Jess Varkey Thuruthel
തമസോമയുടെ മനസാക്ഷിക്കു മുന്നിലെത്തിയ ഒരു കേസാണിത്. വേണമെങ്കില്‍ വിശദമായൊരു വാര്‍ത്ത എഴുതാം. കാരണം ഇതിലെ പ്രതിയായ അധ്യാപകന്‍ തെറ്റു ചെയ്തിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ റിമാന്റിലുമാണ്. പക്ഷേ, മനസാക്ഷിയുടെ കോടതിയില്‍ ഞങ്ങളും ഇദ്ദേഹത്തെ വെറുതെ വിടുന്നു. കാരണം മറ്റൊന്നുമല്ല, ആ അധ്യാപകന്റെ ഭാര്യയുടെ ക്യാന്‍സര്‍ രോഗമാണ് അതിനു പിന്നിലെ ചേതോവികാരം. ഏതൊരു പുരുഷന്‍ തെറ്റു ചെയ്താലും അനുഭവിക്കേണ്ടി വരുന്നത് ഒരു സ്ത്രീയാണ്. സര്‍വ്വം സഹയെന്ന പേര്‍ പണ്ടേ പതിച്ചു കിട്ടിയതിനാല്‍ അവള്‍ പാതാളത്തോളം ക്ഷമിക്കും. അതിനും സാധ്യമല്ലാത്തൊരു നിമിഷത്തില്‍ പൊട്ടിത്തെറിക്കും. അപ്പോഴാണ് ചോദ്യമുയരുക… ‘ഇത്രയും കാലം സഹിച്ചതെന്തിന്? അപ്പോള്‍ ആ ദ്രോഹമെല്ലാം ആസ്വദിക്കുകയായിരുന്നില്ലേ…?’ സമൂഹമേ, കല്ലെറിയാതിരിക്കുക, അവള്‍ ചാകാതെയെങ്കിലുമിരിക്കട്ടെ…!
സ്‌കൂളിലെ സ്‌റ്റോര്‍ മുറിയില്‍, ബുക്കും പെന്‍സിലുമെല്ലാം വാങ്ങാനെത്തിയതായിരുന്നു ആ രണ്ടു പെണ്‍കുട്ടികള്‍. ‘എന്തൊരു സുന്ദരിയാണ് നിങ്ങള്‍’ എന്ന കമന്റോടെ അതിലൊരു കുഞ്ഞിന്റെ കവിളില്‍ ആ അധ്യാപകന്‍ തലോടി, പിന്നെ അവളെ ചേര്‍ത്തു പിടിച്ച് ഉമ്മ വയ്ക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയോടും ഇങ്ങനെ തന്നെ പെരുമാറി. സ്റ്റോറില്‍ നിന്നും പെട്ടെന്ന് പുറത്തു വന്ന കുട്ടികള്‍ ഈ വിവരം ക്ലാസ് ടീച്ചറെ അറിയിച്ചു, അവരതിനു വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല. അതിനാല്‍ അവരത് ഹെഡ്മാസ്റ്ററെ അറിയിച്ചു. സ്‌കൂളില്‍ പി ടി എ നടക്കുകയാണ്. അതിന്റെ തിരക്കില്‍ പെട്ട ഹെഡ്മാസ്റ്റര്‍ ആ വിഷയം പിന്നത്തേക്കു മാറ്റി വച്ചു. അതേ സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിലാണ് അതിലൊരു കുട്ടിയുടെ സഹോദരന്‍ പഠിച്ചിരുന്നത്. കുട്ടികള്‍ നേരെ സഹോദരന്റെ അരികിലെത്തി കാര്യം പറഞ്ഞു. സ്‌കൂള്‍ പി ടി എ യില്‍ പങ്കെടുക്കാന്‍ കുട്ടിയുടെ അമ്മയും അപ്പോഴേക്കും സ്‌കൂളിലെത്തി. അധ്യാപകനോടു കാര്യം ചോദിക്കാന്‍ ഇവര്‍ സ്‌റ്റോറിലെത്തി. ചോദ്യം ചെയ്യല്‍ വലിയ വാക്കേറ്റത്തിലാണ് കലാശിച്ചത്. അതോടെ ഹെഡ്മാസ്റ്റര്‍ ഓടിയെത്തി. കൗണ്‍സിലര്‍ വന്നു, പോലീസ് വന്നു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ അറസ്റ്റു ചെയ്യപ്പെട്ടു. കോടതിയില്‍ ഹാജരാക്കി, അദ്ദേഹമിപ്പോള്‍ റിമാന്റിലാണ് (POCSO Case).
