Thamasoma News Desk
ഉപേക്ഷിക്കപ്പെട്ട ആ പ്രേതബംഗ്ലാവിലേക്ക് കല്ലെടുത്തെറിഞ്ഞ് ആ അച്ഛന്‍ നീതിപീഠത്തോടുള്ള തന്റെ അടങ്ങാത്ത രോക്ഷം രേഖപ്പെടുത്തി. വെറും മൂന്നു വയസ് മാത്രം പ്രായമുണ്ടായിരുന്ന തന്റെ മകനെ കൊന്ന കാപാലികനെ വെറുതെ വിട്ട ഇന്നാട്ടിലെ നിയമത്തോടു പ്രതികരിക്കാന്‍ ആ വഴി മാത്രമേ അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നുള്ളു.
അത്, ഡല്‍ഹി നിതരി കൂട്ടക്കൊല കേസിലെ പ്രതി മൊനീന്ദര്‍ സിംഗ് പാന്ദറിന്റെ ഉപേക്ഷിക്കപ്പെട്ട ബംഗ്ലാവായിരുന്നു. 2006 ല്‍ നടന്ന കൊലപാതക പരമ്പരയിലെ പ്രതികളായ പാന്ദറിനെയും വീട്ടുവേലക്കാരന്‍ സുരേന്ദ്രകോലിയെയും തെളിവുകളുടെ അഭാവത്തില്‍ അലഹാബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിന്റെ പ്രതിഷേധം.
ബംഗ്ലാവിനു നേരെ കല്ലെറിഞ്ഞ ശേഷം രാം കിഷന്‍ എന്ന ആ അച്ഛന്‍ ഒരക്ഷരം പോലും മിണ്ടാതെ നടന്നകന്നു.
നിരവധി പിഞ്ചുകുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങളും അവശിഷ്ടങ്ങളുമാണ് പാന്ദറിന്റെ ബംഗ്ലാവിനു പിന്നില്‍ നിന്നും കണ്ടെടുത്തത്. നിതരി ഗ്രാമത്തിനു ചേര്‍ന്നുള്ള സെക്ടര്‍ 30 ലാണ് പാന്ദറുടെ ബംഗ്ലാവ്. ഗാസിയാ ബാദിലെ സി ബി ഐ കോടതി പാന്ദറിനും കോലിക്കും വധശിക്ഷ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഇരുവരും സമര്‍പ്പിച്ച അപ്പീലുകളില്‍ ജസ്റ്റിസുമാരായ അശ്വനി കുമാര്‍ മിശ്ര, എസ്എച്ച്എ റിസ്വി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വാദം കേട്ടു. സംശയാതീതമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞു.
നിരവധി കുട്ടികളെ കൊന്ന ഒരാളാണ് യാതൊരു ശിക്ഷയും കിട്ടാതെ സ്വതന്ത്രനായി പുറത്തിറങ്ങുന്നതെന്നും ഈ വിധിയില്‍ തങ്ങള്‍ തൃപ്തരല്ലെന്നും മകളെ നഷ്ടപ്പെട്ട ജബ്ബു ലാല്‍ (63), സുനിതാ ദേവി (60) എന്നിവര്‍ പറഞ്ഞു.
പാന്ദറിന്റെ ഉപേക്ഷിക്കപ്പെട്ട ബംഗ്ലാവില്‍ നിന്ന് കഷ്ടിച്ച് 50 മീറ്റര്‍ അകലെ വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതിലൂടെയാണ് ദമ്പതികള്‍ ദൈനംദിന ചെലവുകള്‍ നടത്തുന്നത്.
അഭിഭാഷകര്‍ക്കുള്ള ഫീസായി നാളിതുവരെ നാല് ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അതിനായി സ്വന്തം സ്ഥലം പോലും അവര്‍ക്കു വില്‍ക്കേണ്ടി വന്നു.
‘ഞങ്ങളുടെ കുട്ടികളെ കൊന്നവരെ തൂക്കിക്കൊല്ലണമെന്ന് ഞങ്ങള്‍ പ്രധാനമന്ത്രി (നരേന്ദ്ര) മോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് സുനിതാ ദേവി പറഞ്ഞു. ‘ഇതെന്തൊരു നിയമമാണ്? ഈ രാക്ഷസന്മാരെ എന്തിനാണ് കോടതി വെറുതെ വിട്ടത്’ സുനിതാ ദേവി ചോദിക്കുന്നു.
ഇപ്പോള്‍ നിതാരി ഗ്രാമത്തില്‍ ഫുട്വെയര്‍ ഷോപ്പ് നടത്തുന്ന അശോകിനും രാജ്വതിക്കും കൊലപാതക പരമ്പരയില്‍ അഞ്ച് വയസ്സുള്ള മകനെ നഷ്ടപ്പെട്ടിരുന്നു.
‘ഞങ്ങളുടെ വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷമാണ് ഞങ്ങളുടെ മകന്‍ ജനിച്ചത്… നീതിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു, ഇപ്പോള്‍ 17 വര്‍ഷമായി,’ രാജ്വതി പറഞ്ഞു.
കൊല്ലപ്പെട്ട മറ്റ് കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ ആ ഗ്രാമം വിട്ടു പോയി. കൊലപാതകത്തിന് ഉപയോഗിച്ച ഉപകരണങ്ങളും രക്തക്കറയും വീട്ടില്‍ നിന്ന് കണ്ടെത്തിയതായും ഈ വിധിയില്‍ നിരാശയുണ്ടെന്നും കേസിലെ സാക്ഷിയായ സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു.
കോലി ഇപ്പോള്‍ ഗാസിയാബാദ് ജയിലിലാണ്, പാന്ദര്‍ നോയിഡ ജയിലിലും.