പ്രത്യുല്‍പ്പാദന ശേഷിയല്ല, ഷണ്ഡീകരിക്കപ്പെട്ടത് ജനങ്ങളുടെ പ്രതികരണശേഷി

വെടിയും പടയും സന്നാഹങ്ങളുമായി വണ്ടികള്‍ നിറയെ പോലീസുകാരും പൃഷ്ഠത്തില്‍ തേളുകടിച്ചാലെന്നപോലെ അവര്‍ക്കു പിന്നാലെ പായുന്ന മാധ്യമപ്പടകളെയും കണ്ടുരസിക്കാനെത്തിയ ഉത്സാഹക്കമ്മറ്റിക്കാരെയും കണ്ടതോടെ ടി വി ഓഫ് ചെയ്തു….. വാര്‍ത്തകളിനി അല്‍പ്പ സമയത്തേക്കു വിശ്രമിക്കട്ടെ….. ടി വി സ്‌ക്രീനുകള്‍ കണ്ണടച്ചാലും പത്രങ്ങളെ പടിക്കു പുറത്തു നിറുത്തിയാലും വാര്‍ത്തകള്‍ മറ്റുമാര്‍ഗ്ഗത്തിലൂടെയും ഒഴുകിയെത്തും. അങ്ങനെ പിടികിട്ടാപ്പുള്ളിയെ പിടിക്കുന്നതുപോലെ രാവെളുക്കും മുന്‍പേ പൂഞ്ഞാറ്റില്‍ നിന്നും കെണിവച്ചു പിടിച്ചുകൊണ്ടുപോയ വായ് പോയ കോടാലിക്കു ജാമ്യം കിട്ടിയെന്ന വാര്‍ത്തയെത്തി….. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവലാളായ കരുത്തനായ പോരാളെയെപ്പോലെ, നിറഞ്ഞു ചിരിച്ച് മാധ്യമങ്ങള്‍ക്കു മുന്നിലേക്കയാള്‍ വര്‍ദ്ധിത വീര്യത്തോടെ വീണ്ടും വീണ്ടും വിഷം ചീറ്റി….. ഒരു വാക്കു പോലും വിട്ടുപോകാതെ, അവയോരോന്നും അമ്യൂല്യങ്ങളായ മുത്തുമണികള്‍ പോലെ പെറുക്കിയെടുത്ത് ആ അമേദ്യമത്രയും മാധ്യമങ്ങള്‍ ജനമനസിലേക്കെറിഞ്ഞു…. ഇനിയത് അവിടെക്കിടന്നു നാറിപ്പുഴുത്തു കൂടുതല്‍ ദുര്‍ഗന്ധം വമിക്കും…… ആ ദുര്‍ഗന്ധത്തില്‍ നിന്നും തഴച്ചുവളരുന്ന ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതാക്കളും മതനേതാക്കളും ചേര്‍ന്നിവിടെ അശാന്തിയുടെ വിത്തുകള്‍ പാകി മുളപ്പിച്ചു കൊണ്ടിരിക്കും.

സംതൃപ്തി…. നിറഞ്ഞ ആത്മസംതൃപ്തി…. വിഷം വിതച്ചവനും വിതച്ചവനെ പൊക്കിയവനും പൊക്കിയവനെ താങ്ങിയവനും താങ്ങിയവനെ പിടിച്ചവനും എല്ലാവര്‍ക്കും സംതൃപ്തി…. ഹാ എത്ര സുന്ദരമായ ദിവസമാണ് കടന്നു പോയത്……

