മുട്ടുമടക്കേണ്ടത് സര്‍ക്കാരാണ്, നഴ്‌സുമാരല്ല!

ആനയ്ക്ക് അതിന്റെ ശക്തിയറിയില്ല, അറിയുമായിരുന്നുവെങ്കില്‍ തന്നെ
ചങ്ങലയ്ക്കിട്ട്, സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി, ദുരിത ജീവിതത്തിലേക്കു
തള്ളിയിട്ടവരെ അത് ഛിന്നഭിന്നമാക്കിയേനെ. കേരളത്തിലെ നഴ്‌സുമാരുടെ അവസ്ഥയും
ഇതുതന്നെ. നയിക്കുന്നത് നരകജീവിതം, പക്ഷേ അവര്‍ക്ക് അവരുടെ ശക്തി
എന്തെന്ന് നന്നായി അറിവില്ലെന്നതാണ് സത്യം. 





ഇന്ന് കേരളത്തില്‍ ഏറ്റവും ശക്തിയുള്ള സംഘടനയാണ് നഴ്‌സുമാരുടേത്.
കേരളത്തിലെ ജനസംഖ്യയില്‍ പകുതിയും നഴ്‌സുമാര്‍ അടങ്ങിയ കുടുംബങ്ങളാണ്. ഒരു
നഴ്‌സ്, അവരുടെ ഭര്‍ത്താവോ അച്ഛനോ അമ്മയോ സഹോദരനോ സഹോദരിയോ, അടുത്ത
ബന്ധുക്കളോ ഉള്‍പ്പടെ കണക്കാക്കിയാല്‍, കേരളത്തിലെ ജനസംഖ്യയിലെ
പകുതിയിലേറെയും നഴ്‌സോ അല്ലെങ്കില്‍ നഴ്‌സുമായി ബന്ധപ്പെട്ടവരോ ആണ്. ഒരു
നഴ്‌സിന്റെ വീട്ടില്‍ നിന്നും ശരാശരി ഒരാറു പേരെ വീതം കൂട്ടിയാല്‍, ഇന്നു
കേരളത്തില്‍ ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ നിലയ്ക്കു നിര്‍ത്താനോ എന്തിനു
പറയുന്നു, നഴ്‌സുമാരുടെ ഇടയില്‍ നിന്നും ഒരു മന്ത്രി വരെ കേരളത്തില്‍
ഉണ്ടാവാന്‍ സാധ്യതയുണ്ട്. 






കേരളത്തില്‍, അല്ല ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍
വിചാരിച്ചാല്‍ ഇത്രയേറെ അണികളെ സമരമുഖത്ത് ഒത്തൊരുമയോടെ അണിനിരത്താന്‍
സാധിക്കുമോ…? പണവും കള്ളും മറ്റ് അനധികൃത ആവശ്യങ്ങളും
നിറവേറ്റിക്കൊടുത്താണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഓരോ പരിപാടികള്‍ക്ക്
ആളെക്കൂട്ടുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്…? യുണൈറ്റഡ് നഴ്‌സസ്
അസോസിയേഷന് അതിന്റെ ആവശ്യമില്ല. അതുതന്നെയാണ് അവരുടെ ശക്തിയും.




നഴ്‌സുമാര്‍ അവരുടെ ശക്തിമനസിലാക്കിയേ തീരൂ. നിങ്ങള്‍ ന്യായമായ ഒരു
കാര്യത്തിനാണു സമരം ചെയ്യുന്നത്. എന്നാല്‍ രാഷ്ട്രീയ നേതാക്കന്മാര്‍
നിങ്ങളെ വട്ടുതട്ടി കളിക്കുകയാണ്. ഒറ്റക്കെട്ടായി നിന്നുകൊണ്ട്
നിങ്ങള്‍ക്കിവരെ നിഷ്പ്രയാസം തോല്‍പ്പിക്കാനാവും. നിങ്ങളുടെ ന്യായമായ
ആവശ്യങ്ങള്‍ നേടിയെടുക്കാനാവും. പക്ഷേ, ഈ സംഘടനയില്‍ ഇതില്‍ കരിങ്കാലികളും
യൂണിയന്‍ നേതാക്കളും കയറിപ്പറ്റരുത്. യു എന്‍ എ നഴ്‌സുമാര്‍ ഒറ്റക്കെട്ടായി
നിന്നാല്‍ അടുത്ത മന്ത്രിസഭ ആരായിരിക്കണമെന്നു തീരുമാനിക്കാനും,
കഴിയുമെങ്കില്‍ നഴ്‌സുമാരില്‍ നിന്ന് ഒരു മന്ത്രി വരെയും
ആരോഗ്യമേഖലയിലേക്കു വരാന്‍ സാധ്യതയുണ്ട്. ഈ അവസരം നിങ്ങള്‍ കളഞ്ഞു
കുളിക്കരുത്. ജനാധിപത്യത്തിന്റെ ശക്തിയായി മാറാന്‍ നിങ്ങള്‍ക്കു സാധിക്കും. 



യു എന്‍ എ തീര്‍ച്ചയായും ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രൂപപ്പെട്ടേ തീരൂ. ഈ
സംഘടനയില്‍ നിന്നും ഒരു ആരോഗ്യമന്ത്രി ഉണ്ടായാല്‍ ആരോഗ്യരംഗത്തെ ഒട്ടനവധി
പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ കഴിയും. ആരോഗ്യമേഖലയില്‍ ഒരു
ശുദ്ധികലശം അത്യന്താപേക്ഷിതമാണ്. ജീവന്റെ വിലയറിയുന്നവര്‍ തന്നെയാവട്ടെ ഈ
മേഖല കൈകാര്യം ചെയ്യുന്നത്. 



എല്ലാ വിജയാശംസകളും നേരുന്നു, 



നന്ദി, നമസ്‌കാരം
നിങ്ങളുടെ സ്വന്തം ബെന്നി ജോസഫ്, ജനപക്ഷം. 

Leave a Reply

Your email address will not be published. Required fields are marked *