കന്നിയമ്മ: സമരത്തിന്റെ ശക്തിയും ഊര്‍ജ്ജവും
പ്ലാച്ചിമട സമര നേതാവ് കന്നിയമ്മ (90) അന്തരിച്ചു. പ്രായാധിക്യത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു ഇവര്‍. പ്ലാച്ചിമട കൊക്കകോളക്കെതിരായ ജനകീയ സമരത്തില്‍ ഏറ്റവും കൂടുതല്‍ കാലം സമരപ്പന്തലില്‍ സത്യാഗ്രഹം അനുഷ്ഠിച്ച സമരപ്രവര്‍ത്തകയാണ് കന്നിയമ്മാള്‍. കോളക്കമ്പനി പിടിച്ചെടുക്കല്‍ സമരത്തിന്റെ ഭാഗമായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ദുര്‍ബല ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച കന്നിയമ്മയ്ക്ക് രാഷ്ട്രീയ സ്വാഭിമാന്‍ ആന്തോളന്‍ ഏര്‍പ്പെടുത്തിയ 2017 ലെ സ്വാഭിമാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കന്നിയമ്മാളിന്റെ മരണം പ്ലാച്ചിമട സമരത്തിന് തീരാനഷ്ട്ടമാണെന്ന് പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമര സമിതിയുടെയും, ഐക്യദാര്‍ഢ്യ സമിതിയുടെയും നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. കന്നിയമ്മാളുടെ വിയോഗത്തില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം അനുശോചനം രേഖപ്പെടുത്തി.
പ്ലാച്ചിമട സമരത്തിന്റെ പ്രതീകമായിരുന്ന മയിലമ്മയുടെ മരണശേഷം സമരത്തിനു നേതൃത്വം നല്‍കിയത് കന്നിയമ്മയായിരുന്നു. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്ലിന് അനുമതി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ ഇവര്‍ പങ്കെടുത്തിരുന്നു. എഴുത്തും വായനയും അറിയാത്ത കന്നിയമ്മയാണ് കൊക്കക്കോളയ്ക്കെതിരെ ആഞ്ഞടിച്ചത്. സമരപ്പന്തല്‍ തന്നെയായിരുന്നു ഇവരുടെ വീട്.
സമരത്തിന്റെ തുടക്കം
കേരളം-തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള ഒരു കാര്‍ഷിക ഗ്രാമമായ പ്ലാച്ചിമടയില്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് പെരുമാട്ടി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നത് 1999-ലായിരുന്നു. പ്ലാന്റ് സ്ഥാപിക്കാന്‍ 2000 പഞ്ചായത്ത് ലൈസന്‍സ് നല്‍കി.
കേരളത്തിലെ ഏറ്റവും മുന്തിയ മഴനിഴല്‍ പ്രദേശത്തിന്റെ ഒത്തനടുക്കും, വന്‍ഭൂഗര്‍ഭജലനിക്ഷേപത്തിന്റെ കേന്ദ്രത്തിലുമായിട്ടാണ് പ്ലാച്ചിമട സ്ഥിതിചെയ്യുന്നത്. കൂടാതെ ഉപഗ്രഹചിത്രങ്ങളുപയോഗിച്ചുള്ള ഭൂഗര്‍ഭജലസ്രോതസ്സുകളെക്കുറിച്ചുള്ള പഠനങ്ങളും ഈ സ്ഥലം വളരെ അനുയോജ്യമായിരുന്നു. അതിനാലാണ് ഇവിടെ പ്ലാന്റ് സ്ഥാപിക്കാന്‍ കമ്പനി തീരുമാനിച്ചത്.
നിക്ഷേപക സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാനായി ഏകജാലക സംവിധാനത്തിലൂടെ വ്യവസായങ്ങള്‍ക്ക് കാലതാമസമില്ലാതെ ക്ലിയറന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായ പശ്ചാത്തലത്തിലാണ് കൊക്കക്കോള കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത്. എന്നാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങി ആറുമാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്ലാച്ചിമട ഗ്രാമവാസികള്‍, തങ്ങളുടെ കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പ് അവിശ്വസനീയമാം വിധം താഴുന്നത് തിരിച്ചറിഞ്ഞു. ചില കിണറുകള്‍ വറ്റിവരളുകയും ഉപയോഗശൂന്യമാവുകയും ചെയ്തു. വറ്റാതെ അവശേഷിച്ച കിണറുകളിലെ വെള്ളം രാസവസ്തുക്കളാല്‍ മലിനവും ഉപയോഗശൂന്യവും മാത്രമല്ല, ആരോഗ്യത്തിനു ദോഷകരവും കൂടിയായിരുന്നു. കുടിക്കാനും കുളിയ്ക്കാനും ഉപയോഗിക്കുന്നവരില്‍ വയറിളക്കവും തലകറക്കവും കാണപ്പെട്ടു.
നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുക മാത്രമല്ല കമ്പനി ചെയ്തത്. പ്ലാന്റിന്റെ പ്രവര്‍ത്തനത്തില്‍ നിന്നും ലഭിച്ച രാസ മാലിന്യങ്ങള്‍ വളം എന്ന പേരില്‍ വിതരണം വിതരണം ചെയ്തു. ഇതുപയോഗിച്ച കൃഷി ഭൂമി മുഴുവന്‍ തരിശായി. ഇതോടെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് കൊക്കോകോള വിരുദ്ധ സമരം ആരംഭിച്ചത്.
