കണ്ണൂര്‍ യാത്രയിലെ കണ്ണീര്‍ക്കഥകള്‍…….!

ഞാനും അഡ്വക്കേറ്റ് മനുവില്‍സന്‍, ഭാര്യ വിദ്യ മനുവില്‍സന്‍,
രണ്ടുകുട്ടികള്‍, മലപ്പുറം വളാഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അഡ്വ സുജിത്,
എന്നിവരെല്ലാം കൂടി ഹൈക്കോടതി ഗവണ്‍മെന്റ് പ്ലീഡര്‍ ആയ അഡ്വ ബിനീഷിന്റെ
പിതാവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം
അറിയിക്കാനും സാന്ത്വനിപ്പിക്കാനുമായി കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ വരെ
പോയിരുന്നു. കൊച്ചിയില്‍ നിന്നും ചൊവ്വാഴ്ച (ഏപ്രില്‍ 17ന്) രാവിലെ 5.15ന്
പിണറായി വഴിയാണ് ഇരിക്കൂര്‍ എന്ന ഗ്രാമത്തിലേക്ക് പോയത്. ഇവിടെനിന്നും
വെളുപ്പിന് പോയിട്ട് വൈകിട്ട് നാലര മണിക്കാണ് അവിടെ എത്തിയത്. എറണാകുളം,
തൃശൂര്‍, കോഴിക്കോട്, തലശേരി, പിണറായി, കണ്ണൂര്‍ വഴി ഇരിക്കൂര്‍ എത്തിയത്. ഈ
യാത്രയില്‍ നിന്നും ഒരു കാര്യം എനിക്കു മനസിലായി. കഴിയുന്നതും ഈ
ഭാഗത്തേക്ക് ഒരു ദിവസത്തെ പരിപാടിയിട്ട്, യാത്ര ചെയ്താല്‍ നമ്മള്‍ ഒരു
രോഗിയായിപ്പോകും. പിന്നെ, കെ എസ് ആര്‍ ടി സിയോ ട്രക്കോ ഇടിച്ച് ചാവാതെ
വീട്ടില്‍ തിരിച്ചെത്തണമെങ്കില്‍ കുടുംബത്തിലുള്ളവര്‍ പ്രാര്‍ത്ഥിക്കുകയും
വേണം. 
വളരെ ദയനീയമാണ് ഈ ഭാഗത്തുള്ള പാലങ്ങളും റോഡുകളുമെല്ലാം. സുതാര്യത
നിലനിര്‍ത്താന്‍ പറ്റാത്തതുകൊണ്ട്, നാലുവരി പാതകള്‍ പണിയുമ്പോള്‍
ബന്ധപ്പെട്ടവര്‍ ഫണ്ട് അടിച്ചു മാറ്റുന്നു. കേരളത്തിലെ ഗതാഗതവും റോഡിലെ
യാത്രയും തികച്ചും ആത്മഹത്യപരമാണ്. പ്രത്യേകിച്ചും തൃശൂരില്‍ നിന്നും
കോഴിക്കോട്, തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കു പോകുന്ന ബസുകളില്‍
കാലന്മാരാണ് ഡ്രൈവിംഗ് സീറ്റില്‍ ഉള്ളത്. ഒരു ബസ് ഞങ്ങളെ തട്ടി, കാറിന്റെ
ബംബറില്‍. അങ്ങോട്ടുള്ള യാത്രയില്‍ ആകെ നാലു മുട്ടലാണ്. നമ്മുടെ
തെറ്റുകൊണ്ടല്ല ഇതു സംഭവിക്കുന്നത്. ഒതുക്കി അരികത്തുകൂടി പോയാലും തട്ടും.
അല്ലെങ്കില്‍ മാറിക്കൊടുത്തുകൊള്ളണം. പെരുമ്പാമ്പുകള്‍ ഇര വിഴുങ്ങുന്നതു
പോലെയാണ് ചെറിയ വാഹനങ്ങളോട് വലിയ വാഹനങ്ങളായ ബസുകള്‍, വോള്‍വോ, ട്രക്കുകള്‍
എന്നിവര്‍ ചെയ്യുന്നത്. 
ചെറിയ ക്ലാസില്‍ പഠിച്ച ഒരു പാഠം ഓര്‍മ്മ വരുന്നു. സിംഹം വന്നപ്പോള്‍ എലി
കുണ്ടിലേക്കു ചാടി. ഇതുപോലെ തന്നെയാണ് കെ എസ് ആര്‍ ടിയുടെ ഒക്കെ വരവ്.
ചെറിയ കാറുമായി പോകുന്നവര്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടു കൊള്ളണം.
വെറുതെയല്ല, മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും യാത്ര ചെയ്യുമ്പോള്‍
മുന്നിലും പിന്നിലും അകമ്പടി വാഹനത്തില്‍ ചാവാന്‍ റെഡിയായി കുറച്ചു പേരെ
വിടുന്നത്. കാരണം അവര്‍ ഇടിച്ച് ആശുപത്രിയില്‍ കിടന്നുകൊള്ളുമല്ലോ.
