ഈ പ്രഹസനം മതിയാക്കൂ സഖാവേ

Jess Varkey Thuruthel

ഓണക്കാലത്തെ ആവശ്യങ്ങള്‍ക്കു വേണ്ടി ചേര്‍ത്തലയിലെ വീട്ടില്‍ സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് (P Prasad) പൂക്കൃഷി ആരംഭിച്ചതിന്റെ ഫോട്ടോ ഷൂട്ട് ആണിത്. ചുറ്റും ക്യാമറകള്‍ക്കു നടുവില്‍ നിന്നുകൊണ്ടു നടത്തുന്ന ഫോട്ടോഷൂട്ട് നാടകം. ഉപജാപകരുടെ അകമ്പടിയോടെ നടത്തുന്ന ഇത്തരം നാടകങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്നു പറയാതെ വയ്യ.

ഭക്ഷണത്തിന് ഓരോ മനുഷ്യരും ആശ്രയിക്കുന്നത് കര്‍ഷകരെയും കൃഷിയെയുമാണ്. എന്നാലിന്ന് ആ മേഖല മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധികള്‍ നേരിടുന്നു. ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാറില്ല എന്നതായിരുന്നു മുമ്പുണ്ടായിരുന്ന പ്രശ്നമെങ്കില്‍, കൃഷി ചെയ്യാനുള്ള സാഹചര്യങ്ങളെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കാട്ടുമൃഗങ്ങളുടെ ആക്രമണം കൃഷിചെയ്യാന്‍ കഴിയാത്ത വിധം ഭീകരമാണ്. പന്നികള്‍, കുരങ്ങുകള്‍, മറ്റുകാട്ടുമൃഗങ്ങള്‍ എന്നിവയും കര്‍ഷകര്‍ക്കു ചെയ്യുന്ന ദ്രോഹങ്ങള്‍ ചെറുതല്ല.

‘ചേര്‍ത്തലയില്‍ ഓരോ വര്‍ഷവും നടക്കുന്ന സംഭവമാണ് കൃഷിമന്ത്രിയുടെ പൂക്കൃഷി. മന്ത്രിയുടെ വീടും ചേര്‍ത്തലയില്‍ ആയതിനാല്‍ വളരെ ആഘോഷപൂര്‍വ്വമാണ് ഈ പരിപാടി നടന്നത്. ഉല്‍പ്പാദിപ്പിച്ച പൂവിന്റെ നാലിനൊന്നു പോലും കഴിഞ്ഞ വര്‍ഷം വിറ്റഴിക്കാനായില്ല. കേരളത്തില്‍ ഓണമാകുമ്പോഴേക്കും തമിഴ്നാട്ടില്‍ നിന്നും ഈ പൂക്കള്‍ ഇവിടെ വരും. ഇവിടുത്തെ വിലയുടെ പകുതിയില്‍ താഴെ വിലയ്ക്കാണ് അവര്‍ പൂ വിറ്റിരുന്നത്. കുറഞ്ഞ അധ്വാനവും കൂടുതല്‍ വിളവുമാണ് തമിഴ്നാടിന്റെ പ്രത്യേകത. ഓണം കഴിഞ്ഞാലും പൂക്കള്‍ ഉണ്ടായിക്കൊണ്ടിരിക്കും. രണ്ടും മൂന്നും മാസം ഓണമില്ലല്ലോ,’ കൃഷിമേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘കാലാവസ്ഥാനുസൃതമാണ് കൃഷി. കാലാവസ്ഥ പ്രശ്നങ്ങളെ അതിജീവിക്കാന്‍ തക്ക കൃഷി രീതിയിലേക്ക് ഇതുവരേയും നമ്മുടെ നാട് എത്തിയിട്ടില്ല. നല്ല കൃഷിയിലേക്കുള്ള യാത്ര സുഗമമായ ഒന്നല്ല. വെയിലും മഞ്ഞും മഴയും കീടങ്ങളും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളുമെല്ലാം അതിജീവിച്ചേ തീരൂ. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിരവധി പ്രശ്നങ്ങള്‍ കര്‍ഷകര്‍ നേരിടുന്നുണ്ട്. ഇതിന്റെ നടുവില്‍ നിന്നും കൃഷി വിജയിപ്പിച്ചെടുക്കുക എന്നിടത്താണ് കര്‍ഷകരുടെ പ്രസക്തി. പക്ഷേ അവര്‍ക്ക് അര്‍ഹമായ യാതൊരു പരിഗണനയും കിട്ടുന്നില്ല. ഉല്‍പ്പന്നത്തെ സംരക്ഷിച്ചു വയ്ക്കുന്നതിലും വിലയിലുമൊന്നും കര്‍ഷകന് മതിയായ പരിഗണന ലഭിക്കുന്നില്ല. നയങ്ങള്‍ രൂപീകരിക്കുന്നവര്‍ക്ക് കൃഷിയെക്കുറിച്ചോ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചോ യാതൊന്നും അറിയില്ല എന്നതാണ് ഇതിനു കാരണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

