Thamasoma News Desk
സ്ത്രീ കന്യകയാണോ അല്ലയോ എന്ന പരിശോധന ഇനി നടപ്പില്ലെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍. ഇത് അശാസ്ത്രീയവും അത്യന്തം വിവേചനപരവുമായ നടപടിയാണെന്നും കോടതി ആവശ്യപ്പെട്ടാല്‍ പോലും ഈ പരിശോധന നടത്തേണ്ടതില്ലെന്നുമാണ് മെഡിക്കല്‍ കമ്മീഷന്റെ തീരുമാനം.
യു ജി മെഡിക്കല്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് പ്രസിഡന്റ് അരുണ വാണികര്‍ നേതൃത്വം നല്‍കിയ വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ അതിശക്തമായ തീരുമാനം കൈക്കൊണ്ടത്. എം ബി ബി എസ് പാഠ്യപദ്ധതിയില്‍ എല്‍ ജി ബി ടി ക്യു ഐ എ പ്ലസ് സമൂഹവും അവരുടെ പ്രശ്‌നങ്ങളും ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പാനല്‍ മീറ്റിംഗിലായിരുന്നു ഈ തീരുമാനം.
കന്യകാത്വ പരിശോധനയ്ക്ക് ശാസ്ത്രീയാടിത്തറയില്ല
വിവാഹവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളില്‍ ഇന്ത്യയിലെ എല്ലാ കോടതികളും കന്യകാത്വ പരിശോധനയ്ക്ക് ഉത്തരവിടാറുണ്ട്. ഡോക്ടര്‍മാര്‍ ഈ പരിശോധന നടത്താറുമുണ്ട്. പക്ഷേ, സ്ത്രീകളില്‍ മാത്രമായി നടത്തുന്ന ഈ പരിശോധന അത്യന്തം അശാസ്ത്രീയവും വിവേചനപരവുമാണ്. ഇന്ത്യയില്‍ ഇതാദ്യമായിട്ടാണ് മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡ് ഇത്തരത്തില്‍ ഒരു ടെസ്റ്റിനെതിരെ ശക്തമായ നിലപാടെടുക്കുന്നത്. ‘മുമ്പ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഈ പരിശോധന നടത്തുന്നത് എങ്ങനെയെന്ന് പഠിച്ചിരുന്നു. എന്നാല്‍ ഈ കോഴ്‌സ് മെഡിക്കല്‍ സിലബസില്‍ നിന്നു തന്നെ ഒഴിവാക്കി. അതിനാല്‍, ഇനിമുതല്‍ അശാസ്ത്രീയമായ കന്യാത്വ പരിശോധനയെക്കുറിച്ചായിരിക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക,’ വിദഗ്ധ സമിതി അംഗവും ഫോറന്‍സിക് മെഡിസിന്‍ തലവനുമായ ഡോ ഇന്ദ്രജിത്ത് ധാന്‍ഡേക്കര്‍ പറഞ്ഞു.
സ്ത്രീ കന്യകയാണോ എന്നു പരിശോധിക്കുന്നതിനു വേണ്ടി രണ്ടു രീതിയിലുള്ള ടെസ്റ്റുകളായിരുന്നു നടത്തിയിരുന്നത്. ഒന്നാമത്തേത് രണ്ടു വിരലുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും രണ്ടാമത്തേത് കന്യാ ചര്‍മ്മം പൊട്ടുകയോ അതില്‍ മുറിവുകളോ ഉണ്ടോ എന്ന പരിശോധനയും. ഈ പരിശോധനയെല്ലാം ആശാസ്ത്രീയമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. അതിനാല്‍, ഇനി വരുന്ന അക്കാഡമിക് വര്‍ഷം മുതല്‍ രണ്ടാമത്തെയും മൂന്നാമത്തെയും വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കന്യകാത്വ പരിശോധന പഠിക്കേണ്ടതില്ല.