പി സി ജോര്‍ജ്ജിന്റെ വായ് പൊതുകക്കൂസിനെക്കാള്‍ ദുര്‍ഗന്ധം നിറഞ്ഞതാണെന്ന് അറിയാത്തവരല്ല ഇവിടെയുള്ള മാധ്യമങ്ങള്‍. സ്വന്തം കാര്യസാധ്യത്തിനായി ബലാത്സംഗികളുടെ കോണകവാലു താങ്ങാന്‍ പോലും മടിയില്ലാത്ത, ജീവിതത്തില്‍ യാതൊരു സത്യസന്ധതയും പുലര്‍ത്താത്ത ഒരു രാഷ്ട്രീയക്കാരനാണ് പി സി ജോര്‍ജ്ജ്. എന്നിട്ടും ഇവിടെയുള്ള ഭരണ നേതൃത്വം മാത്രമല്ല, സകല രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും അയാളെ തൊടാന്‍ ഭയക്കുന്നു എന്നതിനര്‍ത്ഥം അയാളുടെ നാവിന്‍ തുമ്പിലുള്ള ചില സത്യങ്ങളാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെയും നേതാക്കളെ താങ്ങി നടന്ന പി സി ജോര്‍ജ്ജിനു ചില രഹസ്യങ്ങളറിയാം. അതു തന്നെയാണ് അയാള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടാകാത്തതിനു കാരണം. കുറച്ചു കൂടി വ്യക്തമാക്കാം. പി സി ജോര്‍ജ്ജ് പൊതു ടോയ്ലറ്റ് ആണെങ്കില്‍ അതിനെക്കാള്‍ മാലിന്യം പേറുന്നവരുടെ നാടാണിതെന്നു സാരം. പി സി യെ താങ്ങി നടക്കുന്നവര്‍ അതിനെക്കാള്‍ നാറ്റം വമിക്കുന്നവരെന്നു സാരം.

വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവരുടെ ചാകരയാണിവിടെ. മതവിശ്വാസികളായ മനുഷ്യരുടെ മാത്രമല്ല, മതം വിറ്റുജീവിക്കുന്നവരുടെ കൂടി വിളനിലമാണത്. കേരളത്തിലെ ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ നേതാക്കളും മതനേതാക്കളുമെല്ലാം ഇവിടെ വിളമ്പിക്കൊണ്ടിരിക്കുന്നതും മതവിദ്വേഷം തന്നെ. മതം, ജാതി, സമ്പത്ത്, അധികാരം, ആണ്, പെണ്ണ്, കഴിവുള്ളവര്‍, ഇല്ലാത്തവര്‍, രോഗികള്‍, ശരീരസൗന്ദര്യമുള്ളവര്‍, ഇല്ലാത്തവര്‍ തുടങ്ങി പരസ്പരം വെറുക്കാനും അകറ്റിനിറുത്താനും വിവേചനം കാണിക്കാനും നൂറുനൂറുകാരണങ്ങള്‍ അനുനിമിഷം കണ്ടെത്തുന്ന മനുഷ്യര്‍ പറയുന്നു, പി സി ജോര്‍ജ്ജ് കൊടുംകുറ്റവാളിയാണ് എന്ന്. അപ്പോള്‍ മറ്റുള്ളവരോ…??

