എന്‍ എച്ച് റോഡിലെ വളവില്‍, അവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ ഒന്നു പാളി, പിന്നെ, റോഡിലെ ബാരിക്കേഡുകള്‍ തകര്‍ത്ത് വണ്ടി വട്ടം മറിഞ്ഞു. തലയിടിച്ചു റോഡില്‍ വീണ മനുവിന്റെ തലയില്‍ നിന്നും രക്തം വാര്‍ന്നൊഴുകി. തങ്ങള്‍ക്കു പറ്റിയ പരിക്കുകള്‍ വകവയ്ക്കാതെ മനുവിന്റെ അച്ഛനും സഹോദരിയും സഹായത്തിനായി സമീപത്തെ വീട്ടിലേക്കു കയറിച്ചെന്നു. പുറത്തു നിന്നും ഉച്ചത്തില്‍ കരയുകയും വാതിലില്‍ തട്ടുകയും ചെയ്തു. വാതില്‍ തുറക്കാതെ, ജനലിലെ കര്‍ട്ടന്‍ മാറ്റി ഒരാള്‍ പുറത്തേക്കു നോക്കി. അലക്‌സെന്നായിരുന്നു അയാളുടെ പേര്. ജനലിനു മുന്നിലേക്കു നീങ്ങിനിന്നു കാര്യം പറയാന്‍ അലക്‌സ് അവരോട് ആവശ്യപ്പെട്ടു. കണ്ണുനീരോടെ അവര്‍ കാര്യം പറഞ്ഞു, മകന്‍ റോഡില്‍ ചോര വാര്‍ന്നു കിടക്കുന്നു, സഹായം വേണം. അലക്‌സിന്റെ വീട്ടു മുറ്റത്തപ്പോള്‍ അഞ്ചു വാഹനങ്ങള്‍ കിടപ്പുണ്ടായിരുന്നു. കാര്‍, പിക്കപ്പ്, ഓട്ടോ, ലോറി തുടങ്ങി 5 വാഹനങ്ങള്‍. മനുവിനെ ആശുപത്രിയിലെത്തിക്കാനായി ഒരു വാഹനം വിട്ടുതരുമോ എന്നവര്‍ ചോദിച്ചു, പറ്റില്ല എന്നായിരുന്നു ഉത്തരം. എന്നാല്‍ ഏതെങ്കിലുമൊരു വാഹനം വിളിച്ചു തരുമോ എന്നായി ചോദ്യം. അതിനും പറ്റില്ല എന്നായിരുന്നു ഉത്തരം.
മനസാക്ഷിയില്ലാത്ത അയാള്‍ക്കു മുന്നില്‍ കൂടുതല്‍ കെഞ്ചി സമയം കളഞ്ഞിട്ടു കാര്യമില്ലെന്നറിയാവുന്ന അവര്‍ അവിടെ നിന്നും ഇറങ്ങിയോടി. റോഡിനപ്പുറം മറ്റൊരു വിട്ടിലെത്തി. മുന്‍ പഞ്ചായത്തു മെമ്പറുടെ വീടായിരുന്നു അത്. അതോടെ ആളുകള്‍ ഓടിക്കൂടി. വഴിയെപോയ വാഹനങ്ങള്‍ കൈകാണിച്ചു, ഒടുവിലൊരു സ്‌കോര്‍പ്പിയോയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വൈകിപ്പോയിരുന്നു. 15 മിനിറ്റു മുന്‍പേ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ…..
ചുവടുകളില്‍ പതിയിരിക്കുന്ന മരണത്തിന്റെ കാലൊച്ചകള്‍ക്കൊപ്പമാണ് ഓരോ നിമിഷവും ഓരോ മനുഷ്യനും ജീവിക്കുന്നത്. വെറുതെ വീട്ടില്‍ കിടന്നുറങ്ങിയാല്‍പ്പോലും മരണമെത്താവുന്നത്ര അനിശ്ചിതമായൊരു ജീവിതമാണിത്. ഇന്നത് മനുവിനാണെങ്കില്‍ നാളെയത് നമ്മളില്‍ ആര്‍ക്കുമാകാം. എപ്പോള്‍ ഏതു നേരത്താണ് നമുക്കൊരാളുടെ സഹായം ആവശ്യമായി വരികയെന്ന് ആര്‍ക്കുമറിയില്ല. പണത്തിന്റെ കൂമ്പാരത്തിനു മുകളിലിരിക്കുന്ന മനുഷ്യനും ചിലപ്പോള്‍ നിസ്സാരനായൊരു മനുഷ്യന്റെ സഹായം വേണ്ടിവന്നേക്കാം.
നമ്മള്‍ മനുഷ്യര്‍ ഒരുപാടു കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. പക്ഷേ, സഹജീവികളെ സഹായിക്കാനുതകുന്ന എന്തു പഠനമാണ് നമ്മള്‍ നേടിയിട്ടുള്ളത്…?? ആപത്തില്‍ പെട്ട ഒരു മനുഷ്യനെയോ സഹജീവിയെയോ രക്ഷപ്പെടുത്താന്‍ ഉതകുന്ന തരത്തിലുള്ള എന്തെങ്കിലും വിദ്യാഭ്യാസം നമ്മള്‍ നേടിയിട്ടുണ്ടോ…?? പണസമ്പാദനത്തിനുളള ധാരാളം വഴികള്‍ നമുക്കറിയാം. നേരായ വഴി പറ്റിയില്ലെങ്കില്‍ മോഷ്ടിച്ചോ പറ്റിച്ചോ കാശുണ്ടാക്കാനും പഠിക്കുന്നുണ്ട്. പക്ഷേ, ആപത്തില്‍ പെട്ടവരെ സഹായിക്കാനും രക്ഷപ്പെടുത്താനും എത്ര പേര്‍ക്കു കഴിയും…??
അപകടത്തില്‍ പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് 5000 രൂപ പ്രതിഫലം നല്‍കുമെന്ന് ഈയിടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായിരുന്നു. സഹായം ആവശ്യമുള്ളവരെ കണ്ടില്ലെന്നു നടിച്ച് കടന്നുകളയുന്നവരില്‍ മനുഷ്യത്വമുണ്ടാക്കാനായി കൊണ്ടുവന്ന നിയമമാണിത്. ആപത്തില്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കണം, നല്ലതാണത്. മനുഷ്യരെ വീണ്ടും വീണ്ടും സഹായിക്കാനുള്ള പ്രേരണയുണ്ടാവും. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ, നന്ദിയായി ഒരു വാക്കു പോലും കേള്‍ക്കാന്‍ നില്‍ക്കാതെ സഹായിക്കുന്ന ദൈവമനുഷ്യര്‍ ധാരാളമുള്ള നാടാണിത്. പക്ഷേ, അവര്‍ക്കിടയില്‍ അലക്‌സ് എന്ന പ്രമാണിയെപ്പോലുള്ളവരെ പിതൃശൂന്യരെന്നു മാത്രമേ വിളിക്കാന്‍ സാധിക്കുകയുള്ളു.
ഇത്തരത്തില്‍, സഹായിക്കാനുള്ള എല്ലാ ഉത്തരവാദിത്വങ്ങളുമുണ്ടായിട്ടും ഹൃദയം കരിങ്കല്ലാക്കിയ മനുഷ്യരെ അങ്ങനെയങ്ങു വിട്ടുകളയാന്‍ പാടുണ്ടോ…?? അപകടത്തില്‍ റോഡിലേക്കു തെറിച്ചു വീഴുന്ന സ്‌കൂട്ടര്‍ യാത്രികനെ ഒഴിവാക്കി, സ്വന്തം സ്‌കൂട്ടര്‍ വെട്ടിച്ചെടുത്തു ലക്ഷ്യസ്ഥാനത്തേക്കു കുതിക്കുന്ന ഒരു മനുഷ്യന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് ഈയിടെയാണ്. ഇത്തരക്കാരായ മനുഷ്യരെ വെറുതെ വിടാന്‍ പാടുണ്ടോ നമ്മുടെ നിയമം…?? രക്ഷിച്ചവര്‍ക്കു പ്രതിഫലം നല്‍കുന്നതിനൊപ്പം മനുമാരെ മരണത്തിലേക്കു തള്ളിവിടുന്ന മനസാക്ഷിയില്ലാത്ത അലക്‌സിനെപ്പോലുള്ള മനുഷ്യമൃഗങ്ങള്‍ക്ക് തക്ക ശിക്ഷ നല്‍കണം. എങ്കില്‍ മാത്രമേ ഇനിയൊരു ജീവന്‍ പാതിവഴിയില്‍ പൊലിയാതിരിക്കുകയുള്ളു……
അലക്‌സിന്റെ മനസാക്ഷിയില്ലാത്ത പെരുമാറ്റം മനുവിനെ തള്ളിയിട്ടതു മരണത്തിലേക്കാണ്. അതോടെ, ഒരു കുടുംബത്തിന്റെ നെടുംതൂണാണ് നഷ്ടമായത്. വീട്ടിലെ പ്രാരാബ്ദങ്ങള്‍ മൂലം പഠനം നിറുത്തി 15-ാം വയസില്‍ പണിക്കിറങ്ങിയ മനുവായിരുന്നു ആ കുടുംബത്തെ പുലര്‍ത്തിയിരുന്നത്. ഇനി ആ അച്ഛനും അമ്മയ്ക്കും ആരുണ്ട്…?? വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിപ്പോയ ആ ജീവന് ആരുത്തരം പറയും…??
മനുഷ്യര്‍ക്കു വേണ്ടി, അവരുടെ രക്ഷയ്ക്കു വേണ്ടി, സമാധാനപൂര്‍ണ്ണമായ, സന്തോഷകരമായ അവരുടെ ജീവിതത്തിനു വേണ്ടിയാവണം മനുഷ്യരും അവര്‍ക്കു വേണ്ടിയുള്ള നിയമങ്ങളും.
………………………………………………………….
ജെസ് വര്‍ക്കി തുരുത്തേല്‍
Tags: Road accidents in Kerala, apathy from the side of people, accidents