സമരത്തിന്റെ ആദ്യഘട്ടത്തില്‍ മാധ്യമങ്ങളുടെ പിന്തുണ സമരത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍, വളമെന്ന പേരില്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് കമ്പനി വിതരണം ചെയ്ത ഖരമാലിന്യത്തില്‍ ബിബിസി ചാനല്‍ അടക്കമുള്ള സംഘങ്ങള്‍ മാരകവിഷ പദാര്‍ഥങ്ങളായ കാഡ്മിയം, ലെഡ് എന്നതിന്റെ അംശങ്ങള്‍ കണ്ടെത്തിയത് സമരത്തിന് വമ്പിച്ച പിന്തുണ ലഭിക്കാന്‍ സഹായകമായി. 2004ല്‍ പ്ലാച്ചിമടയില്‍ സംഘടിപ്പിച്ച ലോകജലസമ്മേളനത്തിലൂടെ സമരം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായി.
കോടതി വിധികള്‍
പ്രദേശത്തെ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും പ്രദേശവാസികള്‍ പ്രക്ഷോഭം തുടരുകയും ചെയ്ത സാഹചര്യത്തില്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് കൊക്കക്കോള കമ്പനിക്ക് ലൈസന്‍സ് നിഷേധിച്ചു. എന്നാല്‍ അതിനെതിരെ കമ്പനി നിയമപരമായി നീങ്ങി. കമ്പനിയുടെ പെറ്റീഷനില്‍ ഹൈക്കോടതി ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ 2003 ഡിസംബര്‍ 16ന് വിധി പുറപ്പെടുവിച്ചു. കമ്പനിയുടെ വ്യാവസായിക ഉത്പ്പാദനത്തിനായി പ്രദേശത്തിന്റെ ഭൂഗര്‍ഭജലം ഉപയോഗിക്കാന്‍ പാടില്ലെന്നും കമ്പനിക്ക് മറ്റ് ജലസ്രോതസ്സുകള്‍ കണ്ടെത്തി പ്രവര്‍ത്തനം തുടരാവുന്നതാണെന്നും കോടതി വിധിച്ചു.
പ്രദേശത്തെ ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതില്‍ നിന്നും കമ്പനിയെ തടയാന്‍ മാത്രമേ പഞ്ചായത്തിന് അധികാരമുള്ളുവെന്നും ലൈസന്‍സ് നിഷേധിക്കാന്‍ പഞ്ചായത്തിന് കഴിയില്ലെന്നും കോടതി വിധിച്ചു. ഈ വിധിക്കെതിരെ കമ്പനിയും പഞ്ചായത്തും വീണ്ടും കോടതിയെ സമീപിച്ചു. 2005 ഏപ്രില്‍ 7ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചു. ശീതളപാനീയ ഉത്പാദനത്തിനായി പ്രദേശത്തെ ഭൂഗര്‍ഭജലം പ്രതിദിനം 5 ലക്ഷം ലിറ്റര്‍ വരെ ഉപയോഗിക്കാമെന്നായിരുന്നു കോടതി വിധി. തുടര്‍ന്ന് പെരുമാട്ടി പഞ്ചായത്ത് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഇപ്പോള്‍ കമ്പനിയുടെ ലൈസന്‍സ് സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല്
2009ല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയില്‍ തെളിവെടുപ്പ് നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവസികള്‍ക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കകോള കമ്പനിയില്‍ നിന്നും ഈടാക്കാവുന്നതാണെന്നു ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള നിയമസഭ 2011-ല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് പാസ്സാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയച്ചു. 2011ല്‍ ബില്ല് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാറിന് തിരിച്ചയച്ചു. കേന്ദ്രം ഉന്നയിച്ച കാര്യങ്ങള്‍ക്ക് 2011ല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. ഒടുവില്‍ ബില്ല് അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീര്‍പ്പോടു കൂടി ബില്ല് 2015 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചയച്ചു.
ഇനിയും കിട്ടാത്ത നീതി
ബഹുരാഷ്ട്ര ഭീമനൊപ്പമാണ് മാറി മാറി വരുന്ന സര്‍ക്കാരുകളെന്നു വ്യക്തമാക്കുന്നതാണ് പ്ലാച്ചിമടയിലെ ഈ മനുഷ്യരോട് കാണിക്കുന്ന അനീതി. കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി ഇവര്‍ക്കു നല്‍കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനോ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഹിന്ദുസ്ഥാന്‍ കൊക്കക്കോളയുടെ ബോട്ടിലിംഗ് പ്ലാന്റ് കോവിഡ് കാലത്ത് രോഗികളെ ചികിത്സിക്കാനുള്ള ഇടമായി സര്‍ക്കാര്‍ മാറ്റിയിരുന്നു.
ജനങ്ങള്‍ക്കു തീരാ ദുരിതം വിതച്ച പ്ലാന്റ് അടച്ചു പൂട്ടിയിട്ടു വര്‍ഷങ്ങളായി. ഇക്കാലയളവിനുള്ളില്‍ സര്‍ക്കാരുകള്‍ മാറിമാറി വന്നുപോയി. പക്ഷേ, കമ്പനിയില്‍ നിന്നും ജനങ്ങള്‍ക്ക് നഷ്ടപരിഹാരം വാങ്ങി നല്‍കാന്‍ ഇതുവരെയും ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. കൊക്കക്കോള കമ്പനിയുടെ നെറികേടുകളെ വെള്ളപൂശാന്‍ വേണ്ടിയും കമ്പനി ഉണ്ടാക്കി വച്ച മാനക്കേടു മായിച്ചു കളയാനുമാവണം കോവിഡ് പ്രതിരോധത്തിനായി ഈ കെട്ടിടം തന്നെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയത്.