വിദ്വേഷപ്രസംഗം നടത്തിയ പി സി ജോര്‍ജ്ജിനു കിട്ടിയ പ്രശസ്തിയാണ് അയാള്‍ക്കു കിട്ടിയ ഏറ്റവും വലിയ പ്രതിഫലം. തന്റെയുള്ളിലെ മാലിന്യമത്രയുമയാള്‍ വിളമ്പുന്നതും ഇത്തരം നേട്ടങ്ങള്‍ക്കു വേണ്ടിയാണ്. വെറുപ്പു വിതറിയ ശേഷം ക്ഷമാപണം നടത്താന്‍ യാതൊരു മടിയുമില്ലാത്ത ഒരു രാഷ്ട്രീയക്കാരനാണ് പി സി. വെറുപ്പിന്റെ അധിക പ്രസംഗത്തിനും ക്ഷമാപണത്തിനുമിടയിലുള്ള സമയം മതി അയാള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍. അയാള്‍ക്കെതിരെ കൊച്ചുവെളുപ്പാന്‍ കാലത്തുതന്നെ പോലീസ് സേനയെ അയച്ച ഭരണപക്ഷവും ഇവിടെ നേട്ടങ്ങള്‍ കൊയ്തു. പി സി ജോര്‍ജ്ജിനെപ്പോലുള്ള വിഷങ്ങളുണ്ടെന്നും തങ്ങള്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണെന്നും ഭരണ പക്ഷവും പ്രതിപക്ഷവും ഒരേസമയം ജനങ്ങള്‍ക്കു മുന്നിലേക്കിട്ടു കൊടുത്തു. ഒരു നിമിഷം പോലും കണ്ണുചിമ്മാതെ ഈ രംഗങ്ങളത്രയും പകര്‍ത്തിയെടുത്ത മാധ്യമങ്ങളും വന്‍ നേട്ടങ്ങളുണ്ടാക്കി. എന്തോ വലിയ സംഭവമാണ് നടക്കുന്നതെന്ന മട്ടില്‍ ജനങ്ങളില്‍ ആകാംക്ഷ നിറച്ച് ചാനലുകള്‍ക്കു മുന്നിലവരെ പിടിച്ചിരുത്തി റേറ്റിംഗ് കൂട്ടാന്‍ അവര്‍ക്കും സാധിച്ചു. എല്ലാവരും സന്തുഷ്ടര്‍…. ആഹാ.. ആനന്ദലബ്ദിക്ക് ഇനിയെന്താണു വേണ്ടത്….??



ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ ഇന്ത്യയെ നൂറുനൂറായ് കീറിമുറിച്ച് തമ്മിലടിപ്പിച്ച് ഒഴികിപ്പരക്കുന്ന ചോരയില്‍ പുളച്ചു നടക്കാന്‍ ആര്‍ത്തിപിടിച്ചു കാത്തിരിക്കുന്നവര്‍ ആരായാലും അവരുടെയാ വിഷവാക്കുകള്‍ക്ക് യാതൊരു തരത്തിലുള്ള പ്രചാരവും തങ്ങള്‍ നല്‍കില്ലെന്നു മാധ്യമങ്ങള്‍ തീരുമാനിച്ചാല്‍ ഈ വിദ്വേഷപ്രസംഗികളുടെ അധിക പ്രസംഗങ്ങള്‍ കുറയ്ക്കാന്‍ കഴിയും. പറയുന്നതു നാടുമുഴുവന്‍ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളില്ലാതെയാവുക വിഷപ്രചാരകര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുകയില്ല. അതോടൊപ്പം, ഇത്തരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതു കൂടി അവസാനിപ്പിച്ചാല്‍ അതോടെ നില്‍ക്കും ഈ നാറിയ അമേദ്യവര്‍ഷം.

കേരള ജനത വിദ്യാഭ്യാസം നേടിയത് ഈ ചെന്നായ്ക്കള്‍ക്കു വേണ്ടി തെരുവില്‍ പോരടിക്കാനാണോ…?? വ്യക്തമായ ഉദ്ദേശ ലക്ഷ്യത്തോടെ, ഇവിടുള്ള മനുഷ്യരെയൊന്നാകെ വേര്‍തിരിച്ച് അവരുടെ ചുടുചോരയൂറ്റിക്കുടിച്ചു ജീവിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും അവര്‍ക്കു പിന്തുണ നല്‍കുന്നത് വിവേക ബുദ്ധിയുള്ള മനുഷ്യനു ചേര്‍ന്നതാണോ…??