ഇതിലൊരു പെണ്‍കുട്ടിയുടെ അമ്മ ഈ അധ്യാപകന്റെ സ്റ്റുഡന്റ് ആണ്. നീണ്ട 28 വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ ഇതുപോലൊരു തെറ്റ് അദ്ദേഹം ചെയ്തിട്ടില്ല. പിന്നെയിപ്പോള്‍ ഇതെങ്ങനെ സംഭവിച്ചു? അറിയില്ല. ഏതെങ്കിലുമൊരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചതാകാം. സാഹചര്യം എന്തു തന്നെ ആയാലും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ് അദ്ദേഹം ചെയ്തത്. എങ്കിലും അദ്ദേഹത്തിന്റെ ഭാര്യയുടെ അവസ്ഥയോര്‍ത്ത്, കേസുമായി മുന്നോട്ടു പോയാല്‍ ആ പാവം സ്ത്രീ ഇനി എന്തു ചെയ്യുമെന്നോര്‍ത്ത്, വിദ്യാര്‍ത്ഥികളായ ഇവരുടെ കുട്ടികളുടെ ഭാവിയെ കരുതി, ഈ കേസുമായി മുന്നോട്ടു പോകുന്നില്ല എന്ന് ആ കുട്ടികളും മാതാപിതാക്കളും തീരുമാനിക്കുന്നു…
കേരളത്തിലെ ഒരു സ്‌കൂളില്‍ നടന്നൊരു സംഭവമാണിത്. ഏതു ജില്ലയിലെന്നു പോലും വെളിപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറല്ല. നിസ്സഹായ ആയൊരു സ്ത്രീയുടെ മുഖം മനസിലേക്ക് ഓടിയെത്തുന്നതു കൊണ്ടാണത്. ക്യാന്‍സര്‍ രോഗവും കീമോയും അവരുടെ ശരീരത്തെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു. ഈ കേസ് അവരുടെ മനസിനെയും. അമ്മയെ മാരക രോഗം പിടികൂടിയിരിക്കുന്നു, കേസില്‍ പിതാവ് ജയിലിലായാല്‍ ഇവരുടെ കുട്ടികള്‍ തികച്ചും നിരാലംബരാകും.
കേസുമായി മുന്നോട്ടു പോകുന്നില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇതാണ് ശരി, ഇതു തന്നെയാണ് ശരി… ആ അധ്യാപകന് മാനസാന്തരമുണ്ടാകട്ടെ. പഠിപ്പിക്കുന്ന കുട്ടികളെ സ്വന്തം മക്കളായി കാണേണ്ടതില്ല, പക്ഷേ, ലൈംഗികമായി ദുരുപയോഗം ചെയ്യാതിരിക്കാനെങ്കിലുമുള്ള വിവേകം അദ്ദേഹത്തിനുണ്ടാകട്ടെ… അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഗുരുദക്ഷിണ… ഇനിയിത് അദ്ദേഹം ആവര്‍ത്തിക്കാതിരിക്കട്ടെ!
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975
നീതിബോധം ചിലപ്പോൾ കുറ്റാരോപണത്തിന് തയ്യാറാകാനാകാതെ നിസ്സഹായ അവസ്ഥയിൽ എത്തിച്ചേരും.