അധ്വാനിക്കാന്‍ സദാ മനസുള്ളവരാണ് കര്‍ഷകര്‍. തങ്ങളുടെ അധ്വാന ഫലത്തില്‍ നിന്നുവേണം ആഹാരം കഴിക്കാനെന്ന ചിന്തയും അവര്‍ക്കുണ്ട്. അതിനാല്‍ത്തന്നെ, കൃഷിനാശത്തിനു പരിഹാരം നഷ്ടപരിഹാരം എന്നത് അവര്‍ക്ക് സ്വീകാര്യവുമല്ല. അതു കേവലമൊരു ഇടക്കാല ആശ്വാസം മാത്രം. പക്ഷേ, ഇവിടെ കൃഷി ചെയ്യാനുള്ള സാഹചര്യമൊരുങ്ങണം. വിളകള്‍ സംരക്ഷിക്കപ്പെടണം.

ജൈവകൃഷിയുടെ പ്രാധാന്യം ഇന്ന് ഏവര്‍ക്കും അറിവുള്ളതാണ്. നിരവധി പേരാണ്് ഈ മേഖലയിലേക്കു കടന്നു വരുന്നത്. എന്നാല്‍, നിരവധി പ്രശ്നങ്ങള്‍ മൂലം കൃഷി മുമ്പോട്ടു കൊണ്ടുപോകാന്‍ അവര്‍ക്കു കഴിയുന്നില്ല. പെരിയാറില്‍ മത്സ്യകൃഷി നടത്തിയ കര്‍ഷകരുടെ മീനുകളെല്ലാം ചത്തുപൊങ്ങി മാസമൊന്നു കഴിഞ്ഞു, എന്നിട്ടുമതിനു പരിഹാരമായിട്ടില്ല.

കൃഷിക്കാര്‍ക്ക് അവരുടെ അധ്വാനത്തിന് പ്രതിഫലം കിട്ടണം. കൃഷി ലാഭകരമാകണം. അത് അഭിമാനകരമായ ഒരു തൊഴില്‍ മേഖലയായി മാറ്റപ്പെടണം. അതിന് മന്ത്രിമാര്‍ക്ക് വളരെക്കാര്യങ്ങള്‍ ചെയ്യാനുണ്ട്. കൃഷിയില്ലെങ്കില്‍ ആഹാരമില്ലെന്നും നിലനില്‍പ്പില്ലെന്നും മനസിലാക്കി വേണം ഓരോ മന്ത്രിയും തീരുമാനങ്ങളെടുക്കാന്‍.

നമുക്കു മികച്ച സാങ്കേതിക വിദ്യകളുണ്ട്. പക്ഷേ, അവയൊന്നും അത്രമേല്‍ പ്രാവര്‍ത്തികമാകുന്നില്ലെന്നു മാത്രം. കൃഷി ഉപജീവനമാര്‍ഗ്ഗമായി കൊണ്ടു നടക്കുന്നവര്‍ക്ക് വേണ്ടത് മുന്തിയ പരിഗണനയാണ്. ഇവിടെ എല്ലായിടത്തും അവര്‍ അവഗണിക്കപ്പെടുന്നു. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ല, പരിഹാരം കാണാനും.

ഓരോ രൂപ സര്‍ക്കാര്‍ ചെലവാക്കുമ്പോഴും അതിനൊരു ലക്ഷ്യമുണ്ടാകണം. അതുപോലെ തന്നെയാണ് സമയവും. എന്തിനു വേണ്ടി താന്‍ സമയം ചെലവഴിക്കുന്നു എന്നതും പണം ചെലവഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ്. അതിനാല്‍ ഈ പ്രഹസനങ്ങള്‍ അവസാനിപ്പിക്കൂ സഖാവേ. കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്താണെന്നു മനസിലാക്കൂ. അതിനു പരിഹാരം കാണൂ. അവര്‍ക്കു വേണ്ടി പരിശ്രമിക്കൂ. മണ്ണിനെ സ്നേഹിക്കുന്നവര്‍ക്ക് മണ്ണ് ഇരട്ടി പ്രതിഫലം നല്‍കും. അതു പോലെ തന്നെ, സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ അവര്‍ തിരിച്ചും സ്നേഹിക്കും. ഓരോ ജനപ്രതിനിധികളും മനസിലാക്കേണ്ടതും എന്നാല്‍ എപ്പോഴും മറക്കുന്നതും ഇതു തന്നെ.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *