട്ടിക്ക് നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ എമ്മാതിരിയായിരുന്നു!

‘Sex is not a promise’ എന്ന് ‘മായാനദി’യില്‍ നായിക പറഞ്ഞപ്പോള്‍ നമ്മള്‍ കയ്യടിച്ചു. എന്നാല്‍, അതു പറയുന്നത് ഒരു നായകനായിരുന്നുവെങ്കിലോ?

വിവേചനങ്ങള്‍ അവസാനിക്കണം, അതിന് പരസ്പര ബഹുമാനത്തോടെ പെരുമാറാന്‍ പഠിക്കണം.


Leave a Reply

Your email address will not be published. Required fields are marked *