Jess Varkey Thuruthel
ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനവുമായി താരതമ്യം ചെയ്താലും വിദ്യാഭ്യാസത്തിന്റെയും ജീവിത നിലവാരത്തിന്റെയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നൊരു സംസ്ഥാനമാണ് കേരളം (Samadhi case in Kerala). എന്നാല്‍, ഉന്നത വിദ്യാഭ്യാസം നേടിയ കേരളീയര്‍ തങ്ങള്‍ നേടിയ അറിവ് വിനിയോഗിച്ചിരിക്കുന്നത് അന്തവിശ്വാസങ്ങളെ ശാസ്ത്രീയവത്കരിക്കുന്നതിനു വേണ്ടിയാണ് എന്ന് നിസ്സംശയം പറയേണ്ടിയിരിക്കുന്നു.
മതഭ്രാന്തന്മാരുടെ നാടായിരുന്നു പണ്ടും കേരളം. മതങ്ങളുടെ ഭ്രാന്താലയമെന്നു സ്വാമി വിവേകാനന്ദന്‍ വിളിച്ചതിനു മുന്‍പും ശേഷവും ഇത് അങ്ങനെ തന്നെ ആയിരുന്നു. മതത്തിന്റെ പേരിലാണെങ്കില്‍ ഏതു തരത്തിലുള്ള കുറ്റകൃത്യങ്ങളും ഇവിടെ സാധ്യമാണ് എന്ന് തെളിയിക്കുകയാണ് നെയ്യാറ്റിന്‍കര ഗോപനെ ‘കൊന്നു’ സമാധിയാക്കിയതിലൂടെ ഒരു കുടുംബം തെളിയിച്ചിരിക്കുന്നത്. കേരളത്തിന്റെ മതഭ്രാന്ത് ഇളക്കിവിട്ടുകൊണ്ട് ഹിന്ദു ഐക്യവേദിയും മുന്നിലുണ്ട്.
നെയ്യാറ്റിന്‍കരയിലെ ഗോപന്‍ എന്ന വൃദ്ധനെ ജീവനോടെ സമാധിയാക്കിയ (samadhi) ഭാര്യയും മക്കളും മതവികാരത്തിന്റെ പേരില്‍ മുതലെടുപ്പു നടത്തുകയാണ്. ഗോപന്‍ സമാധിയായി എന്ന് മക്കളും ഭാര്യയും പറയുന്ന ആ കല്ലറയില്‍ അദ്ദേഹത്തിന്റെ മൃതദേഹം ഉണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരാളെ ജീവനോടെ അടക്കം ചെയ്താല്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് ആ കുടുംബത്തിന് ഉറപ്പുണ്ട്. അപ്പോള്‍ അതിനെ മറികടക്കാനുള്ള എളുപ്പ വഴി മൃതദേഹം വേറെ എവിടെയെങ്കിലും മറവു ചെയ്യുക എന്നതാണ്. ഗോപന്റെ ശവശരീരം ദൈവം കൊണ്ടുപോയി എന്നൊരു കളവു പറഞ്ഞാല്‍ കേരളത്തിലെ മതഭ്രാന്തന്മാര്‍ അത് ഏറ്റുപിടിച്ചു കൊള്ളും. അങ്ങനെ നിയമക്കുരുക്കില്‍ നിന്നും അവര്‍ക്കു രക്ഷപ്പെടാനും സാധിക്കും.
രണ്ടു ചെവിക്കും കേള്‍വിശക്തിയില്ലെന്നു കള്ളം പറഞ്ഞ് പാസ്റ്ററുടെ ചോദ്യത്തിനെല്ലാം മണിമണിപോലെ ഉത്തരം പറഞ്ഞ് വിശ്വാസികളെ പറ്റിക്കുന്നൊരു സ്ത്രീയുടെ വീഡിയോ ഈയിടെ സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. മരിച്ചു പോയി എന്നു ഡോക്ടര്‍ വിധിയെഴുതിയ ഒരാള്‍ ഉയര്‍ത്തെഴുന്നേറ്റു എന്നൊരു സ്ത്രീ വിളിച്ചു കൂവിയപ്പോള്‍ അതിനെ പിന്തുണച്ചത് കന്യാസ്ത്രീകള്‍ നടത്തുന്നൊരു ആശുപത്രിയാണ്. കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍, മരിച്ചെന്നു ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്ത ശേഷം താന്‍ പ്രാര്‍ത്ഥിച്ചുവെന്നും അങ്ങനെ ഭര്‍ത്താവ് ഉയര്‍ത്തു വന്നു എന്നുമാണ് ഭാര്യ സാക്ഷ്യപ്പെടുത്തിയത്.