ഇവിടുള്ള മതവും രാഷ്ട്രീയവും ചേര്‍ന്നു ഷണ്ഡീകരിച്ചത് മനുഷ്യരുടെ പ്രത്യുല്‍പ്പാദന ശേഷിയെയല്ല, മറിച്ച് അവരുടെ പ്രതികരണ ശേഷിയെയാണ്. പറയുന്നതപ്പാടെ അക്ഷരം പ്രതി അനുസരിക്കുന്നതാണ് മഹത്തരമെന്ന് പഠിപ്പിച്ച് മതങ്ങളിവിടെ മനുഷ്യരെ ഷണ്ഡീകരിക്കുന്നു. വിദ്യ പറഞ്ഞു തരുന്നവര്‍ എന്തു പറഞ്ഞാലും അനുസരിക്കുന്നതാണു ഗുരുത്വമെന്നു പഠിപ്പിച്ച് കുട്ടികളുടെ മനസിനെയും ഷണ്ഡീകരിക്കുന്നു. മക്കള്‍ക്കു ദോഷകരമായതൊന്നും മാതാപിതാക്കള്‍ ചെയ്യില്ലെന്നും അതിനാല്‍ മറുചോദ്യം പോലും ചോദിക്കാതെ അനുസരിക്കുന്നതാണ് അനുഗ്രഹത്തിലേക്കുള്ള വഴിയെന്ന സിദ്ധാന്തം നിരത്തി മക്കളെ ഷണ്ഡീകരിക്കുന്നു. പ്രതികരിച്ചാല്‍ ജോലിപോകുമെന്നും കുടുംബത്തെപ്പോലും വെറുതെ വിടില്ലെന്നും തെണ്ടിനടക്കേണ്ടി വരുമെന്നും ഭീഷണികളുയര്‍ത്തി യൗവനത്തില്‍ നടത്തുന്ന ഷണ്ഡീകരണം. വാര്‍ദ്ധക്യം നരകതുല്യമാക്കുമെന്ന ഭീഷണിയില്‍ നടത്തുന്ന ഷണ്ഡീകരണങ്ങള്‍….. അനീതിക്കെതിരെ തല ഉയര്‍ത്തിപ്പിടിച്ചൊന്നു ചോദ്യം ചെയ്യാന്‍ പോലും ശേഷിയില്ലാത്ത ജനങ്ങളെ വാര്‍ത്തെടുത്തിരിക്കുകയാണിവിടെ. എന്തെങ്കിലുമൊരു എല്ലിന്‍ കഷണം കിട്ടിയാല്‍ ജീവിതകാലമത്രയും വായടച്ചു മിണ്ടാതിരിക്കുന്ന പാര്‍ട്ടികളുടെയും നേതാക്കളുടെയും അനുയായികളായ നാണംകെട്ട മനുഷ്യര്‍.

ഓരോ മനുഷ്യര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുന്നിടത്താണ് ജനാധിപത്യസംവിധാനങ്ങളുടെ വിജയം. ചോദ്യം ചെയ്യാതെ അനുസരിപ്പിക്കുമ്പോള്‍ തകര്‍ത്തെറിയപ്പെടുന്നത് ജനാധിപത്യമാണ്. മുന്നോട്ടു വയ്ക്കുന്ന അഭിപ്രായങ്ങളത്രയും സ്വീകരിക്കപ്പെട്ടുകൊള്ളണമെന്നില്ല. എങ്കിലും ആ നിര്‍ദ്ദേശം പറയാനുള്ള കാരണമെന്ത്, അതു നടപ്പിലാക്കിയാല്‍ മനുഷ്യര്‍ക്കും നാടിനുമുള്ള നേട്ടമെന്ത് എന്ന് വിശദീകരിക്കാനുള്ള അവസരങ്ങള്‍ നല്‍കപ്പെടുക തന്നെ വേണം. അത്തരം ചിന്തകളുടെ അടിസ്ഥാനത്തിലാവണം ഓരോ തീരുമാനങ്ങളെടുക്കേണ്ടതും നടപ്പില്‍ വരുത്തേണ്ടതും. അല്ലാതെ, ജയിപ്പിച്ചു വിട്ടവരുടെ തോന്ന്യാസങ്ങള്‍ക്കനുസരിച്ച് നടപ്പാക്കേണ്ടതല്ല ജനങ്ങള്‍ക്കു വേണ്ടിയുള്ള തീരുമാനങ്ങള്‍.