‘പുരുഷന്മാരുടെ വിര്‍ജിനിറ്റി പരിശോധിക്കുന്നതു പോലെ തന്നെ പ്രയാസമാണ് സ്ത്രീകളുടെ കന്യകാത്വ പരിശോധന. നമ്മുടെ കോടതികള്‍ക്ക് ഇതേക്കുറിച്ച് അറിയില്ല. അതിനാല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും ഡോക്ടര്‍മാരെയും ഇതിന്റെ അശാസ്ത്രീയതയെക്കുറിച്ച് മനസിലാക്കിച്ചേ തീരൂ. ഇത്തരത്തില്‍ ഉറച്ചൊരു തീരുമാനമെടുത്താല്‍ മാത്രമേ കന്യകാത്വ പരിശോധനയ്ക്ക് ഉത്തരവിടുന്നതില്‍ നിന്നും കോടതിയെക്കൂടി പിന്തിരിപ്പിക്കാന്‍ കഴിയുകയുള്ളു. ഒരു സ്ത്രീ/പെണ്‍കുട്ടി കന്യകയാണോ അല്ലയോ എന്നു തെളിയിക്കാന്‍ ശാസ്ത്രീയമായ യാതൊരു മാര്‍ഗ്ഗവുമില്ല. നാളിതുവരെ ഒരു മെഡിക്കല്‍ ഗ്രന്ഥത്തിലും ഇതേക്കുറിച്ചു പരാമര്‍ശിച്ചിട്ടുമില്ല,’ ഡോ ഇന്ദ്രജിത്ത് വ്യക്തമാക്കി.
കന്യകാത്വത്തിന്റെ പേരില്‍ നാളിതുവരെ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള അപമാനത്തില്‍ നിന്നും പരിഹാസത്തില്‍ നിന്നും മാനഹാനിയില്‍ നിന്നുമുള്ള മോചനം കൂടിയാണ് മെഡിക്കല്‍ ബോര്‍ഡിന്റെ ഈ തീരുമാനം. സ്ത്രീയെ എക്കാലവും മുള്‍മുനയില്‍ നിറുത്താന്‍ പുരുഷനും നിയമങ്ങളും പ്രയോഗിച്ച ഫലപ്രദമായൊരു ആയുധമായിരുന്നു കന്യകാത്വം. വളരെയേറെ സെന്‍സിറ്റീവ് ആയ ഒരു വിഷയത്തില്‍ അതിശക്തമായ ഒരു തീരുമാനമാണ് മെഡിക്കല്‍ കമ്മീഷന്‍ കൈക്കൊണ്ടിട്ടുള്ളത്.
‘ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഭാഗത്തു നിന്നുമുള്ള വളരെ ധീരമായൊരു നടപടിയാണിത്. കന്യകാത്വ പരിശോധന പൂര്‍ണ്ണമായും നിയമവിരുദ്ധമാണ്. ഒരു മനുഷ്യന്റെ സ്വകാര്യതയ്ക്ക് പ്രഥമസ്ഥാനം നല്‍കുന്ന ഭരണഘടനയും നിയമ സംവിധാനങ്ങളുമുള്ള ഈ നാട്ടിലാണ് ഇത്തരം കാടന്‍ ടെസ്റ്റുകള്‍ നടക്കുന്നത്. ഇത് ഒരു മനുഷ്യന്റെ മൗലികാവകാശത്തിന്റെ ഏറ്റവും വലിയ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടനയാല്‍ ഭരിക്കപ്പെടുന്ന ഒരു സര്‍ക്കാരുള്ള ഈ നാട്ടില്‍ ഈ നിയമം പണ്ടേ അറബിക്കടലില്‍ തള്ളേണ്ടതാണ്,’ ബോംബെ ഹൈക്കോടതിയിലെ അഡ്വ രാജേശ്വര്‍ പാഞ്ചാല്‍ പറഞ്ഞു.
പാട്രിയാര്‍ക്കല്‍ സൊസൈറ്റിയെ പ്രീണിപ്പിക്കുന്ന ഒന്നാണ് കന്യകാത്വ പരിശോധന. പുരുഷന് ഈ പരിശോധന നടത്താറില്ല. സ്ത്രീയിലാണ് കന്യകാത്വ പരിശോധന നടത്തുന്നത്. അതുകൊണ്ടുതന്നെ ഇത് അത്യധികം വിവേചനപരവുമാണ്. കുടുംബ പ്രശ്‌നങ്ങള്‍ പരിഗണിക്കുമ്പോള്‍ സ്ത്രീയുടെ കന്യകാത്വ പരിശോധനയ്ക്ക് ഇന്ത്യയിലങ്ങോളമുള്ള കോടതികള്‍ ഉത്തരവിടാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പല സ്ത്രീകളുടെയും ജീവിതം നരകവുമായി തീര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ കമ്മീഷന്റെ ഈ തീരുമാനത്തോടെ ഇതിനെല്ലാം പരിഹാരമാകുകയാണ്.