ആലപ്പുഴയിലെ കൃപാസനം അന്തവിശ്വാസങ്ങളുടെ കേന്ദ്രമാണ്. നട്ടാല്‍ക്കുരുക്കാത്ത നുണകള്‍ പടച്ചു വിടുന്ന നുണ ഫാക്ടറിയാണത്. എന്നിട്ടും അവിടേക്ക് വിശ്വാസികള്‍ ഒഴുകിയെത്തുന്നു.
ഒട്ടനവധി അന്ധവിശ്വാസങ്ങളോടെ ജനങ്ങളെ പറ്റിച്ചു മുന്നേറുകയാണ് മുസ്ലീം സമുദായവും . മതത്തിന്റെ പേരില്‍ എന്തു കുറ്റകൃത്യം ചെയ്താലും ന്യായീകരിക്കപ്പെടുകയാണിവിടെ. ഗോപന്‍ എന്നയാളുടെ ഭാര്യയും മക്കളും മരുമകളും പ്രതിസ്ഥാനത്താണ്. ചോദിക്കേണ്ട രീതിയില്‍ ചോദിച്ചാല്‍ മണിമണി പോലെ ഇവര്‍ ഉത്തരം പറയുകയും ചെയ്യും. എന്നിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണ് കുറച്ചു ക്രിമിനലുകള്‍ക്കു മുന്നില്‍. നാളെ ആരു വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം. ആരെ വേണമെങ്കിലും കൊന്നേക്കാം. ചോദിച്ചാല്‍ സമാധിയായി എന്ന ഉത്തരം മതിയാകുമല്ലോ.
ഇത് പ്രബുദ്ധ കേരളമാണത്രെ! നവോഥാമാണത്രെ ഇവിടെ നടക്കുന്നത്! ഇതെല്ലാം പുരപ്പുറത്തു കയറി നിന്നു പ്രഘോഷിച്ചതു കൊണ്ടായില്ല. ഈ ദുരൂഹ മരണത്തിന്റെ ചുരുളഴിഞ്ഞേ തീരൂ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുടേയുമൊക്കെ ചെറുത്ത് നിന്നിട്ടുള്ള നാടാണിത്. പക്ഷേ, ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത് ആഭിചാര കൊലകളുടെയും നരബലിയുടെയും വാര്‍ത്തകളാണ്. മതതീവ്രവാദത്തിനു മുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുകയാണ് ഇവിടെയുള്ള സര്‍ക്കാരും ഉദ്യോഗസ്ഥരും മുഖ്യധാരാ മാധ്യമങ്ങളുമെല്ലാം. ‘സമാധി പീഠം’ പൊളിക്കാന്‍ ഇനി വര്‍ഗീയതയുടെ മൊത്തക്കച്ചവടക്കാരായ ശശികലയുടെയും മറ്റും മുന്നില്‍ വണങ്ങേണ്ടി വരുമോ എന്തോ. ആ കല്ലറ പൊളിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയേ തീരൂ. സമാധിയാകാന്‍ പോകുന്നയാള്‍ പ്രഷറിന്റെയും ഷുഗറിന്റെയും മരുന്നും കഴിച്ച് ഭക്ഷണവും കഴിച്ചിട്ടാണത്രെ പോയത്! നാലിനെയും ആ നിമിഷം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതിനു പകരം നിന്നു താളം ചവിട്ടുകയാണ് ഒരു ഭരണകൂടം. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത് അന്ധവിശ്വാസത്തിനും ആഭിചാര ക്രിയകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ നിയമ നടപടികളാണ്.
…………………………………………………………………………
For advertising / news contact : 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975