എന്താണ് കേരളത്തിലെ ഓരോ മനുഷ്യരുടെയും കാതലായ പ്രശ്നങ്ങള്‍?? ആരോഗ്യപൂര്‍ണ്ണമായ ജീവിതം, ഭക്ഷണം, വിദ്യാഭ്യാസം, നല്ല സഞ്ചാര വഴികള്‍, പേടിക്കാതെ കിടന്നുറങ്ങാനൊരു വീട്, പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം, സര്‍വ്വോപരി സമാധാനത്തോടെയും സന്തോഷത്തോടെയും അന്തസോടെയും ഈ ജീവിതം ജീവിച്ചു തീര്‍ക്കുവാനുള്ള സാഹചര്യങ്ങള്‍. ഈ സാഹചര്യം ഇവിടെയുള്ള ഓരോ മനുഷ്യര്‍ക്കും ഒരുക്കിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്താണ് ഓരോ മനുഷ്യരും തെരഞ്ഞെടുപ്പില്‍ വിജയിച്ച് നാടുഭരിക്കാനായി കച്ചകെട്ടിയിറങ്ങുന്നത്. നമ്മള്‍ വിദ്യാഭ്യാസം ചെയ്യുന്നതും പണിയെടുക്കുന്നതും ഉയര്‍ച്ചയിലേക്കു കുതിക്കാനായി പരിശ്രമിക്കുന്നതും ലഭിച്ച മികച്ച സാഹചര്യങ്ങള്‍ നിലനിര്‍ത്താനായി പരിശ്രമിക്കുന്നതും ജീവിതം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചു തീര്‍ക്കാന്‍ തന്നെ.



വിജയത്തിലേക്ക് കുറുക്കു വഴികളൊന്നുമില്ല. എല്ലാം നേരെയുള്ള വഴികള്‍ മാത്രം. ആ വഴികളിലൂടെയുള്ള യാത്രയാകട്ടെ, അത്ര സുഖകരവുമല്ല.

ജനാധിപത്യം മരിച്ചു മണ്ണടിഞ്ഞു കിടക്കുന്ന ഭൂമികയില്‍ നിന്നുകൊണ്ടാണു നമ്മള്‍ ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കുന്നത്. നമ്മുടെ പ്രശ്‌നം സുരേഷ് ഗോപിയുടെ താടിയും തലമുടിയും മുഖവും രൂപവുമല്ല. പിണറായി വിജയന്‍ കോരന്റെയോ കോമന്റെയോ നായന്റെയോ നമ്പൂതിരിയുടേതോ ഇനി അതല്ല മഹാരാജാവിന്റെ മകനായാല്‍ ഇവിടെ ആര്‍ക്കെന്താണ്…?? ലാളിത്യ വാദിയായ കേജ്രിവാള്‍ നാളെമുതല്‍ കോണകമുടുത്തു നടന്നാലും ഇന്ത്യയിലെ ഒരാളെപ്പോലും അതു ബാധിക്കുന്നില്ല. കോരന്റെ മകന്‍, താടിയുള്ളവന്‍, തലപ്പാവുള്ളവന്‍, കോണകമുടുത്തവന്‍, പെണ്ണ്, ആണ്, ആ ജാതിയിലും മതത്തിലും പെട്ടവര്‍ തുടങ്ങി യാതൊരു പ്രയോജനവുമില്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി വിലപ്പെട്ട സമയവും അധ്വാനവും നശിപ്പിക്കുകയാണ് ഓരോ മനുഷ്യരും.

ഭരണകര്‍ത്താക്കള്‍ എന്ന നിലയില്‍, ജനപ്രതിനിധികള്‍ എന്ന നിലയില്‍, രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ ഇവര്‍ ജനങ്ങള്‍ക്ക് ചെയ്തു കൊടുക്കുന്നത് എന്താണ് എന്നതാണ് ഇവിടെ വിലയിരുത്തപ്പെടേണ്ടത്. സമാധാന പൂര്‍ണ്ണമായൊരു ജീവിതം ജനങ്ങള്‍ക്കു കൊടുക്കാന്‍ കഴിവില്ലാത്ത ഭരണ നേതൃത്വം ചോദ്യം ചെയ്യപ്പെടണം. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കാത്തതിനെതിരെ, സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും നല്ല സേവനം കിട്ടാത്തതിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തിയേ തീരൂ.

ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ചു കൊന്നൊടുക്കിയാല്‍, അവര്‍ നേരിടുന്ന ജീവിത പ്രശ്‌നങ്ങളെയെല്ലാം മറന്ന് പരസ്പരം കൊല്ലാനായി വാളെടുത്ത് വെട്ടിയും കുത്തിയും ചത്തുകൊള്ളുമെന്ന് ഇവിടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മതനേതാക്കള്‍ക്കും നല്ലപോലെ അറിയാം. കാരണം, വര്‍ഷങ്ങളായി അവര്‍ പയറ്റിവരുന്ന ഏറ്റവും ഫലപ്രദമായ തന്ത്രമതാണ്. ചിന്താശേഷിയില്ലാത്ത ജനങ്ങളാകട്ടെ, അപ്പക്കഷണത്തിനു വേണ്ടി ഏതെങ്കിലും പാര്‍ട്ടിക്കു വേണ്ടി ജീവന്‍ കളയാനും തയ്യാറാവുന്നു.

ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണെന്ന ചിന്ത മനസിലുണ്ടാകേണ്ടത് ഇവിടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കോ ഭരണ കര്‍ത്താക്കള്‍ക്കോ അല്ല. മറിച്ച്, ഭരിക്കുവാന്‍ വേണ്ടി തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുത്തു വിട്ട ഓരോ സാധാരണജനത്തിനുമാണ്. വെറുപ്പിന്റെ വിത്തുപാകി പത്തരമാറ്റ് വിളവു കൊയ്യുന്നവരെ നിലയ്ക്കു നിര്‍ത്തേണ്ടതും ഇവിടെയുള്ള ജനങ്ങളാണ്. നിങ്ങള്‍ വിശ്വസിക്കുന്ന രാഷ്ട്രീയം ഏതുമാകട്ടെ. ഏതു പാര്‍ട്ടിയില്‍പ്പെട്ട നേതാവുമാകട്ടെ, തെറ്റു ചെയ്യുന്നവരെ, വെറുപ്പു വിതയ്ക്കുന്നവരെ, മനുഷ്യജീവിതം നരകതുല്യമാക്കുന്നവരെ ചോദ്യം ചെയ്യുക എന്നത് ഓരോ വോട്ടറുടെയും കടമയും ഉത്തരവാദിത്വവുമാണ്. സ്വന്തം കടമ മറന്ന് നേതാക്കള്‍ക്കു വേണ്ടി ചേരിതിരിഞ്ഞ് ആക്രമിക്കുന്ന വോട്ടര്‍മാര്‍ തന്നെയാണ് ഇന്നത്തെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തിന്റെ ഉത്തരവാദികള്‍. ഓര്‍ക്കുക, പാര്‍ട്ടിക്കും നേതാക്കള്‍ക്കും വേണ്ടി കൊല്ലാനും ചാവാനും നടക്കുന്നവരല്ല, മറിച്ച്, ജാതിക്കും മതത്തിനും നിറത്തിനുമപ്പുറം ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലാവണം നമ്മുടെ നാടിനെ മുന്നോട്ടു നയിക്കാനുള്ളവരെ തെരഞ്ഞെടുക്കേണ്ടത്. നാം തെരഞ്ഞെടുത്തു വിട്ടവരുടെ കാലുനക്കിനായ്ക്കളാകാന്‍ ഭാരതാംബയുടെ മക്കള്‍ക്കു കഴിയില്ല. കഴിയരുത് എന്നു തന്നെയാവണം പ്രതിജ്ഞയും ജീവിത വീക്ഷണവും.

……………………………………………………………………………………………………
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

Leave a Reply

Your email address will not be published. Required fields are marked *