മുഖ്യമന്ത്രിയൊക്കെ മൂന്നും നാലും എക്‌സ്‌കോര്‍ട്ടുമായിട്ടാണ് പോകുന്നത്.
കേരളത്തില്‍ നല്ല ഗതാഗതസംവിധാനവും നല്ല റോഡുകളും നിയമം അനുസരിക്കുന്ന
ജനങ്ങളും ഉണ്ടായിരിക്കണം.
കണ്ണൂരില്‍ നിന്നും തിരിച്ച് ആറുമണിക്കു പുറപ്പെട്ടിട്ടു പോലും വെളുപ്പിന്
നാലു മണിക്കാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. മാഹി എന്ന സ്ഥലത്ത് ഞങ്ങള്‍
വണ്ടി ഒതുക്കി നിറുത്തിയിട്ടു. കുട്ടികള്‍ക്ക് മൂത്രമൊഴിക്കാനും മറ്റുമായി.
നിറുത്തിയിട്ട ഞങ്ങളുടെ വണ്ടിയുടെ മുന്നിലും സൈഡിലും മറ്റൊരു കാര്‍
വന്നിടിച്ചു. എന്നിട്ട് ഇടിപ്പിച്ച കാറുകാരന്‍ പറയുന്നു, അവര്‍ക്ക്
നഷ്ടപരിഹാരം വേണമെന്ന്. നിറുത്തിയിട്ട വണ്ടിയില്‍ ഇടിച്ചിട്ടാണ്
നഷ്ടപരിഹാരം കൊടുക്കണമെന്നു ആവശ്യപ്പെടുന്നത്. കുറച്ചു ഗുണ്ടകള്‍ വന്നിട്ട്
ഞങ്ങളോട് പണം കൊടുക്കാന്‍ ആവശ്യപ്പെട്ടു. 
റോഡില്‍ കൈയ്യൂക്കുള്ളവനാണ് കാര്യക്കാരന്‍
റോഡില്‍ കൈയ്യൂക്കുള്ളവനാണ് കാര്യക്കാരന്‍. ചെറിയ ചെറിയ ഗതാഗത കുറ്റങ്ങള്‍
പോലും അടിപിടിയിലും കത്തിക്കുത്തിലും അവസാനിക്കുന്നത് എന്തുകൊണ്ട്…??
കാല്‍ക്കാശിന്റെ മര്യാദ പോലും പലരും റോഡില്‍ കാണിക്കുന്നില്ല. ഒന്ന്
ഓവര്‍ടേക്ക് ചെയ്താല്‍ പോലും അടി വീഴുന്ന അവസ്ഥയാണ്. റെഡ് സിഗ്നലുകളില്‍
കാത്തു കിടക്കുമ്പോഴും റെഡ്‌ലൈറ്റ് മറികടന്ന ചില വാഹനങ്ങള്‍ പുറകില്‍ വന്ന്
നിരന്തരം ഹോണ്‍ മുഴക്കിക്കൊണ്ടിരിക്കും. ഒരു ബോധവുമില്ലാതെ. സൈഡ്
ഒതുക്കാന്‍ സ്ഥലമുണ്ടാവില്ല എന്ന് ഉത്തമ ബോധ്യമുണ്ടെങ്കിലും അവര്‍ ഹോണടി
നിര്‍ത്തില്ല. ഹോണടിച്ചും വാഹനത്തിന്റെ ഡോറില്‍ അടിച്ചു
ഭയപ്പെടുത്തുന്നവര്‍ക്കെതിരെ ഇവിടുത്തെ പോലീസിനു നടപടിയെടുക്കാന്‍
സാധിക്കണം. ഇവരെ നിലയ്ക്കു നിര്‍ത്താന്‍ ഭരണകൂടത്തിന് അതിനു കഴിയണം. മര്യാദ
വേണ്ടത് റോഡിലാണ്. പക്ഷേ, അശേഷം മര്യാദ ഇല്ലാത്തതും റോഡില്‍ തന്നെ.
എതായാലും കേരളത്തിലെ റോഡ് ഗതാഗതം അത്യന്തം ദുരിത പൂര്‍ണ്ണമാണ്. ഇനിയും
നിരവധി പേര്‍ റോഡില്‍ മരിച്ചു വീണാലും ഇതെല്ലാം തുടര്‍ന്നു
കൊണ്ടേയിരിക്കും. ഒരുപക്ഷേ, ജനസംഖ്യ നിയന്ത്രിക്കാന്‍ കേന്ദ്രസംസ്ഥാന
സര്‍ക്കാരുകള്‍ കണ്ടെത്തിയ ഫലപ്രദമായ മാര്‍ഗ്ഗമായിരിക്കാം ഇത്.
അങ്ങനെയെങ്കില്‍ യാതൊന്നും പറയാനില്ല. എന്തായാലും കണ്ണൂര്‍ വരെയും
തിരിച്ചുമുള്ള കാര്‍ യാത്ര നരകതുല്യമായിരുന്നു എന്നു പറയാതെ വയ്യ. തികച്ചും
ദയനീയമായിരുന്നു അത്. 
Tags: A journey from Kochi to Kannur, traffic in Kerala, heavy traffic in Kerala, disputes at the road, road rages in Kerala

Leave a Reply

Your email address will not be published. Required fields are marked *