Thamasoma News Desk
കണ്ണൂരില്‍ റോഡ് കുരുതിക്കളമാക്കി സ്വകാര്യബസുകള്‍. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍, കണ്ണൂരില്‍ മാത്രം ആറ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബസ് അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസുകളുടെ അമിതവേഗവും റോഡ് നിയമങ്ങള്‍ അവഗണിക്കുന്നതുമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണം.
സെപ്റ്റംബര്‍ 11ന് കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ബസ് അപകടത്തില്‍ ഇടക്കം സ്വദേശി എം.സജീവന്റെ ജീവന്‍ നഷ്ടപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം സെപ്തംബര്‍ 13ന് മറ്റൊരു സ്വകാര്യ ബസ് അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കണ്ണൂര്‍ കുറുമാത്തൂരിലാണ് ഷാഹിദിന്റെയും ആരിലിന്റെയും ജീവനെടുത്ത അപകടമുണ്ടായത്. റോഡ് സുരക്ഷ വര്‍ധിപ്പിക്കേണ്ടതിന്റെയും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടതിന്റെയും ആവശ്യകതയിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ഒക്ടോബറില്‍ സ്വകാര്യ ബസുകള്‍ അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് മൂന്നു പേരാണ് മരിച്ചത്. മറ്റൊരു സംഭവത്തില്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞു. മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യാത്രക്കാര്‍ വെന്തുമരിച്ചു.
വളപട്ടണം പാലത്തില്‍ ബസുമായി കൂട്ടിയിടിച്ചാണ് സ്മിത മരിച്ചത്. അമിതവേഗതയിലെത്തിയ സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു. അപകടങ്ങള്‍ നിത്യസംഭവമാകുമ്പോഴും കുറ്റക്കാരെ രക്ഷപ്പെടുത്തുന്ന നിയമത്തിന്റെ പഴുതുകളാണ് വീണ്ടും വീണ്ടും നിരത്തുകള്‍ കൊലക്കളമാകാന്‍ കാരണം. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യകളായിട്ടാണ് ഈ കേസുകളെല്ലാം രജിസ്റ്റര്‍ ചെയ്യുന്നത്. അശ്രദ്ധമായ ഡ്രൈവിംഗിനും അമിത വേഗത്തിനും വേണ്ടത് മനപ്പൂര്‍വ്വമായ കൊലപാതകങ്ങളുടെ വകുപ്പുകളാണ്.
അമിതവേഗം, അശ്രദ്ധ, ഓട്ടമത്സരം, റോഡുകളിലെ ചില സ്വകാര്യ ബസുകളുടെ മോശപ്പെട്ട പെരുമാറ്റം എന്നിവ ഈ ദാരുണമായ അപകടങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ പെര്‍മിറ്റുകളുടെ അശാസ്ത്രീയമായ വിതരണവും ഗതാഗതക്കുരുക്കുമാണ് സ്വകാര്യ ബസപകടങ്ങളുടെ അടിസ്ഥാനകാരണമായി കണ്ടെത്തുന്നത്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ജീവന്‍ നഷ്ടപ്പെടാതിരിക്കുന്നതിനും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.